UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാമൊലിന്‍: ഉമ്മന്‍ചാണ്ടി ഭയക്കുന്ന കാണാച്ചരടുകള്‍

ചില ചരടുകള്‍ അങ്ങനെയാണ്. അന്യന്റെ കാലില്‍ കുരുക്കിടാനും കഴുത്തില്‍ കുരുക്കുമുറുക്കാനും അതിനാകും. പക്ഷെ, പിന്നീടത് കാണാച്ചരടുകളായി നമ്മളോടൊപ്പം നീളും. നിനച്ചിരിയ്ക്കാത്ത സമയത്ത് അത് നമ്മുടെ കാലില്‍ കുരുക്കു വീഴ്ത്തും. കഴുത്തു മുറുക്കും.  

പാമൊലിന്‍ കേസും ചാരക്കേസും കെ.കരുണാകരനെ കുരുക്കാന്‍ ആന്റണി ഗ്രൂപ്പ് വലിച്ചെറിഞ്ഞ കുരുക്കുകളായിരുന്നു. പാമൊലിന്‍ കുരുക്കുമായി കരുണാകരന്‍ തെന്നി നീങ്ങി. ചാരക്കേസ് കരുണാകരന്റെ കഴുത്തുമുറുക്കി. രണ്ടു പ്രാവശ്യവും ചലടുവലിച്ചിരുന്നത് ഉമ്മന്‍ചാണ്ടിയായിരുന്നു. ആന്റണിയെ മുന്നില്‍ നിര്‍ത്തിയിരുന്നു എന്നു മാത്രം.

1991 നവംബറിലായിരുന്നു കരുണാകരന്‍ മന്ത്രിസഭ സിംഗപ്പൂരിലെ പവര്‍ ആന്റ് കോര്‍പ്പറേഷനില്‍ നിന്ന് ഒരു ടണ്ണിന് 405 ഡോളര്‍ എന്ന നിരക്കില്‍ 15,000 ടണ്‍ പാമൊലിന്‍ ഇറക്കുമതി ചെയ്യാനുള്ള തീരുമാനമെടുത്തത്. അന്താരാഷ്ട്ര വിപണിയില്‍ ടണ്ണിന് 392.5 ഡോളര്‍ വിലയുള്ളപ്പോഴായിരുന്നു ടെണ്ടര്‍പോലും വിളിയ്ക്കാതെ കൂടിയവിലയ്ക്ക് ഇറക്കുമതിയ്ക്കുള്ള തീരുമാനമെടുത്തത്.

ഉത്സവകാലത്തെ അടിയന്തിര ആവശ്യമെന്ന് കാണിച്ചായിരുന്നു തിടുക്കത്തില്‍ ഉള്ള തീരുമാനം. പാമൊലിന്‍ കേരളത്തില്‍ എത്തിയത് 1992 ജനുവരിയില്‍. ഈ സമയത്ത് കേരളത്തില്‍ എന്തുത്സവമാണ് നടക്കുന്നതെന്ന് മന്ത്രിസഭയിലോ ഉദ്യോഗസ്ഥതലത്തിലോ ആരും ചോദിച്ചില്ല. അന്നത്തെ ഭക്ഷ്യവകുപ്പ് മന്ത്രിയായിരുന്നു ടി.എച്ച്. മുസ്തഫ. ഉമ്മന്‍ചാണ്ടി ധനകാര്യവകുപ്പ് മന്ത്രിയും. ധനമന്ത്രി അറിയാതെ ഇത്രയും വലിയ ഒരു ഇറക്കുമതിയുടെ ഫയല്‍ നീങ്ങില്ല.

നടപടിക്രമങ്ങള്‍ തെറ്റിച്ച്, കൂടിയ വിലയ്ക്ക് പാമൊലിന്‍ ഇറക്കുമതി ചെയ്തതില്‍ അഴിമതി ഉണ്ടെന്ന് പറഞ്ഞ് പ്രതിപക്ഷം വി.എസ്.അച്യുതാനന്ദന്റെ നേതൃത്വത്തില്‍ 1992 മാര്‍ച്ച് മാസം തന്നെ കേരള നിയമസഭയെ ഇളക്കിമറിച്ചു.

1993 ജൂലൈയില്‍ പാമൊലിന്‍ ഇറക്കുമതിയിലെ ക്രമക്കേടിനെ കുറിച്ചും നഷ്ടത്തെക്കുറിച്ചും കേരളത്തിന്റെ ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. 2.32 കോടി രൂപ ഖജനാവിന് നഷ്ടമുണ്ടാക്കിയെന്നായിരുന്നു റിപ്പോര്‍ട്ട്.

1994 ഫെബ്രുവരി രണ്ടിന് ന് ഇറങ്ങിയ സി.എ.ജി. റിപ്പോര്‍ട്ടിലും പാമൊലിന്‍ ഇറക്കുമതിയിലെ നഷ്ടം തിട്ടപ്പെടുത്തിയിരുന്നു. 1996 മാര്‍ച്ച് 19ന് കേരള നിയമസഭയുടെ പബ്ലിക്ക് അണ്ടര്‍ടേക്കിംഗ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പാമൊലിന്‍ ഇറക്കുമതിയിലൂടെ നാലു കോടി രൂപയുടെ നഷ്ടമുണ്ടായി എന്ന് കണ്ടെത്തി. റിപ്പോര്‍ട്ട് കെ.കരുണാകരനെയും ടി.എച്ച്.മുസ്തഫയെയും കുറ്റപ്പെടുത്തുന്നുണ്ടെങ്കിലും ഉമ്മന്‍ചാണ്ടിയെ കുറിച്ച് നിശബ്ദത പാലിച്ചു. ആന്റണി ഗ്രൂപ്പിലെ പ്രമുഖനായ എം.എം ഹസനായിരുന്നു കമ്മിറ്റിയുടെ തലവന്‍.

1996 ജൂണില്‍ നായനാരുടെ നേതൃത്വത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. 1997 മാര്‍ച്ച് 21-ന് പാമൊലിന്‍ ഇറക്കുമതിയിലെ അഴിമതി അന്വേഷിയ്ക്കാന്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തു. സീനിയര്‍ ഐ.പി.എസ്. ഉദ്യോഗസ്ഥര്‍ കൂടി പ്രതികളായ കേസിന് 1999 നവംബറില്‍ സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അഴിമതി നല്‍കി.

1999 നവംബറില്‍ത്തന്നെ വിചാരണ തുടങ്ങേണ്ടിയിരുന്ന കേസ് പക്ഷെ, 2010 ഡിസംബറില്‍ കരുണാകരന്‍ മരിക്കുന്നതുവരെ മുന്നോട്ടു നീങ്ങിയില്ല. സുപ്രീംകോടതി വരെ നീണ്ട നിയമ പോരാട്ടങ്ങളിലൂടെ കരുണാകരന്‍ കേസ് തളച്ചിടുകയായിരുന്നു. കേസിലെ തുടര്‍നടപടികള്‍ നിര്‍ത്തിവച്ചുകൊണ്ട് 2007ല്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി, കരുണാകരന്റെ മരണത്തോടെ  കാലഹരണപ്പെട്ടു. അതോടെ കേസിന് വീണ്ടും ജീവന്‍വച്ചു.

ഇതിനിടയ്ക്ക് വളരെ കൗതുകകരമായ ഒരു സംഭവമുണ്ടായി. 2005-ല്‍ മുഖ്യമന്ത്രിയായിരിക്കെ, കേസിലെ 23-ാം സാക്ഷി കൂടിയായ ഉമ്മന്‍ചാണ്ടി, പാമൊലിന് കേസ് പിന്‍വലിക്കാനുള്ള തന്റെ ആഗ്രഹം കരുണാകരനെ അറിയിച്ചു. കേസ് അനാവശ്യമാണെന്ന് തനിയ്ക്ക് ബോധ്യമുള്ളതുകൊണ്ടാണ് താനിതിന് മുന്നിട്ടിറങ്ങുന്നത് എന്ന വാദം കരുണാകരന്‍ തള്ളിക്കളഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ ഔദാര്യം വേണ്ട എന്ന നിലപാടാണ് കരുണാകരന്‍ എടുത്തത്. ഒരു പക്ഷെ, ഉമ്മന്‍ചാണ്ടിയെ ഏറ്റവും നല്ലവണ്ണം മനസ്സിലാക്കിയ രാഷ്ട്രീയ നേതാവായതുകൊണ്ടാകാം കരുണാകരന്‍  അത് നിരസിച്ചത്.

കരുണാകരനു വേണ്ടാത്ത കരുണാകരനോടുള്ള സഹായവുമായി പക്ഷെ, ഉമ്മന്‍ചാണ്ടി മുന്നോട്ടുപോയി. കേസ് പിന്‍വലിക്കാനുള്ള അനുമതി തേടി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. 2006-ല്‍ അധികാരത്തില്‍ വന്ന അച്യുതാനന്ദന്‍ സര്‍ക്കാര്‍ സത്യവാങ്മൂലം തിരുത്തി നല്‍കി.  ഇതിനെതിരെ കരുണാകരന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി, 2007 ല്‍ കേസിന്റെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്തത്.

2010 ഡിസംബറില്‍ കരുണാകരന്‍ മരിച്ചതോടെ വിജിലന്‍സ് കോടതി നടപടികള്‍ വീണ്ടും തുടങ്ങി. 2011 ഫെബ്രുവരിയില്‍, നിയമസഭ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ, തന്നെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ടി.എച്ച് മുസ്തഫ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു.

നിര്‍ദ്ദോഷമെന്നു തോന്നാവുന്ന അപേക്ഷയില്‍ ഉമ്മന്‍ചാണ്ടിയെ കുരുക്കാനുള്ള കെണിയുണ്ടായിരുന്നു. പാമൊലിന്‍ ഇറക്കുമതി ചെയ്യാനുള്ള തീരുമാനം മന്ത്രിസഭയുടേതായിരുന്നുവെന്നും അതുകൊണ്ട് തന്നെ പ്രതിസ്ഥാനത്തുനിന്നു മാറ്റി പകരം ഉമ്മന്‍ചാണ്ടിയ്‌ക്കൊപ്പം സാക്ഷിയാക്കണമെന്നുമായിരുന്നു മുസ്തഫയുടെ വാദം.

ഈ വാദത്തിന് മറ്റൊരര്‍ത്ഥം കൂടിയുണ്ട്. ഉമ്മന്‍ചാണ്ടി സാക്ഷിയാണെങ്കില്‍ താനും സാക്ഷി മാത്രം. അതല്ല, താന്‍ പ്രതിയാണെങ്കില്‍ അന്നത്തെ ധനവകുപ്പ് മന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയും പ്രതിതന്നെ.

കോടതി മുസ്തഫയെ സാക്ഷിപ്പട്ടികയില്‍ ആക്കിയില്ല. ഉമ്മന്‍ചാണ്ടിയെ പ്രതിയുമാക്കിയില്ല. തുടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. പക്ഷെ, ഉന്നതര്‍ക്കെതിരെ ആണെങ്കിലും അന്വേഷണത്തെ അതൊന്നും ബാധിക്കരുതെന്ന കോടതി ഉത്തരവ് ഉമ്മന്‍ചാണ്ടിയുടെ ഉറക്കം കെടുത്തി.

കോടതിയില്‍ നിന്ന് ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ എന്തെങ്കിലും പരാമര്‍ശമുണ്ടായാല്‍ പകരക്കാരനെന്ന നിലയിലാണ് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് ആവശ്യപ്പെട്ടത്. പരാമര്‍ശം ഒന്നും ഉണ്ടായില്ല. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി. ആഭ്യന്തരവും വിജിലന്‍സും കൈകാര്യം ചെയ്യുന്ന മന്ത്രിയുമായി.

മുസ്തഫയെ കൊണ്ട് ഇങ്ങനെ ചെയ്യിപ്പിച്ചത്, അതും തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, ചെന്നിത്തലയായിരുന്നു എന്ന കാര്യം ഇന്ന് അങ്ങാടിപ്പാട്ടാണ്. അന്നുവരെ സയാമീസ് ഇരട്ടകളെപ്പോലെ രാഷ്ട്രീയം കളിച്ചിരുന്ന ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും തമ്മില്‍ തെറ്റുന്നതും ഇതേ തുടര്‍ന്നാണ്. അതിന്റെ തുടക്കമായാണ് ആഭ്യന്തരവകുപ്പ് വേണമെന്ന ആവശ്യം അംഗീകരിച്ചുകൊടുക്കാതെ ഉമ്മന്‍ചാണ്ടി ചെന്നിത്തലയുടെ മന്ത്രിസഭാ  പ്രവേശം ആദ്യമേ തന്നെ തടഞ്ഞത്. തന്നെ കാലുവാരാന്‍ ശ്രമിച്ച ചെന്നിത്തലയെ തുടര്‍ന്ന് ഒന്നരവര്‍ഷത്തോളം  ഉമ്മന്‍ചാണ്ടി മന്ത്രിസ്ഥാനത്തിന്റെ പേരില്‍ അവഹേളിച്ചു. കെ.പി.സി.സി. പ്രസിഡന്റ് വഴിവക്കിലെ ചെണ്ടയായി. ആര്‍ക്കും കൊട്ടാം.

കോടതി ഉത്തരവുപ്രകാരമുള്ള വിജിലന്‍സ് തുടര്‍ അന്വേഷണം നടക്കുന്ന കാലയളവില്‍ ഉമ്മന്‍ചാണ്ടി തന്നെയായിരുന്നു വിജിലന്‍സിന്റെയും മന്ത്രി. തുടര്‍ അന്വേഷണത്തിന് സാധ്യതകളൊന്നും ഇല്ല എന്നു കാണിച്ച് വിജിലന്‍സ് വകുപ്പ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്, പക്ഷേ, കോടതി തള്ളി. മാത്രമല്ല, പാമൊലിന്‍ ഇറക്കുമതി ചെയ്ത സമയത്ത് ധനവകുപ്പ് മന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് ഇതിലുള്ള പങ്ക് അന്വേഷിക്കാന്‍ വിജിലന്‍സ് കോടതി ജഡ്ജി പി.കെ.ഹനീഫ ഉത്തരവിട്ടു. ഉത്തരവിനെ തുടര്‍ന്ന് ധാര്‍മ്മികതയുടെ പേരില്‍ ഉമ്മന്‍ചാണ്ടി രാജിവയ്ക്കാന്‍  സാധ്യതയുണ്ടെന്നു കണ്ടിട്ടാവാം ചെന്നിത്തല, ഉമ്മന്‍ചാണ്ടിയുടെ സഹായത്തിനെത്തി. ”അദ്ദേഹം തീര്‍ത്തും നിരപരാധിയാണ്. അദ്ദേഹത്തെ ഈ കേസില്‍ കുടുക്കാന്‍ ആര്‍ക്കും കഴിയില്ല.” എന്ന ചെന്നിത്തലയുടെ വാക്കുകള്‍, വാസ്തവത്തില്‍, മുസ്തഫ കേസുകൊടുത്തതിനു പിന്നിലുള്ള സ്വന്തം നിരപരാധിത്തം പൊതുസമൂഹത്തിനു മുന്നില്‍ വയ്ക്കാനുള്ള തന്ത്രമായിരുന്നു.

തന്ത്രങ്ങള്‍ നന്നായറിയാവുന്ന ഉമ്മന്‍ചാണ്ടി ധാര്‍മ്മികതയ്ക്ക് പുതിയ വ്യാഖ്യാനം കൊടുത്തു. ധാര്‍മ്മിക ഓരോ വ്യക്തിയ്ക്കും ഓരോന്നാണ്.

പക്ഷെ, ആ ധാര്‍മ്മികത എത്ര ഭീകരമാണെന്നാണ് പിന്നീട് കേരളം കണ്ടത്. അക്കാലത്ത് ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും വിശ്വസ്തനായ ചീഫ് വിപ്പ് പി.സി ജോര്‍ജ്ജ് ഉത്തരവിട്ട ജഡ്ജിയ്‌ക്കെതിരെ ചാനലുകളില്‍ കൂടി പുലഭ്യം പറഞ്ഞു. ഉമ്മന്‍ചാണ്ടി ഇതൊന്നും താന്‍ കേട്ടിട്ടില്ല എന്ന മട്ടില്‍ ഇരുന്നു. ജഡ്ജി കേസു കേള്‍ക്കുന്നതില്‍ നിന്ന് പിന്‍മാറി. മറ്റെങ്ങോട്ടോ സ്ഥലംമാറ്റം മേടിച്ചു പോയി.

ഉമ്മന്‍ചാണ്ടി വിജിലന്‍സ് ഒഴിഞ്ഞു. മന്ത്രിസഭയിലെ തന്റെ വിശ്വസ്തനായ തിരുവഞ്ചൂരിനു വകുപ്പ് കൊടുത്തു. അന്വേഷണത്തില്‍ ഉമ്മന്‍ചാണ്ടിയ്ക്ക് പങ്കില്ലെന്ന റിപ്പോര്‍ട്ട് പുതിയ ജഡ്ജി അംഗീകരിച്ചു. അച്യുതാനന്ദന്‍ അത് ചോദ്യം ചെയ്തു. ആദ്യം ഹൈക്കോടതിയിലും പിന്നെ സുപ്രീംകോടതിയിലും. കേസിപ്പോഴും സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

വസ്തുതകള്‍ ഇങ്ങനെയായിരിക്കെയാണ് 2013 സെപ്തംബറില്‍ പാമോലിന്‍ കേസ് പിന്‍വലിയ്ക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ രണ്ടാമതും തീരുമാനമെടുത്തത്. പൊതുജന നന്മയ്ക്കും പ്രതികളായ ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ ഭാവിയെക്കരുതിയുമാണ് കേസ് പിന്‍വലിക്കുന്നതെന്ന വാദം വിജിലന്‍സ് കോടതി തള്ളി. സര്‍ക്കാര്‍ അതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. കേസില്‍ കക്ഷിചേരാന്‍ തങ്ങളേയും അനുവദിയ്ക്കണമെന്നു കാണിച്ച് വി.എസ്.അച്യുതാനന്ദനും  വി.എസ്.സുനില്‍കുമാര്‍ എം.എല്‍.എ.യും അപേക്ഷ സമര്‍പ്പിച്ചു.

കോടതിയുടെ മുന്നിലിരിക്കുന്ന പാമോലിന്‍ കേസ് എന്തിന് പിന്‍വലിക്കണമെന്ന പത്രക്കാരുടെ ചോദ്യത്തിന്, ഈ കേസില്‍ അഴിമതി നടന്നിട്ടില്ല എന്നു തനിയ്ക്ക് പൂര്‍ണ്ണ വിശ്വാസമുള്ളതുകൊണ്ടാണ് താനങ്ങനെ ഒരു തീരുമാനം എടുത്തതെന്നാണ് ഉമ്മന്‍ചാണ്ടി മറുപടി പറഞ്ഞത്.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയാകുന്നതിന് രണ്ടു മാസം മുമ്പ്, 2011 മാര്‍ച്ച് മൂന്നിന്, സുപ്രീംകോടതി അഴിമതി കേസിലെ പ്രതികളെക്കുറിച്ച് ദൂരവ്യാപകമായ ഫലങ്ങളുണ്ടാക്കാന്‍ സാധ്യതയുള്ള ഒരു വിധി പ്രസ്താവിച്ചു. മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ നേതൃത്വത്തിലുള്ള ഹൈ പവേര്‍ഡ് കമ്മിറ്റി പി.ജെ.തോമസ് എന്ന സീനിയര്‍ ഐ.പി.എസ്സുകാരനെ ചീഫ് വിജിലന്‍സ് കമ്മീഷണറാക്കിക്കൊണ്ട് 2010 സെപ്തംബര്‍ മൂന്നിന് എടുത്ത തീരുമാനം ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള  മൂന്നംഗ ബഞ്ച് റദ്ദാക്കി. തോമസ് പാമൊലിന്‍ കേസില്‍ വിചാരണ നേടുന്ന പ്രതിയാണെന്ന കാരണത്താലായിരുന്നു നിയമനം റദ്ദു ചെയ്തത്.

ഇവിടെ ചില ചോദ്യങ്ങള്‍ പ്രസക്തമാണ്. അഴിമതി നടന്നിട്ടില്ല എന്നു ബോധ്യമുണ്ടായിരുന്നെങ്കില്‍ പാമൊലിനിലെ അഴിമതിക്കാരനെന്നു പറഞ്ഞ് കരുണാകരനെ വേട്ടയാടിയത് എന്തിനായിരുന്നു? അഴിമതി നടന്നുവെന്ന് അക്കൗണ്ടന്റ് ജനറലും സി.എ.ജി.യും പബ്ലിക്ക് അണ്ടര്‍ടേക്കിംഗ്  കമ്മിറ്റിയും നുണ പറയുകയായിരുന്നോ? പി.ജെ.തോമസിന്റെ നിയമനം സുപ്രീംകോടതി റദ്ദാക്കിയത് കാര്യങ്ങള്‍ മനസ്സിലാക്കാതെയാണോ? കേസില്‍ ഉമ്മന്‍ചാണ്ടിക്ക് പങ്കില്ല എന്ന റിപ്പോര്‍ട്ട് അംഗീകരിച്ച് വിജിലന്‍സ് കോടതിയുടെ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് അച്യുതാനന്ദന്‍ നല്‍കിയ സ്‌പെഷ്യല്‍ ലീവ് പെറ്റീഷന്‍ സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് ഇരിക്കുമ്പോള്‍ ആ കേസു തന്നെ വിചാരണ കോടതിയില്‍ നിന്ന് പിന്‍വലിക്കാനുള്ള തീരുമാനം സുപ്രീംകോടതിയോടു തന്നെയുള്ള അവഹേളനമല്ലേ? നിയമവാഴ്ചയെ അട്ടിമറിയ്ക്കുകയല്ലേ? അഴിമതി കേസിന്റെ വിചാരണ തന്നെ ഇല്ലാതാക്കുന്നതില്‍ എന്തു പൊതുജനതാല്‍പ്പര്യമാണ് ഒളിഞ്ഞിരിക്കുന്നത്?

പൊതുജനനന്മയുടെ പേരില്‍, യഥാര്‍ത്ഥത്തില്‍ ഉമ്മന്‍ചാണ്ടി രക്ഷിക്കാന്‍ ശ്രമിക്കുന്നത് ഉമ്മന്‍ചാണ്ടിയെ തന്നെയാണ്. വിചാരണയ്ക്കിടയില്‍ കോടതിയ്ക്ക് പ്രതിപട്ടിക പുതുക്കാന്‍ അവകാശമുണ്ട്. ഇപ്പോള്‍ കേസിലെ 23-ാം സാക്ഷിയായ ഉമ്മന്‍ചാണ്ടി പ്രതിയായിക്കൂടെന്നില്ല. അങ്ങനെയാണു വേണ്ടത് എന്നാണ് ഇപ്പോള്‍ പ്രതിപട്ടികയിലുള്ള മുസ്തഫയുടെ വാദത്തിന്റെ കാതല്‍. അത്തരമൊരു നീക്കം കോടതിയുടെ ഭാഗത്തുനിന്നുണ്ടാകുമോ എന്ന് ഉമ്മന്‍ചാണ്ടി ന്യായമായും ഭയക്കുന്നു. 2005 മുതല്‍ മറ്റു പലരുടേയും നന്മയ്‌ക്കെന്നു പറഞ്ഞുകൊണ്ട് ഉമ്മന്‍ചാണ്ടി നടത്തുന്ന കേസ് പിന്‍വലിയ്ക്കല്‍ നീക്കങ്ങളുടെ പിന്നിലെ ഹിഡന്‍ അജണ്ട അതാണ്.

ഒടുവിലത്തെ ഈ നീക്കത്തെയാണ് കേരള ഹൈക്കോടതി നിശിത വിമര്‍ശനങ്ങളോടെ 2015 ജനുവരി എട്ടിന് തള്ളിയത്. മാത്രമല്ല കേസില്‍ കക്ഷിചേരാന്‍ വി.എസിനേയും സുനില്‍കുമാറിനേയും അനുവദിച്ചു. ചുരുക്കത്തില്‍, ഇനി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ കേസില്‍ യാതൊരു ഇടപെടലുകളും നടക്കില്ല. ബാലകൃഷ്ണപിള്ളയ്ക്ക് അഴിമതിക്കേസില്‍ ശിക്ഷ നേടിക്കൊടുത്തയാള്‍ എന്ന ഖ്യാതിയുള്ള വി.എസ്. ഉമ്മന്‍ചാണ്ടിയുടെ ഉറക്കം കെടുത്തുന്നു.

ചില ചരടുകള്‍ അങ്ങനെയാണ്… അതു നമ്മളെ പിന്തുടരും… നിനച്ചിരിക്കാത്ത സമയത്ത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍