UPDATES

‘പാമോലിന്‍ പ്രസ്താവനയില്‍’ വീക്ഷണത്തിന് പിറകെ ജിജി തോംസണെതിരെ ചന്ദ്രികയും

വിവാദമായ പാമോലിന്‍ പ്രസ്താവനയുടെ പേരില്‍ മുസ്ലീം ലീഗ് മുഖപത്രമായ ചന്ദ്രിക ഇന്ന് ചീഫ് സെക്രട്ടറി ജിജി തോംസണെ വ്യക്തിപരമായി ആക്രമിച്ചുകൊണ്ട് രംഗത്തെത്തി. നേരത്തെ ഇതേ വിഷയത്തില്‍ കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം ജിജി തോംസണെതിരെ മുഖപ്രസംഗം എഴുതിയിരുന്നു. ഇതോടെ ഭരണമുന്നണിയിലെ രണ്ട് പ്രമുഖ കക്ഷികളുടെ പിന്തുണ ചീഫ് സെക്രട്ടറിക്ക് നഷ്ടമാവുകയാണ്.

മൂര്‍ത്തിയെക്കാള്‍ വലിയ വെളിച്ചപ്പാടാവരുത് എന്ന താക്കീതോടെയാണ് വീക്ഷണം ജിജി തോംസണെതിരെ മുഖപ്രസംഗം എഴുതിയതെങ്കില്‍ ആക്ഷേപഹാസ്യമാണ് ചന്ദ്രിക ആയുധമാക്കിയിരിക്കുന്നത്. അണ്ടിയോ മൂത്തത് മാവോ മൂത്തത് എന്ന പരമ്പരാഗത സംശയത്തോടെ തുടങ്ങുന്ന ലേഖനത്തില്‍, ‘
ആര്‍ക്കും അല്ലലും അലട്ടുമുണ്ടാക്കാതെ, ഒന്നാം തീയതികളില്‍ ശമ്പളമെണ്ണി വാങ്ങുകയും ഞായറാഴ്ച തോറും പള്ളിയില്‍ പോയി കുരിശു വരച്ചു മുട്ടിപ്പായി പ്രാര്‍ത്ഥിക്കുകയും മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ സഭക്ക് വേണ്ടി പള്ളിപ്പാട്ടെഴുതി സി.ഡിയാക്കുകയും ഒത്താല്‍ യേശുമാഹാത്മ്യം അതിഭംഗിയായി പ്രസംഗിക്കുകയുമൊക്കെ ചെയ്ത് കഴിഞ്ഞുകൂടുന്ന നല്ലൊരു അല്‍മായനാണ് ജിജി തോംസണ്‍’ എന്നാണ് ചീഫ് സെക്രട്ടറിയെ വിശേഷിപ്പിച്ചിരിക്കുന്നത്.

അദ്ദേഹത്തിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുന്ന ലേഖനത്തിന്റെ ഒടുവില്‍ ഇങ്ങനെ ചേര്‍ത്തിരിക്കുന്നു, ‘ഇങ്ങനെയൊക്കെയാണെങ്കിലും കരുണാകരന്‍ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഡയരക്ടറായിരുന്ന ജിജി തോംസണ്‍ പാമോലിന്‍ കേസില്‍ പ്രതിയായത് മറ്റൊരു കഥ. അതിനെ സര്‍വീസ് സ്റ്റോറിയിലെ ഇരുണ്ട ഒരദ്ധ്യായം മാത്രമായി എടുക്കാമായിരുന്നു അദ്ദേഹത്തിന്. പക്ഷേ ഏതോ അന്ത:പ്രചോദനത്താല്‍ മന്ത്രിമാര്‍ക്കെതിരെ തിരിയുകയാണദ്ദേഹം ചെയ്തത്. വൈകുവോളം വെള്ളം കോരിയ ജിജി തോംസണ്‍ അന്തിമയങ്ങാന്‍ നേരത്ത് കുടമുടച്ചതെന്തിനാണെന്നത് ദുരൂഹമാണ്. അത് മൂലം അദ്ദേഹത്തിനെന്തു കിട്ടുമെന്നത് അതിലേറെ ദുരൂഹം.’

ഭരണമുന്നണിയിലെ രണ്ട് പ്രമുഖ കക്ഷികളുടെ വിമര്‍ശനത്തിന് വിധേയനായ ചീഫ് സെക്രട്ടറിയുടെ അടുത്ത നീക്കം എ്ന്താണെന്നതാണ് അറിയാനുള്ളത്. പന്ത് അദ്ദേഹത്തിന്റെ കോര്‍ട്ടിലാണെന്ന് സാരം.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍