UPDATES

അപര്‍ണ്ണ

കാഴ്ചപ്പാട്

അപര്‍ണ്ണ

സിനിമ

പാർച്ച്ഡ്; അവളവളുടെ ആനന്ദം കണ്ടെത്താനുള്ള വഴികള്‍

അപര്‍ണ്ണ

ശബ്‌ദിനും തീൻ പട്ടിക്കും ശേഷം വരുന്ന ലീന യാദവ് സിനിമയാണ് പാർച്ച്ഡ്. അജയ് ദേവ്ഗണിന്റെ ആദ്യ അന്തർദേശിയ നിർമാണ സംരംഭമായ ഈ സിനിമ ടൊറന്റോ മേളയിൽ അടക്കം നിരവധി അന്തർദേശിയ വേദികളിൽ പ്രദർശിപ്പിച്ചു കഴിഞ്ഞു. ആഗോള പ്രേക്ഷകര്‍ ഈ സിനിമ മുന്നോട്ടു വെക്കുന്ന ലിംഗപദവി രാഷ്ട്രീയം ചർച്ച ചെയ്തപ്പോൾ ഇന്ത്യയിൽ രാധിക ആപ്‌തെയുടെ നഗ്നതാ പ്രദർശനത്തിന്റെ കണക്കെടുപ്പുകളാണ് നടന്നത്.

പേര് സൂചിപ്പിക്കും പോലെ പാർച്ച്ഡ് സംസാരിക്കുന്നത് വരണ്ടുണങ്ങിയ പെണ്ണുയിരിനെയും ഉടലിനെയും കുറിച്ചാണ്. ഒരു യാത്രയിൽ തുടങ്ങി മറ്റൊരു യാത്രയിൽ അവസാനിക്കുന്ന ഈ സിനിമ  മൂന്നു സ്ത്രീകളിലൂടെ ഇന്ത്യയിലെ പെണ്ണവസ്ഥകൾ വരച്ചിടുന്നു. ഗുജറാത്തിലെ ഒരു ഗ്രാമത്തിലെ മൂന്നു സ്ത്രീകളാണ് സിനിമയെ മുന്നോട്ടു കൊണ്ടുപോവുന്നത്. റാണി (തനിഷ്താ ചാറ്റർജി) എന്ന മുപ്പത്തിയൊന്നര വയസുകാരി വിധവയും കൗമാരക്കാരന്റെ അമ്മയും ആണ് ഒരുവൾ. കാറ്റ് കൊള്ളാതെ ശരീരത്തെയും മനസിനെയും കാക്കുകയാണ് തന്റെ ഏറ്റവും വലിയ ദൗത്യം എന്ന് റാണി വിശ്വസിക്കുന്നു. താൻ നെയ്യുന്ന കണ്ണാടിയുടുപ്പുകളിൽ മാത്രമേ അവൾ നിറങ്ങൾ കാണുന്നുള്ളൂ. കൗമാരം കടക്കാത്ത മകനും 15 വയസുകാരി ജാനകിയുമായി (ലെഹർ ഖാൻ) ഉള്ള വിവാഹം നടത്തുന്ന അവൾ വിവാഹ ശേഷം പുസ്തകം മറിച്ചു നോക്കുന്ന ജാനകിയോടു ഭർത്താവിനെ നോക്കേണ്ട സമയം പുസ്തകം വായിച്ച കളയരുത് എന്ന് ആക്രോശിക്കുന്നുണ്ട്. അതവൾക്ക് തലമുറകൾ ആയി പകർന്നു കിട്ടിയ അറിവാണ്.

റാണിയുടെ കൂട്ടുകാരി ലജ്ജോ (രാധിക ആപ്‌തെ) ഊർജ്ജമുള്ള പകലുകളുടെയും ഭീതിദമായ രാത്രികളുടെയും ഇടയ്ക്കു യാത്ര ചെയ്യുന്നവളാണ്. രാവിലെ കൂട്ടുകാരുടെ കൂടെ പണിയെടുക്കുമ്പോളും തുണി നെയ്യുമ്പോളും ഗ്രാമ പ്രമുഖനോട് കലഹിക്കുമ്പോളും ലജ്ജോ നിറഞ്ഞു നിൽക്കുന്നു. രാത്രി ക്രൂരമായ ഗാർഹിക പീഡനത്തിനും മക്കളില്ല എന്ന പേരിൽ ഭീകരമായ പരിഹാസങ്ങൾക്കും ഇരയാവുന്നു. റാണിയെ പോലെ പൂർണമായ വിധേയത്വം വ്യവസ്ഥയോട് ഇല്ലെങ്കിലും താൻ ഒരു വരണ്ട പാഴ്നിലം ആണെന്നും തനിക്കു സ്ത്രീയുടെ ഏറ്റവും വലിയ കടമ ആയ മക്കളെ ഉൽപാദിക്കാൻ കഴിയാത്തത് കൊണ്ടാണ് ഈ അവസ്ഥ വന്നതെന്നുമൊക്കെ അവൾ ധരിക്കുന്നുണ്ട്. അവളുടെ തന്നെ ഏതൊക്കെയോ തിരിച്ചറിവുകൾ ഇടക്കൊക്കെ ആ ധാരണയെ അട്ടിമറിച്ചു കടന്നു പോവും. 

ബിജ്‌ലി (സുർവീൻ ചൗള) ആ ഗ്രാമത്തിലെ നർത്തകിയും ലൈംഗിക തൊഴിലാളിയും  ആണ്. റാണിയുടേയും ലജ്ജോയുടെയും ഏറ്റവും വലിയ ഊർജവും ധൈര്യവും എല്ലാം ബിജ്‌ലി ആണ്. താങ്ങും തണലുമാകുമ്പോളും മകന്റെ കല്യാണത്തിന്, ഏതൊക്കെയോ പൊതുവേദികളിൽ ഒക്കെ ബിജ്‌ലി മാറ്റി നിർത്തപ്പെടണം എന്ന് റാണി ആഗ്രഹിക്കുന്നു. ”ആൾക്കാർ എന്ത് പറയും” എന്ന പേടി ലജ്ജോക്കുമുണ്ട്. കുറെയൊക്കെ പൊതുബോധത്തെ മറികടക്കുന്നുണ്ട് അവൾ. രതിവൈകൃതങ്ങൾ അനുഭവിക്കുന്ന ശരീരത്തെ, നെഞ്ചിനു മുകളിൽ തനിക്കു ശരീരം ഉണ്ടോ എന്ന സംശയത്തെ, അതിന്റെ മുറിവുകളെ ഒക്കെ ബിജ്‌ലി മറികടക്കുന്നത് ഈ രണ്ടു സ്ത്രീകളുമായുള്ള സുതാര്യമായ സൗഹൃദത്തിലൂടെയാണ്.

സിനിമ തുടങ്ങുമ്പോൾ റാണിയും ലജ്ജോയും റാണിയുടെ മകന്റെ വിവാഹമുറപ്പിക്കാൻ യാത്ര പോവുകയാണ്. റാണിയുടെ മകൻ സമൂഹത്തിലെ സ്ത്രീകളുടെ ഉയർച്ചയിൽ അസ്വസ്ഥനായ പുതുതലമുറക്കൂട്ടത്തിലെ കണ്ണിയാണ്. അവൻ ഗ്രാമത്തിൽ പുസ്തകം വിതരണം ചെയ്യുന്നവരെയും ടി വി കൊണ്ടുവരുന്നവരെയും പേടിക്കുന്നുണ്ട്. അത്തരം പുരോഗതികളോടുള്ള ഭയം കൂവിയും കളിയാക്കിയും ചിലപ്പോഴൊക്കെ തല്ലിയും തീർക്കുന്നുമുണ്ട്. ഇന്ത്യൻ പുരുഷാധിപത്യ വ്യവസ്ഥയുടെ ഏറ്റവും വലിയ ഇര ആയി സിനിമ മുന്നോട്ടു വെക്കുന്നത് അവനെ ആണ്. 15 വയസ്സിൽ അവന്റെ ഭാര്യയാകേണ്ടി വന്ന ജാനകിക്കു നഷ്ടപ്പെട്ടത് അവളുടെ പഠനം, സ്വപ്‌നങ്ങൾ, പ്രണയം, കൗമാരം ജീവിതം അങ്ങനെ പലതുമാണ്.

ബിജ്‌ലി എന്ന ബഹിഷ്കൃതയിലൂടെ ആണ് റാണിയും ലജ്ജോയും സ്വയം തിരിച്ചറിയുന്നത്. റാണിക്ക് സ്വാതന്ത്ര്യത്തിലേക്കും ലജ്ജോക്കു പ്രണയത്തിലേക്കുമുള്ള വഴി പറഞ്ഞു കൊടുക്കുന്നത് ബിജ്‌ലി ആണ്. റാണിയുടെ ഭർത്താവും തങ്ങൾ ഒന്നിച്ചു വളർത്തിയ മകനും തന്റെ ‘ക്ലൈന്റ്‌സ്’ ആണെന്ന് പറയുമ്പോളും അവരുടെ ആത്മബന്ധം നിലനിൽക്കുന്നുണ്ട്. ഇവരുടെ ഒളിയാത്രകളിലൂടെയും പങ്കുവെക്കലുകളിലൂടെയും ആണ് സിനിമ മുന്നോട്ടു പോവുന്നത്. ജീവിതത്തിലെ നിറങ്ങളും വെളിച്ചങ്ങളും ഭ്രമിപ്പിക്കുമ്പോളും കുട്ടികളില്ലാത്ത തന്റെ ഉടൽ ഒരു വരണ്ട സ്ഥലമാണെന്ന് കരുതുന്ന ലജ്ജോക്കു ശരീരത്തിന്റെ ശക്തിയെയും സന്തോഷത്തെയും കണ്ടെത്താൻ വഴികൾ പറഞ്ഞു കൊടുക്കുന്നുണ്ട് ബിജ്‌ലി. ലോകത്തെ ഭയന്ന് സ്വയം തളച്ചിട്ട റാണിയെ സ്വന്തം വഴിയിലേക്ക് നയിക്കുന്നതും ബിജ്‌ലി ആണ്.

പെൺയാത്രകളുടെ കഥ കൂടിയാണ് പാർച്ച്ഡ്. മറഞ്ഞു നിന്ന് തേടിയ ആഹ്ളാദങ്ങളിലേക്കു  തെളിഞ്ഞു പോകുന്ന യാത്രകൾ. തന്റെ മരുമകളെ പ്രണയം തേടി റാണി യാത്രയാക്കുന്നതും ലജ്ജോ തന്റെ ഉടൽ വരണ്ട ഇടമല്ലെന്നു അറിയുന്നതും താൻ ഒരു ശരീരമല്ലെന്നു ബിജ്‌ലി ആഹ്ളാദിക്കുന്നതുമെല്ലാം ഇവരൊന്നിച്ചു ചെയ്ത യാത്രകളിൽ ആണ്. അവർ ഉറക്കെ ആൺ തെറികൾ മാറ്റി വിളിക്കുന്നു, അലറിച്ചിരിക്കുന്നു, പൊട്ടിക്കരയുന്നു. സാമാന്യവൽക്കരണ സാധ്യതകൾ ഇനിയും വികസിപ്പിച്ചാൽ എന്തുകൊണ്ട് നിങ്ങളുടെ നഗ്നത ആളുകൾ കാണുന്നു എന്ന് ചോദിച്ചപ്പോൾ  ഞാൻ തുണി ഉരിഞ്ഞതുകൊണ്ട് എന്നുറക്കെ പറയാൻ രാധിക ആപ്‌തെ എന്ന നടിയും ഇന്ത്യൻ സ്ത്രീയും നടത്തിയ യാത്ര കൂടിയാണ് പാർച്ചഡ്‌. 

ലോക പ്രശസ്ത കാമറമാൻ റസ്സൽ കാർപെന്ററിന്റെ ബുദ്ധിയും ഭംഗിയും ഉള്ള ഫ്രെയിമുകളും ഹിതേഷ് സോണിക്കിന്റെ സ്വാഭാവികമായ സംഗീതവും അഭിനേതാക്കളുടെ സ്വാഭാവികത നിറഞ്ഞ പെരുമാറ്റങ്ങളും ചലനങ്ങളും അനാവശ്യമാണെന്ന് തോന്നുന്ന ഒരു നോട്ടം പോലും ഇല്ലാത്ത കെവിൻ ടെന്റിന്റെ എഡിറ്റിംഗും ഗുജറാത്തിലെ വരണ്ട നിലങ്ങളും റാണിയും ലജ്ജോയും ബിജ്‌ലിയും ധരിക്കുന്ന വസ്ത്രങ്ങളിലെ നിറവ്യതാസങ്ങളിലൂടെ കഥ പറയുന്നതും പാർച്ചഡിനെ നല്ലൊരു ക്രാഫ്റ്റ് ആക്കുന്നുണ്ട്. 

കച്ചിൽ 2011 ൽ കണ്ട കാഴ്ചകൾ ആണ് സിനിമയെ സ്വാധീനിച്ചതെന്നും നമ്മുടെ പൊതുബോധത്തെ മൊത്തം തിരിച്ചിടാൻ കഴിവുള്ള സ്ത്രീകൾ ഇന്ത്യയിലെ ഗ്രാമങ്ങളിൽ ജീവിച്ചു മരിക്കുന്നുണ്ട് എന്ന് സംവിധായിക പറയുന്നു. അത്തരം സ്ത്രീകളെ പറ്റിയാണ് പാർച്ചഡ് അവതരിപ്പിക്കുന്നത്. ഇത്തരം പറച്ചിലുകൾ അധികം കാണാത്തതു കൊണ്ട് പാർച്ചഡ് സ്വന്തമായൊരു ഇടത്തിൽ തെളിഞ്ഞു നിൽക്കുന്നു. രാധിക ആപ്‌തെയുടെ നഗ്നത കാണുമോ എന്ന ആകാംക്ഷയിൽ നിന്നും കണ്ണെടുത്താൽ മാത്രമേ ആ ഇടത്തെ കാണുള്ളൂ എന്ന് മാത്രം. ”ആനന്ദം കണ്ടെത്താൻ ഉള്ള വഴികളെ ”കുറിച്ച് തന്നെയാണ് സിനിമ സംസാരിക്കുന്നത് , അവനവന്റെ അല്ല അവളവളുടെ ആണെന്ന് മാത്രം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍