UPDATES

പാലക്കാട് മെഡിക്കല്‍ കോളേജിലെ പിന്‍വാതില്‍ നിയമനങ്ങള്‍; തെളിവുകളിതാ

എഴുത്തു പരീക്ഷയില്‍ ആദ്യ പതിനഞ്ചു റാങ്കില്‍ ഉള്ളവരില്‍ രണ്ടുപേര്‍ മാത്രമാണ് അഭിമുഖം കഴിഞ്ഞ ലിസ്റ്റില്‍ ആദ്യ 15-ല്‍ ഇടം നേടിയിട്ടുള്ളത്

പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പിഎസ്‌സിയെ ഒഴിവാക്കി ഡോക്ടര്‍മാരെ കോളേജ് നേരിട്ട് നിയമിക്കുന്നത് വലിയ അഴിമതിക്കുള്ള തയ്യാറെടുപ്പാണെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇന്റര്‍വ്യൂ കഴിഞ്ഞു അവസാന റാങ്ക് ലിസ്റ്റ് ഫെബ്രുവരി 17-ന് വന്നപ്പോള്‍ ആ വാര്‍ത്തകള്‍ സത്യമാണെന്ന് ഉറപ്പായിരിക്കുകയാണ്. മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം നഷ്ടമാകാതിരിക്കാന്‍ ആണ് നേരിട്ടുള്ള ഈ നിയമനം എന്നാണ് അധികാരികള്‍ പറഞ്ഞിരുന്നത്. അതിനായി ജനുവരിയില്‍ എഴുത്തു പരീക്ഷ നടത്തി 400-ല്‍ അധികം ആളുകളുടെ ലിസ്റ്റ് ഇട്ടിരുന്നു. അവരെ ഫെബ്രുവരി 7-ന് ഇന്റര്‍വ്യൂന് വിളിച്ചു അവസാന റാങ്ക് ലിസ്റ്റ് ഇട്ടു. ഇന്റര്‍വ്യൂ ദിവസം നടന്ന തിരിമറികളെ കുറിച്ച് അന്ന് ഒരു കൂട്ടം ഡോക്ടര്‍മാര്‍ രംഗത്തെത്തിയിരുന്നു.

പാലക്കാട് മെഡിക്കല്‍ കോളേജില്‍ പിന്‍വാതില്‍ നിയമനങ്ങള്‍

എഴുത്തു പരീക്ഷ കഴിഞ്ഞ ലിസ്റ്റില്‍ ആദ്യ പതിനഞ്ചു പേര്‍ക്ക് അഭിമുഖത്തിനു ശേഷം ലഭിച്ച റാങ്ക് ചുമന്ന നിറത്തില്‍ ചേര്‍ത്തിരിക്കുന്നു


അഭിമുഖം കഴിഞ്ഞ ലിസ്റ്റില്‍ ആദ്യ 15 പേര്‍ക്ക് എഴുത്തു പരീക്ഷയില്‍ ലഭിച്ച മാര്‍ക്കും റാങ്കും ചുവന്ന അക്ഷരത്തില്‍ എഴുതിയിട്ടുണ്ട്


എഴുത്തു പരീക്ഷ കഴിഞ്ഞ റാങ്ക് ലിസ്റ്റും അഭിമുഖത്തിന് ശേഷമുള്ള റാങ്ക് ലിസ്റ്റും താരതമ്യം ചെയ്യുമ്പോള്‍ ഗുരുതരമായ അഴിമതിയാണ് നടന്നിരിക്കുന്നത് എന്നത് വ്യക്തമാണ്. എഴുത്തു പരീക്ഷയില്‍ ആദ്യ പതിനഞ്ചു റാങ്കില്‍ ഉള്ളവരില്‍ രണ്ടുപേര്‍ മാത്രമാണ് അഭിമുഖം കഴിഞ്ഞ ലിസ്റ്റില്‍ ആദ്യ 15-ല്‍ ഇടം നേടിയിട്ടുള്ളത്. അതില്‍ തന്നെ 5, 12 റാങ്ക് നേടിയവര്‍ അവസാന ലിസ്റ്റില്‍ പോലുമില്ല. അതുപോലെ എഴുത്തുപരീക്ഷയില്‍ അവര്‍ക്കു ലഭിച്ച മാര്‍ക്കിനേക്കാള്‍ വളരെ കുറവ് മാര്‍ക്ക് ലഭിച്ചവര്‍ അവസാന ലിസ്റ്റില്‍ ഇടം നേടുകയും ചെയ്തു. അവസാന ലിസ്റ്റ് ഒന്ന് നോക്കുക, 15-ല്‍ പകുതിയാളുകള്‍ക്കു എഴുത്തുപരീക്ഷയില്‍ 50 റാങ്കിനും മുകളില്‍ ആയിരുന്നു, 100 മുകളില്‍ ഉള്ളവരും ഉണ്ട്. ഈ ഗുരുതരമായ അഴിമതിയിലൂടെ കോളേജ് അധികൃതര്‍ ചെയ്തിരിക്കുന്നത് കഷ്ടപ്പെട്ട് എഴുത്തുപരീക്ഷയ്ക്കും അഭിമുഖത്തിനും എത്തിയ യുവ ഡോക്ടറുമാരെ ചതിക്കുകയാണ്. അനര്‍ഹരെ സര്‍ക്കാര്‍ ജോലിയിലേക്ക് നിയമിക്കാന്‍ ശ്രമിക്കുന്നത് വഴി വന്‍ അഴിമതിയ്ക്ക് കൂട്ടുനില്‍ക്കുകയാണിവര്‍.

ഡോക്ടര്‍ വിനോദ് കുമാറിന്റെ അനുഭവമാണ് പാലക്കാട് മെഡിക്കല്‍ കോളേജിലെ നിയമനത്തില്‍ ക്രമക്കേട് ഒരു ഒറ്റപ്പെട്ട ഒരു സംഭവമല്ലെന്ന് മനസ്സിലാക്കി തന്നത്. മള്‍ട്ടിപ്പിള്‍ ചോയ്‌സ് എക്‌സാമിന്റെ റാങ്ക് ലിസ്റ്റും ഫൈനല്‍ റാങ്ക് ലിസ്റ്റും തമ്മിലുള്ള അന്തരം കൂടെ കണ്ടപ്പോള്‍ കൂടതല്‍ അന്വേഷണത്തിന് ഇറങ്ങിയപ്പോഴാണ് വന്‍ അഴിമതിയാണ് ഈ നിയമനത്തില്‍ നടക്കാന്‍ പോകുന്നതെന്ന് കാര്യം അറിയാന്‍ ഇട വന്നത്.

2017 ജനുവരി 31-ഓടു കൂടിയാണ് പലരും പാലക്കാട് മെഡിക്കല്‍ കോളേജിലേക്ക് ജൂനിയര്‍ റെസിഡന്റുമാരുടെ അടക്കം ഒഴിവിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ടായിരുന്നുവെന്നും ജനുവരി 22-ന് മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളടങ്ങിയ എക്‌സാം നടത്തപ്പെട്ടുവെന്നും അറിഞ്ഞത് തന്നെ. പത്രത്തിലും കോളേജിന്റെ ഔദ്യോഗിക സൈറ്റിലും അറിയിപ്പുണ്ടായിരുന്നെന്ന് പറയപ്പെടുന്നു. പി.എസ്.സിയില്‍ വണ്‍ ടൈം രജിസ്‌റ്റ്രേഷന്‍ നടത്തി, സര്‍ക്കാര്‍ കോളേജിലെ ഒഴിവുകള്‍ അതുവഴി അറിയിക്കുമെന്ന് കരുതി കാത്തിരിക്കുന്ന ആയിരക്കണക്കിനു ഡോക്ടര്‍മാര്‍ കബളിപ്പിക്കപ്പെട്ടു. ഇവര്‍ മാത്രമല്ല പിന്നീട് പരീക്ഷയെഴുതാന്‍ വന്നവരും വിഡ്ഢികളാക്കപ്പെട്ടവരാണ്.

ഡോ.വിനോദ് കുമാറിന്റെ അനുഭവം 
എഴുത്ത് പരീക്ഷയില്‍ ആകെ 270 മാര്‍ക്കിന്റെ 90 ചോദ്യങ്ങളാണുണ്ടായിരുന്നത്. എഴുത്തുപരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കപ്പെട്ടപ്പോള്‍ ഡോ.വിനോദിന്റെ റാങ്ക് 11 ആയിരുന്നു (മാര്‍ക്ക് 159 – ഒന്നാം റാങ്കിന്റെ മാര്‍ക്ക് 182) ആകെ പതിനഞ്ച് വേക്കന്‍സി ഉള്ളപ്പോള്‍ അതില്‍ ഒന്ന് കിട്ടുമെന്നായിരുന്നു വിനോദ് കരുതിയത്. അടുത്ത നടപടിക്രമത്തെ കുറിച്ച് കോളേജിലേക്ക് വിളിച്ചുചോദിച്ചപ്പോള്‍ ഇന്റര്‍വ്യൂ ഉണ്ടാകുമെന്നും ആദ്യം 72 പേരെയാണ് ഇന്റര്‍വ്യൂവിനു വിളിക്കുക എന്നും അറിയിച്ചു. പിന്നീട് കോളേജില്‍ നിന്ന് തന്നെ ഇത് തിരുത്തി, എഴുത്ത് പരീക്ഷയില്‍ 40% മാര്‍ക്ക് എങ്കിലും നേടിയവരെ എല്ലാം ഇന്റര്‍വ്യൂവിനു വിളിക്കുമെന്നും (അതായത് റാങ്ക് ലിസ്റ്റിലെ 102 വരെയുള്ള റാങ്കുകാര്‍) അതാണ് പി.എസ്.സിയുടെ രീതിയെന്നും മറുപടി കിട്ടി.

ആദ്യ 72 പേര്‍ക്കുള്ള ഇന്റര്‍വ്യൂ ഫെബ്രുവരി ഏഴിനായിരുന്നു. അവിടെ ചെന്നപ്പോള്‍ ഓര്‍ഡര്‍ അനുസരിച്ച് ആദ്യ അഞ്ച് പേരെ മറ്റൊരിടത്തേക്ക് മാറ്റിയിരുത്തി. ഇവര്‍ ഇരുന്ന വഴിക്കാണ് ഇന്റര്‍വ്യൂ ബോര്‍ഡിലെ അംഗങ്ങള്‍ പോയത്. അവരിലൊരാള്‍ ‘സഫീര്‍ ആരാ?’ എന്ന് ചോദിച്ചു. സഫീര്‍ എണീറ്റ് നിന്നു. അപ്പോള്‍ അയാള്‍ വീണ്ടും ചോദിച്ചു ‘ഇയാള്‍ക്കാണോ വയ്യായ്ക?’. പ്രത്യക്ഷത്തില്‍ യാതൊരു കുഴപ്പവും ഇല്ലാത്ത ഇവനെന്ത് വയ്യായ്ക? സ്വഭാവികമായും വിനോദിനു സംശയമുണ്ടായി. പരിചയപ്പെട്ട് ചോദിച്ചപ്പോഴാണ് എഴുത്ത് പരീക്ഷയ്ക്ക് മൂന്നാം റാങ്ക് ആയിരുന്നിട്ടും ഇന്റര്‍വ്യൂ ലിസ്റ്റില്‍ പേരില്ലായിരുന്നെന്നും ഇന്റര്‍വ്യൂവിന് ആദ്യം വിളിക്കാനായി ക്ലര്‍ക്ക് ഇറക്കിയ നമ്പരാണെന്നും സഫീര്‍ പറഞ്ഞത്. സഫീറിനോട് ചോദിച്ച ചോദ്യങ്ങള്‍ക്ക് അക്കാദമിക്‌സുമായി ബന്ധം കുറവായിരുന്നു. ഊഴം വന്നപ്പോള്‍ വിനോദ് അകത്ത് കയറി. നീറ്റ് പി.ജി എക്‌സാമിന്റെ റാങ്ക്, പഠിച്ച കോളജ്, വീട്, വര്‍ക്ക് ചെയ്തത് എവിടെ ഒക്കെ ചോദിച്ചെങ്കിലും അറിവ് അളക്കാനുള്ള ചോദ്യങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ല. ഇഷ്ട വിഭാഗം ഓര്‍ത്തോപീഡിക്‌സ് ആണെന്ന് പറഞ്ഞപ്പോള്‍ ഒരു ചോദ്യം മാത്രം ചോദിച്ചു (ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് എക്‌സ് റേയില്‍ എങ്ങനെ തിരിച്ചറിയാം). അതിന്റെ ഉത്തരം പറഞ്ഞുതുടങ്ങിയപ്പോള്‍ ‘ആ, മതി മതി’ എന്ന് തടുക്കുകയും സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചുകൊണ്ടിരുന്ന രണ്ട് സ്ത്രീകള്‍ പൊയ്‌ക്കൊള്ളാന്‍ പറയുകയും ചെയ്തു. ഇതായിരുന്നു വിനോദിന്റെ ഇന്റര്‍വ്യൂ.

റാങ്ക് വന്നപ്പോള്‍ ഇന്റര്‍വ്യൂവിനു ശേഷമുള്ള റാങ്ക് വിനോദിന് 75 ആയിരുന്നു. വിനോദിന്റെ കൂടെ പോയ ഡോക്ടര്‍ക്ക് അല്പം വണ്ണമുണ്ടായിരുന്നു. അവനോട് ചോദിച്ചത് സ്വന്തം ബോഡി മാസ് ഇന്‍ഡക്‌സ് എത്രയാണെന്നാണ്. കാല്‍ക്കുലേറ്റ് ചെയ്ത് നോക്കിയിട്ടില്ല എന്ന് മറുപടി പറഞ്ഞപ്പോള്‍ ഈ വണ്ണമുള്ള ഒരാള്‍ എത്ര നേരം ഒരു ദിവസം ഓടിയാലാണ് വണ്ണം കുറയ്ക്കാന്‍ പറ്റുന്നത് എന്നായി അടുത്ത ചോദ്യം. വിനോദിനു ശേഷം കയറിയ ഡോ.ആരതി വില്‍സണോട് ഒരു ചോദ്യം പോലും ചോദിച്ചില്ലെന്ന് പറയുകയുണ്ടായി. ആരതിക്ക് നീറ്റ് പി.ജി എക്‌സാമിന് ഉയര്‍ന്ന റാങ്ക് ഉണ്ടായിരുന്നു. ഇന്റര്‍വ്യൂ പ്രഹസനമായിരുന്നെന്ന് ഉറപ്പിക്കാന്‍ ഇതില്‍ കൂടുതല്‍ തെളിവ് വേണ്ടല്ലോ?

ഇനി എഴുത്ത് പരീക്ഷയില്‍ ആദ്യ പതിനഞ്ച് സ്ഥാനം നേടിയവരുടെ മാര്‍ക്കും അവര്‍ക്ക് ഇന്റര്‍വ്യൂ കഴിഞ്ഞപ്പോള്‍ കിട്ടിയ റാങ്കുമാണ് കൊടുക്കുന്നത്.

1. ഡോ. വര്‍ഷ വി പി 182 ഫൈനല്‍ റാങ്ക് 5
2. ഡോ. അഖില എല്‍ 180 റാങ്ക് 23
3. ഡോ. സഫീര്‍ എം 179 റാങ്ക് 44
4. ഡോ. ശ്യാം എസ് 178 റാങ്ക് 21
5. ഡോ. അജിത് – 168 – റാങ്ക് ലിസ്റ്റില്‍ കണ്ടില്ല (ആബ്‌സന്റാകാം)
6. ഡോ. ഹാഷിം – 168 – റാങ്ക് 89
7. ഡോ. ആരതി വില്‍സണ്‍ -168 – റാങ്ക് 31
8. ഡോ. റോസ് സ്വീറ്റി- 167 – റാങ്ക് 3
9. ഡോ. ശ്രുതി ചന്ദ്രന്‍ – 164 – റാങ്ക് 17
10. ഡോ. സ്റ്റെഫിന്‍ എം 163 റാങ്ക് 32
11. ഡോ. വിനോദ് -159 – റാങ്ക് 75
12. ഡോ. ആദില്‍ കെ ടി 158 ലിസ്റ്റില്‍ കണ്ടില്ല
13. ഡോ നവ്യ – 155 – റാങ്ക് 20
14. ഡോ.കുര്യന്‍ ജെ 154 റാങ്ക് 59
15. ഡോ. രേഷ്മദേവി എംആര്‍.-154 – റാങ്ക് 19

ഫൈനല്‍ റാങ്ക് ലിസ്റ്റിലെ ആദ്യ 15 പേരുടെ പേരും അവര്‍ക്ക് എഴുത്ത് പരീക്ഷയില്‍ കിട്ടിയ മാര്‍ക്കും ബ്രാക്കറ്റില്‍ അതിന് ഒന്നാം റാങ്കുമായുള്ള വ്യതാസവും എഴുത്ത് പരീക്ഷയിലെ റാങ്കുമാണ് ഇനി നല്‍കുന്നത്.

1. ഡോ. അര്‍ഷദ് – മാര്‍ക്ക് 126 (56) റാങ്ക് 53
2. ഡോ. അഞ്ജന – മാര്‍ക്ക് 145(37) റാങ്ക് 25
3. ഡോ. റോസ് സ്വീറ്റി- മാര്‍ക്ക് 167(15) റാങ്ക് 8
4. ഡോ. ജസീല – മാര്‍ക്ക് 117(65) റാങ്ക് 78
5. ഡോ.വര്‍ഷ- മാര്‍ക്ക് 182 – റാങ്ക് 1

വര്‍ഷയ്ക്ക് ഇന്റര്‍വ്യൂവിനു പൂജ്യം മാര്‍ക്കാണു കിട്ടിയതെന്ന് കരുതുക. 80:20 അനുപാതത്തിലായിരുന്നു എഴുത്തുപരീക്ഷ ഇന്റര്‍വ്യൂ മാര്‍ക്കെന്നും കരുതുക (പി.എസ്.സി പോലെ). അപ്പോള്‍ വര്‍ഷയുടെ മാര്‍ക്ക് = 145.6+0 = 145.6

തൊട്ട് മുകളിലെ ആള്‍ക്ക് ഇതിനെക്കാള്‍ ഒരു 0.1 മാര്‍ക്കെങ്കിലും കൂടുതലുണ്ടെന്നാണല്ലോ ലോജിക്. അപ്പൊ മാര്‍ക്ക് മിനിമം 145.7.
അതായത് എഴുത്തുപരീക്ഷയുടെ 80% + ഇന്റര്‍വ്യൂവിന്റെ 20% = 145.7
അതായത് 93.6 + ഇന്റര്‍വ്യൂവിന്റെ 20% = 145.7
എന്ന് വച്ചാല്‍ ഇന്റര്‍വ്യൂവിന്റെ 20% = 52.1
എന്ന് വച്ചാല്‍ ഇന്റര്‍വ്യൂവിനു മാര്‍ക്ക് 260.5 –
എഴുത്ത് പരീക്ഷയുടെ ആകെ മാര്‍ക്ക് 270 ആണെന്ന് ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിക്കുന്നു.

ബാക്കി ലിസ്റ്റ് കൂടി കാണൂ-

6.ഡോ. ദീപ്തി – മാര്‍ക്ക് 153(29) റാങ്ക് 16
7. ഡോ.ലിന്‍സി- മാര്‍ക്ക് 110 (72) റാങ്ക് 95
8. ഡോ. ജയിന്‍ മേരി – മാര്‍ക്ക് 127 (55) റാങ്ക് 51
9. ഡോ. ആദിത്യ – മാര്‍ക്ക് 110 (72) റാങ്ക് 96
10. ഡോ. റോഷ്‌നി – മാര്‍ക്ക് 146 (36) റാങ്ക് 24
11. ഡോ. കാവ്യ- മാര്‍ക്ക് 115 (67) റാങ്ക് 89
12. ഡോ. നീമ- മാര്‍ക്ക് 124 (58) റാങ്ക് 55
13. ഡോ. കീര്‍ത്തന- മാര്‍ക്ക് 108 (74) റാങ്ക് 102
14. ഡോ. സിതാര- മാര്‍ക്ക് 141 (41) റാങ്ക് 30
15. ഡോ. ഐശ്വര്യ – മാര്‍ക്ക് 132 (50) റാങ്ക് 42

ഫൈനല്‍ റാങ്ക് ലിസ്റ്റ്‌

കോളേജിന്റെ ഒഫീഷ്യല്‍ സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുത്ത മാര്‍ക്ക് ലിസ്റ്റും റാങ്ക് ലിസ്റ്റുമാണ് ഇവ. ഇവയില്‍ മാര്‍ക്ക് ലിസ്റ്റ് ഒഫീഷ്യല്‍ സൈറ്റ് പിന്‍ വലിച്ചിട്ടുണ്ട്. റാങ്ക് ലിസ്റ്റ് ഇപ്പോഴും ലഭ്യമാണ്. എഴുത്തില്‍ ആദ്യ 15-ല്‍ വന്ന രണ്ടേ രണ്ട് പേര്‍ക്ക് മാത്രമാണ് അവസാന 15 സ്ഥാനത്ത് എത്താനായത്. ഒന്നോ രണ്ടോ റാങ്കോ – പോട്ടെ പത്തോ പതിനഞ്ചോ റാങ്ക് ഒക്കെ വ്യത്യാസം വരുന്നത് മനസിലാക്കാം. ഇത് പലരും 20-70 റാങ്കുകളാണു പിന്നിലായത്. 75 റാങ്കിന് വെളിയിലുള്ള അഞ്ച് പേര്‍ അവസാന ലിസ്റ്റില്‍ ഇടം കണ്ടു.

കോളേജിന്റെ ഒഫീഷ്യല്‍ സൈറ്റിലെ ഫൈനല്‍ റാങ്ക് ലിസ്റ്റിലെക്കുള്ള ലിങ്ക് (അഞ്ചാം പേജ്‌)
– https://goo.gl/u1iq9c

ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നുമാണ് പരീക്ഷ എഴുതിയ ഡോക്ടര്‍മാരുടെ പ്രതീക്ഷ. ഇനി സര്‍ക്കാരിന് ചെയ്യാന്‍ സാധിക്കുന്നത് ഈ പ്രവേശന നടപടികള്‍ റദ്ദാക്കി ഒഴിവാക്കി PSC വഴി നിയമനം നടത്തുകയെന്നതാണ്.

ഡോ. നെല്‍സണ്‍ ജോസഫ് ഡിഎന്‍ബി (ഫാമിലി മെഡിസിന്‍ റെസിഡന്‍റ്), ഡോ. ജിതിന്‍ ടി ജോസഫ് (പബ്ലിക് ഹെല്‍ത്ത് ആക്ടിവിസ്റ്റ്) എന്നിവരുടെ ഫേസ്ബുക്ക് പോസ്റ്റ് 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍