UPDATES

പാലക്കാട് മെഡിക്കല്‍ കോളേജില്‍ പിന്‍വാതില്‍ നിയമനങ്ങള്‍; ക്രമക്കേടുകള്‍ ആരോപിച്ചു ഡോക്ടര്‍മാര്‍

അധ്യാപക നിയമനത്തെ കുറിച്ചും നേരത്തെ പരാതി ഉയര്‍ന്നിരുന്നു; ഇതിനെതിരെ വിജിലന്‍സ് അന്വേഷണം നടക്കുകയും പരാതിയില്‍ കഴമ്പ് ഉണ്ടെന്നു കണ്ടെത്തുകയും ചെയ്തിരുന്നു

പാലക്കാട് മെഡിക്കല്‍ കോളേജിലെ നിയമനങ്ങളില്‍ ക്രമക്കേടെന്ന് ആരോപണം. ഡോക്ടര്‍മാരുടെ നിയമനത്തില്‍ മെഡിക്കല്‍ കോളേജ് പാലിക്കേണ്ട മര്യാദകളില്‍ നിന്നു വ്യതിചലിക്കുകയാണെന്ന ആരോപണവുമായി ഒരു വിഭാഗം ഡോക്ടര്‍മാര്‍ മുന്നോട്ടു വന്നിരിക്കുന്നു. പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തി അര്‍ഹരായവരെ തഴയുകയാണെന്നാണ് ഇവരുടെ വാദം.

പാലക്കാട് മെഡിക്കല്‍ കോളേജിലെ നിയമനങ്ങളെച്ചൊല്ലിയുള്ള ആരോപണങ്ങള്‍ക്ക് മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനമാരംഭിച്ചതു മുതലുള്ള പഴക്കമുണ്ട്. 2014ല്‍ യു.ഡി.എഫ്. ഭരണകാലത്ത് എസ്.എസി-എസ്.ടി. വികസന വകുപ്പിന് കീഴിലാണ് മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനമാരംഭിക്കുന്നത്. ഒരു വര്‍ഷം 100 കുട്ടികളെ പ്രവേശിപ്പിക്കാനുള്ള അംഗീകാരവുമുണ്ട്. ആദ്യകാലയളവില്‍ ഡോക്ടര്‍മാരുടെ നിയമനങ്ങളെല്ലാം താത്കാലിക നിയമനങ്ങളായാണു നടത്തിയിരുന്നത്. എന്നാല്‍ താത്കാലികാടിസ്ഥാനത്തില്‍ പലപ്പോഴായി നിയമിതരായ ഡോക്ടര്‍മാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം മെഡിക്കല്‍ കോളേജ് അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടായതായി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. നിയമന രീതി സുതാര്യമല്ലാത്തതിനാല്‍ സ്ഥിരപ്പെടുത്തലുകള്‍ അനുവദിക്കാനാവില്ലെന്നായിരുന്നു ഈ നീക്കത്തെ എതിര്‍ത്തവരുടെ വാദം.

കഴിഞ്ഞ ജനവരി 22ന് മെഡിക്കല്‍ കോളേജിലെ വിവിധ തസ്തികകളിലെ നിയമനത്തിനായി അപേക്ഷകള്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളേജിന്റെ വെബ്‌സൈറ്റില്‍ ഇത് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ഇല്ലെന്ന് ആരോപണം അന്നു തന്നെ ഉയര്‍ന്നിരുന്നു. സ്ഥിരമായ നിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്നു എന്നാണു മെഡിക്കല്‍ കോളേജ് പരസ്യം ചെയ്തത്. എന്നാല്‍ സ്ഥിരനിയമനം ആണെങ്കില്‍ അത് പിഎസ്‌സി വഴി സുതാര്യമായ രീതിയില്‍ നടത്തണമെന്നായിരുന്നു ഡോക്ടര്‍മാരുടെ ആവശ്യം. 2011ലെ പിഎസ്‌സി വിജ്ഞാപന പ്രകാരം നടന്ന പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച ഉടനെയാണു പാലക്കാട് മെഡിക്കല്‍ കോളേജ് അധികൃതര്‍ നടത്തിയ പരീക്ഷ നടന്നതെന്നതും ശ്രദ്ധേയമാണ്.

ഈ പരീക്ഷാഫലം വന്നതിന് ശേഷം നടത്തിയ നിയമനത്തിലും ക്രമക്കേടുകള്‍ നടന്നിട്ടുള്ളതായി ഡോക്ടര്‍മാര്‍ പറയുന്നു. പരീക്ഷയില്‍ മൂന്നാം റാങ്ക് നേടി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഡോ.സഫീര്‍ ഫേസ്ബുക്കിലിട്ട പോസ്റ്റ് ഇക്കാര്യങ്ങള്‍ തുറന്നു കാണിക്കുന്നു. ‘പാലക്കാട് ഗവ.മെഡിക്കല്‍ കോളേജിലെ നിയമനങ്ങള്‍ പിന്‍വാതില്‍ വഴിയാണെന്ന പല വാര്‍ത്തകളും സത്യമാണെന്ന് ഇപ്പോള്‍ തോന്നുന്നു. അവിടെ ജൂനിയര്‍ റസിഡന്റ് പോസ്റ്റിലേക്കുള്ള (permanent post എന്നും Panel of candidates will remain for 2 years എന്നുമാണ് അപേക്ഷയില്‍ കണ്ടത്.) അപേക്ഷകരില്‍ ഒരാളായ എന്റെ അനുഭവം കുറിക്കുന്നു എന്നു തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

’13 ജൂനിയര്‍ റസിഡന്റ് പോസ്റ്റിലേക്ക് 400ല്‍ അധികം ഡോക്ടര്‍മാര്‍ അപേക്ഷകരായി ഉള്ളതിനാല്‍ ഒരു ഒബ്ജക്ടീവ് പരീക്ഷ കോളേജധികൃതര്‍ നടത്തി. അതില്‍ മൂന്നാം റാങ്ക് ആയിരുന്നു എനിക്ക്. ആ പരീക്ഷയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും ഇന്റര്‍വ്യൂ എന്ന് കോളേജ് വെബ്‌സൈറ്റിലും നോട്ടീസ് ബോര്‍ഡിലും കണ്ടതാണ്. ഇന്റര്‍വ്യൂ ലെറ്റര്‍ വന്നു. 07/02/17 1PM ന് ഇന്റര്‍വ്യൂ.

ഇന്നലെ ആയിരുന്നു (ഫെബ്രുവരി 7) ഇന്റര്‍വ്യൂ. 11.45 AMന് അവിടെ എത്തി. ഇന്റര്‍വ്യൂ കാന്റിഡേറ്റിന്റെ ലിസ്റ്റ് കണ്ടപ്പോള്‍ ഞാന്‍ ഞെട്ടി. ലിസ്റ്റില്‍ എന്റെ പേരില്ല. ഇന്റര്‍വ്യൂ ലിസ്റ്റും റാങ്ക് ലിസ്റ്റും തമ്മില്‍ നല്ല അന്തരം തോന്നി. ഇടയ്ക്കുള്ള പേരുകള്‍ കാണാനില്ല. ഇത് ഞാനവിടത്തെ ക്ലര്‍ക്കിനോട് സൂചിപ്പിച്ചു. അപ്പോഴദ്ദേഹം ആദ്യം ഒരു പുച്ഛഭാവത്തോടെ ‘കുറച്ചു പേര്‍ക്ക് നാളെയാ ഇന്റര്‍വ്യൂ എന്ന് പറഞ്ഞു. ഇന്ന് ഫെബ്രുവരി ഏഴ് തന്നല്ലേ എന്ന ഒരു ആക്കലോടെ ഞാന്‍ ഇന്റര്‍വ്യൂ ലെറ്റര്‍ കാണിച്ചു. അയാള്‍ ഉടനെ എന്റെ റാങ്ക് ചോദിച്ചു. ഞാന്‍ മൂന്നെന്നു പറഞ്ഞതോടെ അയാള്‍ ചമ്മി. എന്നിട്ട് ലിസ്റ്റ് ചെക്ക് ചെയ്തു. അപ്പോള്‍ എന്റെ പേര് മാര്‍ക്ക് ചെയ്യാതെ കിടക്കുന്നു. എന്താണ് ചിലത് ടിക്കിട്ടും മറ്റ് ചിലത് ടിക്ക് ഇടാതെയും കിടക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു ‘ 70 പേരുടെ ഇന്റര്‍വ്യൂ ആയിരുന്നു ഇന്ന് തീരുമാനിച്ചത്. പക്ഷെ ഈ വിവരം ഇന്റര്‍വ്യൂ ബോര്‍ഡിനെ അറിയിച്ചപ്പോള്‍ അവര്‍ക്ക് ചുരുങ്ങിയ ഈ സമയം കൊണ്ട് അത്ര പറ്റില്ല എന്ന് പറഞ്ഞപ്പോള്‍ അടുത്തുള്ളവരുടെ ഇന്റര്‍വ്യൂ മാറ്റിവച്ചു. ഞാന്‍ ടിക്ക് ചെയ്തവരുടെ അഡ്രസ്സ് നോക്കിയപ്പോള്‍ അതെല്ലാം പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. അവരുടെ ‘ക്ലറിക്കല്‍ എററാണ്’ എന്റെ പേര് ലിസ്റ്റില്‍ ഇല്ലാത്തതിന് കാരണം എന്ന് അയാള്‍ മനസ്സിലാക്കി എന്നോട് മാപ്പ് പറഞ്ഞു. എന്നിട്ട് ഏറ്റവും അവസാനമായി 48 ആയി എന്റെ പേര് എഴുതി ചേര്‍ത്തു. അപ്പോള്‍ ഞാന്‍ ആ നടപടിയെ വീണ്ടും ചോദ്യം ചെയ്തു. ഞാനാണ് ലിസ്റ്റില്‍ ആദ്യം വരേണ്ടതെന്ന് പറഞ്ഞു. കാരണം ആദ്യ രണ്ട് പേര്‍ പാലക്കാട്ടുകാരായിരുന്നു. അപ്പോള്‍ അയാള്‍ പറഞ്ഞു, ലിസ്റ്റില്‍ ചേര്‍ത്തില്ലേ,ഞാന്‍ ആദ്യം വിളിപ്പിക്കാന്‍ ശ്രമിക്കാം എന്നു പറഞ്ഞു.

സമയം 3മണി ആയപ്പോള്‍ ഇന്റര്‍വ്യൂ സ്റ്റാര്‍ട്ട് ചെയ്തു. എന്നെ ഉള്‍പ്പെടെ ആദ്യ അഞ്ചുപേരെ പ്രിന്‍സിപ്പാളുടെ റൂമിന്റെ മുമ്പിലെ ചെയറിലിരുത്തി. പെട്ടെന്ന് ഒരു സാര്‍ വെറുതെ പുറത്തിറങ്ങിയപ്പോള്‍ ‘ആരാ സഫീര്‍’ എന്ന് ചോദിച്ചു. ഞാന്‍ എന്നു പറഞ്ഞു കൈപൊക്കി. ‘ഇയാള്‍ക്കാണോ വയ്യായ്ക’ എന്ന ചോദ്യം കേട്ടപ്പോള്‍ ഞാനമ്പരന്നു. ഞൊടിയിടയില്‍ എനിക്ക് കാര്യങ്ങള്‍ കത്തി. എന്നെ ആദ്യം ഇന്റര്‍വ്യൂന് വിളിക്കാനും ആ ക്ലര്‍ക്ക് അയാളുടെ പിഴവ് മറച്ചുവെയ്ക്കാനും ഇന്റര്‍വ്യൂ ബോര്‍ഡിനോട് പറഞ്ഞ പച്ചക്കള്ളം!!!

എനിക്കപ്പോഴേ ഉറപ്പായിരുന്നു ഉള്ളില്‍ കേറിയാല്‍ എന്റെ കഥ കഴിക്കുമെന്ന്. കാരണം അവസാനം ലിസ്റ്റില്‍ കിടക്കുന്ന ഞാന്‍ ആദ്യം കേറാന്‍ ശ്രമിക്കുന്നത് എന്റെ കുരുട്ടുബുദ്ധി ആണെന്നേ അവര്‍ കരുതൂ. എന്തായാലും ഇന്റര്‍വ്യൂ അല്ലെ, അതിനെ കുറിച്ച് ചോദിക്കാതെ വിജ്ഞാനം അളക്കുമെന്ന് വിചാരിച്ചു.

ആദ്യമായി ഇന്റര്‍വ്യൂ ചെയ്തത് എന്റെ ക്ലാസ് മേറ്റ് കൂടിയായ ഡോ.ആരതി വില്‍സണെ ആയിരുന്നു. NEET PG Exam ല്‍ നല്ല റാങ്കുള്ള വ്യക്തിയാണ് ആരതി. അവര്‍ കേറിയപാടെ രണ്ട് മിനിറ്റിനകം തിരിച്ചെത്തിയപ്പോള്‍ ഞാന്‍ ഉറപ്പിച്ചു NEET PG Exam ല്‍ കുഴപ്പമില്ലാത്ത റാങ്കുള്ള തന്റെ അവസ്ഥയും ഇത് തന്നെ ആകുമെന്ന്.

രണ്ടാമത് എന്നെ വിളിച്ചു. ഒരു പത്ത് പന്ത്രണ്ട് പേരടങ്ങുന്ന ഇന്റര്‍വ്യൂ ബോര്‍ഡ്. ഞാന്‍ പോയി ഇരുന്നതും ആദ്യ ചോദ്യം ‘എന്താ അസുഖം’ എന്ന്. പെട്ടെന്ന് സ്തബ്ദനായ ഞാന്‍ ‘തലവേദന’ എന്ന് പറഞ്ഞു. ഉടനെ തലവേദനക്ക് താങ്കളുടെ നിരീക്ഷണത്തില്‍ എന്താണ് കാരണമെന്ന് ചോദിച്ചു. പിന്നെ ‘ചൊറിച്ചിലോട് ചെറിച്ചില്‍’. ചൊറി സഹിക്കാനാകാതെ ആയപ്പോള്‍ എന്റെ കുരു പൊട്ടി. ഞാന്‍ ഉണ്ടായതെല്ലാം പറഞ്ഞു. ഇവിടത്തെ പരീക്ഷയില്‍ മൂന്നാം റാങ്കുള്ള തന്നെ ഇന്റര്‍വ്യൂ ലിസ്റ്റില്‍ അവസാനമിട്ടതിന്റെ കാരണം ക്ലര്‍ക്കിന്റെ പിഴവാണെന്ന് പറഞ്ഞപ്പോള്‍ മധ്യത്തിലിരുന്ന ബോര്‍ഡംഗത്തിന്റെ തിരുവായില്‍ നിന്ന് വന്ന വാക്കുകള്‍ ‘പിന്‍വാതില്‍ പ്രവേശനത്തെക്കുറിച്ചുള്ള എന്റെ എല്ലാ സംശയങ്ങളും ശരിവക്കുന്നതായിരുന്നു. ‘അതൊക്കെ ചുമ്മാ നടത്തിയ ഒരു എക്‌സാമല്ലേ. അതിലെ റാങ്കിലൊന്നും ഒരു കാര്യവുമില്ല’, എന്നിട്ടൊരു വളിഞ്ഞ ചിരിയും (അതായത് അത് വെറുമൊരു ലിസ്റ്റ് ആണെന്നും അതില്‍ എത്ര റാങ്ക് കിട്ടിയാലും ഞങ്ങള്‍ വിചാരിച്ചാലേ നിങ്ങളെ തിരഞ്ഞെടുക്കൂ എന്നും).

ഇന്റര്‍വ്യൂ ബോര്‍ഡിലുള്ള ‘കിഴങ്ങന്‍മാര്‍ക്ക്’ കുടവയര്‍ നിറച്ചതിന് ശേഷമുള്ള ഒരു കളിതമാശ മാത്രമായിരുന്നു ആ ഇന്റര്‍വ്യൂ. കിഴങ്ങന്‍മാര്‍ എന്ന് ആ ഡോക്ടര്‍മാരെ വിളിക്കുന്നതില്‍ വിഷമമുണ്ട്. അതിലും തരം തഴ്ന്ന പെരുമാറ്റമായിരുന്നു ഞാന്‍ അനുഭവിച്ചത്. ഒരു ഇന്റര്‍വ്യൂവിന്റെ യാതൊരു ചേരുവയും അവിടെ ഇല്ലായിരുന്നു. അവിടെ നിന്നും പൂരിപ്പിച്ച ഒരു ഫോം മാത്രമാണ് അവര്‍ വാങ്ങിച്ചത്. എന്റെ ഒരു സര്‍ട്ടിഫിക്കറ്റ് പോലും അവര്‍ പരിശോധിച്ചില്ല. എന്നോട് ആതുര സേവനവുമായി ബന്ധപ്പെട്ട് ഒരു ചോദ്യം പോലും ചോദിച്ചില്ല. എന്റെ NEET PG exam ലെ റാങ്ക് ചോദിച്ചു. ഞാന്‍ 3600 എന്ന് പറഞ്ഞപ്പോള്‍ പിജി കിട്ടുമല്ലോ എന്ന് പറഞ്ഞ് കുറേ മാഡങ്ങള്‍ ചിരിച്ചു. പിന്നെ ഒരൊറ്റ ചോദ്യം ‘നാടെവിടെ?’

തിരൂര്‍, മലപ്പുറം എന്ന് മറുപടി പറഞ്ഞപ്പോള്‍ ‘നേരെ മോന്‍ തിരൂരെത്താന്‍ നോക്ക്’ എന്ന് പറഞ്ഞ് ഇറക്കിവിട്ടു. സംയമനം തെറ്റിയ ഞാന്‍ ‘അല്ലേലും ഇവിടെ ചിരക്കാന്‍ വന്നതല്ലെ’ എന്ന് മുറുമുറുത്തുകൊണ്ട് ഇറങ്ങി വന്നു. ആകെ ഒരു വൃത്തികെട്ട ഫീല്‍ ആയിരുന്നു….
(ഫലം: ധനനഷ്ടം, സമയനഷ്ടം, മാനഹാനി) .

(കൂട്ടിവായിക്കേണ്ടത്: ഈ കോളേജിലെ പല നിയമന നടപടികളും ഇപ്പോള്‍ കോടതിയിലാണ്)

ഈ സംഭവം കഴിഞ്ഞപ്പോള്‍ മനസ്സില്‍ വന്ന സംശയങ്ങളും ചോദ്യങ്ങളും

1. NEET ല്‍ നല്ല റാങ്കുണ്ടെന്ന് വച്ച് ഒരാളെ തഴയാന്‍ നിങ്ങള്‍ക്കെന്തവകാശം? ഒരാളുടെ ചോയ്‌സിനൊത്തുള്ള പി.ജി.കോഴ്‌സ് കിട്ടിയില്ലേല്‍ അയാള്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കില്ലേ?

2.ചുമ്മാ നടത്തിയ പരീക്ഷ ആയിരുന്നെങ്കില്‍ പിന്നെ എന്തിന് Etnrance Objective Question ലെവലില്‍ പോയി?

3. തുടര്‍ പഠനത്തിന് ശ്രമിക്കാതെ 2 വര്‍ഷം തുടര്‍ച്ചയായി ജോലി ചെയ്യുന്നവരെ ആണ് ആവശ്യമെങ്കില്‍ പിന്നെ അതൊരു നോട്ടിഫിക്കേഷന്‍ ആയി അപേക്ഷയില്‍ കൊടുത്താപോരായിരുന്നോ? ഇങ്ങനെ ഒരു വ്യവസ്ഥ ഉണ്ടായിരിക്കെ കുറേ പേര്‍ അപേക്ഷിക്കില്ലല്ലോ.

4. ഒരു സര്‍ക്കാര്‍ പട്ടിതജാതി പട്ടികവിഭാഗം മെഡിക്കല്‍ കോളേജ് ആയിരിക്കെയും ഇത്രയധികം ഒഴിവ് ഉണ്ടായിരിക്കെയും എന്തുകൊണ്ട് ഇവിടെ പി.എസ്.സി. വഴി നിയമനം നടത്തിക്കൂടാ?

(നിയമനങ്ങളൊക്കെ പി.എസ്.സി. വഴി ആക്കുക എന്നതാണ് ഇത്തരം അനീതികള്‍ക്കും വിമര്‍ശനങ്ങള്‍ക്കും അറുതി വരുത്താനുള്ള ഏക മാര്‍ഗ്ഗം)

2011 ലെ പി എസ് സി അറിയിപ്പ് പ്രകാരം ഈ വര്‍ഷം ജനുവരി 22 നു നടത്തിയ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച ഉടനെ പരീക്ഷ നടത്തിയതു മൂലം പരീക്ഷയ്ക്ക് അപേക്ഷിച്ചവരില്‍ പലര്‍ക്കും ഹാള്‍ ടിക്കറ്റ് കിട്ടിയിരുന്നില്ലെന്നും അറിഞ്ഞതായി കോട്ടയം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് മെഡിസിന്‍ ലക്ചറര്‍ ഡോ. ജിനേഷ് പി എസ് പറയുന്നു. എന്റെ ഒരു സുഹൃത്തിന് പരീക്ഷയെഴുതാന്‍ കഴിഞ്ഞത് മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്തിരുന്ന മറ്റൊരു സുഹൃത്ത് വിവരം അറിയിച്ചതിനാല്‍ മാത്രമായിരുന്നു. ഈ വിഷയം അറിഞ്ഞപ്പോള്‍ തന്നെ ഞങ്ങളില്‍ ചിലര്‍ക്കു സന്ദേഹം തോന്നിയതുമാണ്. സ്ഥിരനിയമനമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ പിഎസ്‌സി വഴിയല്ലാതെ നടത്തുന്നത് ഒട്ടും ശരിയല്ല. താത്കാലിക നിയമനം ആണെങ്കില്‍ കൂടുതല്‍ അപേക്ഷകര്‍ ഉണ്ടെങ്കില്‍ പരീക്ഷയിലൂടെ മാത്രമെ നിയമനം നടത്താവൂ. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ആരോപണങ്ങളെ കുറിച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം. നിയമനങ്ങളില്‍ പാളിച്ച പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തണം. മുന്‍കാലങ്ങളില്‍ ക്രമക്കേടുകളെ കുറിച്ചു നിരവധി പരാതികള്‍ ഉയര്‍ന്നതാണ്. പാലക്കാട് മെഡിക്കല്‍ കോളേജിലെ നിയമനങ്ങളില്‍ സുതാര്യത സര്‍ക്കാര്‍ ഉറപ്പു വരുത്തണം. സ്ഥിര നിയമനങ്ങളാണ് ഉദ്ദേശിക്കുന്നതെങ്കില്‍ നിയമനം പിഎസ് സി വഴിയോ പിഎസ് സിയുടെ മെഡിക്കല്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് സ്ഥാപിച്ചോ നടത്തണം; ഡോ. ജിനേഷ് പറയുന്നു.

പാലക്കാട് മെഡിക്കല്‍ കോളേജിലെ അധ്യാപക നിയമനത്തെ കുറിച്ചും നേരത്തെ പരാതി ഉയര്‍ന്നിരുന്നു. ഇവിടുത്തെ അധ്യാപന നിയമനം നടത്തുന്നത് എസ് സി-എസ് ടി വകുപ്പിനു കീഴിലെ സൊസൈറ്റി ഫോര്‍ ദി മാനേജ്‌മെന്റ് ഓഫ് ഇന്റഗ്രേറ്റഡ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആണ്. നിലവില്‍ മെഡിക്കല്‍ കോളേജുകളിലെ നിയമനം പിഎസ്സി വഴി ആണെന്നിരിക്കെ സൊസൈറ്റി വഴിയുള്ള നിയമനം മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ളതാണെന്നാണ് ആക്ഷേപം. പരസ്യം നല്‍കി നടത്തുന്ന നിയമനങ്ങളില്‍ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നില്ല എന്നതും തുടര്‍ച്ചയായി ഉയരുന്ന ആരോപണമാണ്. ഇതിനെതിരെ വിജിലന്‍സ് അന്വേഷണം നടക്കുകയും പരാതിയില്‍ കഴമ്പ് ഉണ്ടെന്നു കണ്ടെത്തുകയും ചെയ്തിരുന്നു.

എന്നാല്‍ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും നിയമവിരുദ്ധമായ കാര്യങ്ങളൊന്നും തന്നെ നടക്കുന്നില്ലെന്നും ബന്ധപ്പെട്ട അധികാരികള്‍ പറയുമ്പോള്‍ പാലക്കാട് മെഡിക്കല്‍ കോളേജിലെ നിയമനങ്ങളെ കുറിച്ച് വര്‍ഷങ്ങളായി ഉയരുന്ന ഇത്തരം പരാതികളില്‍ സര്‍ക്കാര്‍ ഉടനടി ഇടപെട്ട് ക്രമക്കേടുകള്‍ കണ്ടെത്തി, സുതാര്യമായ നിയമനവ്യവസ്ഥകള്‍ സ്ഥാപിക്കണമെന്നുമാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍