UPDATES

‘യാ ലാൽ യാ ഷഹബാസ് ധമാ ധം മസ്ത് ഖലന്ദർ’… ഈ വെളിച്ചവും കൂടി കെടുത്തരുത്

ആ മനുഷ്യരുടെ ഓർമ്മകളോട് ആ നൃത്തോത്സവത്തിലും മനോഹരമായ, സർഗ്ഗാത്മകമായ ഒരു നീതി പുലർത്താനില്ല

ഷിജു ആര്‍

ഷിജു ആര്‍

നൂറ്റാണ്ടുകളുടെ ജീവിതത്തിൽ ചെന്നുതൊടുന്ന, ഭാവ സാന്ദ്രമായ സ്വരത്തിൽ ആ അവധൂത ഗായക സംഘം ഖവാലി ആരംഭിച്ചു. ”യാ ലാൽ യാ ഷഹബാസ് ധമാ ധം മസ്ത് ഖലന്ദർ”

സ്വരത്തിലെ താളക്രമം പതുക്കെ ശരീരത്തിലേക്ക് ആവേശിച്ചു കയറിയ അര ലക്ഷത്തിനടുത്ത് മനുഷ്യർ നൃത്തത്തിന്‍റെയും സംഗീതത്തിന്‍റെയും ഒരു കടലായി, കാറ്റായി. കാലം കാടുമൂടിയ ആ ഖബറിടത്തിന് ജീവൻ വച്ചു. ലാൽ ഷഹബാസ് ഖലന്ദർ ഒരിക്കൽക്കൂടി ഭൂമിയിലേക്കിറങ്ങി വന്നു. സംഗീതത്തിന്‍റെ ചിറകിലേറി അമീർ ഖുസ്രുവിന്‍റെ വരികളിലൂടെ ആയിരത്താണ്ടുകൾക്കപ്പുറത്തെ ജീവിതങ്ങൾ. അതെ, വിഭജന പൂർവ്വ ഹിന്ദുസ്ഥാനിലെ, സിന്ധ്, ബലൂചി പ്രവശ്യകൾ മുതൽ ഇങ്ങ് പൊന്നാനി വരെയുള്ള ആയിരക്കണക്കായ ദർഗ്ഗകൾ, അവിടെയൊക്കെ മണ്ണടിഞ്ഞ മനുഷ്യർ, കാട്ടുവള്ളികൾ മൂടിക്കിടക്കുന്ന ജാറങ്ങൾ, ഭാരിച്ച ജീവിതമെന്ന പോലെ വിരലുകൾക്കിടയിൽ ദിക്റുകൾക്കൊപ്പം നീങ്ങുന്ന തസ്ബീഹ് മാലയിലെ മുത്തുമണികൾ, സുഗന്ധ ധൂമങ്ങൾ ഉണർത്തുന്ന സ്മൃതി ഗന്ധങ്ങൾ.

അവയിലേറ്റവും പ്രമുഖമാണ് ലാൽ ഷഹബാസ് ഖലന്ദറിന്റെ മഖാം.  ലക്ഷക്കണക്കിനാളുകൾ പങ്കെടുക്കുന്നതാണ് ശഅബാൻ പതിനെട്ടാം നാളിലെ ലാൽ ഷഹബാസിന്‍റെ ഉറൂസ്. പാക്കിസ്ഥാന്റെ മാത്രമല്ല, ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്‍റെയാകെ ലഹരിയാണ് ആ ഉറൂസ്. ഈ വർഷം ഫെബ്രുവരി 16 ന് സംഗീതവും നൃത്തവും സഹജീവനവും തക്ബീർ ധ്വനികളും പ്രാർത്ഥനകളും ചേർന്ന് സൃഷ്ടിച്ച ആ മായികാന്തരീക്ഷത്തിൽ  പൊടുന്നനെയാണ് പൊട്ടിത്തെറികൾ ഉണ്ടായത്. ആയിരങ്ങളുടെ ശരീരത്തിൽ ഷെല്ലുകളും ചില്ലുകഷണങ്ങളും കൽച്ചീളുകളും  തുളച്ചുകയറിയത്. തരം കിട്ടുമ്പോൾ അതിർത്തി നുഴഞ്ഞു കയറുകയും ആൾക്കൂട്ടങ്ങൾക്കിടയിൽ പൊട്ടിത്തെറിക്കുകയും  ചെയ്തേക്കാവുന്ന അപകടകാരികളുടെ നാട്  എന്ന് പാകിസ്ഥാനെക്കുറിച്ച്  കരുതുന്നവർ അറിയണം. മുസ്ലീങ്ങളും ഹിന്ദുക്കളും  മറ്റു മതസ്ഥരും ഒരു പോലെ സ്നേഹിക്കുന്ന, ആയിരത്താണ്ടിനപ്പുറം ജീവിച്ചിരുന്ന ആ അവധൂതന്‍റെ ഓർമ്മ ദിനത്തിൽ ഒത്തുകൂടി മരിച്ചു വീണ സഹൃദയ സഹസ്രങ്ങൾ കൂടി ഉൾപ്പെട്ടതാണ് പാക്കിസ്ഥാൻ.

മതം, സംഘടനയും ശാസനയും അധികാരവുമാണെന്ന് തെറ്റിദ്ധരിച്ചവരേ, മതം അനുഭൂതിയും സൗന്ദര്യബോധവും കൂടിയാണ്. ചെന്നു ചേർന്ന ഭൂഭാഗങ്ങളിലെ  സംസ്കാരങ്ങളോട്, ജീവിത വൈവിധ്യങ്ങളോട് കൊടുക്കൽ വാങ്ങലുകൾ നടത്താത്ത, വളർന്നു വന്ന കാലത്തിന്‍റെ ജീവിത പരിണാമങ്ങളുടെ വിരൽപ്പാടു പതിയാത്ത ഏത് മൗലികതയാണ് ഒരു മതത്തിന് സംരക്ഷിക്കാനാവുക. മതങ്ങൾ ഉൾപ്പെട്ട മനുഷ്യ ചരിത്രത്തെ പടയോട്ടങ്ങളുടെയും രക്തച്ചൊരിച്ചിലുകളുടെയും കഥയായും നാഗരിക നിർമിതികൾ തച്ചുടച്ച ഭ്രാന്തായും നമുക്ക് സമാഹരിക്കാം. മത വിമർശനത്തിന് അത്  ഉപാധിയാക്കാം. പക്ഷേ അതിനിടയിൽ മതം പകർന്നു നൽകിയ ഭാവനാലോകങ്ങളും നൈതിക ബോധവും മറക്കരുത്. (അല്ലെങ്കിലും  വിധ്വംസകമായ  മനുഷ്യഹത്യയിലേക്ക് വഴി മാറാത്ത ഏത് ആധുനിക തത്വശാസ്ത്രമാണ് നമുക്കുള്ളത്? )

ഇസ്ലാം ഭീതിയുടെ പേര് പറഞ്ഞ് മധ്യേഷ്യയുടെ ഗ്രാമാതിർത്തികളിൽ സാമ്രാജ്യത്വം മനുഷ്യക്കുരുതികൾ നടത്തിക്കൊണ്ടേയിരിക്കുന്നു. ലശ്കറും തലിബാനും അൽഖായിദായും ഐസിസും നടത്തുന്ന പൊട്ടിത്തെറികളിൽ നിരപരാധികൾ ചിതറിത്തെറിക്കുന്നു. ഡയസ്പോറകൾ തീവ്ര വിഘടന ചിന്തകൾക്ക്  അടിവളമാകുന്നു. അവ സൃഷ്ടിക്കുന്ന സ്ഫോടനങ്ങൾ സാമ്രാജ്യത്വ നീക്കങ്ങൾക്ക്  ന്യായമാവുന്നു. അരങ്ങിൽ തമ്മിൽ കലഹിക്കുന്ന സാമ്രാജ്യത്വവും തീവ്രവാദ സെക്ടുകളും  ഇസ്ലാമിനെ വ്യാഖ്യാനിക്കുന്നതിലെ സമാനത വിസ്മയകരമെങ്കിലും സത്യമാണ്.

ഖുർആനെയും ഹദീദുകളെയും അക്ഷരാർത്ഥത്തിൽ മാത്രം മനസ്സിലാക്കുന്ന, പ്രാദേശിക വൈവിധ്യങ്ങളെ നിരാകരിക്കുന്ന, കലയുടെയും സംഗീതത്തിന്‍റെയും ആർദ്രാനുഭൂതികളെ റദ്ദ് ചെയ്യുന്ന മതം. ഒറ്റക്കല്ലിൽ കൊത്തിയ ലോക ഇസ്ലാം. സാമ്രാജ്യത്വത്തിന്‍റെ ചീത്ത വിളികളെ ഈ സെക്ടുകൾ അവരുടെ കിരീടത്തിലെ പൊൻതൂവലുകളായെടുക്കുന്നു. ശഹറുകളിലെ സ്ഫോടനങ്ങളിലെ മനുഷ്യക്കുരുതികൾ മാത്രമല്ല   മതത്തിനകത്തെ സ്വാഭാവികമായ ആഭ്യന്തര വൈവിധ്യങ്ങളോടുള്ള സാംസ്കാരിക കലാപവും അവയെ തകർത്തു കളയുന്നതും കൂടിയാവും  അക്ഷരാർത്ഥത്തിൽ ഇസ്ലാമിക സെക്ടുകൾ ലോകത്തിന് നൽകുന്ന ദുരന്തം.

മത സംഘടനകളേ, ഐസിസ് ഇസ്ലാമല്ലെന്നും തീവ്രവാദത്തിന് മതമില്ലെന്നും പോസ്റ്ററൊട്ടിച്ചിട്ടും ജാഥ നടത്തിയിട്ടും മാത്രം കാര്യമില്ല. പ്രാദേശിക വൈവിദ്ധ്യങ്ങളെ ഇല്ലാതാക്കി നിങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്ന സാർവ്വലൗകിക ഇസ്ലാമെന്ന ഒറ്റക്കൽ ശില്പത്തിനുമുണ്ട് അതിലൊരു പങ്ക്. തീവ്രവാദം സാമ്രാജ്യത്വത്തിന്‍റെ സാമന്തൻ തന്നെയാണ്. മൂന്നാം ലോകത്തെ സാമ്രാജ്യത്വ ആക്രമണങ്ങൾ ന്യായീകരിക്കപ്പെടുന്ന അന്തരീക്ഷം  സൃഷ്ടിക്കുകയാണ് അതിന്റെ പണി. പക്ഷെ ഓർക്കുക അങ്കിൾ സാം ശൂന്യതയിൽ നിന്ന് വിസ്മയങ്ങൾ സൃഷ്ടിക്കുന്ന മാന്ത്രികനല്ല! ചെന്നു ചേരുന്നിടത്തെ ആഭ്യന്തര ഭിന്നതകൾ തന്നെയാണതിന്‍റെ അസംസ്കൃത വസ്തു. ആ വൈരുദ്ധ്യങ്ങളെ പാലും തേനും നൽകി വളർത്തുകയാണ് അതിന്‍റെ പ്രവർത്തന തന്ത്രം.

സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്ന മുസ്ലീം പെൺകുട്ടികളുടെ അക്കൗണ്ടുകളുടെ കീഴിൽ പോയി ‘നിനക്ക് സ്വർഗ്ഗത്തിൽ പോവണ്ടേ പെണ്ണേ?’ എന്ന് ചോദിക്കുന്ന ആങ്ങളമാർ അരോചകമായ കാഴ്ചയാണ്. അന്യമതസ്ഥനെ വിവാഹം കഴിച്ച പെൺകുട്ടികളെയും അവരുടെ കുടുംബത്തെയും  മസിലു പെരുപ്പിച്ച് ബ്ലാക്ക് മെയിൽ ചെയ്ത് ആ ബന്ധം തല്ലിപ്പിരിക്കുന്ന സദാചാര ഗുണ്ടായിസം ഏത് മതദർശനത്തിന്‍റെ വെളിച്ചത്തിലാണ്? തങ്ങൾക്ക് കായബലമുള്ള ഇടങ്ങളിൽ കയ്യൂക്ക് നീതിയാക്കിയവർ ഭരണകൂടത്തിന്‍റെ മനുഷ്യാവകാശ ലംഘനങ്ങളെ വിമർശിക്കുമ്പോൾ അവർ ഭരണകൂടത്തിന്‍റെ നീതികേടുകൾക്ക് ന്യായീകരണം നേടിക്കൊടുക്കുകയാണ്.

പക്ഷെ സ്ഫോടനാനന്തരം ലാൽ ഷഹബാസിന്റെ ഖബർസ്ഥാനിൽ നിന്ന് ശുഭകരമായ ചില വാർത്തകളുണ്ട്. ഒരു സ്ഫോടനത്തിനും കെടുത്താൻ കഴിയാത്ത ആത്മവീര്യത്തോടെ, സൂഫി സമന്വയ പാരമ്പര്യം ഉള്ളിൽ പേറുന്ന കലാ കൂട്ടായ്മകൾ ആ നൃത്ത സംഗീതോത്സവം ഏറ്റെടുത്തു നടത്തി. കൂടെ ഉണ്ടാവേണ്ടിയിരുന്ന, ചിന്നിച്ചിതറിപ്പോയ നിരപരാധികളെ ഓർത്ത് വിങ്ങുന്ന ഹൃദയവും നിറഞ്ഞ കണ്ണുകളുമായി. ആ മനുഷ്യരുടെ ഓർമ്മകളോട്  ആ നൃത്തോത്സവത്തിലും മനോഹരമായ, സർഗ്ഗാത്മകമായ ഒരു നീതി പുലർത്താനില്ല.

(ഹയര്‍ സെക്കണ്ടറി അദ്ധ്യാപകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഷിജു ആര്‍

ഷിജു ആര്‍

കോഴിക്കോട് സ്വദേശി. അധ്യാപകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍