UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദി സര്‍ക്കാരിന്റെ ഇസ്രയേല്‍ പ്രേമത്തിന് പിന്നില്‍

Avatar

ടീം അഴിമുഖം

ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തെക്കുറിച്ച് ഒരു അന്വേഷണം നടത്തണമെന്നാവശ്യപ്പെടുന്ന ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ സമിതി പ്രമേയത്തിന് അനുകൂലമായി മറ്റ് BRICS അംഗരാജ്യങ്ങളോടൊപ്പം ബുധനാഴ്ച്ച ഇന്ത്യയും വോട്ടുചെയ്തു.

“കിഴക്കന്‍ ജറുസലെം അടക്കമുള്ള അധിനിവേശ പലസ്തീന്‍ പ്രദേശങ്ങളില്‍ അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കുന്നു എന്നുറപ്പുവരുത്തുക” എന്നാവശ്യപ്പെടുന്ന പലസ്തീന്‍ അവതരിപ്പിച്ച ഒരു പ്രമേയത്തിനനുകൂലമായാണ് ഇന്ത്യ വോട്ട് ചെയ്തത്. ബ്രസീല്‍, റഷ്യ,ചൈന, ദക്ഷിണാഫ്രിക്ക എന്നീ BRICS രാജ്യങ്ങളും പ്രമേയത്തെ പിന്തുണച്ചു.

47-അംഗ സമിതിയില്‍ 29 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ 17 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. പ്രമേയത്തെ എതിര്‍ത്ത ഏകരാജ്യം യു എസ് ആണ്. യൂറോപ്യന്‍ രാജ്യങ്ങള്‍ വിട്ടുനില്‍ക്കുകയായിരുന്നു.

ഗാസ ചീന്തിലെ രക്തരൂഷിതമായ പോരാട്ടം തുടരുന്നതിനിടയിലാണ് ഈ വോട്ടെടുപ്പ് നടന്നത്. 17 ദിവസമായി തുടരുന്ന ഏറ്റുമുട്ടലില്‍ നിന്നും പിന്നോട്ടു പോകാന്‍ ഇസ്രായേലും ഹമാസും തയ്യാറല്ല. ഇതുവരെ 832 പലസ്തീന്‍കാരും, 36 ഇസ്രായേലികളും സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടു.


നേരത്തെ, രാഷ്ട്രീയ ഇച്ഛാശക്തി പ്രകടിപ്പിക്കാനും സംഭാഷണങ്ങള്‍ പുനരാരംഭിക്കാനും ഇന്ത്യ ഇസ്രായേലിനോടും പലസ്തീനോടും ആവശ്യപ്പെട്ടിരുന്നു. “പലസ്തീന്‍ പ്രശ്നത്തിന്റെ സമഗ്രമായ പരിഹാരത്തിനായി സമാധാന പ്രക്രിയയുമായി ബന്ധിപ്പിച്ചുകൊണ്ട് ഇരുവിഭാഗങ്ങളും തമ്മില്‍ സുസ്ഥിരമായ ഒരു വെടിനിര്‍ത്തലില്‍ എത്തിച്ചേരും എന്നാണ് ഞങ്ങളുടെ പ്രതീക്ഷ” എന്നാണ് ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അശോക് മുഖര്‍ജി,‘പലസ്തീന്‍ പ്രശ്നമടക്കം മദ്ധ്യേഷ്യയിലെ സാഹചര്യം’ എന്ന വിഷയത്തില്‍ രക്ഷാ സമിതിയില്‍ നടത്തിയ തുറന്ന ചര്‍ച്ചയില്‍ പങ്കെടുക്കവെ പറഞ്ഞത്. കനത്ത ആള്‍നാശവും, വസ്തുനാശവും വരുത്തിയ ഇസ്രയേല്‍, പലസ്തീന്‍ ഏറ്റുമുട്ടല്‍ രൂക്ഷമായതില്‍ ഇന്ത്യയുടെ ‘കടുത്ത ആശങ്കയും’ അദ്ദേഹം പ്രകടിപ്പിച്ചു.

നയതന്ത്രത്തില്‍ നിങ്ങള്‍ എന്തു പറയുന്നു എന്നതിനേക്കാള്‍ പലപ്പോളും പ്രധാനം നിങ്ങള്‍ എങ്ങനെ പറയുന്നു എന്നാണ്. മിക്കപ്പോഴും നിങ്ങള്‍ പറയാനാഗ്രഹിച്ചത് പറയുന്ന രീതിയില്‍ പ്രതിഫലിക്കുകയും ചെയ്യും. കഴിഞ്ഞ തിങ്കളാഴ്ച്ച ഇസ്രയേല്‍-പലസ്തീന്‍ പ്രശ്നം രാജ്യസഭ ചര്‍ച്ചക്കെടുക്കും മുമ്പ് സര്‍ക്കാരിന് മന്ത്രിമാര്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസം പരിഹരിക്കേണ്ടിവന്നു.അപൂര്‍വ്വമായ തരത്തില്‍ ബുധനാഴ്ച്ചത്തെ കാര്യപരിപാടിയില്‍ ഈ ചര്‍ച്ച പട്ടികയിലിട്ടു. അത് സര്‍ക്കാരിന്റെ സമ്മതത്തോടെയാണ് താനും.  എന്നാല്‍ അതിനെ ആദ്യം എതിര്‍ത്തത്  വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ആണ്.അത്തരമൊരു “ചര്‍ച്ച ചട്ടപ്രകാരം അനുവദനീയമോ, ആശാസ്യമോ അല്ല” എന്നാണ് അവര്‍ പറഞ്ഞത്. ഏതെങ്കിലും സുഹൃദ് രാജ്യത്തെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശം ഒഴിവാക്കുന്ന ചട്ടം ഉദ്ധരിച്ചാണ് മന്ത്രി ഈ ന്യായം പറഞ്ഞത്. ഇന്ത്യക്ക് രണ്ടു രാജ്യങ്ങളുമായും നല്ല ബന്ധമാണെന്നും അവര്‍ പറഞ്ഞു.


ഒടുവില്‍ സര്‍ക്കാര്‍ ഈ നിലപാടില്‍ അയവു വരുത്തുകയും സഭ തിങ്കളാഴ്ച്ച ഈ വിഷയം ചര്‍ച്ച ചെയ്യുകയും ചെയ്തു. ഇതിനിടക്ക് ബ്രസീലില്‍ നടന്ന BRICS ഉച്ചകോടിയില്‍ പശ്ചിമേഷ്യയിലെ പ്രതിസന്ധിയില്‍ ഇന്ത്യക്കുള്ള ആശങ്ക അറിയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രശ്നത്തില്‍ ഒരു ഒത്തുതീര്‍പ്പിന് ആഹ്വാനം ചെയ്യുകയും ചെയ്തു. കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ ഉച്ചകോടിയിലേത് പോലെ ബ്രസീല്‍ ഉച്ചകോടിയിലും കിഴക്കന്‍ ജറുസലെം തലസ്ഥാനമാക്കിയുള്ള, 1967-ജൂണ്‍ 4-ലെ പരസ്പരസമ്മതത്തോടെ അംഗീകരിച്ച അന്താരാഷ്ട്ര അതിര്‍ത്തികളെ അടിസ്ഥാനമാക്കി,സാമ്പത്തികമായി സാധ്യമായ തരത്തില്‍, ഇസ്രയേലിനോട് ചേര്‍ന്ന് സമാധാനത്തില്‍ സഹവര്‍ത്തിക്കുന്ന ഒരു പലസ്തീന്‍ രാഷ്ട്രം എന്ന ദ്വിരാഷ്ട്ര പരിഹാരത്തിലേക്ക് നയിക്കുന്ന ഒത്തുതീര്‍പ്പുചര്‍ച്ച പുനരാരംഭിക്കണമെന്ന്‍ പ്രഖ്യാപനത്തില്‍ ആഹ്വാനവും നടത്തി.

പലസ്തീന്‍-ഇസ്രായേല്‍ വിഷയത്തില്‍ മുന്‍പ് പ്രസിദ്ധീകരിച്ച ടീം അഴിമുഖം കുറിപ്പുകള്‍

എന്താണ് ഇസ്രായേല്‍-പലസ്തീന്‍ പോരാട്ടം? എന്താണ് സയണിസം?
രണ്ട് രാജ്യങ്ങള്‍ എന്ന സാധ്യമായ പരിഹാരം
ജനാധിപത്യത്തെ ഇങ്ങനെ അവഹേളിക്കരുത്
ചരിത്രം പഠിച്ചാല്‍ മോദി പലസ്തീനെ മാറ്റിനിര്‍ത്തില്ല
ഗാസ നമ്മുടെ മൌനമാണ്

1992-ല്‍ ഇസ്രയേലുമായി നയതന്ത്ര ബന്ധങ്ങള്‍ വീണ്ടും തുടങ്ങിയത് മുതല്‍ ഇസ്രയേല്‍-പലസ്തീന്‍ തര്‍ക്കത്തില്‍ ഇന്ത്യ വളരെ കരുതലോടെയാണ് നീങ്ങുന്നത്. പക്ഷേ, സ്വാതന്ത്ര്യസമരകാലം മുതല്‍ ഇന്ത്യ കൊണ്ടുനടന്ന പലസ്തീന്‍ പോരാട്ടത്തിനുള്ള വാചാലവും ശക്തവുമായ പിന്തുണയില്‍ വെള്ളം ചേര്‍ത്താണ് എന്‍ ഡി എ സര്ക്കാര്‍ ഇസ്രയേലുമായി കൂടുതല്‍ അടുക്കുന്നത്. 1947-ല്‍ പലസ്തീന്‍ വിഭജനത്തിനെതിരെ ഐക്യരാഷ്ട്ര സഭയില്‍ വോട്ട് ചെയ്ത ചരിത്രമാണ് ഇന്ത്യയുടേത്. 1974-ല്‍ പലസ്തീന്‍ വിമോചന സംഘടനയെ (പി എല്‍ ഒ) പലസ്തീന്‍ ജനതയുടെ ഏക പ്രതിനിധിയായി അംഗീകരിച്ച ആദ്യ അറബ്-ഇതര രാഷ്ട്രമാണ് ഇന്ത്യ. 1988-ല്‍ പലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിച്ച ആദ്യ രാജ്യങ്ങളിലൊന്ന് ഇന്ത്യയായിരുന്നു.

പലസ്തീന്‍ ജനതയോടുള്ള ഇന്ത്യയുടെ ഐക്യദാര്‍ഡ്യം ഇത്തവണത്തെ രാഷ്ട്രപതിയുടെ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തോടുള്ള അഭിസംബോധനയില്‍ ഇടം പിടിച്ചില്ല. “ഇസ്രായേലിനെ സന്തോഷിപ്പിക്കാന്‍ സര്‍ക്കാര്‍ എന്തും കാണിക്കുകയാണ്. പാര്‍ലമെന്റില്‍ ഒരു പ്രമേയം അംഗീകരിക്കാന്‍ പോലും സര്‍ക്കാര്‍ സമ്മതിച്ചില്ല. ഇതേ പ്രശ്നത്തില്‍ BRICS-ല്‍ പ്രധാനമന്ത്രി മോദി അംഗീകരിച്ച പ്രമേയം തന്നെയാണിതെന്ന് ഞങ്ങള്‍ പറഞ്ഞിട്ടും.” സി പി എം നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു.

ഇസ്രയേലുമായുള്ള പ്രതിരോധ, സാമ്പത്തിക ബന്ധങ്ങള്‍  യു പി എ സര്‍ക്കാരും നാള്‍ക്കുനാള്‍ ശക്തിപ്പെടുത്തിയിരുന്നെങ്കിലും “പലസ്തീന്‍ പോരാട്ടത്തിനുള്ള പിന്തുണ ഇന്ത്യന്‍ വിദേശ നയത്തിന്റെ ആണിക്കല്ലാണ്,” എന്ന തരത്തിലുള്ള വമ്പന്‍ പ്രസ്താവനയൊക്കെ ഇറക്കിയിരുന്നു.

അളന്നു തൂക്കിയ പ്രതികരണത്തില്‍,എന്‍ ഡി എ സര്‍ക്കാര്‍ ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ‘ആനുപാതികമല്ലാത്ത ബലപ്രയോഗത്തെയും’ അപലപിച്ചില്ല. “ആര് അധികാരത്തില്‍ ഇരുന്നാലും ഇസ്രയേല്‍-പലസ്തീന്‍ പ്രശ്നത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ മാറ്റമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. നിരവധി സാധാരണക്കാരെ കൊല്ലുന്ന ആനുപാതികമല്ലാത്ത ഇസ്രയേല്‍ ബലപ്രയോഗത്തെ അപലപിക്കാത്തതിന് ഞാന്‍ ഈ സര്‍ക്കാരിനെ കുറ്റപ്പെടുത്തും,” എന്നാണ് മുന്‍ വിദേശകാര്യ സെക്രട്ടറി ലളിത് മാന്‍സിംഗ് പറഞ്ഞത്. അമേരിക്കയും ബ്രിട്ടനും പോലെ പല പരമ്പരാഗത ഇസ്രയേല്‍ സുഹൃത്തുക്കളില്‍നിന്നും വ്യത്യസ്തമായി ഇന്ത്യ ഇതുവരെ പലസ്തീന് മാനുഷിക സഹായം പോലും പ്രഖ്യാപിച്ചിട്ടില്ല.

തങ്ങളുടെ പൌരന്മാരെ ഇറാഖില്‍ നിന്നും മടക്കിയെത്തിക്കാനുള്ള ശ്രമങ്ങളായിരുന്നു ഈ പ്രതിസന്ധിയില്‍ പക്ഷം പിടിക്കാതിരുന്നതിന് സര്‍ക്കാരിന് ഇതുവരെയുണ്ടായിരുന്ന തൊടുന്യായം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍