UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പരഞ്ചോയ് ഗുഹ തക്കൂര്‍ത്ത ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലിയുടെ പുതിയ എഡിറ്റര്‍

അഴിമുഖം പ്രതിനിധി

പ്രമുഖ ഇംഗ്ലീഷ് വാരികയായ ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലി(ഇപിഡബ്ല്യു)യുടെ എഡിറ്ററായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഗവേഷകനുമായ പരഞ്ചോയ് ഗുഹ തക്കൂര്‍ത്തയെ നിയമിച്ചു. ഈ വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ തക്കൂര്‍ത്ത വാരികയുടെ എഡിറ്റോറിയല്‍ സാരഥ്യം ഏറ്റെടുക്കും.

ന്യൂഡല്‍ഹി ആസ്ഥാനമായുള്ള സമീക്ഷ ട്രസ്റ്റിന്റെ കീഴില്‍ പ്രസിദ്ധീകരിക്കുന്ന വാരികയാണ് ഇപിഡബ്യു. ഇന്നു ചേര്‍ന്ന ട്രസ്റ്റ് യോഗത്തിലാണ് പരഞ്ചോയിയെ എഡിറ്ററായി നിയമിക്കാനുള്ള തീരുമാനം ഉണ്ടായത്. ദീപക് നയ്യാര്‍ ചെയര്‍മാനായുള്ള ട്രസ്റ്റില്‍ ഡി എന്‍ ഗണേഷ്, ആന്‍ഡ്രെ ബെറ്റലി, റൊമില ഥാപ്പര്‍, ജീന്‍ ഡ്രെസ്, രാജീവ് ഭാര്‍ഗവ എന്നിവരാണ് മറ്റ് അംഗങ്ങള്‍. 

പതിനൊന്നു വര്‍ഷം ഇപിഡബ്ല്യുവിന്റെ എഡിറ്റര്‍ ആയി സേവനം അനുഷ്ഠിച്ച സി റാം മനോഹര്‍ റെഡ്ഡിയുടെ പിന്‍ഗാമിയായാണ്  തക്കൂര്‍ത്ത എത്തുന്നത്. ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്ക്‌ലി അതിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് പരഞ്ചോയ് പുതിയ എഡിറ്ററായി സ്ഥാനമേല്‍ക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. 2016 ഓഗസ്റ്റ് മുതല്‍ 2017 ഓഗസ്റ്റ് വരെ ഒരുവര്‍ഷം നീളുന്ന ആഷോഘപരിപാടികള്‍ക്കാണ് ട്രസ്റ്റ് രൂപം കൊടുക്കുന്നത്.

ഇപ്പോള്‍ സ്വതന്ത്ര പത്രപ്രവര്‍ത്തകനായി പ്രവര്‍ത്തിക്കുന്ന പരഞ്ചോയ് ഗുഹ തക്കുര്‍ത്ത 35 വര്‍ഷക്കാലത്തെ പത്രപ്രവര്‍ത്തക ജീവിതത്തിനിടയില്‍ ബിസിനസ് ഇന്ത്യ, ബിസിനസ് വേള്‍ഡ്, ദി ടെലിഗ്രാഫ്, ഇന്‍ഡ്യ ടുഡേ തുടങ്ങി നിരവധി മാധ്യമ സ്ഥാപനങ്ങളില്‍ ജോലിചെയ്തിട്ടുണ്ട്. കൂടാതെ അദ്ധ്യാപകന്‍, അഭിമുഖകാരന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍, കമന്റേറ്റര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച പരഞ്ചോയ് 2 ജി അഴിമതിയുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയില്‍ പരാതി നല്‍കുകയും റിലയന്‍സിന്റെ കൃഷ്ണഗോദാവരി ഖനനപര്യവേഷണത്തിന്റെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന ‘ഗ്യാസ് വാര്‍’ എന്ന പുസ്തകം എഴുതുകയും ചെയ്തിട്ടുണ്ട്. പരഞ്ചോയ് ഗുഹ തകുര്‍ത്ത സംവിധാനം ചെയ്ത ഡോക്യുമെന്ററിയാണ് കോള്‍ കേഴ്‌സ്. രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ്, ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല, ജാമിയ മിലിയ ഇസ്ലാമിയ എന്നിവിടങ്ങളില്‍ ഗസ്റ്റ് ലെക്ചറായി പ്രവര്‍ത്തിച്ചു വരുന്നു തക്കൂര്‍ത്ത അഴിമുഖത്തില്‍ കോളമിസ്റ്റ് കൂടിയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍