UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ഒരു പാട് പഠിച്ച് കുട്ടികൾ മടങ്ങിയെത്തുന്നത് വെള്ള തുണിയിൽ പൊതിഞ്ഞാകാതിരിക്കട്ടെ’

നെഹ്‌റു കോളേജില്‍ ഷൂട്ടിംഗിന് എത്തിയപ്പോള്‍ ഉണ്ടായ അനുഭവം വിവരിച്ച് നടി മാല പാര്‍വ്വതി

നെഹ്‌റു കോളേജില്‍ ഷൂട്ടിംഗിനായി പോയപ്പോള്‍ തനിക്കുണ്ടായ ഒരു അനുഭവം അസ്വസ്ഥതയുണ്ടാക്കിയിരുന്നുവെന്നും ഇന്ന് ആ അസ്വസ്ഥത ഉറക്കം കെടുത്തുന്നുവെന്നും നടിയും സാമൂഹ്യ പ്രവര്‍ത്തകയുമായ മാല പാര്‍വ്വതി. താന്‍ ധരിച്ചുവെച്ചിരുന്നത് പാലക്കാട് ലക്കിടിക്കടുത്തുള്ള നെഹ്‌റു കോളേജില്‍ നിന്നായിരുന്നു ആ അനുഭവമെന്നായിരുന്നുവെന്നാണ്. ഇന്ന് വിവാദമുണ്ടായിരിക്കുന്ന അതേ പാമ്പാടി കോളേജില്‍ നിന്നായിരുന്നു ആ അസ്വസ്ഥപ്പെടുത്തുന്ന അനുഭവം ഉണ്ടായതെന്ന് വൈകിയാണ് മനസിലായതെന്നും പാര്‍വ്വതി പറയുന്നു. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പാര്‍വ്വതിയുടെ വെളിപ്പെടുത്തല്‍.

പാര്‍വ്വതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-

‘രാജേഷ് നായര്‍ സംവിധാനം ചെയ്ത സാള്‍ട്ട് മാംഗോ ട്രീ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനാണ് പാലക്കാട് ലക്കിടിക്കുത്തുള്ള Nehru College of Engineering -ല്‍ പോയത്. ബിജു മേനോനെ ഇന്റര്‍വ്യൂ ചെയ്യുന്ന പ്രശസ്തമായ രംഗം അവിടെ വെച്ചാണ് ചിത്രീകരിച്ചത്.

ആ ഷൂട്ടിംഗിന് പോയപ്പോള്‍ ഡ്രസ് മാറാനുള്ള റൂം കിട്ടുന്നത് വരെ പുറത്ത് കാറില്‍ കാത്തിരുന സമയത്ത് എന്റെ കണ്ണില്‍ പെട്ട ഒരു രംഗമുണ്ട്’.

ഒരു വിദ്യാര്‍ത്ഥി, 19 – 20 വയസ്സ് പ്രായം തോന്നിക്കും. Gate-ലെ സെക്യുരിറ്റി ഗാര്‍ഡിനോട് കെഞ്ചുകയാണ് അകത്തേക്ക് കയറ്റി വിടാ. അയാള്‍ നിഷ്‌കരുണം ‘ഇല്ല’ എന്ന് പറയുന്നു. ഞാന്‍ കാര്യമറിയാന്‍ അവരുടെ അടുത്തേക്ക് നടന്നു. കേട്ടതിതാണ് ….’ ചേട്ടാ ചേട്ടാ – പ്ലീസ് ചേട്ടാ.. ഞാന്‍ ഇന്നലെയും കൂടി താടി വടിച്ചതാണ്. ഇന്ന് അസൈന്‍മെന്റ് വച്ചില്ലെങ്കില്‍ ഫൈന്‍ ഉണ്ട്- പ്ലീസ് ചേട്ടാ പ്ലീസ്.’ മുഖത്ത് താടി ഉണ്ടെങ്കില്‍ കയറ്റി വിടാന്‍ നിവൃത്തിയില്ല എന്ന് അയാള്‍ . അവസാനം നിവര്‍ത്തിയില്ലാതെ കുറേ നേരം നിന്ന് ആ വിദ്യാര്‍ത്ഥി മടങ്ങി.

പിന്നീട് അദ്ധ്യാപകര്‍ വിസിറ്റേഴ്‌സ് ബുക്കില്‍ എഴുതാന്‍ പറഞ്ഞപ്പോള്‍ കുട്ടികളോട് ഇങ്ങനെ പെരുമാറുന്ന സ്ഥാപനത്തിലെ ബുക്കില്‍ ഞാന്‍ എഴുതില്ല എന്ന് പറഞ്ഞു – അല്ലെങ്കില്‍ മേല്‍ വിവരിച്ചത് എഴുതാം എന്നും പറഞ്ഞു, ‘അയ്യോ, അതു വേണ്ട എന്നായി അവര്‍ ! അദ്ധ്യാപകന്റെ മുഖത്ത് താടി ഉണ്ടല്ലോ എന്ന് ചോദിച്ചപ്പോള്‍ ‘ഓരോ നിയമങ്ങള്‍ അല്ലേ’ എന്നായിരുന്നു മറുപടി.

ഷൂട്ടിംഗിന് പോയ നെഹ്‌റു കോളജ്, ജിഷ്ണു പഠിച്ചിരുന്ന, വിവാദം നടക്കുന്ന അതേ കോളജ് ആണെന്ന് തിരിച്ചറിഞ്ഞത് വൈകിയാണ്. പാമ്പാടി എന്നല്ല, ലക്കിടിയില്‍ ആണ് ആ കോളജ് എന്നാണ് ഞാന്‍ മനസ്സിലാക്കിയിരുന്നത്.

ഒരു പാട് കുട്ടികള്‍ പഠിച്ചിട്ടും ഭയാനകമായ മൗനം തളം കെട്ടി നിന്ന ആ കാംപസ് എന്നെ അന്ന് വല്ലാതെ അസ്വസ്ഥമാക്കിയിരുന്നു. ഇന്ന് ആ അസ്വസ്ഥത ഉറക്കം കെടുത്തുന്നു… ഡിസിപ്ലിന്റെ പേരില്‍ ശ്വാസം മുട്ടിക്കുന്ന പല കോളേജുകളിലെയും കുഞ്ഞുങ്ങളുടെ കഴുത്തിലെ കെട്ട് എപ്പോള്‍ വേണമെങ്കിലും വീണ്ടും മുറുകാം.

ഒരു പാട് പഠിച്ച് കുട്ടികൾ മടങ്ങി എത്തുന്നത് വെള്ള തുണിയിൽ പൊതിഞ്ഞാകാതിരിക്കട്ടെ!’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍