UPDATES

വിദേശം

നവാസ് ഷെരീഫിന്റെ നില പരുങ്ങലിലായത് ഇന്ത്യ-പാക് ബന്ധത്തേയും ഉലയ്ക്കും

നിലവില്‍ വഷളായിരിക്കുന്ന ഇന്ത്യ-പാക് ബന്ധം സമീപകാലത്തൊന്നും മെച്ചപ്പെടാന്‍ പോകുന്നില്ല എന്ന സൂചനയാണ് പാക്കിസ്ഥാന്‍റെ ആഭ്യന്തര രാഷ്ട്രീയം സൂചിപ്പിക്കുന്നത്

എല്ലാ അര്‍ത്ഥത്തിലും കുഴപ്പം പിടിച്ച ഒരു പ്രതിസന്ധിയാണ് പ്രധാനമന്ത്രി നവാസ് ഷെറീഫിന് പാകിസ്ഥാന്‍ സുപ്രീം കോടതി നല്‍കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ കുടുംബത്തിന് വിദേശ കമ്പനികളിലുള്ള നിക്ഷേപങ്ങളെ കുറിച്ച് രാജ്യത്തെ ജനങ്ങളോടും അവിടുത്തെ പാര്‍ലമെന്റിനോടും സത്യം പറയാതിരുന്ന നവാസ് ഷെറീഫിനെ അയോഗ്യനാക്കണമെന്ന രാഷ്ട്രീയ എതിരാളികളുടെ അപേക്ഷ തള്ളിക്കളഞ്ഞെങ്കിലും ഷെറീഫിന്റെ കുടുംബത്തിന്റെ വിദേശ ആസ്തിയെ കുറിച്ച് സംയുക്ത അന്വേഷണസംഘം അന്വേഷണം നടത്തണമെന്ന് കൂടി കോടതി ഉത്തരവിട്ടിട്ടുണ്ട്.

സൈനിക, ജനപ്രതിനിധികള്‍ അംഗങ്ങളായുള്ള സംയുക്ത അന്വേഷണ സംഘം അറുപത് ദിവസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ആഴ്ച തോറുമുള്ള അന്വേഷണ പുരോഗതി കോടതിയെ അറിയിക്കുകയും വേണം. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബഞ്ചിന്റെ വിധി ഏകകണ്ഠമായിരുന്നില്ല. രണ്ടിനെതിരെ മൂന്ന് വോട്ടുകള്‍ക്കാണ് വിധി പാസായത്. ഷെറീഫിനെ അയോഗ്യനാക്കണമെന്ന് വാദിച്ച രണ്ട് പേരില്‍ ഒരാള്‍ ബഞ്ചിന്റെ അധ്യക്ഷന്‍ ജസ്റ്റിസ് ആസിഫ് സയീദ് ഖോസയായിരുന്നുവെന്ന് മാത്രമല്ല, തന്റെ വിയോജനക്കുറിപ്പില്‍ അദ്ദേഹം പ്രധാനമന്ത്രിക്കെതിരെ കടുത്ത പരാമര്‍ശങ്ങളാണ് നടത്തിയത്. അതുകൊണ്ട് തന്നെ ഒരു പൂര്‍ണ വിജയം അവകാശപ്പെടാന്‍ ഭരണകക്ഷിയായ പാകിസ്ഥാന്‍ മുസ്ലീം ലീഗി (എന്‍) ന് പ്രയാസമായിരിക്കും.

പ്രധാനമന്ത്രിയെ പുറത്താക്കുകയും രാജ്യത്ത് അനിശ്ചിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുക എന്ന കടുത്ത നടപടികള്‍ ഒഴിവാക്കിയെങ്കിലും ഷെറിഫിന് മുകളില്‍ ഒരു വാള്‍ ഇപ്പോഴും തൂങ്ങിക്കിടക്കുന്നു എന്ന് ഉറപ്പാക്കാന്‍ കോടതിക്ക് സാധിച്ചു. അതുകൊണ്ടുതന്നെ, വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന മേയ് 2018ന് തൊട്ടുമുമ്പുള്ള വര്‍ഷം വിഷയം രാഷ്ട്രീയത്തില്‍ സജീവമായി തന്നെ നിലനില്‍ക്കും.

പാകിസ്ഥാന്‍-തെഹ്രീക്-ഇ-ഇന്‍സാഫ് പാര്‍ട്ടിയുടെ ഇമ്രാന്‍ ഖാനാണ് കോടതിക്ക് മുമ്പില്‍ വന്ന കേസിലെ മുഖ്യ പരാതിക്കാരന്‍. 2013ല്‍ ഷെറീഫ് അധികാരത്തില്‍ മടങ്ങിയെത്തിയപ്പോള്‍ മുതല്‍ തന്നെ അദ്ദേഹത്തെ അധികാരത്തില്‍ നിന്നും നീക്കാന്‍ ഉറച്ചിരിക്കുകയായിരുന്നു ഇന്‍സാഫ് പാര്‍ട്ടി. 2013ലെ പൊതുതിരഞ്ഞെടുപ്പ് മുഴുവന്‍ പിഎംഎല്‍(എന്‍) പാര്‍ട്ടി അട്ടിമറിച്ചതായി ആരോപണം തുടക്കത്തില്‍ തന്നെ ഉയര്‍ന്നിരുന്നു. ഷെറീഫ് കുടംബത്തിന്റെ വിദേശ നിക്ഷേപങ്ങള്‍ പൊതുജനങ്ങളിലെത്തിച്ച പാനമ പേപ്പറുകളുടെ ചോര്‍ച്ച നല്‍കിയ അവസരം പിന്നീട് അവര്‍ മുതലെടുക്കുകയായിരുന്നു.

അന്നത്തെ പട്ടാള മേധാവി ജനറല്‍ റാഹീല്‍ ഷെറീഫിന്റെ നേതൃത്വത്തിലുള്ള പാക് സൈന്യം പ്രധാനമന്ത്രിക്കെതിരായ നീക്കള്‍ക്ക് പിന്തുണ നല്‍കുന്നു എന്നൊരു തോന്നല്‍ ഉണ്ടായിരുന്നു. എന്നാല്‍ പക്ഷം പിടിക്കാതിരിക്കാന്‍ അതിന് ശേഷം പട്ടാളമേധാവിയായി ചുമതലയേറ്റ ജനറല്‍ ക്വമര്‍ ജാവേദ് ബാവ്ജ പ്രത്യകം ശ്രദ്ധിച്ചു. പക്ഷെ, തുറന്ന കോടതിയില്‍ സുദീര്‍ഘമായ വിചാരണയ്ക്കിടയില്‍ ഷെറീഫ് കുടുംബത്തിന്റെ ആസ്തിയെ സംബന്ധിച്ച വിശദാംശങ്ങള്‍ തുടര്‍ച്ചയായി ചര്‍ച്ച ചെയ്യപ്പെട്ടതും അദ്ദേഹത്തിന്റെ അഭിഭാഷകര്‍ നല്‍കിയ പരസ്പരവിരുദ്ധമായ പ്രസ്താവനകളുമൊക്കെ തന്നെ പാകിസ്ഥാന്‍ മുസ്ലീം ലീഗിനെ ദുര്‍ബലപ്പെടുത്തി എന്നതില്‍ സംശയത്തിന് അവകാശമില്ല.

സംയുക്ത അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ എന്തുതന്നെയായാലും, ഷെറീഫ് കുടുംബത്തിനെതിരായ അഴിമതി ആരോപണങ്ങളാകും അടുത്ത തിരഞ്ഞെടുപ്പിലെ മുഖ്യവിഷയം. സമീപകാലത്ത് കുല്‍ഭൂഷന്‍ ജാദവ് പ്രശ്‌നത്തിന്റെ പേരില്‍ വീണ്ടും വഷളായ ഇന്ത്യ-പാക് ബന്ധം സമീപകാലത്തൊന്നും മെച്ചപ്പെടാന്‍ പോകുന്നില്ല എന്നുകൂടി ഇതിന് അര്‍ത്ഥമുണ്ട്.

കഴിഞ്ഞ പതിനാറ് മാസങ്ങള്‍ക്കിടയില്‍ ചര്‍ച്ചകള്‍ക്കുള്ള ഉപാധിയെന്ന നിലയില്‍ തീവ്രവാദ പ്രശ്‌നത്തില്‍ വഴങ്ങാന്‍ ആവശ്യപ്പെടുകയും അങ്ങനെ ചുവപ്പ് രേഖകള്‍ വരയ്ക്കുകയും ചെയ്യുന്നത് ന്യൂഡല്‍ഹിയാണെങ്കിലും, ഇന്ത്യയുമായി സമാധാനത്തില്‍ വര്‍ത്തിക്കണമെന്ന് മിക്കപ്പോഴും പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ഷെറീഫിന്റെ താല്‍പര്യം ഉഭയകക്ഷി ശൂന്യതയില്‍ എപ്പോഴും ഒരു രജത രേഖയായിരുന്നു. ഇന്ത്യയുമായുള്ള ബന്ധങ്ങളില്‍ തങ്ങള്‍ക്കുള്ള താല്‍പര്യം മാറ്റിവെക്കാനും അദ്ദേഹത്തിന് മുന്നില്‍ തൂങ്ങിക്കിടക്കുന്ന അഴിമതിയുടെ മേഘങ്ങളില്‍ നിന്നും എങ്ങനെ പുറത്ത് കടക്കാം എന്നതില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനുമാവും ഷെറീഫും പാകിസ്ഥാന്‍ മുസ്ലീം ലീഗ് (എന്‍) കക്ഷിയും ശ്രമിക്കാന്‍ സാധ്യത.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍