UPDATES

കേരളം

നിയമന തട്ടിപ്പ്: ആരോപണങ്ങള്‍ ശുദ്ധ അസംബന്ധമെന്ന് പാലക്കാട് മെഡിക്കല്‍ കോളേജ് ഡീന്‍

എബിസിഡി അറിയാത്ത ഇവരെങ്ങനെയാണ് പിഎസ്‌സി പരീക്ഷ എഴുതുക? ഇപ്പോഴുള്ള പ്രതികരണം കിട്ടാത്തതിന്റെ കൊതിക്കെറുവെന്നും ഡീന്‍

പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാരെ കോളേജ് നേരിട്ട് നിയമിക്കുന്നതുമായി ബന്ധപ്പെട്ട് സമീപകാലത്ത് നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നുവന്നത്. ഇത് വന്‍ അഴിമതിക്കുള്ള തയ്യാറെടുപ്പാണെന്നും ജൂനിയര്‍ റെസിഡന്റുമാരുടെ നിയമനത്തില്‍ മെഡിക്കല്‍ കോളേജ് പാലിക്കേണ്ട ചട്ടങ്ങളില്‍ നിന്നു വ്യതിചലിക്കുകയാണെന്നുമുള്ള ആരോപണവുമായി ഒരു വിഭാഗം ഡോക്ടര്‍മാര്‍ രംഗത്തുവന്നു. കോളേജില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തി അര്‍ഹരായവരെ തഴയുകയാണെന്നാണ് ഇവരുടെ വാദം. ഇന്റര്‍വ്യൂ കഴിഞ്ഞു അവസാന റാങ്ക് ലിസ്റ്റ് ഫെബ്രുവരി 17-ന് പുറത്തുവിട്ടത് മുതല്‍ കൂടുതല്‍ ആരോപണങ്ങളുമായി സോഷ്യല്‍ മീഡിയില്‍ പരീക്ഷയില്‍ പങ്കെടുത്തവര്‍ എത്തുകയായിരുന്നു.

2017 ജനുവരി 22-നാണ് ജൂനിയര്‍ റെസിഡന്റുമാരുടെ ഉള്‍പ്പടെ വിവിധ തസ്തികകളിലെ നിയമനത്തിനായി അപേക്ഷകള്‍ ക്ഷണിച്ചത്.  മെഡിക്കല്‍ കോളേജിന്റെ വെബ്‌സൈറ്റില്‍ ഇത് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ഇല്ലെന്ന ആരോപണം അന്നു തന്നെ ഉയര്‍ന്നിരുന്നു. സ്ഥിരമായ നിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്നു എന്നാണ് മെഡിക്കല്‍ കോളേജ് പരസ്യം ചെയ്തത്. എന്നാല്‍ സ്ഥിരനിയമനം ആണെങ്കില്‍ അത് പിഎസ്സി വഴി സുതാര്യമായ രീതിയില്‍ നടത്തണമെന്നായിരുന്നു ഡോക്ടര്‍മാരുടെ ആവശ്യം. 2011-ലെ പിഎസ്സി വിജ്ഞാപന പ്രകാരം നടന്ന പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച ഉടനെ തന്നെയാണ് പാലക്കാട് മെഡിക്കല്‍ കോളേജ് അധികൃതര്‍ പരീക്ഷ നടത്തിയത്.


ഇതില്‍ തിരഞ്ഞെടുക്കപ്പെട്ടവരുടെ റാങ്ക് ലിസ്റ്റിട്ട് നൂറോളം പേരെ ഫെബ്രുവരി 7-ന് ഇന്റര്‍വ്യൂവിന് വിളിച്ചു, അവസാന റാങ്ക് ലിസ്റ്റും ഇട്ടു. എന്നാല്‍ ഇന്റര്‍വ്യൂവില്‍ തിരിമറി നടന്നുവെന്നാണ് ഇന്റര്‍വ്യൂവിന് പങ്കെടുത്ത ഒരു കൂട്ടം അപേക്ഷകര്‍ പറയുന്നത്.

‘എഴുത്തു പരീക്ഷ കഴിഞ്ഞവരുടെ റാങ്ക് ലിസ്റ്റും അഭിമുഖത്തിന് ശേഷമുള്ള റാങ്ക് ലിസ്റ്റും താരതമ്യം ചെയ്യുമ്പോള്‍ ഗുരുതരമായ അഴിമതിയാണ് നടന്നിരിക്കുന്നത് എന്നാണ് കാണുന്നത്. എഴുത്തു പരീക്ഷയില്‍ ആദ്യ പതിനഞ്ചു റാങ്കില്‍ ഉള്ളവരില്‍ രണ്ടുപേര്‍ മാത്രമാണ് അഭിമുഖം കഴിഞ്ഞ ലിസ്റ്റില്‍ ആദ്യ 15-ല്‍ ഇടം നേടിയിട്ടുള്ളത്. അതില്‍ തന്നെ 5, 12 റാങ്ക് നേടിയവര്‍ അവസാന ലിസ്റ്റില്‍ പോലുമില്ല. അതുപോലെ എഴുത്തുപരീക്ഷയില്‍ അവര്‍ക്കു ലഭിച്ച മാര്‍ക്കിനേക്കാള്‍ വളരെ കുറവ് മാര്‍ക്ക് ലഭിച്ചവര്‍ അവസാന ലിസ്റ്റില്‍ ഇടം നേടുകയും ചെയ്തു.‘ തട്ടിപ്പ് പുറത്തുകൊണ്ടുവന്നു കൊണ്ട് ഡോ. നെല്‍സണ്‍ ജോസഫ് ഇട്ട ഫേസ്ബുക്ക് പോസ്റ്റാണ് ഇത്.

പാലക്കാട് മെഡിക്കല്‍ കോളേജിലെ പിന്‍വാതില്‍ നിയമനങ്ങള്‍; തെളിവുകളിതാ

എന്നാല്‍ ഈ ആരോപണങ്ങളെ തീര്‍ത്തും തെറ്റാണെന്നാണ് പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡീനും പ്രിന്‍സിപ്പലുമായ ഡോ. ടെറന്‍സ് ബേസില്‍ കുളാസ് അഴിമുഖത്തോട് പ്രതികരിച്ചത്. ‘തീര്‍ത്തും നിയമവിധേയമായിട്ട് തന്നെയാണ് ഇതുവരെയും നിയമന നടപടികള്‍ നടത്തിയത്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള രീതിയില്‍ മാത്രമാണ് നിയമനത്തിനുള്ള എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂവും നടത്തിയത്. യഥാര്‍ഥത്തില്‍ എഴുത്തുപരീക്ഷ സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞിട്ടില്ല. പക്ഷെ 12 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചതിന് ശേഷം മൂന്ന് പേര്‍ സ്വമേധയാ പിരിഞ്ഞുപോയതിനാല്‍ 15 ഒഴിവു വരും. പക്ഷെ ഔദ്യോഗികമായി പറയാന്‍ കഴിയുന്നത് 12 ഒഴിവെന്ന് മാത്രമാണ്. 505 ആപേക്ഷകളാണ് വന്നത്. ഇത്രയും പേരെ ഇന്റര്‍വ്യൂ നടത്തി എടുക്കുകയെന്നത് ബുദ്ധിമുട്ടാണ്. ഇത് സംബന്ധിച്ച് അധികൃതരെ അറിയിച്ചപ്പോള്‍ എഴുത്തുപരീക്ഷ നടത്താമെന്ന് നിര്‍ദ്ദേശം വന്നു. ഹെല്‍ത്ത് സെക്രട്ടറി അതിന് അനുവാദവും തന്നു. എഴുത്തുപരീക്ഷയില്‍ യോഗ്യത നേടിയ ആദ്യ നൂറുപേരുടെ ലിസ്റ്റായിരുന്നു വിളിക്കാന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ അവസാനത്തെ മൂന്നു പേര്‍ക്ക് ഒരേ റാങ്ക് വന്നതിനാല്‍, 102- പേരെയാണ് ഇന്റര്‍വ്യൂവിന് വിളിച്ചത്.

യോഗ്യതയില്ലാത്തവരെ ഞങ്ങള്‍ സ്വന്തം ഇഷ്ടംപ്രകാരം ഇന്റര്‍വ്യൂ ബോര്‍ഡില്‍ എടുത്തെന്നാണ് ചിലര്‍ പറയുന്നത്. അത് ശരിയല്ല. പത്ത് പേരാണ് ഇന്റര്‍വ്യൂ പാനലില്‍ ഉള്ളത്. കോഴിക്കോട് തൃശ്ശൂര്‍ തുടങ്ങിയ മെഡിക്കല്‍ കോളേജിലെ ഓരോ വിഷയത്തിനും ഡിപ്പാര്‍ട്ട്മെന്റ് തലവന്മാരാകാന്‍ യോഗ്യതയുള്ള പ്രൊഫസര്‍മാരെ സര്‍ക്കാരാണ് പാനലിലേക്ക് നിര്‍ദ്ദേശിച്ചത്. ഈ മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനമാരംഭിച്ചത് മുതല്‍ വിവാദങ്ങളുണ്ടാക്കുവാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. ഒരു വര്‍ഷം 100 കുട്ടികളെ പ്രവേശിപ്പിക്കാനുള്ള അംഗീകാരവുമുണ്ട്. ഇതിനുള്ള മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം നഷ്ടമാകാതിരിക്കാനാണ് നേരിട്ടുള്ള ഈ നിയമനം. എഴുത്തുപരീക്ഷയ്ക്ക് മുന്‍പന്തിയില്‍ എത്തിയ ആള്‍ ഇന്റര്‍വ്യൂവിനും മുന്നില്‍ വരണമെന്നില്ല. ഇന്റര്‍വ്യൂ പാനലിലുള്ളവരെല്ലാം ‘കിഴങ്ങന്‍ന്മാര്‍’ ആണെന്ന ഒരു പ്രയോഗമാണ് ഇവിടെ അഭിമുഖത്തിന് വന്ന ഒരാള്‍ നടത്തിയത്. അയാളുടെ ഗുരുക്കന്മാരുടെ സ്ഥാനത്തുള്ള ആളുകളെയാണ് അയാള്‍ അപമാനിച്ചിരിക്കുന്നത്. പിന്നെ അയാള്‍ പറഞ്ഞത്, ‘ചിരക്കാനല്ല ഞാന്‍ ഇവിടെ വന്നത്’ എന്നാണ്. ഇങ്ങനെ മോശമായി പെരുമാറുന്ന ഒരാളെയാണോ ഞങ്ങള്‍ ജനങ്ങളോട് ഇടപെടുന്ന മേഖലയിലേക്ക് തിരഞ്ഞെടുക്കേണ്ടത്. എന്നിട്ടും ഞങ്ങള്‍ അയാള്‍ക്ക് അര്‍ഹതപ്പെട്ട മാര്‍ക്ക് നല്‍കിയിരുന്നു.

ഡോ. ടെറന്‍സ് ബേസില്‍ കുളാസ്

ചിലര്‍ പറയുന്നു ഇന്റര്‍വ്യൂ ഒരു പ്രഹസനമാണെന്ന്. ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് ചോദിച്ചില്ലെന്നും മറ്റു കാര്യങ്ങളെക്കുറിച്ചാണ് ചോദിച്ചതെന്നുമുള്ള ആരോപണങ്ങളാണ് അവര്‍ നടത്തുന്നത്. എന്നാല്‍ ഒരു ഇന്റര്‍വ്യൂവിന് ബന്ധപ്പെട്ട വിഷയത്തെക്കുറിച്ച് മാത്രം ചോദിച്ചാല്‍ അയാള്‍ ഏതു തരക്കാരനാണെന്നും എങ്ങനെയുള്ള മാനോഭാവക്കാരാണെന്നും എങ്ങനെയായിരിക്കും അയാള്‍ രോഗികളോടും മറ്റും ഇടപെടുന്നതെന്നും അറിയുക. അതിന് ഇന്റര്‍വ്യൂ ബോര്‍ഡ് മറ്റു ചോദ്യങ്ങളും ചോദിച്ചുകാണും. ഇനി ബോര്‍ഡിലെ അംഗങ്ങള്‍ ഇന്റര്‍വ്യൂവിന് എത്തിയവരോട് മോശമായി പെരുമാറിയെന്നത് ഞാന്‍ വിശ്വസിക്കുന്നില്ല. അവരൊക്കെ ഉത്തരവാദിത്വപ്പെട്ട പ്രൊഫസര്‍മാരും ഉദ്യോഗസ്ഥരുമൊക്കെയാണ്. അവര്‍ക്ക് എങ്ങനെ ആളുകളോട് പെരുമാറേണ്ടത് എന്നറിയാവുന്നവരാണ്. ഞങ്ങള്‍ നൂറ് ശതമാനവും സുതാര്യമായ രീതിയിലുള്ള നടപടിക്രമങ്ങളാണ് നിയമനങ്ങള്‍ സംബന്ധിച്ച് ഇതുവരെ നടത്തിയിരിക്കുന്നത്. നിയമനങ്ങള്‍ സംബന്ധിച്ച് ഇനിയും നടപടിക്രമങ്ങള്‍ ബാക്കിയുണ്ട്.

നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടണമെന്നാണ് ഒരു കൂട്ടര്‍ വാദിക്കുന്നത്. ഇത് വിഡ്ഢിത്തമാണ്. എംബിബിഎസ് കഴിഞ്ഞവര്‍ക്ക് പലപ്പോഴും പൊതുവിജ്ഞാനം കുറവായതുകൊണ്ട്  അവര്‍ പിഎസ്‌സി എക്‌സാം എഴുതിയാല്‍ അവരുടെ മേഖലയില്‍ ഒഴിച്ച് ബാക്കിയുള്ള ചോദ്യങ്ങളില്‍ ഉത്തരങ്ങള്‍ എഴുതാന്‍ സാധിക്കില്ല  എന്ന് പിഎസ്‌സി തന്നെ പറഞ്ഞിട്ടുണ്ട്. ഇതിനെക്കുറിച്ച് എന്തെങ്കിലും പഠിച്ചിട്ടുള്ളവരാണ് നിയമനം പിഎസ്‌സിക്ക് വിടണമെന്ന് പറയുന്നതെങ്കില്‍ അത് ശ്രദ്ധിക്കാം. അല്ലാതെ ചുമ്മാതെ വിഡ്ഢിത്തരങ്ങള്‍ മാത്രം വിളമ്പുന്ന ഒരു കൂട്ടരുടെ പ്രസ്താവനകള്‍ക്ക് കാത്ത് കൊടുക്കുവാന്‍ കഴിയില്ല. ഇവര്‍ക്കൊന്നും എ,ബി,സി,ഡി എന്തെന്ന് പോലുമറിയില്ല. പിന്നെങ്ങനെയാണ് ഒരു പിഎസ്‌സി പരീക്ഷ എഴുതുന്നത്. ഇപ്പോള്‍ ഇവിടെ ഉണ്ടാക്കുന്ന വിവാദങ്ങളുണ്ടാക്കുന്നത്  ഇന്‍ര്‍വ്യൂവിന് യോഗ്യത നേടാത്തവരും ഫൈനല്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ സാധിക്കാത്തവരുമാണ്. അവര്‍ക്ക് കിട്ടാത്തതുകൊണ്ടുള്ള സ്വാഭാവിക പ്രതികരണം മാത്രമാണിത്. ഇന്റര്‍വ്യൂ ബോര്‍ഡിലെ അംഗങ്ങളും കോളേജിലുള്ളവരും കാശ് മേടിച്ച് പിന്‍വാതില്‍ നിയമനം നടത്തുകയാണെന്ന് പറയുന്നത് അവര്‍ മാത്രമാണ്. ഒരിക്കലും സംഭവിക്കാന്‍ സാധ്യതയില്ലാത്ത കാര്യങ്ങളാണ് അവര്‍ ആരോപിക്കുന്നത്. പത്തോളം ഇന്റര്‍വ്യൂ പാനല്‍ അംഗങ്ങള്‍ കൈക്കൂലി മേടിച്ചും വേണ്ടപ്പെട്ടവര്‍ക്കും ജോലി നല്‍കിയെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള രീതിയില്‍ മാത്രമാണ് ഇവിടെ നിയമനത്തിന്റെ നടപടിക്രമങ്ങള്‍ നടന്നു വരുന്നത്.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍