UPDATES

വിദേശം

കലഷ്: മുസ്ലീം പേടിയില്‍ ഒരു പാക്കിസ്ഥാനി ഗോത്രം

Avatar

ടിം ക്രെയ്ഗ്
(വാഷിംഗ്ടണ്‍ പോസറ്റ്)

പാകിസ്ഥാന്‍ – അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ മലനനിരകളുടെ മറവില്‍ ജീവിക്കുന്ന കലഷ് ഗോത്രം വീടുകളില്‍ നിര്‍മിക്കുന്ന വൈനും വിസ്‌ക്കിയും ഇഷ്ടപ്പെടുന്നവരാണ്. നിറപ്പകിട്ടുള്ള ഉത്സവങ്ങളില്‍ അവര്‍ ദിവസങ്ങളോളം നൃത്തം ചെയ്യും, ദൈവത്തിന് പ്രകൃതിയിലൂടെ സംസാരിക്കാന്‍ ആത്മാക്കളും സന്ദേശവാഹകരും ഉണ്ടെന്നു വിശ്വസിക്കുന്ന ഒരു മതമാണ് അവരുടേത്. 

ഡൊണാള്‍ഡ് ട്രംപിനും മുന്‍പേ, തങ്ങളെ അയല്‍വാസികളായ യഥാസ്ഥിതിക മുസ്ലിങ്ങളില്‍ നിന്നു സംരക്ഷിക്കാന്‍ മതിലുകളോ ‘പ്രവേശനമില്ല’ ചിഹ്നങ്ങളോ വേണമെന്നു ചര്‍ച്ച ചെയ്തവരാണ് ഈ ഗ്രാമീണര്‍. ഹിന്ദുക്കുഷ് മലനിരകള്‍ തങ്ങള്‍ക്കു സംരക്ഷണം നല്‍കും എന്നായിരുന്നു അവരുടെ അവസാനവിലയിരുത്തല്‍. 

എന്നാല്‍ കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ ആധുനിക പാകിസ്ഥാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നുമുള്ള മുസ്ലിമുകള്‍ ഇവിടെ എത്തിത്തുടങ്ങി. ഇപ്പോള്‍ ഗ്രാമവാസികള്‍ പറയുന്നത് അവരുടെ കലഷ് സംസ്‌കാരം മതംമാറ്റത്തിനും കവര്‍ച്ചകള്‍ക്കും പീഡനങ്ങള്‍ക്കും ഇരയാകുന്നു എന്നാണ്. 

‘ഞങ്ങള്‍ക്കു പേടിയുണ്ട്’, പാകിസ്ഥാനിന്റെ വടക്കുപടിഞ്ഞാറന്‍ കൈബര്‍ പാക്തൂണ്‍ഖ്വാ പ്രവിശ്യയിലെ ഒരു ഹോട്ടലില്‍ മാനേജരായ യാസിര്‍ കലഷ് പറയുന്നു. ‘അവര്‍ ഞങ്ങളുടെ ഭൂമിയും ഞങ്ങളുടെ കാടുകളും ചിലപ്പോള്‍ ഞങ്ങളുടെ ആടുകളെയും സ്ത്രീകളെയും പിടിച്ചുകൊണ്ടുപോകും. ഞങ്ങള്‍ക്കു പേടിയുണ്ട്, വരുന്ന വര്‍ഷങ്ങളില്‍ ഞങ്ങള്‍ ഇല്ലാതാകും.’ 

ഒരിക്കല്‍ സെന്‍ട്രല്‍ ഏഷ്യയില്‍ പടര്‍ന്ന മതമാണ് കലഷ്. എന്നാല്‍ പാകിസ്ഥാനിലെ ചിത്രല്‍ താഴ്‌വരയില്‍ താമസിക്കുന്ന 4200 ഗ്രാമീണരാണ് ഇപ്പോള്‍ ലോകത്തില്‍ ആകെയുള്ള കലഷ് വിശ്വാസികള്‍. ന്യൂനപക്ഷങ്ങളോടും സാംസ്‌കാരികവ്യത്യാസങ്ങളോടുമുള്ള പാകിസ്ഥാന്റെ നിലപാടിന്റെ അടിസ്ഥാനത്തിലാണ് ഈ ഗ്രാമീണരുടെ ഭാവി. 

പുതിയൊരു രാജ്യം തേടി തങ്ങളുടെ കുട്ടികളെയും ആടുകളെയും കൊണ്ട് ഒരു ആധുനിക തീര്‍ത്ഥയാത്ര പോയാലോ എന്നു ഗൗരവമായി ആലോചിക്കുന്നവരാണ് പേടിയുടെ നിഴലില്‍ ജീവിക്കുന്ന ഈ ആളുകള്‍.

‘ഇനി ഇവിടെ ജീവിക്കാന്‍ കഴിയില്ല എന്നാണു യുവതലമുറ കരുതുന്നത്’, മുപ്പത്തിനാലുകാരന്‍ സാഹിം കലഷ് പറയുന്നു. 

ഒരു പതിനഞ്ചുകാരി പെണ്‍കുട്ടി ഇസ്ലാമിലേയ്ക്കു മതം മാറാന്‍ നിര്‍ബന്ധിതയായതോടെ കഴിഞ്ഞ ജൂണില്‍ ഇവിടെ രണ്ടു ദിവസം ഒരു കലാപപ്രദേശമായി മാറി. കഴിഞ്ഞമാസം രണ്ടു കലഷ് ആട്ടിടയന്മാര്‍ കൊല്ലപ്പെട്ടത് ഇവര്‍ അഭിമുഖീകരിക്കുന്ന അക്രമങ്ങളുടെ കൂട്ടത്തില്‍ പുതിയതാണ്. പ്രദേശത്തെ അരുവിയിലെ വെള്ളം ഉപയോഗിക്കുന്നതുള്‍പ്പെടെയുള്ള ചെറിയ കാര്യങ്ങളില്‍ വലിയ വാഗ്വാദങ്ങള്‍ നടക്കാറുണ്ട്. 

‘ഞങ്ങളുടെ സംസ്‌കാരം പ്രകാരം ഞങ്ങള്‍ എല്ലാ അരുവികളെയും വിശുദ്ധമായാണ് കരുതുന്നത്’, താഴ്‌വരയില്‍ ജീവിക്കുകയും ഗോത്രത്തിന്റെ വക്താവായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഇമ്രാന്‍ കബീര്‍ പറയുന്നു. ‘അരുവികളില്‍ വസ്ത്രം അലക്കാനോ കുളിക്കാനോ ഞങ്ങള്‍ ആരെയും അനുവദിക്കില്ല.’ 

കഴിഞ്ഞ മാസം പല മുസ്ലിം അയല്‍വാസികളും ഇതാണു ചെയ്യാന്‍ തുടങ്ങിയതും. തണുത്ത, മരതകനിറമുള്ള ജലത്തില്‍ അലക്കാനും കുളിക്കാനും തുടങ്ങി. 

‘ഞങ്ങള്‍ പറഞ്ഞു, ‘ദയവായി ഇങ്ങനെ ചെയ്യരുത്, ആളുകള്‍ ഇതില്‍ നിന്ന് വെള്ളം കുടിക്കുന്നതാണ്’. അവര്‍ പറഞ്ഞു, ‘നിങ്ങള്‍ മണ്ടന്മാ’രാണ്.’ അങ്ങനെ ഒരു വഴക്കു തുടങ്ങി.

ഒരു ജീപ്പിനു മാത്രം പോകാവുന്ന വഴികളിലാണ് കലഷ് ഗ്രാമങ്ങള്‍. ഗ്രാമീണര്‍ തടിയും മണ്ണും കൊണ്ട് നിര്‍മിച്ച വീടുകളിലാണ് താമസിക്കുക, ഇവര്‍ക്ക് കട്ടിലുകളല്ലാതെ മറ്റു ഫര്‍ണിച്ചറുകള്‍ ഇല്ല. അവര്‍ കൃഷി ചെയ്യുന്നതാണ് അവര്‍ കഴിക്കുക, ഇതില്‍ നൂറുകണക്കിന് പൗണ്ട് ബട്ടറും ഉണ്ട്. 

നിരവധി സന്ദേശവാഹകരുള്ള ഒരു ദൈവത്തിലാണ് ഇവര്‍ വിശ്വസിക്കുന്നത്. അവരുമായി സംവദിക്കാന്‍ ഇവര്‍ അള്‍ത്താരകള്‍ നിര്‍മ്മിച്ചിട്ടുണ്ട് വെളിയില്‍. ഇവിടെ ആളുകള്‍ ആടുകളെ കുരുതി നല്‍കാറുണ്ട്. 

300 ബിസിയില്‍ അലക്‌സാണ്ടര്‍ ചക്രവര്‍ത്തി സൗത്ത് ഏഷ്യയിലെത്തിയപ്പോഴാണ് കലഷ് മതം സ്ഥാപിക്കപ്പെട്ടത് എന്ന് വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ഗ്രാമവാസികള്‍ക്കും ചില പണ്ഡിതര്‍ക്കും ഇതില്‍ സംശയമുണ്ട്. ഗോത്രത്തിന്റെ എഴുതപ്പെട്ട ചരിത്രത്തിലോ വാമൊഴിയിലോ പാട്ടുകളിലോ കവിതകളിലോ ഒന്നും അലക്‌സാണ്ടറെപ്പറ്റിയുള്ള സൂചനകളില്ല. 

കലഷ് മതം ഒരിക്കല്‍ ഹിന്ദുക്കുഷ് പ്രദേശത്ത് ഏറെ പ്രചാരം നേടിയിരുന്നു. നൂറ്റാണ്ടുകള്‍ കൊണ്ടു യുദ്ധങ്ങളും മറ്റു മതങ്ങളും കടന്നുകയറിയപ്പോള്‍ പല കലഷ് മതവിശ്വാസികളും മതം മാറി. അവശേഷിച്ചവര്‍ ചുരത്തിനുള്ളില്‍ ഒളിച്ചു. ഈ ഭാഗം ബ്രിട്ടീഷ് കൊളോണിയല്‍ ഇന്ത്യയുടെ ഭാഗമായിരുന്ന കാലത്ത് ഇവര്‍ ഒറ്റപ്പെട്ട ജീവിതം നയിച്ചു. 

1947-ല്‍ പാക്കിസ്ഥാന്‍ ഒരു രാജ്യമായപ്പോള്‍ കലഷ് താഴ്‌വരയിലേയ്ക്ക് മുസ്ലിം കുടുംബങ്ങള്‍ എത്തിത്തുടങ്ങി. നല്ല കാലാവസ്ഥയും വനങ്ങളും നല്ല മേച്ചില്‍പ്പുറങ്ങളും ആകര്‍ഷക ഘടകങ്ങളായിരുന്നു. 

പ്രായം എത്രയെന്ന് ഉറപ്പില്ലെങ്കിലും കുറഞ്ഞത് 75 കാണും എന്നു കരുതുന്ന സലാമത്ത് ഖാന്‍ പറയുന്നത് തന്റെ ജീവിതകാലത്ത് കലഷ് ആളുകളും പുതിയ അയല്‍ക്കാരും സൗഹൃദത്തിലാണു ജീവിച്ചത് എന്നാണ്. 

അത്ര സഹിഷ്ണുതയില്ലാത്ത ഇസ്ലാം പ്രചാരത്തില്‍ വന്ന ഈ കഴിഞ്ഞ ദശാബ്ദത്തിലാണു കാര്യങ്ങള്‍ മാറിയത് എന്ന് അദ്ദേഹവും മറ്റു ഗ്രാമീണരും പറയുന്നു. 

യാത്രികരായ മുസ്ലിം പണ്ഡിതര്‍ അടിക്കടി ഇവിടെ എത്താറുണ്ട്. ഇത്തരം ഓരോ സന്ദര്‍ശനത്തിനു ശേഷവും അവരുടെ മുസ്ലിം അയല്‍ക്കാര്‍ കൂടുതല്‍ അസഹിഷ്ണുക്കളാകുന്നു എന്ന് ഗ്രാമീണര്‍ പറയുന്നു. 

‘അവര്‍ പറയും, ‘നിങ്ങള്‍ എന്തിനാണ് വൈന്‍ ഉണ്ടാക്കുന്നത്?’ യാസിര്‍ കലഷ് ഓര്‍ക്കുന്നു. ‘ഞങ്ങള്‍ വൈന്‍ ഉണ്ടാക്കുന്നത് അത് ഞങ്ങളുടെ സംസ്‌കാരമായതു കൊണ്ടാണ്. ഞങ്ങളുടെ ആചാരങ്ങളില്‍ വൈന്‍ ഉണ്ട്, ഞങ്ങള്‍ പാചകം ചെയ്യാന്‍ വൈന്‍ ഉപയോഗിക്കും, ഞങ്ങളുടെ മനസില്‍ വൈന്‍ എന്നാല്‍ ശുദ്ധിയാക്കല്‍ എന്നാണ് അര്‍ത്ഥം.’ 

പോലീസിന്റെയും ലോക്കല്‍ അധികൃതരുടെയും അഭിപ്രായപ്രകാരം കഴിഞ്ഞ ജൂണില്‍ പതിനഞ്ചുകാരിയായ റീന എന്ന കുട്ടി അറിയാതെ വീട്ടില്‍ നിന്നു നടന്ന് ഒരു ലോക്കല്‍ ഇസ്ലാമിക് സെമിനാരിയിലാണ് എത്തിയത്. 

കുറച്ച് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ റീന ഇസ്ലാമിലേയ്ക്ക് മതം മാറിയെന്ന് അവിടെയുള്ള പുരോഹിതന്‍ പ്രഖ്യാപിച്ചു. അവള്‍ പിന്നീട് ഗ്രാമത്തിലേയ്ക്ക് തിരിച്ചെത്തുകയും താന്‍ മതം മാറാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും പറഞ്ഞു. 

എന്നാല്‍ ദേഷ്യം പിടിച്ച മുസ്ലിം ഗ്രാമീണര്‍ കലഷ് ഗ്രാമീണരെ കല്ലെറിയാന്‍ തുടങ്ങി. ഇസ്ലാമിലേയ്ക്കുള്ള മതംമാറ്റം തിരുത്താന്‍ ആകില്ലെന്നായിരുന്നു വാദം. ഒരു ജഡ്ജി ഇത് അംഗീകരിക്കുകയും ആ പെണ്‍കുട്ടിക്ക് മാതാപിതാക്കളുമായുള്ള ബന്ധം മുറിച്ചുമാറ്റുകയും ചെയ്തു. 

‘മതം മാറ്റലിന്റെ കണക്കുകള്‍ വളരെ കൂടുതലാണ്, ഈ രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടുപോയാല്‍ ഞങ്ങളുടെ സംസ്‌കാരം കുറച്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ ഇല്ലാതാകും എന്നാണു പേടി’, യാസിര്‍ കലഷ് പറയുന്നു. 

താലിബാന്‍ തീവ്രവാദികളുടെ ആക്രമണത്തെയും റെയ്ഡുകളെയും ഗ്രാമീണര്‍ പേടിക്കുന്നുണ്ട്. 

രണ്ടുവര്‍ഷം മുന്‍പ് അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള താലിബാന്‍ തീവ്രവാദികള്‍ താഴ്‌വരയുടെ തലസ്ഥാനമായി കരുതപ്പെടുന്ന ബംബെരെറ്റിലെത്തി ഒരു പതിനഞ്ചുകാരനെ കുത്തിക്കൊന്നതായി സബീര്‍ ഷാ എന്ന 26-കാരന്‍ കലഷ് ഗോത്രക്കാരന്‍ പറയുന്നു. 

‘താലിബാന്‍ ആളുകള്‍ ഒരാളെ വളഞ്ഞ് കൊല്ലുന്നത് ഞാന്‍ ദൂരെ നിന്നു കണ്ടു’. അയാള്‍ ഒരു മുസ്ലിം ആയിരുന്നില്ല എന്നതല്ലാതെ അയാളെ കൊല്ലാന്‍ പ്രത്യേകിച്ച് കാരണമൊന്നും ഉണ്ടായിരുന്നില്ല. 

ഈയിടെ രണ്ട് കലഷ് ആട്ടിടയന്മാര്‍ കൊല്ലപ്പെട്ടതും അവരുടെ ഗോത്രത്തിന്റെ ജീവിതശൈലിയോടുള്ള എതിര്‍പ്പിന്റെ ഭാഗമാണ് എന്ന് ഗ്രാമീണര്‍ പറയുന്നു. 

‘മുകള്‍പ്രദേശത്തുള്ള മേച്ചില്‍പുറങ്ങളിലേയ്ക്ക് ഞങ്ങള്‍ക്ക് ആടുകളെ കൊണ്ടുപോകാന്‍ കഴിയുന്നില്ലെങ്കില്‍ ഞങ്ങളുടെ സംസ്‌കാരത്തിന് നിലനില്‍ക്കാന്‍ കഴിയില്ല’, ഒരു കലഷ് ഗ്രാമീണന്‍ പറയുന്നു. സുരക്ഷാകാരണങ്ങള്‍ കൊണ്ടു പേര് വെളിപ്പെടുത്താതെയാണ് അയാള്‍ സംസാരിച്ചത്. ‘ആടുകള്‍ ഞങ്ങളുടെ മതത്തിന്റെ ഭാഗമാണ്, ഞങ്ങള്‍ ആടുകളെ ബലി കൊടുക്കാറുണ്ട്, താഴ്‌വരയില്‍ അവര്‍ക്ക് പുല്ലുമേഞ്ഞുനടക്കാന്‍ സ്ഥലം കുറവാണ്.’ 

മതപരമായ ശുദ്ധീകരണചടങ്ങുകളില്‍ കലഷ് ആളുകള്‍ ആടിന്റെ രക്തം ഉപയോഗിക്കാറുണ്ട്. 

എന്നാല്‍ രണ്ടു സംഘങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്നത് എല്ലാവരും വിശ്വസിക്കുന്നില്ല. 

റൊട്ടി ഉണ്ടാക്കുന്ന തൊഴില്‍ ചെയ്യുന്ന കിമത്ത് ഷാ എന്ന ലോക്കല്‍ മുസ്ലിം യുവാവ് പറയുന്നത് ചെറിയ പ്രായത്തിലുള്ള മുസ്ലിം-കലഷ് കുട്ടികള്‍ ഒന്നിച്ചാണ് സ്‌കൂളില്‍ പോകുന്നത് എന്നാണ്. എന്തൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടായാലും അതൊക്കെ വരുന്നത് ഗ്രാമത്തിലെ മുതിര്‍ന്നവരുടെ വിദ്യാഭ്യാസമില്ലായ്മയില്‍ നിന്നാണ് എന്നും അയാള്‍ തുടര്‍ന്നു പറഞ്ഞു. 

‘രണ്ടു മതത്തില്‍ പെട്ട ആളുകള്‍ ഒരുമിച്ചു താമസിക്കുകയാണ് ഇവിടെ നടക്കുന്നത്,’ ഷാ പറഞ്ഞു. 

കറാച്ചി ആസ്ഥാനമാക്കിയ പാകിസ്ഥാന്‍ മൈനോറിറ്റീസ് ഫ്രണ്ട് ചെയര്‍മാന്‍ ജാവേദ് മൈക്കല്‍ പറയുന്നത് പാക്കിസ്ഥാനിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ നേരിടുന്ന അസഹിഷ്ണുതയില്‍ നിന്നുള്ള പ്രശ്‌നങ്ങളുടെ ഒരു ഭാഗമാണ് എന്നാണ്. 

ആയിരക്കണക്കിനു ക്രിസ്ത്യാനികള്‍, ഹിന്ദുക്കള്‍, സിക്കുകാര്‍, ബുദ്ധമതക്കാര്‍, സുന്നി ഇതര മുസ്ലിമുകള്‍ എന്നിവര്‍ പീഡനങ്ങളോ ദൈവനിന്ദയെപ്പറ്റിയുള്ള സര്‍ക്കാര്‍ പോളിസികളോ നിയമങ്ങളോ പേടിച്ച് നാടുവിട്ടു. 

‘ന്യൂനപക്ഷ വിഭാഗങ്ങളില്‍ പെടുന്ന ആരും ഈ രാജ്യത്ത് സുരക്ഷിതരല്ല’, മൈക്കല്‍ പറയുന്നു. 

ഒറ്റപ്പെട്ടു ജീവിക്കുന്നു എന്ന തോന്നലാണ് കലഷ് സമൂഹത്തിലെ ഗ്രാമീണരെ ഏറെ പേടിപ്പിക്കുന്നത് എന്നു യാസിര്‍ കലഷ് പറയുന്നു. 

ക്രിസ്ത്യാനികള്‍ക്കു വത്തിക്കാനിലേയ്‌ക്കോ മറ്റു വിദേശരാജ്യങ്ങളിലേയ്‌ക്കോ സഹായം തേടാം, ഹിന്ദുക്കള്‍ക്ക് ഇന്ത്യയെ ആശ്രയിക്കാം, ഷിയാ മുസ്ലിമുകള്‍ക്ക് ഇറാനെയും. എന്നാല്‍ കലഷ് ഗ്രാമീണര്‍ കരുതുന്നത് മറ്റൊരു രാജ്യത്തിനും അവരോടു പരിഗണനയില്ല എന്നാണ്. 

‘ഞങ്ങളെ സംരക്ഷിക്കണേ എന്ന് ഞങ്ങള്‍ ലോകത്തോട് അപേക്ഷിക്കുകയാണ്’, അയാള്‍ പറയുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍