UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഏറ്റുമുട്ടലില്‍ മരിച്ച സൈനികന്റെ മൃതദേഹം സംസ്‌കരിക്കാന്‍ ഭൂമി നിഷേധിച്ച് മേല്‍ജാതിക്കാര്‍

അഴിമുഖം പ്രതിനിധി

ജമ്മു കാശ്മീരില്‍ ശനിയാഴ്ച സി.ആര്‍.പി.എഫ് സൈനിക വ്യൂഹത്തിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികനെ സംസ്‌കരിക്കാന്‍ പൊതുസ്ഥലം നല്‍കുന്നത് ഗ്രാമത്തിലെ മേല്‍ജാതിക്കാര്‍ ഇടപെട്ട് നിഷേധിച്ചു. സി.ആര്‍.പി.എഫ് സൈനികനായിരുന്ന കോണ്‍സ്റ്റബിള്‍ വീര്‍ സിങ്ങിന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനെ ചൊല്ലിയാണ് തര്‍ക്കം ഉണ്ടായതും പിന്നീട് മേല്‍ജാതിക്കാര്‍ സ്ഥലം വിട്ടുകൊടുക്കാന്‍ പറ്റില്ലെന്ന് പറഞ്ഞതും.

ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് ജില്ലയിലാണ് സംഭവം. ശനിയാഴ്ച ജമ്മു കശ്മീരിലെ പംപൂരിലാണ് സി.ആര്‍.പി.എഫ് സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിന് നേരെ ലഷ്കര്‍-ഇ-ത്വയിബ ഭീകരര്‍  ആക്രമണം നടത്തിയത്. ആക്രമണത്തില്‍ എട്ട് സി.ആര്‍.പി.എഫ് സൈനികര്‍ മരിച്ചിരുന്നു.

മൃതദേഹം സംസ്കരിക്കുന്നതിന് മേല്‍ജാതിക്കാര്‍ തടസ്സം നിന്നതോടെ  ജില്ല ഭരണാധികാരികള്‍ ഇടപെടുകയും മണിക്കൂറുകളോളം ചര്‍ച്ച നടത്തുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ 10 മീറ്റര്‍ നീളവും 10 മീറ്റര്‍ വീതിയുമുള്ള സ്ഥലം വിട്ടുകൊടുക്കാന്‍ മേല്‍ജാതിക്കാര്‍ സമ്മതിക്കുകയായിരുന്നു. മല്ലന്മാരുടെ ജാതിയായ നാട്ട് ജാതിയില്‍ പെട്ട ആളാണ് മരിച്ച സൈനികന്‍.

പൊതുസ്ഥലത്ത് കീഴ്ജാതിയില്‍ പെട്ട ഒരാളുടെ മൃതദേഹം സംസ്‌കരിക്കാന്‍ പറ്റില്ലെന്നായിരുന്നു മേല്‍ജാതിക്കാരുടെ വാദം. സംസ്‌കരിച്ച് കഴിഞ്ഞാല്‍ അതിന് മുകളിലായി സ്തൂപം സ്ഥാപിക്കാനും പറ്റില്ലെന്ന് അവര്‍ വാദിച്ചു. ഒടുവില്‍ ജില്ല ഭരണാധികാരികള്‍ ഇടപെട്ടതോടെയാണ് കുടുംബത്തിന്റെ ആഗ്രഹത്തെ മാനിക്കാനും സ്ഥലം വിട്ടുകൊടുക്കാനും തീരുമാനമായത്.

‘”എന്റെ മകന്‍ രാജ്യത്തിന് വേണ്ടിയാണു ജീവന്‍ ത്യജിച്ചത്. പക്ഷേ ഇവിടെ നമ്മുടെ സ്വന്തം ആളുകള്‍ അവന്റെ മൃതദേഹം സംസ്‌കരിക്കാന്‍ പോലും ഭൂമി നല്‍കില്ലെന്നാണ് വാശി പിടിക്കുന്നത്”- റിക്ഷവണ്ടി ഓടിക്കുന്ന സിങ്ങിന്റെ അച്ഛന്‍ രാംസ്‌നെ പറഞ്ഞു.

1981ല്‍ സൈന്യത്തില്‍ ചേര്‍ന്ന വ്യക്തിയായിരുന്നു വീര്‍ സിംഗ്. കുടുംബത്തിന്റെ ഏക ആശ്രയവും വീര്‍ സിംഗ് ആയിരുന്നു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍