UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാനമ രേഖകളില്‍ മലയാളികളുടെ എണ്ണം മൂന്നായി

അഴിമുഖം പ്രതിനിധി

വിദേശത്തെ കള്ളപ്പണ നിക്ഷേപത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടുകൊണ്ടിരിക്കുന്ന പാനമ രേഖ പരമ്പയില്‍ ഒരു മലയാളിയുടെ പേര് കൂടി പുറത്തു വന്നു. ഇതോടെ പട്ടികയിലെ മലയാളികളുടെ എണ്ണം മൂന്നായി.

തിരുവനന്തപുരം സ്വദേശിയായ ഭാസ്‌കരന്‍ രവീന്ദ്രന്റെ പേരാണ് ഇന്ന് പുറത്ത് വന്നത്. 2006 ഓഗസ്തില്‍ സ്ഥാപിച്ച എസ് വി എസ് ഇന്‍വെസ്റ്റ്‌മെന്റ് എന്ന കമ്പനിയുടെ പവര്‍ ഓഫ് അറ്റോര്‍ണി ഭാസ്‌കരന്റെ പേരിലാണ്. കമ്പനിയുടെ മാനേജറായും ഫെസിലിറ്റേറ്റര്‍ ആയും പ്രവര്‍ത്തിച്ചിരുന്നു. 2014 ജനുവരിയില്‍ ഈ കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിച്ച എസ് വി എസിന്റെ ഡയറക്ടര്‍മാര്‍ റഷ്യാക്കാരാണ്. ഭാസ്‌കരന്റെ കേരളത്തിലെ വീട്ടില്‍ വച്ച് ഡയറക്ടര്‍മാരുടെ യോഗം ചേര്‍ന്നതായി പാനമ രേഖകള്‍ പറയുന്നു.

കൊമേഴ്‌സ് ബിരുദധാരിയായ ഭാസ്‌കരന്‍ 1991-ല്‍ റഷ്യയിലേക്ക് പോകുകയും അവിടെ ഒരു കമ്മോഡിറ്റീസ് സ്ഥാപനത്തില്‍ കണ്‍സള്‍ട്ടന്റ് ആയി 20 വര്‍ഷത്തോളം ജോലി ചെയ്തു. കാപ്പിയായിരുന്നു ഈ സ്ഥാപനം മുഖ്യമായും കൈകാര്യം ചെയ്തിരുന്നത്. തുടര്‍ന്ന് വിയറ്റ്‌നാമിലേക്ക് പോയ അദ്ദേഹം മൂന്ന് വര്‍ഷം അവിടെ കശുവണ്ടി വ്യാപാരത്തിന്റെ കണ്‍സള്‍ട്ടന്റ് ആയി പ്രവര്‍ത്തിച്ചു. 2013-ലാണ് അദ്ദേഹം തിരികെ തിരുവനന്തപുരത്തേക്ക് എത്തിയത്.

കമ്പനിയുമായി ബന്ധമുണ്ടെന്ന കാര്യം ഭാസ്‌കരന്‍ നിഷേധിച്ചു. താന്‍ നികുതി അടയ്ക്കാറുണ്ടെന്നും വിദേശത്തെ നിക്ഷേപത്തിന്റെ പേരില്‍ വരുമാന നികുതി വകുപ്പില്‍ നിന്ന് മുന്നറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. റഷ്യയില്‍ ജോലി ചെയ്തിരുന്നപ്പോള്‍ ഓഹരിയില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും എന്നാല്‍ റഷ്യയിലെ കമ്പനി വിട്ടപ്പോള്‍ അത് പിന്‍വലിച്ചുവെന്നും ഭാസ്‌കരന്‍ വിശദീകരിക്കുന്നു.

പാനമ രേഖകളിലെ രണ്ട് മലയാളികളുടെ പേര് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നിരുന്നു. പത്തനംതിട്ട റാന്നിയിലെ ദിനേശ് പരമേശ്വരന്‍ നായര്‍, തിരുവനന്തപുരം സ്വദേശിയായ ജോര്‍ജ്ജ് മാത്യു എന്നിവരുടെ പേരുകളാണ് പുറത്തുവന്നിരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍