UPDATES

സിനിമ

കള്ളക്കടത്തുകാരന്‍ കാദറും കാര്യസ്ഥന്‍ വാസുവും; ഓര്‍മകളില്‍ പറവൂര്‍ ഭരതന്‍

Avatar

രാകേഷ് നായര്‍

കള്ളക്കടത്തുകാരന്‍ കാദര്‍ മീശ പിരിച്ചപ്പോള്‍ പ്രേക്ഷന്‍ ഭയന്നുവിറച്ചു, കാര്യസ്ഥന്‍ വാസു മീശ വിറപ്പിച്ചപ്പോള്‍ പൊട്ടിച്ചിരിച്ചു. അതായിരുന്നു പറവൂര്‍ ഭരതന്‍ എന്ന നടന്റെ കഴിവ്. കുറെക്കാലം ഭയപ്പെടുത്തിയും പിന്നീടുള്ള കാലം പൊട്ടിച്ചിരിപ്പിച്ചതിനും ശേഷം മൗനമാര്‍ന്നൊരു ഇടവേള. നാടകവേദികളിലും വെള്ളിത്തിരയിലും നിറഞ്ഞുനിന്ന ആ കലാകാരന്‍ പറവൂരിലെ വീട്ടില്‍, വിട്ടുപോകാന്‍ വെമ്പുന്ന ഓര്‍മകളും പ്രായാധിക്യത്തിന്റെ അസ്വസ്ഥതകളുമായി പിന്നീടുള്ള കാലം ഒതുങ്ങിക്കൂടി. തേടി ചെല്ലുവന്നവരോടുള്ള സന്തോഷം പ്രകടിപ്പിച്ചും, വിട്ടുവിട്ടുപോകുന്ന പഴയകാലത്തിന്റെ കഥകള്‍ പറഞ്ഞുകൊടുത്തും ജീവിച്ചു തീര്‍ക്കുകയായിരുന്നു. ഒടുവിലിപ്പോള്‍ യാത്ര പറഞ്ഞു പോയിരിക്കുന്നു. 

അഭിനയത്തിന്റെ ലാളിത്യവും അനായാസതയും ജന്മസിദ്ധമായി ലഭിച്ച നടനായിരുന്നു പറവൂര്‍ ഭരതന്‍. വ്യത്യസ്ത കഥാപാത്രങ്ങളുടെ ഭാവപ്പകര്‍ച്ചകളിലൂടെ പ്രേക്ഷകനെ പേടിപ്പെടുത്താനും പൊട്ടിച്ചിരിപ്പിക്കാനും ആ നടനു കഴിഞ്ഞതിനു കാരണവുമതാണ്. മുട്ടിനുമേലെ മുണ്ടുമാടിക്കുത്തി, ട്രൗസറിന്റെ അറ്റം കാട്ടി, കപ്പട മീശ പിരിച്ചു നടക്കുന്ന നാടന്‍ ചട്ടമ്പിയും, ഇത്രകാലം ഞാനീവഴി നടന്നിട്ടും അങ്ങനൊരു മരം അവിടെ കണ്ടിട്ടില്ലെന്നു സംഭ്രമത്തോടെ മുതലാളിയോടു കുറ്റസമ്മതം നടത്തുന്ന പാവം കാര്യസ്ഥനും ഈ നടന്റെ കൈയില്‍ ഭദ്രമായിരുന്നു.

നാടകത്തില്‍ നിന്നു സേലം വഴി സിനിമയിലേക്ക്
ദാരിദ്ര്യവും കലയുമായിരുന്നു ഭരതന്റെ കൂടെപ്പിറപ്പുകള്‍. ജീവിതപ്രാരാബ്ദമേറിയപ്പോള്‍ പഠനം പകുതിയില്‍വെച്ച് നിര്‍ത്തേണ്ടി വന്നു ഭരതന്. അ്‌പ്പോഴേക്കും തട്ടില്‍ കയറിക്കഴിഞ്ഞിരുന്നു. ജീവിക്കണമെങ്കില്‍ ജോലിക്കു പോകണം. എങ്കിലും മനസിലെ അഭിനയമോഹം വിട്ടുകളയാന്‍ കഷ്ടപ്പാടുകള്‍ക്കിടയിലും തോന്നിയിരുന്നില്ല. നാട്ടിലെ നാടകട്രൂപ്പുകളില്‍ അഭിനയിച്ചു; ഒഴിവുസമയങ്ങളില്‍ മറ്റു ജോലികള്‍ക്കു പോയി. അങ്ങനെ ജീവിതം കടന്നുപോകുന്നതിനിടയിലാണ് വിജയഭാനു എന്ന സൃഹൃത്ത് ഭരതന് സിനിമയിലേക്ക് വഴിയൊരുക്കിയത്. രക്തബന്ധം എന്ന നാടകം അതേപേരില്‍ തന്നെ സിനിമയാക്കുകയാണ്. ചെറിയൊരു വേഷം തരപ്പെടുത്താമെന്ന് സുഹൃത്ത് ഉറപ്പു പറഞ്ഞു. വാക്ക് വെറുതെയായില്ല. രക്തബന്ഘത്തില്‍ ചെറിയ വേഷം കിട്ടി. ഒരു ബാങ്ക് പ്യൂണിന്റെ. സേലത്തായിരുന്നു ഷൂട്ടിംഗ്. മദ്രാസ് സിനിമയുടെ കേന്ദ്രമാകുന്നതിനു മുന്‍പ് സേലവും കോയമ്പത്തൂരുമായിരുന്നു സിനിമയുടെ പ്രധാനയിടങ്ങള്‍. അമ്പതു രൂപയായിരുന്നു അന്ന് പ്രതിഫലമായി കിട്ടിയത്. സിനിമയില്‍ നിന്നുള്ള ആദ്യത്തെ പ്രതിഫലം. കൈയ്യില്‍ അമ്പതുരൂപ തികച്ചു കിട്ടിയപ്പോള്‍ ലോകം എഴുതിവാങ്ങിക്കാനുള്ള സമ്പത്ത് തനിക്കുണ്ടായിരിക്കുന്നു എന്ന തോന്നലായിരുന്നു ഭരതന്.

ഇന്നത്തെപ്പോലെ പഞ്ചനക്ഷത്ര സൗകര്യങ്ങളുടെ ലോകമായിരുന്നില്ല ആദ്യകാലത്ത് സിനിമ. നായകന്‍ തൊട്ട് ലൈറ്റ്‌ബോയ് വരെ ഒരുപാട് കഷ്ടപ്പാടുകള്‍ അനുഭവിക്കണം. ഷൂട്ടിംഗ് തുടങ്ങുന്ന ദിവസം ലേബര്‍ ക്യാമ്പുകളിലെപ്പോലെ പ്രധാന അഭിനേതാക്കള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും അവശ്യസാധന വിതരണമുണ്ട്. ഒരു പായ, പുതപ്പ്, ഇരുമ്പ് ബക്കറ്റ്, മഗ്, സ്റ്റീല്‍ പാത്രം, സ്റ്റീല്‍ ഗ്ലാസ് എന്നിവയാണ് സാധനങ്ങള്‍. ഇതെല്ലാം ഷൂട്ടിങ് കഴിയുമ്പോള്‍ ഭംഗിയായി തിരിച്ചു കൊടുക്കുകയും വേണം. അതു പലര്‍ക്കും ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. സാധനങ്ങള്‍ സൂക്ഷിക്കുന്നതല്ല, തിരിച്ചുകൊടുക്കുന്നത്. പലപ്പോഴും ആ ‘കൊടുക്കല്‍’ ഉണ്ടാകില്ല. ഒരാള്‍ക്ക് ഒരു മുറിയെന്ന രീതിയൊന്നും അന്നില്ല. രണ്ടുമൂന്നുപേര്‍ക്ക് കൂടി ഒരു മുറിയായിരുന്നു. ഇന്നത്തെ സിനിമാക്കാര്‍ക്ക് ഇതൊക്കെ ചിന്തിക്കാന്‍ പറ്റുമോ? അങ്ങനെ എല്ലാവരും കൂടി കഴിഞ്ഞതുകൊണ്ട് ഞങ്ങളെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളെ പോലായിരുന്നു. പില്‍ക്കാലത്ത് നസീര്‍ സാറിനൊക്കെ പ്രത്യേക മുറി കിട്ടിത്തുടങ്ങിയപ്പോള്‍ അദ്ദേഹം ഞങ്ങളെ ആരെയെങ്കിലുമൊക്കെ ആ മുറിയില്‍ താമസിപ്പിക്കും. എത്രയോവട്ടം ഞാന്‍ നസീര്‍ സാറിന്റെ സഹമുറിയനായി കഴിഞ്ഞിട്ടുണ്ട്. പിന്നിട് നസീര്‍ സാറും മുത്തയ്യയും ചേര്‍ന്ന് മദ്രാസില്‍ ഒരു വാടകവീടെടുത്തു താമസമാരംഭിച്ചു. രണ്ടുപേരുടെയും കുടുംബങ്ങളും ഒപ്പമുണ്ടായിരുന്നു. ആ വീട്ടിലും ഞാന്‍ താമസിച്ചിട്ടുണ്ട്; പഴയകാലങ്ങളോര്‍ത്തെടുത്തുകൊണ്ട് ഒരിക്കല്‍ ഭരതന്‍ പറഞ്ഞു.

ഭയപ്പെടുത്തി നേടിയ ഇഷ്ടം
ആദ്യകാലത്തെ സിനിമകള്‍ക്കുശേഷം വീണ്ടും നാടകത്തിലേക്കു തന്നെ തിരിച്ചുപോയി. സിനിമയുടെ ഗ്ലാമര്‍ ഒപ്പമുണ്ടായിരുന്നതുകൊണ്ട് നാടകലോകത്ത് കൂടുതല്‍ പ്രശസ്തി കിട്ടി. നാടകാഭിനയം തുടര്‍ന്നെങ്കിലും മനസ് സിനിമയില്‍ ഉറച്ചുപോയിരുന്നു. തിരിച്ചു സിനിമയിലേക്കുള്ള വിളി കാത്തിരുന്നു. അപ്പോഴാണ് മെരിലാന്റിന്റെ കറുത്തകയ്യിലെ വേഷം കിട്ടുന്നത്. മുഴുനീള വേഷമായിരുന്നു; കള്ളക്കടത്തുകാരന്‍ കാദര്‍. ആദ്യത്തെ വില്ലന്‍ വേഷവും അതായിരുന്നു. സിനിമാലോകത്ത് പറവൂര്‍ ഭരതന്‍ എന്ന നടന്‍ കാലുറപ്പിച്ച് നില്‍ക്കാന്‍ തുടങ്ങിയത് ആ വേഷത്തോടെയാണ്. ആ ചിത്രത്തോടെ ഭരതനെ അവസരങ്ങള്‍ തേടിവരാന്‍ തുടങ്ങി. തടിച്ചുരുണ്ട ശരീരവും കപ്പടാമീശയും വലിയ കണ്ണുകളുമായി പറവൂര്‍ ഭരതന്‍ പ്രേക്ഷമനസിലേക്ക് നടന്നുകയറുകയായിരുന്നു, പിന്നീടൊരിക്കലും തിരച്ചിറങ്ങേണ്ടാത്തവിധം. സത്യന്‍മാഷും നസീര്‍ സാറുമൊക്കെ ആ വേഷത്തിന് തന്നെ ഒരുപാടു അഭിനന്ദിച്ചതും ബാലചന്ദ്രമേനോന്‍ തന്നെ കാണുമ്പോഴൊക്കെ കറുത്തകയ്യിലെ കാദറിനെപ്പറ്റി പറയുന്നതൊക്കെ അദ്ദേഹത്തിന്റെ മുഖത്ത് സന്തോഷം വിടര്‍ത്തുന്ന ഓര്‍മ്മകളായിരുന്നു.

നസീര്‍ വിളിച്ചു, ഭരതന്‍ മാഷേ…
ഭരതന്‍മാഷേ… എന്നു നീട്ടിയാണ് നസീര്‍ ഭരതനെ വിളിച്ചിരുന്നത്. അസേ…, എന്നാണ് നസീര്‍ പൊതുവെ എല്ലാവരെയും വിളിക്കുന്നതെങ്കിലും ഭരതനെ മാത്രം ഭരതന്‍മാഷ് എന്നുവിളിച്ചു. സിനിമയില്‍ നസീറിനെക്കാള്‍ സീനിയറാണ് ഭരതന്‍. നസീറിന്റെ ആദ്യം ചിത്രമായ മരുമകള്‍ ഭരതന്റെ മൂന്നാമത്തെ ചിത്രമായിരുന്നു. സിനിമയില്‍ ഞാനാണ് അദ്ദേഹത്തെക്കാള്‍ സീനിയറെങ്കിലും, സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും കാര്യത്തില്‍ എന്റെ മാത്രമല്ല, ഇന്നോളമുള്ള മലയാള നടന്മാരെക്കാളൊക്കെ എത്രയോ മുകളിലാണ് അദ്ദേഹത്തിന്റെ സ്ഥാനമെന്നായിരുന്നു ഭരതന്‍ നസീറിനെക്കുറിച്ച് പറഞ്ഞിരുന്നത്. അക്കാലത്ത് അഭിനേതാക്കള്‍ക്ക്പ്രതിഫലമായി കൂടുതലും കിട്ടിയിരുന്നത് വണ്ടിച്ചെക്കുകളായിരുന്നു. നസീറിനു വരെ വണ്ടിച്ചെക്കു കൊടുക്കും. പക്ഷേ അദ്ദേഹമതിനാരോടും പരാതി പറയാനൊന്നും നിന്നില്ല. എന്നാല്‍ ഒരിക്കല്‍ നസീര്‍ ഇതേകാര്യത്തില്‍ ദേഷ്യപ്പെട്ട് സംസാരിച്ചത് ഭരതനു വേണ്ടിയായിരുന്നു. ഒരു സിനിമയുടെ പ്രതിഫലമായി ഭരതന് കിട്ടിയത് വണ്ടിച്ചെക്കാണെന്നു അറിഞ്ഞപ്പോള്‍ നസീറിന് സ്വതസിദ്ധതമായ ശാന്തത കൈവിട്ടു. ഭരതന്റെ ജീവിതാവസ്ഥ അദ്ദേഹത്തിനറിയാം. ഭരതന്റെയെന്നല്ല, ആ നിലയിലുള്ള തന്റെ സഹപ്രവര്‍ത്തകരുടെയെല്ലാം ജീവിതം എത്രമാത്രം ദുരിതത്തിലാണെന്ന് നസീര്‍ മനസ്സിലാക്കിയിരുന്നു. അതുകൊണ്ടുതന്നെയാണ് ഭരതന് വണ്ടിച്ചെക്കു കൊടുത്തു പറ്റിക്കാന്‍ നോക്കുന്നൂവെന്നറിഞ്ഞപ്പോള്‍ രോഷം വന്നത്. ഉടന്‍ തന്നെ പ്രൊഡ്യൂസറെ വിളിച്ചു, എന്താ.. അസേ, ആ ഭരതന്‍ മാഷിന് വണ്ടിച്ചെക്ക് കൊടുത്തത്? അവര്‍ക്കൊക്കെ കാശ് കിട്ടിയാലെ ജീവിക്കാന്‍ കഴിയൂ.. ഇത്തരത്തില്‍ ഒരുവട്ടമല്ല പലവട്ടം കിട്ടില്ലെന്നു കരുതിയ കാശ് ഭരതനടക്കമുള്ളവര്‍ക്ക് നസീര്‍ വാങ്ങിക്കൊടുത്തിരുന്നു.

വൃത്തിയുള്ള കമ്യൂണിസ്റ്റ്
പറവൂര്‍ ഭരതനും ശങ്കരാടിയും അടുത്തടുത്ത നാട്ടുകാരാണ്. പറവൂരിനടുത്തുള്ള ചെറായിയാണ് ശങ്കരാടിയുടെ നാട്. രണ്ടുപേരും പരിചയപ്പെടുന്നത് സിനിമയില്‍ വന്നശേഷമാണെന്നുമാത്രം. പരിചയം പെട്ടെന്നു വലിയ സൗഹൃദമായി. അടുത്തടുത്ത നാട്ടുകാരെന്നതിനപ്പുറം, രണ്ടുപേരേയും അടുപ്പിച്ച മറ്റൊരു ഘടകം കൂടിയുണ്ടായിരുന്നു. കറകളഞ്ഞ കമ്യൂണിസ്റ്റുകാരായിരുന്നു ഭരതനും ശങ്കരാടിയും. വൃത്തിയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയും നടത്താത്ത ഭരതനെ വൃത്തിയുള്ള കമ്യൂണിസ്റ്റ് എന്നാണ് ശങ്കരാടി വിളിച്ചിരുന്നത്.

പാലുണ്ണിയും ചക്കരയും
നാടകത്തില്‍ തന്റെ ജോടിയായി അഭിനയിച്ച തങ്കമണിയെയാണ് ജീവിതത്തിലും ഭരതന്‍ നായികയാക്കിയത് . മാറ്റൊലി എന്ന നാടകത്തിലായിരുന്നു രണ്ടുപേരും ഒരുമിച്ച് അഭിനയിച്ചത്. ഭരതന്റെ കഥാപാത്രം പാലുണ്ണിയും തങ്കമണിയുടെത് ചക്കരയും. പാലുണ്ണിയുടെ മുഖ്യജോലി വീട്ടുജോലിക്കാരിയായ ചക്കരയുടെ പിറകെ നടപ്പാണ്. നാടകത്തില്‍ ചക്കര പാലുണ്ണിയെ ആട്ടിയോടിക്കുന്നുണ്ടെങ്കിലും ജീവിതത്തില്‍ ഭരതന്‍ വിളിച്ചപ്പോള്‍ തങ്കമണി കൂടെച്ചെന്നു. ചക്കരയ്ക്ക് പാലുണ്ണിയെ വേണ്ടായിരുന്നെങ്കിലും തങ്കമണി അങ്ങനെ ചെയ്തില്ലെന്നാണ് സരസമായി ഭരതന്‍ തന്റെ ഭാര്യയെ നോക്കി പറഞ്ഞത്.

വിവാഹം കഴിയുന്ന സമയം ഭരതന്‍ സിനിമയില്‍ സജീവമായിക്കഴിഞ്ഞിരുന്നു. അക്കാലത്ത് മദ്രാസിലാണ് ഷൂട്ടിംഗ്. എല്ലാ ആഴ്ച്ചയും ഭരതന്‍ വീട്ടിലേക്ക് കത്തയയ്ക്കും. കുടുംബം ആയിരുന്നു മറ്റെന്തിലും വലുത്. സ്വന്തം കൈപ്പട മോശമായതിനാല്‍ മറ്റാരെയെങ്കിലും കൊണ്ടാകും കത്തെഴുതിപ്പിക്കുന്നത്. പറവൂര്‍ ഭരതന് കത്തെഴുതിക്കൊടുത്തിരുന്നതിന്റെ ഓര്‍മ്മകള്‍ സത്യന്‍ അന്തിക്കാട് കുറിച്ചിട്ടുണ്ട്.

2003ല്‍ ഇറങ്ങിയ സിഐഡി മൂസ എന്ന ചിത്രത്തിനുശേഷം മുഖത്ത് ചായം തേച്ചില്ല പറവൂര്‍ ഭരതന്‍. സ്വയം നടത്തിയ പിന്‍വാങ്ങലായിരുന്നു. മലയാള സിനിമയില്‍ ഇന്നുള്ളവരില്‍ ഏറ്റവും സീനിയറായ ഈ നടന്‍ തനിക്കുമാത്രം ചെയ്യാന്‍ കഴിയുന്ന പല കഥാപാത്രങ്ങളെയും ഉപേക്ഷിച്ചായിരുന്നു ജീവിതത്തിന്റെ ഓരത്തേക്ക് മാറി നിന്നത്. പലരും നിര്‍ബന്ധിച്ചു. അവരോടെല്ലാം ശുദ്ധനായ ഒരു നാട്ടിന്‍പുറത്തുകാരന്റെ നിഷ്‌ക്കളങ്കമായ ചിരിയോടെ അദ്ദേഹം പറഞ്ഞത്; വയ്യ… ഇനി അഭിനയം ശരിയാകില്ലെന്നായിരുന്നു…

ജീവിതസായന്തനത്തില്‍ ശരീരത്തിനെയും മനസിനെയും ഒരുപോലെ ബാധിച്ച ഭയത്തിന് അടിമപ്പെട്ടുപോയൊരു പാവം മനുഷ്യന്റെ വെറും തോന്നല്‍ മാത്രമായിരുന്നു അത്. ആയിരത്തിലേറെ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചൊരാള്‍ അല്ലെങ്കില്‍ അങ്ങനെ പറയുമോ? ആര്‍ക്കായിരുന്നു പറവൂര്‍ ഭരതനെ ഇഷ്ടമല്ലാതിരുന്നത്. നടനായിട്ടും നല്ലൊരു മനുഷ്യനായിട്ടും അദ്ദേഹത്തെ എല്ലാവരും സ്‌നേഹിച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ… അതുകൊണ്ടാണ് ആ ശൂന്യത വല്ലാത്തൊരു വേദന നമ്മളില്‍ ഉണ്ടാക്കുന്നത്…മരണമില്ലാത്ത മറ്റൊരു കലാകാരനായി പറവൂര്‍ ഭരതന്‍ മാറുന്നത്…

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍