ടീം അഴിമുഖം
ലോകത്തിലെ ഏറ്റവും ശക്തരായ ചില രാഷ്ട്രനേതാക്കളും സമ്പന്നരുമൊക്കെ തങ്ങള്‍ അനധികൃതമായുണ്ടാക്കിയതും അല്ലാത്തതുമായ പണം രഹസ്യനിക്ഷേപം നടത്തിയ വിവരം പാനമ രേഖകളിലൂടെ പുറത്തുവരുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്: ഈ വെളിപ്പെടുത്തലുകളോട് രണ്ട് രീതിയിലാണ് പ്രതികരണങ്ങള്‍ ഉണ്ടായിരിക്കുന്നത് എന്നത്.
ചൈനയും റഷ്യയും ഇതിനോട് പ്രതികരിച്ചത് ഒരേ രീതിയിലാണ്. എന്നാല്‍ ഐസ് ലാന്‍ഡ്, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ പ്രതികരിച്ചതാവട്ടെ വ്യത്യസ്തമായും. പനാമ രേഖകള്‍ പ്രകാരം റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്റെ അടുത്ത സഹായികള്‍ നടത്തിയ രഹസ്യ നിക്ഷേപം 13,000 കോടി രൂപയോളം വരും. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍ പിങ്ങിന്റെ കുടുംബക്കാര്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖ ചൈനീസ് പൗരന്മാരും ഇതുപോലെ പണം പുറത്തേക്ക് കടത്തിയവരുടെ കൂട്ടത്തിലുണ്ട്. ഇതിനോടുള്ള ഇരു രാജ്യങ്ങളുടേയും പ്രതികരണം ഒരേ രീതിയിലായിരുന്നു. തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ റഷ്യയെ ശിഥിലമാക്കാനാണ് പനാമ രേഖകള്‍ പുറത്തുവിട്ടതെന്നും ആരോപണം ഉന്നയിക്കുന്നവര്‍ക്ക് ‘പുട്ടിന്‍ഫോബിയ’ ആണെന്നുമാണ് അദ്ദേഹത്തിന്റെ വക്താവിന്റെ പ്രതികരണം. ഈ വാര്‍ത്തയ്‌ക്കേ നിരോധനം ഏര്‍പ്പെടുത്തുകയാണ് ചൈന ചെയ്തത്.
എന്നാല്‍ ഇതിനു വിരുദ്ധമായി ഐസ് ലാന്‍ഡില്‍ സംഭവിച്ചത് അവിടുത്തെ പ്രധാനമന്ത്രിക്ക് രാജി വയ്‌ക്കേണ്ടി വന്നു എന്നതാണ്. അവിടെ പൊതുജീവിതത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നത് ശക്തമായ ചില ധാര്‍മിക വിചാരങ്ങളുടെ പുറത്താണ്; കാരണം, നിയമപരം മാത്രമല്ല ഇതൊന്നും.
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സമയത്ത് പ്രധാനമന്ത്രി സിഗ്മണ്ടര്‍ ഗണ്‍ലാഗ്‌സണും അദ്ദേഹത്തിന്റെ ഭാര്യയും വിദേശത്ത് ഇത്തരം രഹസ്യനിക്ഷേപം നടത്തിയെന്ന അന്താരാഷ്ട്ര വെളിപ്പെടുത്തല്‍ പുറത്തുവന്നയുടെനെ 22,000-ത്തോളം പേരാണ് അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് തലസ്ഥാനത്ത് മാര്‍ച്ച് ചെയ്തത്. നിലവിലെ ഭരണസഖ്യം തകരാതിരിക്കാന്‍ താന്‍ രാജി വയ്ക്കുകയാണെന്ന് അദ്ദേഹത്തിന് പറയേണ്ടി വന്നു. തെറ്റായിട്ട് ഒന്നും ചെയ്തിട്ടില്ലെന്നും നിയമം ലംഘിച്ചിട്ടില്ലെന്നുമാണ് അദ്ദേഹത്തിന്റെ വാദം.
അങ്ങനെയെങ്കില്‍, ഇത്തരമൊരു സ്ഥിതിവിശേഷം ഇന്ത്യയിലാണ് ഉണ്ടായതെങ്കില്‍ എന്തായിരിക്കും അതിന്റെ പരിണതഫലം? ചൈനയും റഷ്യയും നടപ്പാക്കിയതായിരിക്കുമോ അതോ ഒരു ലിബറല്‍ ജനാധിപത്യത്തില്‍ സാധ്യമാകുന്ന വിധത്തില്‍ ഐസ് ലാന്‍ഡില്‍ നടന്നതുപോലെയായിരിക്കുമോ നമ്മുടെ പ്രതികരണം?
അക്കാര്യത്തില്‍ നിരവധി ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. അവയിലൂടെ ഒന്ന് കണ്ണോടിക്കുക. ഇന്ത്യ എങ്ങനെയായിരിക്കും പ്രതികരിക്കുക എന്നത് ഇതിലുണ്ട്:
1. യു.പി.എ സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ സോണിയാ ഗാന്ധി അന്ന് മോസ്‌കോയിലെത്തിയത് റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള വിമാനത്തിലായിരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളടക്കം ഇതിന്റെ ഫോട്ടോ പുറത്തുവിട്ടെങ്കിലും ഇന്ത്യന്‍ ധാര്‍മികതയ്ക്ക് യാതൊരു ഇളക്കവും തട്ടിയില്ല.
2. നരേന്ദ്ര മോദിയുടെ പ്രചരണ പ്രവര്‍ത്തനങ്ങളെല്ലാം അദാനി ഗ്രൂപ്പിന്റെ സഹായത്തോടെയായിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെയുള്ള നിരവധി കാര്യങ്ങളില്‍ കുറ്റാരോപിതരാണ് അദാനിയും അദ്ദേഹത്തിന്റെ കുടുംബവും കമ്പനിയുമൊക്കെ. മോദിക്ക് അവരുടെ സഹായം സ്വീകരിക്കുന്നതില്‍ യാതൊരു ധാര്‍മിക പ്രശ്‌നവുമുണ്ടായില്ല, ബി.ജെ.പിക്ക് യാതൊരു വിധത്തിലുള്ള അപമാനവും തോന്നിയില്ല, പ്രതിപക്ഷമാകട്ടെ ഇതൊന്നും കണ്ടില്ല എന്നു തന്നെ നടിച്ചു. പൊതുജനത്തിന്റെ ധാര്‍മികത പുറത്തു വന്നതാകട്ടെ, ബി.ജെ.പിക്ക് വന്‍ ഭൂരിപക്ഷം നല്‍കിക്കൊണ്ടായിരുന്നു.
3. സരിത നായരുമായി ബന്ധപ്പെട്ട് മാത്രമല്ല, ഉമ്മന്‍ ചാണ്ടി ഭരണത്തില്‍ നടക്കുന്ന കൊള്ളക്കൊടുക്കലുകളുടെ കഥകള്‍ ഒരെണ്ണത്തില്‍ നില്‍ക്കില്ല. സരിത നായരുമായി ബന്ധപ്പെട്ട തട്ടിപ്പു കേസുകളില്‍ ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിന് നേരിട്ട് പങ്കുണ്ടെന്ന് കാര്യം പുറത്തുവന്നതാണ്. ഉമ്മന്‍ ചാണ്ടിയാകട്ടെ, യാതൊരു വിധത്തിലുള്ള ധാര്‍മിക ഉത്തരവാദിത്തവും ഇതിന്റെ പേരില്‍ ഏറ്റെടുക്കാന്‍ തയാറായില്ല.
4. കഴിഞ്ഞ വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് എളമരം കരീം എന്ന വ്യവസായ മന്ത്രിക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നെങ്കിലും ആര്‍ക്കെങ്കിലും അതില്‍ ധാര്‍മിക പ്രശ്‌നങ്ങള്‍ തോന്നിയിരുന്നോ?
ഇതൊക്കെയാണ് നമ്മുടെ രാജ്യം. നമ്മുടെ ധാര്‍മികത പലപ്പോഴും മറ്റുള്ളവരുടെ ചെലവിലാണ് എന്നുമാത്രം.