UPDATES

കാഴ്ചപ്പാട്

ഡോ. ജിമ്മി മാത്യു

ന്യൂസ് അപ്ഡേറ്റ്സ്

ആചാരവെടികളും കൂട്ടമരണങ്ങളും: ചിന്തിക്കാന്‍ സമയമായി

ഒരു രോഗിക്ക് രക്തസമ്മര്‍ദ്ദം കൂടുതലായിരുന്നു. എന്റെ ഒരു സുഹൃത്താണ് ആളെ ചികിത്സിച്ചുകൊണ്ടിരുന്നത്. വളരെ നിയന്ത്രണ വിധേയമായ രോഗം പെട്ടെന്ന് കൈവിട്ടു പോകാന്‍ തുടങ്ങി. പ്രഷര്‍ അടിച്ചു കയറുകയാണ്. മരുന്നുകള്‍ കൂട്ടി. പലതും മാറ്റി നോക്കി. എന്നാലും അത്ര ശരിയാകുന്നില്ല.

ഇയാള്‍ അടുത്തകാലത്ത് ചെറിയൊരു നാട്ടിന്‍പുറത്തുനിന്ന് നഗരത്തിലേക്ക് മാറിത്താമസിച്ചു. അന്നുമുതലാണ് രോഗത്തിന്റെ ഗതി മാറിയത്.

അഞ്ചുനേരം അടുത്ത പള്ളിയില്‍ നിന്ന് വലിയ മൈക്കിലൂടെ കര്‍ണ്ണകഠോരമായി ഒഴുകിയെത്തുന്ന വാക്‌വീചികള്‍. വേറൊരു പള്ളിയില്‍ നിന്ന് സ്തുതിഗീതങ്ങള്‍. സാധാരണ മനുഷ്യന്‍  ഉറങ്ങുകയും വിശ്രമിക്കുകയും ചെയ്യുന്ന സമയങ്ങളിലാണ് ഈ ജനദ്രോഹ പരിപാടി.

പിന്നെ അടുത്തൊമ്പരലമുണ്ട്. ഉത്സങ്ങളും ചടങ്ങുകളും കൂടിക്കൂടിവരികയാണ്. ഭയങ്കര വിശ്വാസവും ആചാരങ്ങളോടുള്ള ആര്‍ത്തിയുമാണ് ഈയിടെയായി. പെട്ടെന്ന് മറ്റുള്ള മതങ്ങളോട് കാര്യമായി മത്സരിക്കണം എന്ന ഒരു അദമ്യമായ വാഞ്ച വേരൂന്നിയതു പോലെയാണ് കാര്യങ്ങള്‍. എല്ലാം ഉത്സവത്തിനും പ്രധാന ഇനം കൊട്ടും വെടിയുമാണ്.

പള്ളിയില്‍ നിന്ന് പ്രാര്‍ത്ഥന കഴിയുമ്പോഴേയ്ക്കും കൊട്ട് മുറുകും. കൊട്ട് കഴിഞ്ഞാല്‍ വെടി. പത്തു മണി കഴിഞ്ഞ് ഒന്നുറങ്ങുമ്പോഴേക്കും പന്ത്രണ്ട് മണിക്ക് കൊട്ടുതുടരും. പിന്നെ കൃത്യമായി പ്ലാന്‍ ചെയ്തതുപോലെ  രണ്ടു മണി, നാലുമണി, ആറുമണി അങ്ങനെ  രാത്രി മുഴുവന്‍ കലാപരിപാടികള്‍ തന്നെ.

എല്ലാം കൊണ്ടും ദൈവങ്ങള്‍ അതിഭയങ്കരമായ പ്രസാദിക്കേണ്ടതാണ്. പക്ഷേ പലവിധ പ്രശ്‌നങ്ങള്‍ നിറഞ്ഞ ലോകത്തിന്റെ ബഹുവിധ ഗുലുമാലുകള്‍ കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ച് ഉറങ്ങുകയാണ് ദൈവം.

സാമ്പത്തികമാന്ദ്യം തുടരുന്നു. യൂറോപ്പ് കരകയറുന്നില്ല. ചൈന തീരെ ശരിയല്ല. ഇന്ത്യ അവിടെയും ഇവിടെയും ഇല്ലാതെ നില്‍ക്കുന്നു. വളര്‍ച്ചയൊക്കെയുണ്ട്. പെട്രോളിനു കാശു കുറക്കാത്തതുകൊണ്ട് ഖജനാവില്‍ പണമുണ്ട്. കമ്മി ബജറ്റാവാതെ തിളങ്ങി നില്‍ക്കാന്‍ സാധിക്കുന്നുണ്ട്. ഭരണാധികാരി ഭരണകാര്യങ്ങളില്‍ കണിശക്കാരനെന്നു പറയുന്നു.

പക്ഷേ കണിശം ലേശം കൂടിയോ എന്നാണ്  സംശയം. അതിപുരാതന സംസ്‌കാരസമ്പന്നതയില്‍ വാര്‍ത്തെടുത്ത ശ്ലോകമായ നിയമങ്ങളോട് ഇന്ത്യന്‍ ഭരണഘടനയേക്കാള്‍ ഒരു ചായ്‌വ് വരുന്നുണ്ട് പലര്‍ക്കും. ഈ ഭരണഘടന കൊണ്ട് ഇതുവരെ എന്തുനേടി? വേറെ നിയമങ്ങളുണ്ടല്ലോ. മനുവിന്റെ മധുരമനോജ്ഞ ആധികാരിക ഗ്രന്ഥമുണ്ട്. ഒന്നെടുത്ത് കീച്ചിയാല്‍ മതി പകുതി പ്രശ്‌നങ്ങള്‍ അപ്രത്യക്ഷമാകും.

വേറെ ചിലര്‍ക്ക് ‘ശരി’യായ നിയമമുണ്ട്. പിന്നെ രണ്ടായിരം വര്‍ഷമായ കാനന്‍ നിയമവും ഉണ്ടെന്ന് വച്ചോളൂ. ഇതൊക്കെ ഒരു കോംപറ്റീഷനാണ്. തൊമ്മന്‍ മുറുകുമ്പോള്‍ ചാണ്ടിയും മുറുകും.

ഇതുകൊണ്ടുതന്നെ അസഹിഷ്ണുത കൂടി കൂടി വരുന്നുണ്ടെന്ന് ചിലര്‍ പറയുന്നുണ്ട്. വിവരമില്ലാത്തവരാണവര്‍.

എന്നാലും എന്തുകൊണ്ടോ ചിലര്‍ കാലികളെ കൊണ്ടുപോകുന്ന കുട്ടികളെ അടിച്ചുകൊന്ന് കെട്ടിത്തൂക്കുന്നു. മട്ടണ്‍ കഴിച്ച വൃദ്ധനെ വീട്ടില്‍ കയറി വെട്ടുന്നു. ഒരിക്കലും തല പൊക്കില്ലെന്നു വിചാരിച്ച ചില ക്ഷുദ്രജീവികള്‍ കോളേജ് കാമ്പസുകളില്‍ നിന്ന് പൊങ്ങിവന്ന് ചാനലുകളില്‍ വിലസുന്നു. പാലും തേനും ഒഴുക്കുന്ന അരുവികളില്‍ കുളിക്കുന്ന കന്യകമാരില്‍ ഉള്‍ക്കണ്ണു നട്ട് സ്വയം പൊട്ടിത്തെറിച്ച് നിരപരാധികളെ കൂട്ടത്തോടെ കൊല്ലുകയും തച്ചുടയ്ക്കുകയും ചെയ്യുന്നവരും കുറവല്ല.

പിന്നെ ആഗോളതാപനം ഉണ്ട്. മഴയില്ല. ചൂടുകൂടി കൂടി വരുന്നുണ്ട്. കൃഷിക്കാര്‍ ആത്മഹത്യ ചെയ്യുന്നു. പരിസ്ഥിതി മലിനീകരണം, കുന്നുകള്‍ നിരത്തല്‍, പാടങ്ങള്‍ നികത്തല്‍, സ്ഥലവാസികളെ ഒഴിപ്പിക്കല്‍, മണല്‍ വാരല്‍ മുതലായ മനുഷ്യന് ഒരു പങ്കുമില്ലാത്ത പ്രകൃതിജന്യദുരന്തങ്ങള്‍ വര്‍ദ്ധിച്ചുവരുന്നു. കണ്ണുംപൂട്ടിയുറങ്ങുന്ന ദൈവം; അഥവാ ദൈവങ്ങള്‍. ഇതാണ് ഈ പ്രശ്‌നങ്ങളുടെയെല്ലാം മൂലകാരണം. അദ്ദേഹത്തെ ഉണര്‍ത്താനാണ് ഈ ശബ്ദകോലാഹലങ്ങളെല്ലാം.

അപ്പോള്‍ നമ്മുടെ രോഗിയുടെ കാര്യം. കുറച്ചുനാളായി ആളെ കാണാനില്ല. പിന്നെയാണറിഞ്ഞത് ആള്‍ ഭ്രാന്താശുപത്രിയില്‍ അഡ്മിറ്റാണെന്ന്. കുറച്ചുദിവസമായി ചില പെരുമാറ്റ വ്യത്യാസങ്ങളൊക്കെ കണ്ടിരുന്നു. അപ്പോഴാണ് തൊട്ടടുത്ത ഫ്‌ളാറ്റില്‍ പ്രാര്‍ത്ഥനാ യോഗം. കൊട്ടുംപാട്ടിനുമിടയിലേക്ക് ഓടിക്കയറിയ നമ്മുടെ കഥാപാത്രം പ്രധാന പുരോഹിതന്റെ ചെപ്പക്കുറ്റിയില്‍ നോക്കി ഒരു കതിനാവെടി പൊട്ടിക്കുകയായിരുന്നു. വെടിയുടെ ആഘാതത്തില്‍ അദ്ദേഹത്തിന്റെ കണ്ണുകളില്‍ ഇരട്ടപ്പൂത്തിരി കത്തി.

യോഗത്തിനു വന്നവര്‍ അഹിംസയൊക്കെ മറന്ന് നായകന്റെ മുതുകത്ത് ചറപറാ മാലപ്പടക്കം പോലുള്ള അടികള്‍ പൊട്ടിച്ചു. കുറേനാളായി ദുര്‍ബലമായിരുന്ന മസ്തിഷ്‌ക്കത്തിന്റെ ഫ്യൂസ് അതോടെ തെറിച്ചു. അതാണ് സംഭവിച്ചത്.

നമ്മള്‍ നഗ്നരും നൂറുനൂറ്റമ്പതാളുകള്‍ മാത്രമുള്ള കൂട്ടങ്ങളില്‍ ജീവിക്കുന്നവരുമായിരുന്നു. രണ്ടുമൂന്നു ലക്ഷം വര്‍ഷക്കാലം അങ്ങനെയാണ് ജീവിച്ചത്. ആ ചറ്റുപാടില്‍ വികസിച്ചതാണ് മനുഷ്യമസ്തിഷ്‌കം. സ്വഗോത്രത്തിലെ ദൈവത്തിനുള്ള ബലി, ഉത്സവം ഒക്കെ എല്ലാവര്‍ക്കും ഉള്ളതാണ്. ആട്ടം, പാട്ട്, കൊട്ട്, കുടി – രാത്രി മുഴുവന്‍ ആഘോഷമാണ്; ദൈവവും പ്രസാദിക്കും.

ചെറു ഗ്രാമങ്ങളില്‍ സ്ഥിതി വളരെ വ്യത്യസ്തമല്ല. ഒരേ മനസ്സോടെ ആള്‍ക്കാര്‍ ആചാരങ്ങള്‍ കൊണ്ടാടുന്നു. ഒരു കണക്കിന് പറഞ്ഞാല്‍ ഈ ആചാരങ്ങളാണ് അവിടുത്തെ നിയമങ്ങളുടെ ആധാരം.

കാലം മാറി. കണ്ടമാനം മാറി. ലക്ഷോപലക്ഷം മനുഷ്യരില്‍ നിന്ന് കോടാനുകോടി മനുഷ്യരായി. നഗരങ്ങളാണ് ഇപ്പോള്‍ ഉള്ളത്. മഹാനഗരങ്ങളില്‍ ജീവിക്കുന്നവരുടെ എണ്ണം കൂടിവരുന്നു. അനിവാര്യമായ ഒരു മാറ്റം ആണ് ഇത്.

നഗരങ്ങളില്‍ ജീവിക്കുന്നവരുടെ ശരാശരി രക്തസമ്മര്‍ദ്ദം ഗ്രാമങ്ങളില്‍ ജീവിക്കുന്നവരേക്കാള്‍  അഞ്ചുമുതല്‍ പത്തു പോയിന്റ് വരെ കൂടുതലാണഎന്ന് പഠനങ്ങള്‍ പറയുന്നു. അമിത ഉത്കണ്ഠ മുതല്‍ എല്ലാത്തരം മാനസികരോഗങ്ങളും കൂടുതലാണ്. വേറെയും ജീവിതശൈലീരോഗങ്ങള്‍ അധികമായി കണ്ടുവരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ അധികരിച്ച മാനസികസമ്മര്‍ദ്ദം ഉളവാക്കാന്‍ കാരണങ്ങളുള്ള സ്ഥലങ്ങളാണ് നഗരങ്ങള്‍.

പലതരം ആളുകള്‍ നഗരത്തിലുണ്ട്. തിങ്ങിനിറഞ്ഞുജീവിക്കുന്നു. ക്രിസ്ത്യാനിയും മുസ്ലീമും ഹിന്ദുക്കളുമുണ്ട്. വിവിധ സമുദായക്കാരുണ്ട്. പാവങ്ങളും ഭീകരപണക്കാരുമുണ്ട്. അന്തര്‍മുഖരും ബഹിര്‍മുഖരുമുണ്ട്. സമൂഹ ആചാര വിചാരങ്ങളേക്കാള്‍ സെക്കുലര്‍ നിയമങ്ങളാണ് ആധുനിക ജീവിതത്തിനാധാരം അങ്ങനെ ആയേ ഒക്കൂ.

മത, ആചാര, ആഘോഷ ബഹളങ്ങള്‍, റോഡ്  തടഞ്ഞുള്ള കൂത്താട്ടങ്ങള്‍ ഇതൊക്കെയും കശിണ പരിധിക്കുള്ളില്‍ നിന്നില്ലെങ്കില്‍ അത് ഒരു അപരാധമായി മാറുന്നത് അതുകൊണ്ടാണ്. ഇതൊക്കെ ആസ്വദിക്കുന്നവരേക്കാള്‍ അരോചകമായി തോന്നിയാലും നിവൃത്തിയില്ലാതെ സഹിച്ച് രക്തസമ്മര്‍ദ്ദം കൂട്ടുന്നവരായിരിക്കും പരിസരവാസികള്‍ അധികവും.

സെക്കുലര്‍ നിയമങ്ങളെ മതാചാര പാരമ്പര്യപതിവുകള്‍ മുഷ്‌കുകൊണ്ട് മറികടക്കുന്നതിലൂടെ ഉണ്ടായ ഭയങ്കര പ്രത്യാഘാതമാണ് നാം കൊല്ലത്ത് കണ്ടത്. സങ്കീര്‍ണ്ണ സാമൂഹ്യജീവിതം വളരുംതോറും ചില കാര്യങ്ങളില്‍ നിയന്ത്രണം പാലിച്ചേ പറ്റൂ.

ഡോ. ജിമ്മി മാത്യു

ഡോക്ടര്‍ ജിമ്മി മാത്യു, എം സ്, എം സി എച്ച്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് എം ബി ബി സ് കഴിഞ്ഞ്, ജിപ്മെര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവയില്‍ നിന്ന് തുടര്‍ പരിശീലനങ്ങള്‍ നടത്തി. ബംഗളുരുവില്‍ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജ്, ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്, കൊച്ചി അമൃത മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ജോലി ചെയ്തിട്ടുണ്ട്. ഇന്‍ഫോ ക്ലിനിക് എന്ന കൂട്ടായ്മയുടെ മെമ്പര്‍ ആണ്. ഡി സി പ്രസിദ്ധീകരിച്ച 'ചിരിയിലൂടെ ചികിത്സ' തുടങ്ങിയ ധാരാളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. Blog - https://healthylifehappylife.in/

More Posts - Website

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍