UPDATES

ഇന്ത്യ

പന്‍സാരെ വധം: സനാതന്‍ സന്‍സ്ത അന്തേവാസികള്‍ക്ക് നല്‍കിയിരുന്ന തീര്‍ഥം സ്‌കീസോഫ്രീനിയയ്ക്കുള്ള മരുന്ന്

സി.പി.ഐ നേതാവ് ഗോവിന്ദ് പന്‍സാരെയുടെ കൊലപാതകത്തിനു പിന്നിലുള്ളതെന്ന് സംശയിക്കപ്പെടുന്ന തീവ്ര ഹിന്ദുത്വ സംഘടന സനാതന്‍ സന്‍സ്ത തങ്ങളുടെ ആശ്രമങ്ങളിലെ അന്തേവാസികള്‍ക്ക് നല്‍കിയിരുന്നത് സ്‌കീസോഫ്രീനിയയ്ക്കും മറ്റ് മനോരോഗങ്ങള്‍ക്കുമുള്ള മരുന്നെന്ന് കേസ് അന്വേഷിക്കുന്ന പ്രത്യേകാന്വേഷണ സംഘം (SIT). പന്‍സാരെ വധവുമായി ബന്ധപ്പെട്ട് പ്രതിപ്പട്ടികയിലുള്ള രണ്ടു പേരുടെ ഭാര്യമാര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നതെന്ന് SIT തങ്ങളുടെ കുറ്റപത്രത്തില്‍ വ്യക്തമാക്കി. 2015 ഫെബ്രുവരി 16-നാണ് പ്രഭാതനടത്തത്തിനിടെ, പന്‍സാരെയ്ക്കും ഭാര്യ ഉമ പന്‍സാരെയ്ക്കും നേരെ ബൈക്കിലെത്തിയ രണ്ടു പേര്‍ വെടിവയ്ക്കുന്നത്. പന്‍സാരെ കൊല്ലപ്പെടുകയും ഉമ ദേഹം തളര്‍ന്ന് കിടപ്പിലാവുകയും ചെയ്തു.

ശാസ്ത്രീയ രീതിയില്‍ ആത്മീയ വഴികള്‍ തേടാനുള്ള മാര്‍ഗമെന്ന നിലയില്‍ 1999-ലാണ് ഹിപ്നോട്ടിസ്റ്റ് ജയന്ത് അത്താവാലെ സനാതന്‍ സന്‍സ്ത സ്ഥാപിക്കുന്നത്. പിന്നാലേ ഇന്ത്യയിലും പല വിദേശ രാജ്യങ്ങളിലും സംഘടനാ ആശ്രമങ്ങള്‍ സ്ഥാപിച്ചു. എന്നാല്‍ ആത്മീയ വഴികളല്ല, തീവ്രഹിന്ദുത്വ ആശയങ്ങളാണ് സംഘടനാ പിന്‍തുടരുന്നതെന്നും ഇതിന്റെ പേരില്‍ നിരവധി ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നുമുള്ള വിവരങള്‍ പുറത്തുവന്നു. ഗോവയില്‍ നടന്ന ബോംബ് സ്ഫോടനത്തിന് പുറമെ താനേ, വാശി,പന്‍വേല്‍ എന്നിവിടങ്ങളിലെ തീയേറ്ററുകളില്‍ ബോംബുകള്‍ സ്ഥാപിച്ച കുറ്റത്തിന് സനാതന്‍ സന്‍സ്തയുടെ അംഗങ്ങള്‍ സംശയ നിഴലിലാണ്. ചില കേസുകളില്‍ അംഗങ്ങളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പന്‍സാരെയ്ക്ക് പുറമെ നരേന്ദ്ര ധബോല്‍ക്കര്‍, എംഎം കല്‍ബുര്‍ഗി എന്നിവരുടെ കൊലപാതകത്തിലും ഈ സംഘടനയ്ക്ക് പങ്കുണ്ടെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. ഈ കേസുകള്‍ അന്വേഷണദിശയിലാണ്. അതിനിടെയാണ് സന്‍സ്തയുടെ ആശ്രമങ്ങളില്‍ തീര്‍ഥമെന്ന പേരില്‍ നല്‍കിയിരുന്നത് മനോരോഗ ചികിത്സയ്ക്കുള്ള മരുന്നുകളാണെന്ന വിവരം പുറത്തുവന്നിരിക്കുന്നത്.

സനാതന്‍ സന്‍സ്തയുടെ ആശ്രമങ്ങളില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് വിശദമായി പറയുക മാത്രമല്ല അവിടുത്തെ അന്തോവാസികള്‍ക്ക് നല്‍കുന്ന മരുന്നുകളെക്കുറിച്ചും രണ്ടു സ്ത്രീകളും മൊഴി നല്‍കിയിട്ടുണ്ടെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. ദൈവീക മരുന്ന് എന്ന നിലയിലാണ് അവര്‍ക്ക് ഇത് നല്‍കിയിരുന്നത്. കേസിലെ പ്രതികളിലൊരാളായ ഡോ. വീരേന്ദ്ര താവ്‌ഡെയുടെ മുന്‍ഭാര്യ ഡോ. നിധി താവ്‌ഡെ തന്റെ മൊഴിയില്‍ പറയുന്നത് താന്‍ 2013-നും 2014-നും ഇടയില്‍ സനാതന്റെ പന്‍വേല്‍ ആശ്രമത്തില്‍ താമസിക്കുമ്പോള്‍ തനിക്ക് “ആത്മീയ സുഖപ്പെടുത്തലി”ന് ചില മരുന്നുകള്‍ തന്നിരുന്നു എന്നാണ്. ആശ്രമത്തിലെ ഡോക്ടര്‍ നല്‍കിയ ഈ മരുന്ന് പരിശോധിച്ചപ്പോള്‍ അത് സ്‌കീസോഫ്രീനിയ രോഗികള്‍ക്ക് നല്‍കുന്ന ‘amisulpride’ ആണെന്ന് മനസിലായെന്നും അവര്‍ പറയുന്നു.


ധബോല്‍ക്കര്‍, പന്‍സാരെ, കല്‍ബുര്‍ഗി

അതുപോലെ എല്ലാ ദിവസവും രാവിലെ എട്ടു മണിക്ക് അവിടുത്തെ അന്തോവാസികള്‍ക്ക് ദിവ്യജലം എന്ന പേരിലും ഇത്തരം മനോരോഗ ചികിത്സക്കുള്ള മരുന്നുകള്‍ നല്‍കിയിരുന്നുവെന്ന് ഡോ. നിധി പറയുന്നു. സുധേഷ്ണ പിമ്പാലെ എന്ന സന്യാസിനി ഒരു ചെറിയ ഗ്ലാസ് വെള്ളത്തില്‍ രണ്ടു തുള്ളി ‘ദിവ്യാവൗഷധം’ ചേര്‍ത്ത് കുടിക്കാന്‍ നല്‍കും. ഇത് തീര്‍ഥം അല്ലെങ്കില്‍ അമൃത് ആണെന്നാണ് ഞങ്ങളോട് പറഞ്ഞിട്ടുള്ളത്. ഇതു കുടിച്ചു കഴിയുന്നതോടെ ഒരുതരം മയക്കത്തിലേക്ക് പോകും. എന്നാല്‍ പതിയെയാണ്, എനിക്ക് തന്നുകൊണ്ടിരുന്ന അമൃത് യഥാര്‍ഥത്തില്‍ മനോരോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ‘resperidone’ ആണെന്ന് മനസിലാകുന്നതെന്നും അവര്‍ പറയുന്നു.

ആശ്രമത്തിലെ30-35 അന്തേവാസികള്‍ക്കെങ്കിലും എല്ലാ ദിവസവും ഈ മരുന്ന് നല്‍കുന്നുണ്ടെന്ന് പിന്നീട് താന്‍ കണ്ടെത്തി. ആശ്രമത്തിന്റെ അധികാരികളിലൊരാളായ ആശാ താക്കൂറിന്റെ ഉപദേശപ്രകാരമാണ് ഇത് നല്‍കുന്നതെന്നും പിന്നീട് മനസിലാക്കി. താന്‍ ഇതിനെച്ചൊല്ലി ഭര്‍ത്താവുമായി വഴക്കുണ്ടാക്കിയെന്നും എന്നാല്‍ ആ മരുന്നുകള്‍ നല്‍കുന്നത് തന്നെ സുഖപ്പെടുത്താനാണ് എന്നുമാണ് അദ്ദേഹം പറഞ്ഞതെന്നും ഡോ. നിധി പറയുന്നു തന്റെ ഭര്‍ത്താവിനും ഇത്തരത്തില്‍ മരുന്നുകള്‍ നല്‍കിയരുന്നുവെന്ന് തനിക്ക് മനസിലായതായി അവര്‍ മൊഴിയില്‍ പറയുന്നു.

കേസിലെ മറ്റൊരു പ്രതിയായ, ഗോവ സ്ഫോടനക്കേസില്‍ ഒളിവില്‍ കഴിയുന്ന വിനയ് പവാറിന്റെ ഭാര്യ ശ്രദ്ധാ പവാര്‍ ഗോവയിലും പന്‍വേലിലുമുള്ള ആശ്രമത്തില്‍ നടക്കുന്ന കാര്യങ്ങളും പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. രാവിലെ എട്ടു മണിക്ക് പ്രധാന പ്രാര്‍ഥനാ ഹാളില്‍ നടക്കുന്ന ആരതി പൂജയോടെയാണ് ദിവസം ആരംഭിക്കുന്നത് 11 മണിക്ക് ആദ്യ ഭക്ഷണം. വൈകിട്ട് ആറുമണിക്കും ഇതുപോലെ പൂജയുണ്ടാവും. സനാതന്‍ സന്‍സ്തയുടെ സ്ഥാപകന്‍ ഡോ. ജയന്ത് അത്താവാലെക്കുറിച്ച് ശ്രദ്ധ പോലീസിന് നല്‍കിയ മൊഴി ഇങ്ങനെയാണ്. പ്രാര്‍ഥന നടക്കുന്ന ഹാളില്‍ നീല നിറത്തിലുള്ള വലിയൊരു മഗ് വച്ചിട്ടുണ്ട്. അത്താവാലയുടെ ദിവ്യശക്തി കൊണ്ട് മഗ്ഗിന്റെ നിറം മങ്ങിവരുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. ആ മുറിയില്‍ തന്നെ അത്താവാലയുടെ ചില തുണികള്‍ സൂക്ഷിച്ചിട്ടുണ്ടെന്നും അതില്‍ ദൈവിക കണങ്ങള്‍ ഉണ്ടെന്നുമാണ് വിശ്വസിക്കപ്പെടുന്നതെന്നും ശ്രദ്ധ പറയുന്നു.

 


ഡോ. ജയന്ത് അത്താവാല

ഹിന്ദു മതത്തെ എതിര്‍ക്കുന്നവര്‍ ദുര്‍ജനങ്ങളാണ് എന്നാണ് തന്റെ പ്രഭാഷണങ്ങളില്‍ അത്താവാലെ പറയുന്നതെന്ന് ശ്രദ്ധ പറയുന്നു. താന്‍ പന്‍സാരെയെ കണ്ടിട്ടില്ലെങ്കിലും ആശ്രമത്തിന്റെ മുഖപത്രത്തില്‍ നിന്ന് താന്‍ അദ്ദേഹത്തെക്കുറിച്ച് വായിച്ചിട്ടുണ്ടെന്നും ഹിന്ദു മതത്തിന് എതിരായി പന്‍സാരെ പ്രവര്‍ത്തിക്കുന്നു എന്നാണ് അതില്‍ പറഞ്ഞിട്ടുള്ളതെന്നും ശ്രദ്ധ വ്യക്തമാക്കുന്നു. 2009-ലെ ഗോവാ സ്‌ഫോടനത്തിനു പിന്നാലെ വിനയ് തന്നോട് പറഞ്ഞത് താന്‍ മറ്റൊരു ആശ്രമത്തിലേക്ക് ധ്യാനത്തിന് പോകുന്നുവെന്നും ഒരു മാസത്തിനുള്ളില്‍ തിരിച്ചെത്തും എന്നുമാണ്. അദ്ദേഹത്തില്‍ വിശ്വാസമുണ്ടായിരുന്നതു കൊണ്ട് താന്‍ പോലീസിനെ സമീപിച്ചില്ലെന്നും അവര്‍ പറയുന്നു.

കേസില്‍ കഴിഞ്ഞയാഴ്ച SIT ഒരു അനുബന്ധ കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു. ഡോ. താവ്‌ഡെയെ ഇതില്‍ പന്‍സാരെ വധവുമായി ബന്ധപ്പെട്ട് പ്രതി ചേര്‍ത്തിട്ടുണ്ട്. ഗോവ സ്‌ഫോടനത്തില്‍ പ്രതികളെന്ന് സംശയിക്കപ്പെടുന്ന ഒളിവിലുള്ള വിനയ് പവാര്‍, രുദ്ര പാട്ടീല്‍ സാരംഗ് അകോല്‍ക്കര്‍ എന്നിവരും കേസില്‍ പ്രതികളാണ്. സനാതന്‍ സന്‍സ്തയുടെ മറ്റൊരംഗമായ സമീര്‍ ഗെയ്ക്ക്‌വാദിനെ നേരത്തെ തന്നെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. സന്‍സ്തയുടെ പേരിലുള്ള ക്രിമിനല്‍ പ്രവര്‍ത്തികള്‍ പുറത്തുവന്നതോടെ ഇവരെ നിരോധിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ അതിന്റെ ആവശ്യമില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാരും മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാരും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍