പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നവയാണ് പഞ്ചാരക്കൊല്ലിയിലെ ഭൂരിഭാഗം വീടുകളും.
കാട്ടിനകത്തു നിന്നും കുട്ടികള്‍ പൊട്ടിച്ചു കഴിക്കുന്ന അതിമധുരമുള്ള ചെടിയാണ് പഞ്ചാരക്കൊല്ലി. പഞ്ചാരക്കൊല്ലി കൂട്ടമായി വളരുന്ന, കാടിനോട് ചേര്‍ന്നു കിടക്കുന്ന, മാനന്തവാടിയിലെ കുന്നിന്‍ ചെരിവുകള്‍ക്കും ഇതേ പേരാണ്. ടൗണില്‍ നിന്നും അല്പമകന്നുള്ള പ്രിയദര്‍ശിനി തേയിലത്തോട്ടങ്ങള്‍ക്കപ്പുറം ഇരുപതോളം കുടുംബങ്ങള്‍ പഞ്ചാരക്കൊല്ലിയില്‍ താമസിച്ചിരുന്നു. ആറു മാസങ്ങള്‍ക്കു മുന്‍പ് കേരളത്തെ പാടേ തകര്‍ത്തു കളഞ്ഞ പ്രളയക്കാലത്ത് തുടര്‍ച്ചയായ മണ്ണിടിച്ചിലുകളാണ് പഞ്ചാരക്കൊല്ലിയിലുണ്ടായത്. വീടും അതിനകത്തെ എല്ലാ വസ്തുക്കളും മണ്ണിനകത്ത് പെട്ടുപോയ, ജീവന്‍ മാത്രം തിരികെ കിട്ടിയ രവിയും ജീവിതകാലത്തെ സമ്പാദ്യം കൊണ്ട് വച്ച വീട്ടില്‍ നിന്നും താമസം മാറാന്‍ നിര്‍ദ്ദേശം ലഭിച്ച കൗസല്യയുമടക്കം നിരവധി പേരാണ് പഞ്ചാരക്കൊല്ലിയില്‍ ജീവിതം തിരിച്ചു പിടിക്കാനാകാതെ പാതി വഴിക്കു നില്‍ക്കുന്നത്.പേരിലെ മധുരം ഇപ്പോള്‍ പഞ്ചാരക്കൊല്ലിയിലെ ജീവിതങ്ങള്‍ക്കില്ല. വനഭൂമിയോട് ചേര്‍ന്ന് പന്നിയോടും ആനയോടും എതിരിട്ട് കൃഷി ചെയ്തിരുന്ന പതിനെട്ടോളം കുടുംബങ്ങളാണ് മണ്ണിടിച്ചിലില്‍പ്പെട്ട് ഛിന്നഭിന്നമായിപ്പോയത്. പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നവയാണ് പഞ്ചാരക്കൊല്ലിയിലെ ഭൂരിഭാഗം വീടുകളും. അവശേഷിക്കുന്ന ചുരുക്കം ചിലരാകട്ടെ, പേടിപ്പെടുത്തുന്ന ഓര്‍മകളുമായി ദുരന്തഭൂമിയില്‍ തുടരാന്‍ താല്‍പര്യമില്ലാത്തവരും. മണ്ണിടിഞ്ഞതിനടിയില്‍പ്പെട്ട ഏഴു വീടുകള്‍ തീര്‍ത്തും തകര്‍ന്നു പോയിട്ടുണ്ട്. വീഡിയോ കാണാം .