UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തെമ്മാടിക്കൂട്ടങ്ങള്‍ മാന്യത പൂശുമ്പോള്‍- പങ്കജ് മിശ്ര എഴുതുന്നു

Avatar

പങ്കജ് മിശ്ര
(ബ്ലൂംബര്‍ഗ്)

ഇതുപോലൊരു നവംബര്‍ മാസത്തിലാണ് 30 വര്‍ഷം മുമ്പ് രാഷ്ട്രീയക്കാരുടെ നേതൃത്വത്തില്‍ ഒരു ഭ്രാന്തന്‍ ആള്‍ക്കൂട്ടം ഡല്‍ഹിയില്‍ ഏതാണ്ട് 3000 സിഖുകാരെ കൂട്ടക്കൊല ചെയ്തത്. കഴുത്തില്‍ കത്തുന്ന ടയര്‍ കെട്ടിത്തൂക്കിയാണ് പലരേയും കൊന്നത്. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അവരുടെ സിഖ് അംഗരക്ഷകര്‍ കൊന്നതിലുള്ള പ്രതികാരമായിരുന്നു ആ വംശഹത്യ. കുറച്ചാഴ്ചകള്‍ക്കുശേഷം നടന്ന ദേശീയ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി, കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്കിയ പലരും നേതാക്കളായിരുന്ന കക്ഷി, വന്‍ഭൂരിപക്ഷം നേടി.

ഇപ്പോള്‍ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ഡല്‍ഹിയുടെ ചില ഭാഗങ്ങള്‍ വീണ്ടും ഇത്തരം, ഉണ്ടാക്കിയെടുക്കപ്പെട്ട വിദ്വേഷത്തില്‍ കുതിരുകയാണ്. 1984-ല്‍ നൂറുകണക്കിന് സിഖുകാരുടെ കൂട്ടക്കൊലയ്ക്ക് സാക്ഷ്യം വഹിച്ച ത്രിലോക്പുരി പ്രദേശത്ത് അടുത്തിടെ ഹിന്ദു-മുസ്ലീം സംഘര്‍ഷങ്ങള്‍ അസ്വാസ്ഥ്യം വിതച്ചു. ന്യൂനപക്ഷ സമുദായത്തിന് മേല്‍ ക്രൂരമായ പോലീസ് ഭീകരതയാണ് തുടര്‍ന്ന് അരങ്ങേറിയത്.

രാജ്യത്തെങ്ങും വര്‍ഗീയ സംഘര്‍ഷങ്ങളിലും, വിദ്വേഷ ആക്രമങ്ങളിലും ഉണ്ടാകുന്ന വര്‍ദ്ധന ശിക്ഷിക്കപ്പെടാതെ പോയ 1984-ലെ കുറ്റകൃത്യങ്ങളിലേക്കും അതിന്റെ ഒട്ടും സുഖകരമല്ലാത്ത പാഠങ്ങളിലേക്കും വിരല്‍ചൂണ്ടുന്നു: എങ്ങനെയാണ് കൂട്ടക്കൊലപാതകങ്ങള്‍, വലിയ രാഷ്ട്രീയപദവികളും  കൂറ്റന്‍ തെരഞ്ഞെടുപ്പ് വിജയങ്ങള്‍ സമ്മാനിക്കുന്നതെന്നും, അടിമകളല്ലെങ്കിലും മിക്കപ്പോഴും വഴങ്ങിക്കൊടുക്കുന്ന മാധ്യമങ്ങളുടെ കണ്‍മുന്നില്‍ എങ്ങനെയാണ് നീതിന്യായ സംവിധാനം നോക്കുകുത്തിയാകുന്നതെന്നും.

ഇകണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വാരികയില്‍ എഴുതിയ ഒരു ലേഖനത്തില്‍ “1984 എന്ന വര്‍ഷം ഇന്ത്യയില്‍ ക്രൂരതയ്ക്കും, നിയമരാഹിത്യത്തിനും പുതിയ മാനദണ്ഡങ്ങള്‍ എങ്ങനെ നിശ്ചയിച്ചു” എന്നു ചരിത്രകാരനായ ദിലീപ് സിമിയന്‍ വ്യക്തമാക്കുന്നുണ്ട്. ഇന്നിപ്പോള്‍ മിക്ക ഇന്ത്യക്കാരും “കൂട്ടകുറ്റകൃത്യങ്ങളിലെ പങ്കാളിത്തം ഒരാളെ അധികാരപദവികള്‍ കയ്യാളുന്നതില്‍നിന്നും തടയുന്നു എന്നു വിശ്വസിക്കുന്നില്ല. അവര്‍ ‘വികസന’ത്തെ നീതിയില്‍നിന്നും വേറിട്ട് കാണുന്നു. മതേതര മൂല്യങ്ങളും നിയമാനുസൃതമായ ഭരണനിര്‍വ്വഹണവും കൂടാതെയുള്ള വികസനം സ്വേച്ഛാധിപത്യത്തിലേക്ക് നയിക്കുമെന്ന് അവര്‍ മറക്കുന്നു.”

1984-ല്‍ കോണ്‍ഗ്രസ് ഹീനമായ വിധത്തില്‍ അക്രമത്തെ ഉപയോഗിച്ചത് പിന്നീട് 1990-കളില്‍ ആയിരക്കണക്കിനാളുകളുടെ മരണത്തിലേക്ക് നയിച്ച കലാപങ്ങളുണ്ടാക്കിയ ഭാരതീയ ജനതാ പാര്‍ട്ടിയുടെ വര്‍ഗീയ രാഷ്ട്രീയത്തിന്  ഒരു ‘ശേഷിവര്‍ധക’ ക്രിയയായി എന്നും സിമിയന്‍ നിരീക്ഷിക്കുന്നു. 2002-ല്‍ ഗുജറാത്തില്‍ നടന്ന മുസ്ലീം വംശഹത്യ സംസ്ഥാനത്ത് ബി ജെ പിയെ അരക്കിട്ടുറപ്പിച്ചു എന്നു മാത്രമല്ല, നരേന്ദ്രമോദിക്ക് ഡല്‍ഹിയിലെ അധികാരക്കസേരയിലേക്കുള്ള ആരോഹണം സുഗമമാക്കുകയും ചെയ്തു.

ബെസ്റ്റ് ഓഫ് അഴിമുഖം 

ബിപിന്‍ ചന്ദ്രമാര്‍ വിടപറയുമ്പോള്‍ ആദിത്യനാഥുമാര്‍ അപ്പോസ്തലന്മാരാവുന്നു
കാശ്മീര്‍ ലക്ഷ്യമിട്ട് സംഘപരിവാര്‍
മതേതരത്വം ആരുടെ ആവശ്യമാണ്‌? ശിവസേന നല്കുന്ന ദുരന്തസൂചന
കത്തുന്ന ഡല്‍ഹിയെക്കുറിച്ചാണിത്; മോദിയെക്കുറിച്ചും
നാണംകെട്ട മറവികളുള്ള നാം എന്ന സമൂഹം

എന്നാല്‍, ഒരു പ്രധാന വ്യത്യാസമുണ്ട്. വിഭജിച്ചു ഭരിക്കുക എന്നത് ഇപ്പോള്‍ വെറുമൊരു അവസരവാദ തെരഞ്ഞെടുപ്പ് തന്ത്രത്തെക്കാള്‍  വലിയ കളിയാണ്. ഹിന്ദു ദേശീയവാദികളുടെ കൂട്ടുകുടുംബക്കാര്‍ തെരഞ്ഞെടുപ്പ് വിജയങ്ങളെ, ഇന്ത്യയുടെ സാമൂഹ്യ, രാഷ്ട്രീയ ഭൂമികയെ വിനാശകരമാം വിധം മാറ്റിയെഴുതാനുള്ള അവസരമായാണ് കാണുന്നത്. മുസ്ലീങ്ങള്‍, ക്രിസ്ത്യാനികള്‍, ഉദാരവാദികള്‍, കമ്മ്യൂണിസ്റ്റുകാര്‍, മതേതരവാദികള്‍, പടിഞ്ഞാറന്‍ സര്‍ക്കാരേതര സന്നദ്ധ സംഘടനകള്‍, സ്വതന്ത്ര ചിന്താഗതിയുള്ള സ്ത്രീകള്‍ എന്നിങ്ങനെ യഥാര്‍ത്ഥവും സാങ്കല്‍പ്പികവുമായ ഒറ്റപ്പെട്ട കൂട്ടങ്ങള്‍ക്കെതിരെ ഒരു സ്ഥിരം ഹിന്ദു ഭൂരിപക്ഷത്തെ ദൃഢപ്പെടുത്തലാണ് അവരുടെ ലക്ഷ്യം.

ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ ബംഗ്ലാദേശി മുസ്ലീം കുടിയേറ്റക്കാര്‍ക്കുവേണ്ടി ഭൂമി നല്കാന്‍ കണ്ടാമൃഗങ്ങളെ കൊന്നു എന്നാരോപിച്ച് ഈ വര്‍ഷത്തെ തെരഞ്ഞെടുപ്പ് വേളയില്‍ മോദി ഭരണത്തിലിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനെ ആക്രമിച്ചു. ഇപ്പോള്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ അന്താരാഷ്ട്ര ശ്രദ്ധയില്‍ നിറഞ്ഞുനില്‍ക്കുന്നതിനാല്‍, മറഞ്ഞിരിക്കുന്ന ആഭ്യന്തര, വൈദേശിക ശത്രുക്കളെ ‘നിര്‍വ്വചിക്കാ’നും ‘തുറന്നുകാട്ടാനു’മുള്ള ദൌത്യം മോദി തന്റെ അനുയായികള്‍ക്ക് വിട്ടുകൊടുത്തിരിക്കുന്നു.

അവരുടെ ഇഷ്ടപ്പെട്ടൊരു പ്രയോഗം ‘ലവ് ജിഹാദ്’ആണ്. ഹിന്ദു സ്ത്രീകളെ ഗര്‍ഭിണികളാക്കി ഇന്ത്യയെ ഇസ്ലാമികവത്കരിക്കാനുള്ള മുസ്ലീം ശ്രമം എന്ന ആരോപണവുമായി ഒരു ബി ജെ പി എം പി നടത്തിയ പ്രയോഗമാണിത്. “ഒരു നിയമവും ലംഘിക്കാതെ പരസ്പരസമ്മതമുള്ള, പ്രായപൂര്‍ത്തിയായ മനുഷ്യരെ സദാചാര വര്‍ഗീയ മേല്‍നോട്ടക്കാരായി സ്വയം അവരോധിച്ച ആള്‍ക്കൂട്ടം ഭീഷണിപ്പെടുത്തുകയും, തല്ലുകയും, ഒരു മധ്യകാല ഉച്ചാടനക്രിയപോലെ മുഖത്ത് കറുത്ത ചായം പൂശുകയും ചെയ്തു” എന്നാണ്  കഴിഞ്ഞ മാസം ഇതിനെക്കുറിച്ച് ന്യൂയോര്‍ക് ടൈംസില്‍ സോണിയ ഫലേരിയോ എഴുതിയത്.

സദാചാരഭ്രംശം ആരോപിച്ച് സ്ത്രീകളെ ആക്രമിക്കുകയും, പുസ്തകങ്ങളും ചിത്രങ്ങളും കത്തിക്കുകയും ചെയ്ത ഇത്തരം ഹിന്ദു തെമ്മാടിക്കൂട്ടങ്ങള്‍ക്ക് പുതിയൊരു സ്വാധീനവും മാന്യതയും കൈവന്നിരിക്കുന്നു. വെന്‍ഡി  ഡോനിഗറുടെ ‘The Hindus’ എന്ന പുസ്തകം നശിപ്പിക്കുന്നതിലേക്ക് നയിച്ച പ്രചാരണത്തിന് നേതൃത്വം നല്കിയ ദിനാനാഥ് ബത്രയുടെ പുസ്തകങ്ങള്‍ ഗുജറാത്തിലെ വിദ്യാലയങ്ങളില്‍ നിര്‍ബന്ധിത പാഠമാണ്. അതേസമയം വിഖ്യാത ചരിത്രപണ്ഡിത റൊമീല ഥാപ്പര്‍ മുഖ്യധാര നിരീക്ഷകരാല്‍ ‘സിക്കുലര്‍ കൊമ്മീ’ ആയി അപഹസിക്കപ്പെടുന്നു. സ്വതന്ത്ര ഇന്ത്യയില്‍ കലാപം പടര്‍ത്തുന്നതിന്റെ പേരില്‍ രണ്ടു തവണ നിരോധിക്കപ്പെട്ട ഹിന്ദു ദേശീയവാദി സംഘടന, രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ-ആര്‍ എസ് എസ്- അദ്ധ്യക്ഷന് ദേശീയ ടെലിവിഷനില്‍ മുസ്ലീം നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരെ വിഷം തുപ്പാന്‍ പ്രധാന സമയം നല്കുന്നു.

എന്തിന്, ഔദ്യോഗിക ചരിത്രപുസ്തകങ്ങള്‍ പരസ്യമായി ചുട്ടെരിക്കണമെന്ന് ഡല്‍ഹിയിലെ ദേശീയ മ്യൂസിയത്തില്‍ വെച്ചു ഒരു മുതിര്‍ന്ന ബി ജെ പി നേതാവ് കഴിഞ്ഞ മാസം ആവശ്യപ്പെട്ടു. തങ്ങളുടെ ഹിന്ദു പാരമ്പര്യം അംഗീകരിക്കുംവരെ മുസ്ലീംങ്ങളുടെ സമ്മതിദാനാവകാശം ഏടുത്തുകളയണമെന്ന്  ഇയാള്‍ ഇതിനുമുമ്പ് ആവശ്യപ്പെട്ടിരുന്നു. രണ്ടു നിര്‍ദേശത്തോടും ട്വിറ്ററിലെ അയാളുടെ ഏതാണ്ട് ഒരു ദശലക്ഷം വരുന്ന അനുയായികള്‍ ആവേശത്തോടെയാണ്  പിന്തുണ പ്രകടിപ്പിച്ചത്.

എന്തും അനുവദിക്കപ്പെടുന്ന നിഷേധാത്മകമായ, ഹിംസാത്മകമായ മൂല്യബോധത്തിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ് നവ സാമൂഹ്യ മാധ്യമങ്ങളില്‍ ഏതാണ്ടൊരു ഭ്രാന്തന്‍ ആള്‍ക്കൂട്ടമായി  രൂപപ്പെട്ടിട്ടുള്ള നവ-ഹിന്ദു ട്വിറ്റര്‍, ബ്ലോഗ് ഉപയോക്താക്കള്‍. ഇന്ത്യയുടെ പൊതുവിടം (ചുരുങ്ങിയത് ഓണ്‍ലൈനിലെങ്കിലും) വളരെപ്പെട്ടെന്ന്  “നാം ശ്വസിക്കുന്ന വായുവിനെപ്പോലും വിഷമയമാക്കുന്ന തരത്തില്‍ അധികാരത്തോട് ആര്‍ത്തിനിറഞ്ഞ മനോവൈകല്യമുള്ള സാമൂഹ്യവിരുദ്ധരും, കുറ്റകരമായ വിധത്തില്‍ ഉന്‍മാദികളുമായ ആളുകള്‍”എന്ന് സിമിയന്‍ വിശേഷിപ്പിക്കുന്നവര്‍ ആധിപത്യം പുലര്‍ത്തുന്ന ഒന്നായി മാറിയിരിക്കുന്നു.

നിരാശയില്‍നിന്നും, സിമിയന്‍ തന്റെ പ്രതീക്ഷ അര്‍പ്പിക്കുന്നത്, “ജനപ്രിയ മുന്‍വിധികളെ ശക്തിപ്പെടുത്താതെ, വിദ്വേഷത്തെ ശമിപ്പിക്കാന്‍ യുക്തിസഹമായി സംസാരിക്കുന്ന” രാഷ്ട്രീയ നേതാക്കളിലാണ്. മോദി എന്തായാലും അത്തരം ജ്ഞാനോദയ നിമിഷങ്ങളുടെ ലക്ഷണമൊന്നും കാണിക്കുന്നില്ല. തടയിടാത്ത വര്‍ഗീയ വെളിപാടുകള്‍ ആളിക്കത്തിച്ച കൂട്ടക്കൊലകള്‍ക്ക് സാക്ഷ്യം വഹിച്ച് മൂന്ന്പതിറ്റാണ്ടിനിപ്പുറവും  ധാര്‍മിക വിദ്വേഷത്തിന്റെ ഉന്‍മാദത്തില്‍ നിന്നും ഇന്ത്യക്കാരെ പിന്തിരിപ്പിക്കുന്ന രാഷ്ട്രീയ, നൈതിക നിയന്ത്രണങ്ങള്‍ തീര്‍ത്തും ദുര്‍ബ്ബലമായിരിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍