UPDATES

വിദേശം

സഞ്ചാരികള്‍ ഒഴിഞ്ഞ വിശുദ്ധ നഗരം

Avatar

അലീസ ഓഡെന്‍ഹീമര്‍, കരോളിന്‍ അലക്സാണ്ടര്‍
(ബ്ലൂംബര്‍ഗ്)

കഴിഞ്ഞ വേനൽക്കാലത്താണ് ഒമർ ബെൻജോയ അത്യാകർഷകമായ ജെറുസലേമിനെ കണ്ണു നിറച്ചു കാണാൻ സാധിക്കുന്ന ഒരു മലയുടെ മുകളിൽ പാനീയങ്ങളും ലഘുഭക്ഷണങ്ങളും പോസ്റ്റു കാർഡുകളും വിൽക്കുന്ന ജോലി ഏറ്റെടുത്തത്. ഗാസയിൽ ഇസ്രയേലീ പട്ടാളവും പലസ്തീന്‍ പോരാളികളും തമ്മിലുള്ള ഏറ്റുമുട്ടലുകൾ തുടങ്ങിയതിന് ശേഷം വിനോദ സഞ്ചാരികൾ വിരളമായി മാത്രമേ നഗരത്തിൽ എത്താറുള്ളൂ. 

സൈനിക നടപടി തുടങ്ങിയതിന് ശേഷം യൂറോപ്യൻ വിമാന സർവീസുകൾ താൽക്കാലിക നിർത്തിവെക്കലാണ് പ്രഖ്യാപിച്ചതെങ്കില്‍ അമേരിക്കന്‍ വ്യോമയാന മന്ത്രാലയം 1991ന് ശേഷം ആദ്യമായി തങ്ങളുടെ വിമാന സർവീസുകൾ ടെൽ അവീവിലേക്ക് പറക്കുന്നത് പൂർണ്ണമായും വിലക്കിയിരിക്കുകയാണ്. മലേഷ്യൻ എയര്‍ലൈന്‍സിന്‍റെ വിമാനം യുക്രൈൻ യുദ്ധ ഭൂമിയിൽ വെടിവെച്ച് വീഴ്‌ത്തപ്പെട്ടതിന് രണ്ടു ദിവസത്തിന് ശേഷമാണ് ഈ തീരുമാനം വന്നത്.

“സാധാരണ ദിവസങ്ങളിൽ നൂറോ ഇരുന്നൂറോ ആളുകൾ വരുന്ന സ്ഥലമാണിത്, ചുറ്റും കണ്ണോടിച്ചു നോക്കിയാൽ മനസ്സിലാകും എത്രമാത്രം വിജനമാണ് ഈ സ്ഥലമെന്ന സത്യം”, തന്റെ മുതലാളി ലഘുഭക്ഷണ ശാലയായി ഉപയോഗിച്ചുവന്ന ചുവന്ന ട്രക്കിൽ ചാരിനിന്ന് പഴയ നഗരത്തിന്റെ അവശിഷ്ടത്തിലേക്ക് കണ്ണും നട്ട് ബെൻജോയ പറഞ്ഞു.

ഈ യുദ്ധം പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട പലസ്തീനികളേയും ഇസ്രായേലികളേയും മാത്രമല്ല താരതമ്യേനെ സുരക്ഷിതമായ ഇടങ്ങളിൽ കഴിയുന്ന മറ്റുള്ള ജനങ്ങളേയും പേടിപ്പെടുത്തുന്ന രീതിയിൽ ബാധിക്കുന്നുണ്ട്. ഒരു പ്രമുഖ ഏജൻസി നൽകിയ കണക്കു പ്രകാരം ജൂലൈയിൽ ഇസ്രായേൽ സന്ദര്‍ശിക്കാനിരുന്ന വിദേശികളിൽ മൂന്നിലൊരുഭാഗവും യാത്ര ഉപേക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം 3.5 മില്ല്യൻ വിദേശ യാത്രികരെ വരവേറ്റ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകർക്കാൻ ഈ യുദ്ധം കാരണമായേക്കും.

” റോക്കറ്റാക്രമണ ഭീഷണി നിലനിൽക്കുന്ന കാലത്തോളം ടെൽ അവീവിലേക്ക് വിമാനങ്ങൾ പറക്കുന്നതിന് യാതൊരു സാധ്യതയും ഞാൻ കാണുന്നില്ല, രാജ്യത്തെത്തുന്ന സന്ദർശകരുടെ വേനൽക്കാലാവധി നശിപ്പിക്കാനിത് കാരണമാകും”, എയർ ട്രാൻസ്പോർട്ട് മാനേജ്മെന്‍റ് ജേർണലിന്‍റെ ഉപദേശക സമിതിയുടെ  ഭാഗവും ജെറുസലേമിലെ ഹീബ്രു യൂനിവേഴ്സിറ്റിയിലെ ബിസിനസ് സ്കൂളിന്റെ തലവവനുമായ നിക്കോൾ അഡ്ലർ പറഞ്ഞു .

” ഭയന്നു വിറച്ചിരിക്കുന്ന സന്ദർശകരെ തിരികെക്കൊണ്ടു വരികയെന്നത് ഭഗീരഥ പ്രയത്നമാണ്, പൂര്‍വ്വസ്ഥിതിയിലാകാന്‍ നാലഞ്ചുമാസമെടുക്കുമെന്നാണ് ഭൂതകാലാനുഭവങ്ങൾ തെളിയിക്കുന്നത്” ഹാരേല്‍ ഇന്‍ഷൂറന്‍സ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സെര്‍വീസിന്‍റെ ഇകണോമിക്സ് ആൻഡ്‌ റിസർച്ച് വിഭാഗം തലവനായ ഒഫെർക്ലൈൻ പറഞ്ഞു. 2009ൽ ഹമാസുമായി ഗാസയിൽ വെച്ചുണ്ടായ പോരാട്ടം വിനോദസഞ്ചാരത്തിൽ 39 ശതമാനം വരെ കുറവുണ്ടാക്കിയപ്പോൾ ലെബനനിലെ ഒളിപ്പോരാളികളുമായി 2006ൽ നടന്ന യുദ്ധം 53 ശതമാനം വിദേശികളെയാണ് നഷ്ടപ്പെടുത്തിയത്.

അന്താരാഷ്ട്ര വിമാനങ്ങൾ രാജ്യത്തെത്തുന്നതിന്റെ സാമ്പത്തികവും പ്രതീകാത്മകവുമായ പ്രാധാന്യം മനസ്സിലാക്കിയ ഇസ്രായേൽ ടെൽ അവീവിന് പകരമെന്നോണം ഈലറ്റിനു സമീപമായി ചെറിയൊരു വിമാനത്താവളം തുറന്നിരിക്കയാണ്. 

അക്രമങ്ങൾ തിരയടിച്ചുയരുന്നതിനു മുന്പ് വരെ സഞ്ചാരികളിൽ 17ശതമാനത്തോളം വർദ്ധനവാണ് രേഖപ്പെടുത്തിയത്. വേൾഡ് ട്രാവൽ ആൻഡ്‌ ടൂറിസം കൌണ്‍സിലിന്റെ കണക്കു പ്രകാരം ഇസ്രയേലിന്റെ സാമ്പത്തിക വ്യവസ്ഥയിൽ 7.3 ശതമാനം സംഭാവന നൽകുന്ന വിനോദസഞ്ചാര വ്യവസായം 13ൽ ഒരു ഇസ്രായേലിയുടെ ജീവിത മാർഗവുമാണ്.

” ഈ മാസം വരാനിരുന്നവരിൽ 30 ശതമാനത്തോളം പേർ യാത്ര മാറ്റിവെച്ചിരിക്കയാണ്” ഇസ്രയേലിലെ ഇൻകമിംഗ് ടൂർ  ഓപ്പറേറ്റേർസ് അസോസിയേഷന്റെ ജനറൽ മാനേജറായ അമിഎത്ഗർ പറഞ്ഞു. ചിലയിടങ്ങളിലെ ഹോട്ടലുകളിൽ 30 ശതമാനം താമസക്കാർ പോലുമില്ലെന്നാണ് ഇസ്രായേൽ ഹോട്ടൽ അസോസിയേഷന്റെ കണക്കുകൾ പറയുന്നത്.

ഇസ്രയേലിലെ പുണ്യ സ്ഥലങ്ങൾ കാണാനെത്തുന്ന തീര്‍ത്ഥാടകരാണ് യാത്രക്കാരിൽ മൂന്നിൽ രണ്ടു പേരും, ഇതിൽ 95 ശതമാനം പേരും പലസ്തീൻ അതിർത്തികളിൽ സഞ്ചരിക്കുന്നവരുമാണ്. മറ്റു ജോലി സാധ്യതകൾ കുറവായ ഇടങ്ങളിൽ വിനോദസഞ്ചാരം തഴച്ചു വളരുമെന്നതിന് ഉദാഹരണങ്ങളാണ് പുതിയ നിയമത്തിൽ പരാമർശിക്കുന്ന സ്ഥലങ്ങളുള്ള ഗലീലിയും ചുവന്ന കടൽ സ്ഥിതി ചെയ്യുന്ന ഈലറ്റും.

” ബിസിനസ് തീരെയില്ലാത്ത അവസ്ഥയിലാണ് ഞാനുള്ളത്, ദിവസം ഒന്നോ രണ്ടോ യാത്ര മാത്രം. ടൂറിസമാണ് ജെറുസലേമിന്റെ ജീവ നാഡി, ബസുകളും ഹോട്ടലുകളുംകടകളും ടാക്സികളും ടൂറിസ്റ്റുകളെ പ്രതീക്ഷിച്ചിരിക്കുകയാണ്. ഇതിൽ നിന്നുള്ള പണം ഏതെങ്കിലുമൊരു വിധത്തിൽ ഞങ്ങളിലെല്ലാവരിലുമെത്തും.” ഗാസയുടെ 75 കിലോമീറ്റർ വടക്കുകിഴക്കുള്ള ജെറുസലേമിൽ ടാക്സി ഡ്രൈവറായ ഖലീൽ പറഞ്ഞു.

യേശു ജനിച്ച സ്ഥലമെന്ന്‍ ക്രിസ്ത്യൻ ജനത വിശ്വസിക്കുന്ന ബെത്ലെഹേമിലെ തെരുവുകൾ മിക്കവാറും ഒഴിഞ്ഞു കിടക്കുകയാണ്. വിരലിലെണ്ണാവുന്ന യാത്രക്കാരെ മാത്രം ഇടക്കിടെ കാണാം.

” ടീവി കണ്ട് പലസ്തീൻകാര്‍ തോക്കുമെടുത്ത് ജനങ്ങളെ കൊല്ലാൻ വേണ്ടി ഓടിനടക്കുകയാണെന്ന് അനുമാനിക്കുന്ന ജനങ്ങൾ ഇവിടേക്കുള്ള വരവ് നിർത്തിയിരിക്കുന്നു.” ഒലീവ് മരത്തടിയിൽ പ്രകൃതി ഭംഗി കൊത്തിയുണ്ടാക്കി വിൽക്കുന്ന ഖലീൽ യൂസുഫ് പറഞ്ഞു.

അവധിക്കാലം ആഘോഷിക്കാൻ വരുന്നവരാണ് വെസ്റ്റ് ബാങ്കിന്റെ മുഖ്യ വരുമാന സ്രോതസുകളിലൊന്ന്. ബെത്ലഹേമിലെ ഹോട്ടലുകളിലും ഷോപ്പിംഗ്‌ സെന്ററുകളിലും. ഭക്ഷണശാലകളിലും ചിലവഴിക്കപെടുന്ന പണം പലസ്തീനിലെ മൊത്തം ടൂറിസം വരുമാനത്തിന്റെ മൂന്നിലൊന്നോളം വരും.

” രണ്ടു മില്ല്യൻ യാത്രക്കാരാണ് കഴിഞ്ഞ വർഷം നഗരം സന്ദർശിച്ചത്, ഈ വർഷവും അത്രമാത്രം ജനങ്ങളെ ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. മാസങ്ങളോളം ഈ യുദ്ധം നീളുകയാണെങ്കിൽ 500,000 സന്ദർശകരെപ്പോലും പ്രതീക്ഷിക്കാൻ ഞങ്ങൾക്ക് സാധിക്കില്ല “. ബെത്ലഹേം ചേംബർ ഓഫ് കൊമേർസിന്റെ ഡെപ്യൂട്ടി ജനറൽ ഡയറക്ടറായ ഫയറൂസ് ഖോരിയുടെ വാക്കുകളിൽ അരക്ഷിതമായ ഭാവിയുടെ ചിത്രം കാണാൻസാധിക്കും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍