അഴിമുഖം പ്രതിനിധി
കൊല്ലം പരവൂരിലെ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചാരണം നടത്തിയവര്‍ക്ക് എതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ഐടി സെല്‍ കണ്‍വീനര്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്കി.
ഓം ഹിന്ദു ക്രാന്തി ആര് എസ് എസ് എന്ന ട്വിറ്റര്‍ അക്കൗണ്ട് നിര്‍ഭാഗ്യകരമായ സംഭവത്തെ തീവ്രാദ ആക്രമണമായി ട്വീറ്റ് ചെയ്തത് ബിജെപിയെ അവഹേളിക്കാനും സമൂഹത്തില്‍ വിഭാഗീയത ഉണ്ടാക്കാനും ശ്രമിച്ചുവെന്നും ആ ട്വിറ്റര്‍ അക്കൗണ്ടിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്നാണ് ബിജെപി നല്കിയ പരാതിയില്‍ പറയുന്നത്. അഴിമുഖം, ഡൂള്‍ന്യൂസ്, വാസ്തവം തുടങ്ങിയ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളിലൂടെയാണ് തങ്ങള്‍ ഈ വാര്‍ത്ത അറിഞ്ഞതെന്നും ഐടി സെല്‍ കണ്‍വീനര്‍ പരാതിയില്‍ പറയുന്നു.
ഇന്നലെ പരവൂരില്‍ ദുരന്തം ഉണ്ടായതിനെ തുടര്‍ന്ന് ആര് എസ് എസ്, ബിജെപി ചായ്വ് പ്രകടിപ്പിക്കുന്ന വിവിധ ട്വിറ്റര്‍ ഹാന്‍ഡിലുകളില്‍ നിന്ന് അപകടം കമ്മ്യൂണിസ്റ്റുകളും മുസ്ലിങ്ങളും നടത്തിയ ഭീകരാക്രമണം ആണെന്ന് പറഞ്ഞ് ട്വീറ്റുകള്‍ പ്രവഹിച്ചിരുന്നു. ഇത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതിനെ തുടര്‍ന്നാണ് ബിജെപി പരാതി നല്‍കിയിരിക്കുന്നത്.