UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ചേട്ടാ’ എന്ന് വിളിച്ചതിന് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച എസ്‌ഐയെ സ്ഥലം മാറ്റി

നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് സ്ഥലംമാറ്റുന്നതെന്നാണ് അറിയുന്നത്

തന്നെ ‘ചേട്ടാ’ എന്ന് വിളിച്ചതിന് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ എസ്‌ഐയെ സ്ഥലം മാറ്റി. പള്ളിക്കത്തോട് എസ്‌ഐ അനില്‍ കുമാറിനെയാണ് സ്ഥലം മാറ്റിയത്.

ഇക്കഴിഞ്ഞ മൂന്നാം തിയതിയാണ് സംഭവം നടന്നത്. പള്ളിക്കത്തോട് മുക്കോലി റൂട്ടില്‍ വാഹന പരിശോധനയ്ക്കിടെയായിരുന്നു സംഭവം. പാലാ സെന്റ് ജോസഫ് എന്‍ജിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥി എ ദീപകിന്(19) ആണ് മര്‍ദ്ദനമേറ്റത്.

കൂട്ടുകാരനെ യാത്രയാക്കാനായി എത്തിയപ്പോള്‍ അതുവഴി വന്ന പോലീസ് വാഹനം ഹെല്‍മറ്റ് വയ്ക്കാത്തതിന് പിഴ ചുമത്തുകയായിരുന്നു. ബൈക്കിന്റെ രേഖകളും മറ്റും ആവശ്യപ്പെട്ടപ്പോള്‍ വെപ്രാളത്തില്‍ ചേട്ടാ എന്ന് വിളിച്ചുപോയതാണ് അനില്‍കുമാറിനെ പ്രകോപിതനാക്കിയത്. മര്‍ദ്ദനമേറ്റ ദീപക് പിന്നീട് പാമ്പാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

അനില്‍കുമാറിനെക്കുറിച്ച് നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് സ്ഥലംമാറ്റുന്നതെന്നാണ് അറിയുന്നത്. ദീപകിന്റെ അച്ഛനും വനംവകുപ്പ് ഉദ്യോഗസ്ഥനുമായ ചേന്നംപള്ളി കോട്ടോടിക്കല്‍ അജിത് കുമാര്‍ എസ്‌ഐയ്‌ക്കെതിരെ പരാതി നല്‍കിയിരുന്നു. കോണ്‍ഗ്രസ്, യുവമോര്‍ച്ച എന്നീ സംഘടനകളും അനില്‍കുമാറിനെതിരെ സമരം നടത്തി. മാധ്യമപ്രവര്‍ത്തകനായ സന്ദീപ് സോമനാഥനും ഈ വിഷയം ചൂണ്ടിക്കാട്ടി ഡിജിപിക്ക് പരാതി നല്‍കി.

കോട്ടയം ക്രൈംബ്രാഞ്ചിലേക്കാണ് അനില്‍കുമാറിന്റെ സ്ഥലം മാറ്റം. പാലാ എസ്‌ഐ അനൂപ് ആണ് പള്ളിക്കത്തോട്ടില്‍ പുതിയ എസ്‌ഐ ആയി ചുമതലയേല്‍ക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍