UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാമോലിന്‍ കേസ്; സര്‍ക്കാരിന് തിരിച്ചടി, കേസ് തുടരണമെന്ന് ഹൈക്കോടതി

Avatar

അഴിമുഖം പ്രതിനിധി

പാമോലിന്‍ കേസില്‍ വിചാരണ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി ഹൈക്കോതി തള്ളി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൂടി പ്രതിയായുള്ള കേസില്‍ വിചാരണ നടത്തണമെന്ന തൃശൂര്‍ വിജിലന്‍സ് കോടതി നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു.

പൊതുജനതാല്‍പര്യപ്രകാരം കേസ് അവസാനിപ്പിക്കണമെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. എന്നാല്‍ കേസ് അവസാനിപ്പിക്കുന്നത് ഏതു തരത്തിലാണ് പൊതുജനഹിതമാകുന്നതെന്ന് കോടതി ചോദിച്ചു. സത്യം അറിയാനാണ് പൊതുജനത്തിന് താല്‍പര്യം. അവരെ അതിനനുവദിക്കണമെന്ന തരത്തിലായിരുന്നു കോടതിയുടെ ഭാഗത്ത് നിന്ന് പരാമര്‍ശം ഉണ്ടായത്. കേസ് അവസാനിപ്പിച്ചാല്‍ അതിന്റെ ഗുണഭോക്താക്കള്‍ പ്രതികള്‍ മാത്രമായിരിക്കുമെന്നും കോടതി ഓര്‍മിപ്പിച്ചു.പ്രതികള്‍ ജീവിച്ചിരിക്കുന്നില്ലെന്നത് കേസ് റദ്ദാക്കാന്‍ കാരണമല്ലെന്നും കോടതി പറഞ്ഞു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്ന മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്‍ 2010 ല്‍ അന്തരിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

പാമോലിന്‍ കേസ് അവസാനിപ്പിക്കണെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിനൊപ്പം ജിജി തോംസണും ഹര്‍ജി നല്‍കിയിരുന്നു. അതേസമയം അഴിമതി സംബന്ധമായ കേസുകള്‍ പിന്‍വലിക്കുന്നത് നീതിയല്ലെന്ന് കാണിച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും വി എസ് സുനില്‍ കുമാര്‍ എം എല്‍ എ യും ഹൈക്കോടതിയെ സമീപിച്ചിരുന്നു. സര്‍ക്കാരിന് കോടികള്‍ നഷ്ടമുണ്ടാക്കിയ കേസ് പിന്‍വലിക്കാന്‍ കാണിക്കുന്ന തിടുക്കം കുറ്റം ചെയ്തവര്‍ക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന ആരോപണമാണ് ഇരുവരും ഉന്നയിച്ചത്. ജനപക്ഷത്തു നിന്ന് തങ്ങളെ ഈ കേസില്‍ കക്ഷിചേരാന്‍ അനുവദിക്കണമെന്നും ഇരുവരും കോടതിയോട് ബോധിപ്പിച്ചിരുന്നു. ഇരുവരെയും കേസില്‍ തുടര്‍ന്ന് ഇടപെടാനും ഇന്നു നടത്തിയ വിധിയിലൂടെ ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ട്.

ഇത് രണ്ടാം തവണയാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കേസ് അവസാനിപ്പിക്കണമെന്ന ആവശ്യം കോടതി തള്ളുന്നത്. 2005 ലും ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ പാമോലിന്‍ കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരുന്നു.

1991-92 കാലത്ത് കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് മലേഷ്യയില്‍ നിന്ന് പാമോലിന്‍ ഇറക്കുമതി ചെയ്യുക വഴി സംസ്ഥാനത്തിന് 2.3 കോടി രൂപയുടെ നഷ്ടമുണ്ടായതാണ് നിലവിലെ കേസിന് ആധാരം. പവര്‍ ആന്‍ഡ് എനര്‍ജി ലിമിറ്റഡ് എന്ന മലേഷ്യന്‍ കമ്പനിയില്‍ നിന്ന് സംഗപ്പൂര്‍ ആസ്ഥാനമായുള്ള മറ്റൊരു കമ്പനിയെ ഇടനിലക്കാരാക്കി അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ പാമോലിന് 392.25 ഡോളര്‍ മാത്രമുണ്ടായിരുന്നപ്പോള്‍ ടണ്ണിന് 405 ഡോളര്‍ നിരക്കില്‍ 15,000 ടണ്‍ പാമോലിന്‍ ആണ് സംസ്ഥാന സര്‍ക്കാര്‍ ഇറക്കുമതി ചെയ്തത്. കമ്പോള വിലയേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ പാമോലിന്‍ ഇറക്കുമതി ചെയ്യുക വഴി ഖജനാവിന് 2.3 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. ഇതിനെതിരെ നടന്ന അന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥ കാണിച്ചതായി തെളിഞ്ഞിരുന്നു. അക്കാലത്ത് ഉമ്മന്‍ ചാണ്ടി ധനമന്ത്രിയും ജിജി തോംസണ്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ എംഡിയുമായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍