UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘കരാര്‍ കമ്പനിക്ക് നേരിട്ട് തുക നല്‍കാനുള്ള ഒരു ഫയലും കണ്ടിട്ടില്ല’, പാലാരിവട്ടം പാലം അഴിമതിയിൽ ഒഴിഞ്ഞുമാറി മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞ്

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍മാണം പൂര്‍ത്തിയാക്കിയ പാലത്തിന് ബലക്ഷയമുണ്ടെന്ന് വ്യക്തമായതോടെ ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വര്‍ഷം തികയും മുമ്പെ അടച്ചിടുകയായിരുന്നു.

പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് ഉൾപ്പെടെ നാലു പേർ അറസ്റ്റിലായതിന് പിന്നാലെ മുൻ കൂർ പ്രതിരോധവുമായി മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്. വിഷയവുമായി ബന്ധപ്പെട്ട് നേരത്തെ കൈബ്രാഞ്ച് വി കെ ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ടി ഒ സൂരജ് ഉൾപ്പെടെയുള്ളവരുടെ അറസ്റ്റിലേക്ക് നീണ്ടത്. ഇതിന് പിറകെയാണ് വിഷയത്തിൽ കൈ കഴുകുന്ന നിലപാടുമായി മന്ത്രി രംഗത്തെത്തിയത്.

ഇന്ന് പുറത്തിറക്കിയ വാർത്താ കുറിപ്പിലായിരുന്നു മുന്‍മന്ത്രി വിഷത്തിലെ നിലപാട് വ്യക്തമാക്കിയത്. ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ പരസ്യ പ്രതികരണത്തിനില്ലെന്നാണ് മന്ത്രിയുടെ പ്രതികരണം. സര്‍ക്കാര്‍ നയം അനുസരിച്ചുള്ള ഫയല്‍ മാത്രമെ കണ്ടിട്ടുള്ളുവെന്നും കരാര്‍ കമ്പനിക്ക് നേരിട്ട് തുക നല്‍കാനുള്ള ഒരു ഫയലും കണ്ടിട്ടില്ലെന്നും വിജിലന്‍സ് റിമാന്‍ഡ് റിപ്പോര്‍ട്ട് വായിച്ചാല്‍ ഇത് മനസ്സിലാകുമെന്നും അദ്ദേഹം പറയുന്നു.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍മാണം പൂര്‍ത്തിയാക്കിയ പാലത്തിന് ബലക്ഷയമുണ്ടെന്ന് വ്യക്തമായതോടെ ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വര്‍ഷം തികയും മുമ്പെ അടച്ചിടുകയായിരുന്നു. പാലം നിർമാണത്തിന് നിലവാരം കുറഞ്ഞ നിര്‍മാണവും അശ്രദ്ധമായ മേല്‍നോട്ടവുമാണ് നടന്നിട്ടുള്ളതെന്നായിരുന്നു വിജിലൻസിന്റെ കണ്ടെത്തൽ. പാലത്തിന്റെ ബലക്ഷയം പരിശോധിച്ച ചെന്നൈ ഐഐടി സംഘം ഗര്‍ഡറുകളിലും തൂണുകളിലും പലതരത്തിലുള്ള വിള്ളലുകളും പൊട്ടലുകളും കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, അഴിമതി, ഗൂഢാലോചന, വഞ്ചന, ഫണ്ട് ദുര്‍വിനിയോഗം എന്നിവ ചുമത്തിയായിരുന്നു ടി ഒ സൂരജ് ഉൾപ്പെടെ നാല് പേരെയാണ് അറസ്റ്റ് ചെയ്ത്തത്. സൂരജിനൊപ്പം സുമിത് ഗോയൽ, ബെന്നി പോൾ, എം.ടി. തങ്കച്ചൻ എന്നിവരും അറിസ്റ്റിലായി. നിർമാണ കമ്പനിയായ ആർഡിഎസ് പ്രോജക്ട്സ് എംഡിയാണ് സുമിത് ഗോയൽ. കിറ്റ്കോ മുൻ എംഡിയാണ് ബെന്നി പോൾ. ആര്‍ബിഡിസികെ മുന്‍ അഡീഷനല്‍ മാനേജരാണ് എം.ടി.തങ്കച്ചന്‍. എന്നാൽ നടപടി തനിക്ക് നേരെ നീണ്ടെയ്ക്കുമെന്ന അഭ്യൂഹങ്ങൾ നില നിൽക്കെയാണ് മുന്‍ പൊതുമരാമത്ത് മന്ത്രി പ്രതികരണവുമായി രംഗത്തെത്തുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍