UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പനീര്‍സെല്‍വം നല്ലവരാ? കെട്ടവരാ?….തെരിയിലയേ….

Avatar

അഴിമുഖം പ്രതിനിധി

മൂന്നാം തവണ തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ പതിവ് പോലെ ഒ പനീര്‍സെല്‍വത്തിന്‌റെ തൊട്ടടുത്ത് ജയലളിതയുടെ ഫോട്ടോയുണ്ട്. എന്നാല്‍ ഇത്തവണ ഫോട്ടോ മാത്രമേ ഉള്ളൂ. നിര്‍ദ്ദേശങ്ങള്‍ നല്‍കാനും നിയന്ത്രിക്കാനും ജയലളിതയില്ല. അതൊരു യാഥാര്‍ത്ഥ്യമാണ്. നിലവില്‍ പനീര്‍സെല്‍വമാണ് എഐഎഡിഎംകെയുടെ ജനറല്‍ സെക്രട്ടറി ചുമതല ഏറ്റെടുത്തിരിക്കുന്നത്. ജയലളിത എന്ന കരുത്തുറ്റ എഞ്ചിന്‍ ഇല്ലാതെ സംസ്ഥാന ഭരണത്തെയും പാര്‍ട്ടിയേയും എത്രത്തോളം ശക്തമായി മുന്നോട്ട് കൊണ്ടുപോകാന്‍ പനീര്‍സെല്‍വത്തിന് കഴിയും എന്നതാണ് അറിയേണ്ടത്.

1996ല്‍ 45ാം വയസിലാണ് ഒറ്റക്കര പനീര്‍സെല്‍വം രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. തേനി ജില്ലയിലെ പെരിയാകുളം മുനിസിപ്പാലിറ്റി ചെയര്‍മാനായാണ് ഭരണരംഗത്ത് തുടക്കം. 2001ല്‍ പെരിയാകുളത്ത് നിന്ന് ആദ്യമായി നിയമസഭയിലേയ്ക്ക് ജയിച്ച് പൊതുമരാമത്ത് മന്ത്രിയായി. കോടതിവിധിയെ തുടര്‍ന്ന് ജയലളിതയ്ക്ക് രാജി വയ്‌ക്കേണ്ടി വന്നപ്പോള്‍ അപ്രതീക്ഷിതമായി മുഖ്യമന്ത്രി പദത്തിലേയ്ക്ക്. നിയമക്കുരുക്ക് അഴിച്ച് ജയലളിത വന്നപ്പോള്‍ പനീര്‍സെല്‍വം വഴിമാറി. 2014ല്‍ അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് ജയലളിതയ്ക്ക് മുഖ്യമന്ത്രി പദവിയും നിയമസഭാംഗത്വവും നഷ്ടമായപ്പോളും പകരക്കാരനായി മറ്റൊരാളെ ജയ തിരഞ്ഞെടുത്തില്ല. ഇടയ്ക്ക് കുറച്ച് കാലം ചെന്നൈ പോയസ് ഗാര്‍ഡനിലെ വസതിയില്‍ ഏറ്റവും അടുത്ത വിശ്വസ്തനായ പനീര്‍സെല്‍വത്തെ പോലും അവര്‍ അടുപ്പിച്ചിരുന്നില്ല എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പനീര്‍സെല്‍വം എ്ല്ലായ്‌പോഴും ജയലളിതയുടെ കൂടെ തന്നെ ഉണ്ടായിരുന്നു.
 
എംജിആര്‍ എന്ന തമിഴരുടെ ഏറ്റവും വലിയ താരദൈവത്തെ മുന്‍നിര്‍ത്തി മാത്രം രൂപം കൊണ്ട പാര്‍ട്ടിയാണ് അണ്ണാ ഡിഎംകെ. ദ്രാവിഡ മുന്നേട്ര കഴകത്തിലെ (ഡിഎംകെ), അല്ലെങ്കില്‍ ഉറ്റ സുഹൃത്ത് എം കരുണാനിധിയുമായുള്ള അധികാരമത്സരമാണ് എംജി രാമചന്ദ്രനെ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതിലേയ്ക്ക് നയിച്ചത്. തീര്‍ത്തും വ്യക്തിപരമായ കാരണങ്ങള്‍, വികാരവിക്ഷോഭങ്ങള്‍….അതിനപ്പുറത്തേയ്ക്കുള്ള ഒരു രാഷ്ട്രീയവും അണ്ണാ ഡിഎംകെയ്ക്കില്ല. പനീര്‍സെല്‍വത്തിന് ഭരണപരിചയമുണ്ട്. എന്നാല്‍ ജയലളിതയുടെ ഉറ്റ അനുയായി, വിശ്വസ്തന്‍ എന്നതിനപ്പുറം സംസ്ഥാനത്താകെ ജനപിന്തുണയുള്ള പനീര്‍സെല്‍വം എന്നൊരു നേതാവ് ഇതുവരെ ഉയര്‍ന്നുവന്നിട്ടില്ല. നേതൃനിരയില്‍ രണ്ടാമത് ഒരാളെ ജയലളിത ഉയര്‍ത്തിക്കൊണ്ടുവന്നില്ല. എംജിആറിന്‌റെയോ ജയലളിതയുടേയോ വ്യക്തിപ്രഭാവം പനീര്‍സെല്‍വത്തിനില്ല. അത് വലിയൊരു പ്രതിസന്ധി തന്നെയാണ്. പൊതുവെ ദുര്‍ബലനായി വിലയിരുത്തപ്പെടുകയോ അല്ലെങ്കില്‍ ചിത്രീകരിക്കപ്പെടുകയോ ചെയ്യുന്ന നേതാവാണ് പനീര്‍സെല്‍വം. അമ്മ എന്ന് വിളിക്കുന്ന ജയലളിതയുടെ മുന്നില്‍ മുതുക് കുനിച്ച് നിന്ന് തൊഴുതും നിലത്ത് കിടന്ന് തൊഴുതുമെല്ലാമുള്ള അണ്ണാ ഡിഎംകെ ശൈലി തന്നെയാണ് ഇത്തരമൊരു വിലയിരുത്തലുണ്ടാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത്.

ജയലളിതയുടെ അടുത്ത സുഹൃത്തും അനുയായിയുമായ ശശികല നടരാജന്‍, പനീര്‍സെല്‍വത്തെ മുന്നില്‍ നിര്‍ത്തി പാര്‍ട്ടിയിലും ഭരണത്തിലും പിടിമുറുക്കുമെന്ന് തരത്തിലുള്ള റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കറായ തമ്പിദുരൈയോ അല്ലെങ്കില്‍ ശശികല തന്നെയോ എഐഎഡിഎംകെയുടെ പുതിയ ജനറല്‍ സെക്രട്ടറിയാകുമെന്ന് സൂചനയുണ്ട്. ശശികല പാര്‍ട്ടിയുടെ ശക്തികേന്ദ്രമാകുമെന്ന് ഒരു എഐഎഡിഎംകെ എംപി സമ്മതിക്കുന്നു. ഇതെല്ലാം പനിര്‍സെല്‍വത്തിന്‌റെ നേതൃത്വം ചോദ്യം ചെയ്യുന്നതാണ്. തമിഴ്‌നാട്ടില്‍ ബിജെപിയുടെ രാഷ്ട്രീയ മോഹങ്ങള്‍ ഒരു വശത്ത് ശക്തമാകുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാന്‍ പനീര്‍സെല്‍വത്തിന് കഴിയുമോ എന്ന ചോദ്യമുണ്ട്. തമ്പിദുരൈ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയാകണമെന്ന് ബിജെപി ആഗ്രഹിക്കുന്നുണ്ട്. പടിഞ്ഞാറന്‍ തമിഴ്‌നാട്ടിലെ കൊങ്ക് മേഖലയില്‍ നിന്നുള്ള നേതാവാണ് തമ്പിദുരൈ. എഐഎഡിഎംകെയ്ക്ക് ശക്തമായ സ്വാധീനമുള്ള പ്രദേശം ബിജെപി നോട്ടമിട്ട് വച്ചിരിക്കുന്നത് കൂടിയാണ്. അണ്ണാ ഡിഎംകെയെ വിഴുങ്ങി തമിഴ്‌നാട്ടില്‍ വേരുറപ്പിക്കുക എന്നത് ബിജെപിയുടെ വലിയ സ്വപ്‌നമാണ്. ജയലളിതയുടെ അഭാവം ഇതിന് സഹായകമാവുമോ എന്ന് നിരീക്ഷകര്‍ ഉറ്റുനോക്കുന്നുണ്ട്.  

ഭരണതലത്തില്‍ ജയലളിതയ്ക്ക് ഉപദേശം നല്‍കിയിരുന്ന ഷീല ബാലകൃഷ്ണന്‍ വലിയ സ്വാധീനം ചെലുത്തുന്നു. പനീര്‍സെല്‍വത്തിന്‌റെ ഉപദേശകയും അവരാണ്. അത് അദ്ദേഹത്തിന് ശക്തമായ പിന്തുണയാകും. എന്നാല്‍ പൊതുസമൂഹത്തിലും പാര്‍ട്ടിയിലും ജയലളിതയ്ക്കുണ്ടായിരുന്ന പ്രഭാവവും അപ്രമാദിത്വവും പനീര്‍സെല്‍വത്തിന് അന്യമാണ്. ഓഫീസില്‍ മുഖ്യമന്ത്രിയുടെ കസേര മാറ്റി വച്ച് മറ്റൊരു കസേരയിലാണ് പനീര്‍സെല്‍വം ഇരുന്നിരുന്നത്. സൗമ്യനായ പനീര്‍സെല്‍വത്തിന് വിധേയത്വം വളരെ കൂടുതലാണ്. ജയലളിത ജയിലില്‍ പോയതിനെ തുടര്‍ന്ന് രണ്ടാംതവണ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കേണ്ടി വന്നപ്പോള്‍ പനമീര്‍സെല്‍വം പൊട്ടിക്കരഞ്ഞു. ഇതോടെ പനീര്‍സെല്‍വത്തിന് കണ്ണീര്‍സെല്‍വം എന്ന പേരും വീണു.

എന്നാല്‍ കടുത്ത ജയലളിതാ വിരുദ്ധതയുടെ ചരിത്രവും പനീര്‍സെല്‍വത്തിനുണ്ട്. എംജിആറിനോടുള്ള കടുത്ത ആരാധനയാണ് പനീര്‍സെല്‍വത്തെ രാഷ്ട്രീയത്തിലേയ്ക്ക് അടുപ്പിക്കുന്നത്. എംജിആര്‍ മരിച്ചപ്പോള്‍ എഐഎഡിഎംകെ രണ്ടായി പിളര്‍ന്നിരുന്നു. എംജിആറിന്‌റെ ഭാര്യ ജാനകിയുടെ നേതൃത്വത്തിലുള്ള വിഭാഗവും ജയലളിതയുടെ നേതൃത്വത്തിലുള്ള വിഭാഗവും. അക്കാലത്ത് ജാനകി ഗ്രൂപ്പിനൊപ്പമായിരുന്നു പനീര്‍സെല്‍വം. 1989ലെ തിരഞ്ഞെടുപ്പില്‍ ജയലളിത ആദ്യമായി ബോഡിനായ്ക്കന്നൂരില്‍ നിന്ന് മത്സരിച്ചപ്പോള്‍ അവര്‍ക്കെതിരെ പ്രചാരണ രംഗത്ത് സജീവമായിരുന്നു പനീര്‍സെല്‍വം. അതേസമയം പാര്‍ട്ടിയില്‍ ജയലളിത പിടിമുറുക്കിയ ശേഷം പനീര്‍സെല്‍വം കളം മാറ്റി. 1999ല്‍ ജയലളിതയുടെ സുഹൃത്ത് ശശികലയുടെ അനന്തരവന്‍ ടിടിവി ദിനകരന്‍ ആയിരുന്നു പെരിയാകുളം ലോക്‌സഭാ മണ്ഡലത്തില്‍ എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി. പനീര്‍സെല്‍വത്തിന്‌റെ നേതൃത്വത്തില്‍ നടന്ന ശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ജയലളിതയ്ക്ക് മതിപ്പുണ്ടാക്കി.

തേവര്‍ സമുദായ പ്രതിനിധി എന്ന നിലയില്‍ പനീര്‍സെല്‍വത്തിന് പാര്‍ട്ടിയില്‍ വലിയ പ്രാധാന്യമുണ്ട്. തേവര്‍മാര്‍ക്കിടയിലെ ഉപജാതിയായ മരവര്‍ വിഭാഗത്തില്‍ പെടുന്നയാളാണ് പനീര്‍സെല്‍വം. തെക്കന്‍ തമിഴ്‌നാട്ടില്‍ പ്രബലമായ തേവര്‍ സമുദായത്തില്‍ സ്വാധീനം ശക്തമാക്കുന്നതില്‍ പനീര്‍സെല്‍വത്തെ പോലുള്ള നേതാക്കളുടെ സ്വാധീനം വലിയ പങ്ക് വഹിക്കുന്നുണ്ട്. കന്യാകുമാരി ജില്ലയൊഴി്ച്ചാല്‍ തെ്ക്കന്‍ തമിഴ്‌നാട്ടിലും മദ്ധ്യ തമിഴ്‌നാട്ടിലും പാര്‍ട്ടിക്ക് വ്യക്തമായ മേധാവിത്തമുണ്ടാക്കുന്നതില്‍ തേവര്‍ പിന്തുണയ്ക്ക് വലിയ പങ്കുണ്ട്.

അതേസമയം സര്‍ക്കാര്‍ ജോലികളില്‍ സംവരണം സംബന്ധിച്ച് തിരഞ്ഞെടുപ്പ് കാലത്ത് തേവര്‍മാര്‍ക്ക് പനീര്‍സെല്‍വം ഉറപ്പ് കൊടുത്തിരുന്നു. മേഖലയിലെ കൃഷിക്കാര്‍ക്കും നിരവധി വാഗ്ദാനങ്ങള്‍ പനീര്‍സെല്‍വം നല്‍കിയിരുന്നു. ഇതൊന്നും ഇതുവരെ നടപ്പായിട്ടില്ല. കഴിഞ്ഞ വര്‍ഷം സംവരണ പ്രശ്‌നവുമായി ബന്ധപ്പെട്ട് മരവര്‍ വിഭാഗത്തില്‍ പെട്ട കുറേ പേര്‍ പനീര്‍ സെല്‍വത്തിനെതിരെ കരുവേല്‍നായകംപട്ടി ഗ്രാമത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പട്ടയം അനുവദിക്കാമെന്ന വാഗ്ദാനം പാലിക്കാത്തതില്‍ മലയോര കര്‍ഷകര്‍ക്കും പരാതിയുണ്ട്. പൊലീസിനേയും അധികാര സംവിധാനങ്ങളേയും ഉപയോഗിച്ച് പെരിയാകുളം മേഖലയില്‍ സമാന്തര ഭരണ വ്യവസ്ഥയുണ്ടാക്കിയിരിക്കുകയാണ് പനീര്‍സെല്‍വത്തിന്‌റെ കുടുംബവും തേവര്‍ സമുദായവുമെന്ന ആരോപണം ശക്തമാണ്. ചായക്കട നടത്തിയായിരുന്നു പനീര്‍സെല്‍വം തുടക്കത്തില്‍ ഉപജീവന മാര്‍ഗം കണ്ടെത്തിയിരുന്നത്.

അത്ര ദുര്‍ബലനാണ് പനീര്‍സെല്‍വം എന്ന് പറയാനാവില്ല. പനീര്‍സെല്‍വത്തിന്‌റെ വളര്‍ച്ച അതാണ് കാണിക്കുന്നത്. നാട്ടുകാരനും ബന്ധുവുമായ ചെല്ലപാണ്ഡ്യന് പനീര്‍സെല്‍വത്തെ കുറിച്ച് ആരെങ്കിലും ചോദിച്ചാല്‍ പറയാനുള്ളത് എംജിആറിനെ കുറിച്ചാണ്. എംജിആറുമായി ഒരു സാമ്യവും പനീര്‍സെല്‍വത്തിന് ഇല്ലെങ്കില്‍ പോലും. മണിരത്‌നത്തിന്‌റെ നായകന്‍ എന്ന സിനിമയിലെ പ്രശസ്തമായ ആ ഡയലോഗ് ചെല്ലപാണ്ഡ്യന്‍ ചിരിച്ചുകൊണ്ട് ആവര്‍ത്തിക്കും. എംജിആര്‍ നല്ലവരാ കെട്ടവരാ. കൃത്യമായ ഉത്തരമില്ല. ഇത് പനീര്‍സെല്‍വത്തിനും ബാധകം. പനീര്‍സെല്‍വം ശാന്തനും മിതഭാഷിയുമാണ്. പക്ഷെ അയാളുടെ വേരുകള്‍ ആഴത്തിലുള്ളതാണ്. ചെല്ലപാണ്ഡ്യന്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍