UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബി ജെ പിയുടെ കേരളത്തിലെ ആദ്യ നഗരസഭ അധ്യക്ഷയ്ക്ക് പറയാനുള്ളത്

Avatar

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ ഭരണസമിതികള്‍ അധികാരം ഏറ്റെടുക്കുകയും ചെയ്തു. ഏറെ പ്രത്യേകതകളാണ് ഇത്തവണത്തെ മേയര്‍മാര്‍ക്കും നഗരസഭാദ്ധ്യക്ഷന്‍മാര്‍ക്കും ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും ഉള്ളത്. അവരില്‍ ചിലരേയും അവരുടെ കാഴ്ചപ്പാടുകളേയും അഴിമുഖം പരിചയപ്പെടുത്തുന്നു.

പാലക്കാട്‌ മുന്‍സിപ്പാലിറ്റി തെരഞ്ഞെടുപ്പില്‍ 24 സീറ്റുനേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി അധികാരം പിടിച്ചപ്പോള്‍ പാര്‍ട്ടിയില്‍ ആകെയുണ്ടായിരുന്ന ചര്‍ച്ച വൈസ് ചെയര്‍മാന്‍ ആരെന്നുള്ള കാര്യത്തിലായിരുന്നു. ആരാവും നേതൃത്വം നല്കുക എന്നുള്ള കാര്യത്തില്‍ ഒരു തര്‍ക്കവും ഉയരുകയുണ്ടായില്ല. അതിനായി പ്രത്യേക ചര്‍ച്ചയും വേണ്ടി വന്നില്ല. പ്രമീള ശശിധരന്‍ എന്ന 51 കാരിയാവും ചെയര്‍പേഴ്സണ്‍ സ്ഥാനം അലങ്കരിക്കുക എന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. കാരണം നാലാമത്തെ തവണയാണ് അവര്‍ കോര്‍പ്പറേഷനിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത് എന്നത് തന്നെ.

2000ല്‍ എല്‍ഐസി, കെസ്എഫ്ഇ എന്നീ സ്ഥാപനങ്ങളുടെ ഏജന്റ് ആയിരിക്കുമ്പോഴാണ് പ്രമീളയ്ക്ക് ജനസേവനത്തിനുള്ള ക്ഷണമെത്തുന്നത്. പാലക്കാട് പുത്തൂര്‍ സൗത്ത്  വനിതാ പ്രാതിനിധ്യമുള്ള വാര്‍ഡ്‌ ആക്കിയപ്പോള്‍ യുഡിഎഫ്, എല്‍ഡിഎഫ്, ബിജെപി എന്നീ മൂന്നു രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥിയെത്തേടി എത്തിയത് പ്രമീളയുടെ വീട്ടിലേക്കാണ്. ബിജെപി സ്ഥാനാര്‍ഥിയായി ഇവര്‍  മുന്‍പ് നേടിയ വിജയങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാണ് ഇത്തവണത്തേത്. കേരള രാഷ്ട്രീയത്തില്‍ ബിജെപിക്കു വേണ്ടി ഇത്തവണ നേടിയ വിജയം ചരിത്രത്തില്‍ ഇടം പിടിക്കുന്ന ഒന്നായിരുന്നു. എല്‍ഐസി ഏജന്റില്‍ നിന്നും വികസനത്തിന്‍റെ ഏജന്റിലേക്കുള്ള യാത്രയെക്കുറിച്ച്‌  പ്രമീള ശശിധരന്‍ അഴിമുഖത്തോട് സംസാരിക്കുന്നു.

കാലങ്ങളായി കോണ്‍ഗ്രസ് ബന്ധമുള്ള കുടുംബം എന്നതൊഴിച്ചാല്‍ പ്രത്യേകിച്ചു രാഷ്ട്രീയപാരമ്പര്യമവകാശപ്പെടാനില്ലാത്ത ഒരാളാണ് ഞാന്‍.  രാഷ്ട്രീയം എന്താണ് എന്നതിലുപരി, ജനങ്ങള്‍ക്ക് എന്താണ് വേണ്ടത് എന്നാണ് ജനപ്രതിനിധികള്‍ അറിഞ്ഞിരിക്കേണ്ടത് എന്നു ഞാന്‍ കരുതുന്നു. അക്കാര്യം മനസ്സില്‍ വച്ചാണ് ഓരോ കാര്യങ്ങളും ചെയ്യുക. അത് എന്നെ ജയിപ്പിച്ച ജനങ്ങള്‍ക്കും ഉത്തമബോധ്യമുള്ള കാര്യമാണ്.

2000ല്‍ പുത്തൂര്‍ സൗത്ത് വാര്‍ഡില്‍ നിന്ന് ജയിച്ച ശേഷം ആദ്യത്തെ കാലാവധി പൂര്‍ത്തിയാക്കിക്കഴിഞ്ഞപ്പോള്‍ അടുത്ത ഇലക്ഷനും ഞാന്‍ തന്നെ നില്‍ക്കണം എന്ന് പാര്‍ട്ടി ആവശ്യപ്പെട്ടു. 2005ല്‍ ജനറല്‍ വാര്‍ഡ്‌ ആയതുകൊണ്ട് പുരുഷന്മാരോടൊപ്പം മത്സരിക്കാന്‍ എനിക്ക് ചെറിയ മടി തോന്നിയിരുന്നു. പക്ഷേ പാര്‍ട്ടി ശക്തമായ പിന്തുണ നല്‍കി. അടുത്ത രണ്ടു തവണയും വിജയിച്ചു. നാലാം തവണ നില്‍ക്കണ്ട എന്ന തീരുമാനമെടുത്തിരുന്നു ഞാന്‍. പക്ഷേ പാര്‍ട്ടി നേതൃത്വം നിലപാട് മാറ്റാന്‍ തയ്യാറല്ലായിരുന്നു. പക്ഷേ സൗത്ത് വാര്‍ഡില്‍ നിന്നും മാറി നില്‍ക്കാന്‍ ഞാന്‍ തീരുമാനിച്ചു. അടുത്ത വാര്‍ഡിലെ സ്ഥാനാര്‍ഥിക്ക് വേറെ വാര്‍ഡ്‌ നല്‍കി പാര്‍ട്ടിയും അനുകൂലമായ നിലപാട് എടുത്തു. പുത്തൂര്‍ നോര്‍ത്ത് വാര്‍ഡില്‍ നില്‍ക്കാനുള്ള തീരുമാനം എടുക്കുകയായിരുന്നു. നാല്‍പ്പതു വര്‍ഷമായി കോണ്‍ഗ്രസിനെ അനുകൂലിച്ചിരുന്ന വാര്‍ഡ്‌ ആയിരുന്നു നോര്‍ത്ത് .

ഞങ്ങള്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങളേക്കാള്‍ എനിക്ക് വേണ്ടി പ്രവര്‍ത്തിച്ചത് സൗത്ത് വാര്‍ഡിലെ ജനങ്ങളായിരുന്നു. എന്നെക്കുറിച്ചുള്ള വിവരങ്ങള്‍ അവര്‍ നോര്‍ത്ത് വാര്‍ഡിലെ ജനങ്ങള്‍ക്ക് നല്‍കിയിരുന്നു. അതുകൊണ്ട് തന്നെ അവര്‍ എന്‍റെ കൂടെ നിന്നു. 

2000ല്‍ ഞാന്‍ മെമ്പറാകുമ്പോള്‍ വികസനപ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നടക്കാത്ത അവസ്ഥയായിരുന്നു. മോശമായ റോഡുകള്‍, സ്ട്രീറ്റ് ലൈറ്റുകളുടെ കുറവ്, ഡ്രെയിനേജ് എന്നിങ്ങനെ അപാകതകള്‍ അനവധിയുണ്ടായിരുന്നു. പലയിടത്തും കുടിവെള്ളം പോലും ശരിയായി ലഭിക്കാറുണ്ടായിരുന്നില്ല. ആ പോരായ്മകള്‍ നികത്താന്‍ സാധിച്ചു. പാലക്കാട് നഗരസഭയില്‍ നിന്നും ലഭിക്കുന്ന അഞ്ചു ലക്ഷം രൂപ ശരിയായി ജനങ്ങള്‍ക്ക്‌ വേണ്ടിത്തന്നെ വിനിയോഗിക്കാന്‍ സാധിച്ചു. ജനങ്ങള്‍ക്ക്‌ അവരുടെ ആനുകൂല്യങ്ങള്‍ പാഴാക്കാതെ തന്നെ എത്തിച്ചുകൊടുക്കാന്‍ സാധിച്ചതും ആത്മവിശ്വാസം നല്‍കുന്ന ഒന്നായിരുന്നു. റേഷന്‍കാര്‍ഡ് മുതല്‍ വീടുകള്‍ വരെ ഇതുവരെ കാലതാമസമില്ലാതെ വര്‍ക്ക് അനുവദിക്കാന്‍ കഴിഞ്ഞു.

ഇപ്രാവശ്യം പ്രധാനമന്ത്രിയുടെ  സ്വച്ച്ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാലിന്യസംസ്കരണത്തിനായി കൂടുതല്‍ ഫലവത്തായ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ കലുങ്കുകളും ബൈപ്പാസിനു സമീപമുള്ള കനാല്‍ ചിലയിടങ്ങളില്‍ അടഞ്ഞു കിടക്കുകയാണ്. മുന്‍പ് കൃഷിയിടങ്ങളിലേക്കുള്ള ജലസേചനം നടത്തിയിരുന്നത് അത് വഴിയായിരുന്നു. ഇപ്പൊ പല കൃഷിയിടങ്ങളിലും വീടുകള്‍ വന്നു. കനാലിനു സമീപം വീടുകള്‍ വന്നതിനാല്‍ പലയിടത്തു നിന്നുമുള്ള കൈയ്യേറ്റവും നടന്നിട്ടുണ്ട്. അക്കാരണത്താല്‍ കനാല്‍ മിക്കവാറും ഭാഗങ്ങളില്‍ അടഞ്ഞുകിടക്കുന്നതിനാല്‍ പല വീടുകളിലും വെള്ളം കയറാറുണ്ട്. ആ പ്രശ്നം പരിഹരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. വൈദ്യുതി കൂടുതല്‍ ഉപയോഗിക്കുന്ന ട്യൂബ് ലൈറ്റുകളും മറ്റു ബള്‍ബുകളും മാറ്റി സിഎഫ്എല്‍ ആക്കാനും തീരുമാനം ആയിട്ടുണ്ട് മാര്‍ച്ച് മാസത്തിനു മുന്‍പ് അക്കാര്യവും നടപ്പിലാക്കും. മുനിസിപ്പാലിറ്റി ഓഫീസ് കമ്പൂട്ടര്‍വല്‍ക്കരിക്കാനുള്ള നടപടികളും ഏപ്രില്‍ മാസത്തിനു മുന്‍പ് പൂര്‍ത്തിയാവും. പ്രൈം മിനിസ്റ്റര്‍ ആവാസ് യോജനയില്‍ ഉള്‍പ്പെടുത്തി ഭവനരഹിതരുടെ പ്രശ്നങ്ങള്‍ക്കും പരിഹാരം ഉണ്ടാക്കാനുള്ള തീരുമാനങ്ങള്‍ നടപ്പിലാക്കും. പാര്‍ട്ടിയുടെ സംസ്ഥാനനേതൃത്വം പിന്തുണയുമായുണ്ട്.

ഭര്‍ത്താവ് കാഞ്ചിക്കോട് സെന്റ്‌ ഗോബൈന്‍ ഗ്ലാസ് ഫാക്ടറിയിലെ ഫോര്‍മാന് ആയിരുന്ന സമയത്താണ് ഞാന്‍ ആദ്യം മത്സരിക്കുന്നത്, അപ്പോള്‍ മകന്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയും മകള്‍ ഏട്ടാം ക്ലാസ്സിലും. അന്നും ഇന്നും മത്സരിക്കാന്‍ എനിക്കു ധൈര്യം തന്നത് കുടുംബമാണ്. മകളും മകനും ഭര്‍ത്താവും പിന്നെ അച്ഛനും അമ്മയും നല്‍കുന്ന സ്നേഹവും പിന്തുണയുമാണ്‌ എന്നെ മുന്നോട്ടു നയിക്കുന്നത്. പാര്‍ട്ടിയോടൊത്തു നില്‍ക്കുന്ന ജനങ്ങള്‍ ആവശ്യപ്പെടുന്നത് പുരോഗതിയാണ്. അതു നല്‍കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. 

(തയ്യാറാക്കിയത് ഉണ്ണികൃഷ്ണന്‍ വി)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍