അഴിമുഖം പ്രതിനിധി
പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്ര വെടിക്കെട്ട് ദുരന്തം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കൊല്ലം കളക്ട്രേറ്റിലും പൊലീസ് കമ്മീഷണറുടെ ഓഫീസിലും റെയ്ഡ് നടത്തി. കളക്ടറുടെ ഓഫീസില്‍ നിന്നും സിസിടിവി ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്ത ഹാര്‍ഡ് ഡിസ്‌കുകളും വെടിക്കെട്ട് നിരോധവുമായി ബന്ധപ്പെട്ട രേഖകളും കമ്മീഷണറുടെ ഓഫീസില്‍ നിന്നും രേഖകളും സംഘം ശേഖരിക്കുകയും ചെയ്തു.
വെടിക്കെട്ടിന് അനുമതി നിഷേധിച്ചതിനുശേഷം ജില്ലാ കളക്ടറെ സന്ദര്‍ശിച്ചിരുന്നുവെന്ന് ക്ഷേത്ര ഭാരവാഹികള്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. ഇത് സ്ഥിരീകരിക്കാനാണ് ഹാര്‍ഡ് ഡിസ്‌കുകള്‍ പിടിച്ചെടുത്തത്. എന്നാല്‍ ഹാര്‍ഡ് ഡിസ്‌ക് ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തിയെങ്കിലും കളക്ടറെ ഭാരവാഹികള്‍ സന്ദര്‍ശിച്ചതായി തെളിവ് കണ്ടെത്താനായില്ല.
കളക്ട്രേറ്റിലെ ചില ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. പൊലീസ് അനുവദിച്ചാല്‍ വെടിക്കെട്ട് നടത്താമെന്ന് ഭാരവാഹികള്‍ക്ക് കളക്ടര്‍ വാക്കാല്‍ അനുമതി നല്‍കിയിരുന്നുവെന്നും മൊഴിയില്‍ പറയുന്നു.
കമ്മീഷണറുടേയും കളക്ടറുടേയും മൊഴിയും എടുക്കുന്നുണ്ട്. ഇരുവരുടേയും വിശദീകരണങ്ങളില്‍ വൈരുദ്ധ്യമുണ്ട്. വെടിക്കെട്ടിന് അനുമതി നല്‍കിയത് സംബന്ധിച്ച് നിര്‍ണായക വിവരങ്ങളൊന്നും ഇതുവരെ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല.