UPDATES

അണക്കെട്ടുകളില്‍ നിന്ന് വെള്ളം വിട്ടു നല്‍കില്ല; പാലക്കാടന്‍ നെല്‍ കര്‍ഷകര്‍ ദുരിതത്തിലേക്ക്?

അഴിമുഖം പ്രതിനിധി

ചിറ്റൂര്‍, മീങ്കര, ചുള്ളിയാര്‍, വാളയാര്‍, പറമ്പിക്കുളം- ആളിയാര്‍ അണക്കെട്ടുകളില്‍ നിന്ന് വെള്ളം വിട്ടു നല്‍കില്ലെന്ന തീരുമാനം പാലക്കാട് ജില്ലയിലെ നെല്‍കൃഷികാര്‍ക്ക് തിരിച്ചടിയായി. 90 മുതല്‍ 100 ദിവസം വരെയാണ് നെല്ലു പാകമാകാന്‍ വേണ്ട സാധാരണ സമയം. ഇത്തവണ മഴ വൈകിയതിനാല്‍ ജില്ലയിലെ നെല്‍ കര്‍ഷകര്‍ വിള ഇറക്കി തുടങ്ങിയതെയുള്ളൂ. നേരത്തെ കൃഷി ഇറക്കിയ കര്‍ഷകരുടെ വിള ഒരു മാസത്തിനടുത്തെയായിട്ടുള്ളൂ. അതുകൊണ്ട് തന്നെ പുതിയ തീരുമാനം കൃഷി ഇറക്കിയവരുടെ വിള വെള്ളത്തിന്റെ കുറവു മൂലം നശിക്കാന്‍ സാധ്യതയുണ്ട്. വെള്ളത്തിന്റെ ലഭ്യത കുറഞ്ഞാല്‍ കൃഷി ചെയ്യുവാന്‍ കാത്തിരിക്കുന്ന കര്‍ഷകരും ദുരിതത്തിലാവും.

ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കര്‍ഷകരുടെ യോഗത്തിലാണ് അണക്കെട്ടുകളില്‍ നിന്നു കാര്‍ഷികാവശ്യങ്ങള്‍ക്കു വെള്ളം വിട്ടു നല്‍കേണ്ടെന്നു തീരുമാനമായത്. വരാനിരിക്കുന്നത് കടുത്ത വരള്‍ച്ചയാണെന്ന് ഉറപ്പായതിനാല്‍ ഡാമുകളില്‍ അവശേഷിക്കുന്ന ജലം കുടിവെള്ളത്തിനായി കരുതി വയ്ക്കാനാണ് തീരുമാനം. ചിറ്റൂര്‍, മീങ്കര, ചുള്ളിയാര്‍, വാളയാര്‍, പറമ്പിക്കുളം- ആളിയാര്‍ അണക്കെട്ടുകളിലെ വെള്ളമെല്ലാം കുടിവെള്ളത്തിന് മാത്രമേ ഇനി വിട്ടു നല്‍കൂ.

ജില്ലയിലെ മിക്ക ഡാമുകളിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ജലനിരപ്പ് വളരെ താഴ്ന്ന നിലയിലാണ്. കര്‍ഷകരുടെ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരം മലമ്പുഴ ഡാമില്‍ നിന്നു മാത്രം 22 ദിവസത്തേക്ക് കൃഷിയാവശ്യത്തിന് വെള്ളം വിട്ടു നല്‍കാന്‍ തീരുമാനമെടുത്തിട്ടുണ്ട്.

അടുത്ത മാസം നാലു മുതല്‍ പത്തു ദിവസം തുടര്‍ച്ചായി മലമ്പുഴയില്‍ നിന്നും വെള്ളം തുറന്നു വിടും. പിന്നീട് വെള്ളം നിര്‍ത്തി പത്തു ദിവസത്തിന് ശേഷം വീണ്ടും പത്ത് ദിവസം കൂടി വെള്ളം തുറന്നു വിടാനാണ് തീരുമാനമായിരിക്കുന്നത്. എന്നാല്‍ ഇതുകൊണ്ട് വലിയ ഗുണമുണ്ടാകില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍. ഇനിയുള്ളത് വെള്ളമില്ലാത്ത ദുരിതകാലമാണ് പാലക്കാടന്‍ കര്‍ഷകര്‍ക്ക്.  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍