UPDATES

സോഷ്യല്‍ മീഡിയ കണ്ണുവച്ച നീലക്കണ്ണുള്ള ചായ്‌വാല ഇനി പരസ്യമോഡല്‍

അഴിമുഖം പ്രതിനിധി

നീലക്കണ്ണുള്ള ആ പാക്കിസ്താനി ചായക്കവില്‍പ്പനക്കാരന്റെ സൗന്ദര്യത്തില്‍ മയങ്ങി നിന്ന സോഷ്യല്‍ മീഡിയ ഇപ്പോള്‍ മറ്റൊരത്ഭുതത്തിന്റെ ത്രില്ലിലാണ്. ട്വിറ്ററിന്റെ ടോപ് ട്രെന്‍ഡിംഗില്‍ വന്ന അര്‍ഷാദ് ഖാന്‍ എന്ന ചായ്‌വാല (ചായ വില്‍പ്പനക്കാരന്‍) ഇനി മോഡലിംഗ് രംഗത്തും എത്തിയിരിക്കുന്നു. ഇസ്ലാമാബാദ് ആസ്ഥാനമായുള്ള ഓണ്‍ലൈന്‍ ഫാഷന്‍ ബ്രാന്‍ഡായ യാണ് അര്‍ഷാദിന്റെ ലുക്കില്‍ വീണത്. അര്‍ഷദുമായി മോഡലിംഗ് കരാര്‍ ഉണ്ടാക്കിയ കമ്പനി തങ്ങളുടെ ഫെയ്‌സ്ബുക്കില്‍ ഇങ്ങനെ കുറിച്ച; ചായ്‌വാല ഇനിമുതല്‍ ചായ്‌വാല മാത്രമല്ല ഫാഷന്‍വാല കൂടിയാണ്.

ആരാണ് അര്‍ഷാദ് ഖാന്‍ എന്നു മനസിലാകാത്തവര്‍ക്ക് സിന്‍ഡ്രല്ലയുടെ ജീവിതം പോലെ ഒരത്ഭുതകഥയായി തോന്നുന്ന ഈ ചായക്കടക്കാരന്റെ ജീവിതവും.

ഏതോ ഒരു ലോക്കല്‍ ഫോട്ടോഗ്രാഫര്‍ കൗതുകത്തിന്റെ പുറത്തു പകര്‍ത്തിയ ചിത്രമാണ് അര്‍ഷാദ് ഖാന്‍ എന്ന ചെറുപ്പക്കാരനെ ലോകത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നത്. ആ ഫോട്ടോഗ്രാഫര്‍ അര്‍ഷാദിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇട്ടു. ഇതു ശ്രദ്ധിച്ച പ്രസിദ്ധ പാകിസ്താനി ഫൊട്ടോഗ്രാഫര്‍ ജിയ അലി അര്‍ഷാദിനെ തേടി ഇസ്ലാമാബാദിലെ സണ്‍ഡേ ബസാറില്‍(പെഷ്വാര്‍ ചൗക്ക്) സ്ഥിതി ചെയ്യുന്ന ചായക്കടയില്‍ എത്തി. വെളുത്തു നീണ്ടുമെലിഞ്ഞ് നീലക്കണ്ണുകളോടു കൂടിയ ആ ചെറുപ്പക്കാരന്റെ ചിത്രങ്ങള്‍ ജിയ തന്റെ കാമറയില്‍ പകര്‍ത്തി, അര്‍ഷദിനെ തനിക്കൊപ്പം നിര്‍ത്തി മറ്റൊരു ഫോട്ടോയും. ഇതെല്ലാം കൂടി ഒക്ടോബര്‍ 14 ന് ജിയ അലി ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തതോടയാണ് അര്‍ഷദ് ഖാന്‍ എന്ന ചായ്‌വാല എല്ലാ സുന്ദരികളുടെയും മനസിലേക്ക് ഓടിക്കയറിയത്. അധികം സമയമൊന്നും എടുത്തില്ല അര്‍ഷാദ് ഖാന്‍ ട്വിറ്റര്‍ ട്രെന്‍ഡായി മാറാനും.

വൈകാതെ തന്നെ അര്‍ഷാദ് ഖാനെ ബസ്ഫീഡ് തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങളും ഏറ്റെടുത്തു. ചുരുക്കം പറഞ്ഞാല്‍ ചുരുങ്ങിയ ദിവസം കൊണ്ട് ഈ ചായ്‌വാല ലോകം മുഴുവന്‍ ആരാധകരെ സ്വന്തമാക്കി.

എന്നാല്‍ ഇതിലെ തമാശ എന്തെന്നാല്‍ തന്നെ പ്രതിനടക്കുന്നതൊന്നും അര്‍ഷദ് അത്രവലിയ കാര്യമായി എടുത്തിരുന്നില്ല എന്നതായിരുന്നു. ഒരു പാക്കിസ്താനി ലോക്കല്‍ ചാനല്‍ അര്‍ഷാദിനെ ഇന്റര്‍വ്യൂ ചെയ്തിരുന്നു. അതില്‍ അര്‍ഷാദ് തന്നെ കുറിച്ച് ചില കാര്യങ്ങള്‍ പറയുന്നുണ്ട്. കഴിഞ്ഞ 25 വര്‍ഷമായി ഇസ്ലാമാബാദിലാണ് അര്‍ഷാദ് ജീവിക്കുന്നത്. ഇപ്പോള്‍ നില്‍ക്കുന്ന കടയില്‍ ജോലിക്കു കയറിയിട്ട് കുറച്ചു നാളുകളെ ആയിട്ടുള്ളൂ. 17 സഹോദരങ്ങളാണ് അര്‍ഷാദിനുള്ളത്. അതിനിടയില്‍ ചാനലുകാര്‍ ഒരു ചോദ്യം അര്‍ഷാദിനോട് ചോദിച്ചു;

നിങ്ങള്‍ക്ക് ട്വിറ്ററിനെക്കുറിച്ചോ ഇന്‍സ്റ്റഗ്രാമിനെ കുറിച്ചോ എന്തെങ്കിലും അറിയാമോ?

ഒന്നും അറിയില്ല എന്നായിരുന്നു മറുപടി.

പക്ഷെ നേരമൊന്നിരുട്ടി വെളുത്തപ്പോള്‍ ആരുടെയൊക്കയോ മുന്നില്‍ അറിയപ്പെടുന്നൊരാളായി മാറി താനെന്ന് അര്‍ഷദ് മനസിലാക്കുന്നുണ്ട്. ഇങ്ങനെയൊക്കെ സംഭവിച്ചതില്‍ സന്തോഷമുണ്ട്. എന്നാല്‍ അതെന്നെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുമുണ്ട്; ദുനിയ ന്യൂസിനോട് അര്‍ഷദ് പറഞ്ഞിരുന്നു. ആളുകള്‍ ഇപ്പോള്‍ എന്റെ ചുറ്റിനും കൂടുകയാണ്. എന്റെ ജോലിക്കത് തടസ്സമാകുന്നു. അവര്‍ എനിക്കൊപ്പം പടം എടുക്കാനാണു വരുന്നത്. 150 ലധികം ചിത്രങ്ങള്‍ ഇപ്പോള്‍ തന്നെ എനിക്കൊപ്പം നിന്നു പലരായി എടുത്തു കഴിഞ്ഞു. പക്ഷെ ജോലി സമയത്തുള്ള ഈ ഫോട്ടോ എടുക്കല്‍ ബുദ്ധിമുട്ടാവുകയാണ്. എനിക്കും കുടുംബത്തിനും ജീവിക്കാന്‍ വേണ്ടിയാണ് ഈ ചായക്കടയില്‍ ഞാന്‍ ജോലി നോക്കുന്നത്; ഒട്ടൊരു വിഷമത്തോടെ അര്‍ഷദ് ഇങ്ങനെ പറഞ്ഞത് രണ്ടു ദിവസങ്ങള്‍ക്കു മുമ്പാണ്. 

അതേസമയം പാകിസ്താനി ട്വിറ്ററാറ്റികള്‍ അര്‍ഷദിനെ മുന്നില്‍നിര്‍ത്തി ഇന്ത്യക്കിട്ട് കൊട്ടാനും ഈ സാഹചര്യം മുതലെടുത്തിയിരിക്കുകയാണ്.

ചില ട്വീറ്റുകള്‍ ഇപ്രകാരമാണ്;

ഹലോ ഇന്ത്യന്‍, ഇതാ ഒരു പാകിസ്താനി ചായ് വാല, മാഷ അള്ളാ….

ഇതാ ഞങ്ങള്‍ ഒരു പാകിസ്താനി ചായ് വാല മോഡലിനെ നിങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നു.

ഒരു പാകിസ്താനി ചായ് വാല ഇന്ത്യന്‍ സോഷ്യല്‍ മീഡിയയില്‍ വരെ പ്രശസ്തനായിരിക്കുന്നു…

തീവ്രവാദവും ക്രിക്കറ്റും കൊണ്ട് ഇന്ത്യയും പാകിസ്താനും തമ്മില്‍ വിഭജിക്കപ്പെട്ടിരിക്കുന്ന സമയത്ത് എല്ലാവരെയും ഒരുമിപ്പിക്കുകയാണ് ഒരു ഹോട്ട് ചായ്‌വാല…

എന്നാല്‍ ഈ പുകിലെല്ലാം നടക്കുമ്പോള്‍ തന്നെയായിരുന്നു അര്‍ഷദിനെ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ച ജിയ അലി മറ്റൊരു തരത്തില്‍ അര്‍ഷദിനെ കുറിച്ച് സംസാരിച്ചത്. അയാളെ എല്ലാവരും ഇപ്പോള്‍ വലിയ ആരാധനയോടെയാണു കൊണ്ടു നടക്കുന്നത്. അതുകൊണ്ട് അര്‍ഷഷദിന് എന്തെങ്കിലും ഗുണമുണ്ടോ? അയാള്‍ തന്റെ തൊഴില്‍ തുടരുന്നു. ഒരുപക്ഷേ തന്റെ ജീവിതകാലം മുഴുവന്‍ ഒരു ചായവില്‍പ്പനക്കാരനായി തുടരും. ഇപ്പോള്‍ അയാള്‍ സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുകയാണ്. അവിടെ നിന്നും അയാള്‍ ഒന്നും നേടാന്‍ പോകുന്നില്ല. സോഷ്യല്‍ മീഡിയയിലുള്ളവരെല്ലാം ഈ പാവപ്പെട്ട ചെറുപ്പക്കാരനെ ഉപയോഗിച്ച് ലൈക്കുകളും കമന്റുകളും വാരിക്കൂട്ടുകയാണ്. ഒരുപക്ഷേ ഒരാഴ്ചയോളം ഇതു തുടര്‍ന്നേക്കാം. പിന്നെ മടുക്കും. അയാള്‍ വീണ്ടും ആ പഴയ ചായവില്‍പ്പനക്കാരാന്‍ മാത്രമാകും.

എന്നാല്‍ എനിക്കിതിനൊരു സുഖപരന്ത്യം കാണണമെന്ന് ആഗ്രഹമുണ്ട്. സോഷ്യല്‍ മീഡിയയ്ക്ക് അക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ? ലിപ്ടന്‍ ടീയുടെയോ ടാപല്‍ ടീയുടെയോ പരസ്യചിത്രത്തില്‍ അര്‍ഷദിനെ കാണുക എന്നതാണ് എന്റെ ആഗ്രഹം. അതില്‍ നിന്നും അയാള്‍ക്ക് നല്ല വരുമാനവും കിട്ടണം. ഇന്റര്‍നെറ്റ് ലോകത്തിന് അതിനായി എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ? ലിപ്ടന് തങ്ങളുടെ പരസ്യമോഡലായി അര്‍ഷദിനെ തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ നമുക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ? കഴിയുമോ ഇല്ലയോ? എന്താണ് നിങ്ങള്‍ വിചാരിക്കുന്നത്?

എന്തായാലും ജിയയുടെ ചോദ്യം കേട്ടിട്ടാണോ, അതോ സോഷ്യല്‍ മീഡിയയുടെ അഭ്യര്‍ത്ഥന മാനിച്ചാണോ എന്നറിയില്ല ഫിറ്റിന്‍ അവരുടെ മോഡലായി അര്‍ഷദിനെ തെരഞ്ഞെടുത്തത്. എന്തു തന്നെയായാലും ഒരു പാവപ്പെട്ട ചെറുപ്പക്കാരന്റെ ജീവിതം രക്ഷപ്പെട്ടിരിക്കുകയാണ്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍