UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുട്ടികളെ നിങ്ങള്‍ നല്ലവരായാണോ വളര്‍ത്തുന്നത്?

Avatar

ആമി ജോയ്സ്
(വാഷിംഗ്‌ടണ്‍ പോസ്റ്റ്‌)

ഹാര്‍വാര്‍ഡില്‍ നിന്നുള്ള റിച്ചാര്‍ഡ് വീസ്ബോഡ് എന്ന മനശാസ്ത്രജ്ഞന്‍ കുട്ടികളെ ദയാലുക്കളാക്കാന്‍ പഠിപ്പിക്കുവാന്‍ സഹായിക്കുന്ന ‘മേക്കിംഗ് കെയറിംഗ് കോമണ്‍’ എന്ന പ്രോജക്റ്റ് നടത്തുകയാണ്. അവരുടെ ഒരു പുതിയ പഠനം തെളിയിക്കുന്നത് കുട്ടികള്‍ സ്വമേധയാ അങ്ങനെ ആകുന്നില്ല, അല്ലെങ്കില്‍ അത് രക്ഷകര്‍ത്താക്കള്‍ പഠിപ്പിക്കുന്നില്ല എന്നാണ്.

പഠനത്തിലെ എണ്‍പത് ശതമാനം ചെറുപ്പക്കാരും പറഞ്ഞത് അവരുടെ മാതാപിതാക്കള്‍, തങ്ങളുടെ കുട്ടികള്‍ മറ്റുള്ളവരെ പരിഗണിക്കുന്നുവോ എന്നതിനേക്കാള്‍ കുട്ടികളടെ നേട്ടങ്ങള്‍ക്കും സന്തോഷങ്ങള്‍ക്കുമാണ് മുന്‍‌തൂക്കം നല്‍കിയിരുന്നത് എന്നാണ്. പഠന വിധേയരായവരെല്ലാം “എന്റെ മാതാപിതാക്കള്‍ ഞാന്‍ സ്കൂളിലെയോ ക്ലാസ്സിലെയോ സഹാനുഭൂതിയുള്ള ഒരു കുട്ടിയാവുന്നതിനേക്കാള്‍ നല്ല മാര്‍ക്കു വാങ്ങുന്നതിലാണ് അഭിമാനിച്ചിരുന്നത്” എന്ന് പറയുന്നതിനായിരുന്നു മൂന്നിരട്ടി സാധ്യത എന്നാണ് പഠനം പറയുന്നത്.

കുട്ടികളെ എങ്ങനെ മറ്റുള്ളവരെ പരിഗണിക്കുകയും, ബഹുമാനിക്കുകയും ചെയ്യുന്ന ഉത്തരവാദിത്ത ബോധമുള്ള ചെറുപ്പക്കാരായി വളര്‍ത്താം എന്നതിന് വീസ്ബോഡും സഹപ്രവര്‍ത്തകരും മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നു. നമ്മുടെ കുട്ടികള്‍ ധാര്‍മിക ബോധമുള്ളവരാകണമെങ്കില്‍, നമ്മള്‍ അവരെ അത് പഠിപ്പിക്കണമെന്നത് വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു.

“കുട്ടികള്‍ നല്ലവരായോ ചീത്തയായോ ജനിക്കുന്നില്ല. പ്രതീക്ഷ കൈവെടിയാതെ അവരെ നന്മയുള്ളവരായി വളര്‍ത്താന്‍ മുതിര്‍ന്നവര്‍ ബാധ്യസ്ഥരാണ്.” ഗവേഷകര്‍ പറയുന്നു. ഇതിനായി ‘മേക്കിംഗ് കെയറിംഗ് കോമണ്‍’ നിര്‍ദേശിക്കുന്ന അഞ്ചു കാര്യങ്ങള്‍ ഇവയാണ്.

1. കുട്ടികള്‍ മറ്റുള്ളവരെ പരിഗണിക്കുന്നതിന് മുന്‍ഗണന നല്‍കുക.

തന്‍റെ കൂട്ടുകാരന് പന്ത് കൈമാറുന്നതിലാകട്ടെ അല്ലെങ്കില്‍ മറ്റുള്ളവര്‍ കളിയാക്കുന്ന സുഹൃത്തിന് വേണ്ടി നിലകൊള്ളുന്നതിലാകട്ടെ, മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികള്‍ മറ്റുള്ളവരെ പരിഗണിക്കുന്നതിനേക്കാള്‍ കുട്ടികളുടെ നേട്ടങ്ങള്‍ക്കും സന്തോഷത്തിനുമാണ് മുന്‍ഗണന നല്‍കുന്നത്.

മറ്റുള്ളവരെ പരിഗണിക്കുന്നതിന് മുന്‍ഗണന നല്‍കണമെന്നു കുട്ടികള്‍ മാതാപിതാക്കളില്‍ നിന്ന് തന്നെ കേള്‍ക്കണം. സന്തുഷ്ടരല്ലെങ്കില്‍ പോലും തങ്ങളുടെ ചുമതലകളെ ബഹുമാനിക്കാന്‍ അവരെ പ്രാപ്തരാക്കുന്ന രീതിയില്‍ ഉയര്‍ന്ന ധാര്‍മികതയുള്ള പെരുമാറ്റം അവരില്‍ നിന്ന് പ്രതീക്ഷിക്കണം. ഉദാ: ഒരു ബാന്റോ ടീമോ സൗഹൃദമോ അവസാനിപ്പിക്കുന്നതിന് മുന്പ് അതിന്‍മേലുള്ള തന്റെ കടമകള്‍ പൂര്‍ത്തിയാക്കിയോ എന്ന് കുട്ടിയോട് ചോദിക്കുകയും, പിന്തിരിയും മുന്‍പ് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കണമെന്ന് പറയുകയും ചെയ്യാം.

“ഏറ്റവും പ്രധാനം നിന്റെ സന്തോഷമാണെ”ന്നുള്ളതിനേക്കാള്‍ “ഏറ്റവും പ്രധാനം നിന്റെ നല്ല മനസ്സാണെ”ന്ന് കുട്ടികളോട് പറയുക. ക്ഷീണം, ദേഷ്യം അങ്ങനെ എന്ത് കാരണമുണ്ടെങ്കിലും  മുതിര്‍ന്ന കുട്ടികള്‍ എപ്പോഴും മറ്റുള്ളവരോട് ബഹുമാനപൂര്‍വ്വം സംസാരിക്കുന്നുവെന്നു ഉറപ്പു വരുത്തുക. മുതിര്‍ന്നവരോട് സംസാരിക്കുമ്പോള്‍ തങ്ങളുടെ കുട്ടിയുടെ നല്ല സ്വഭാവത്തിന് മുന്‍‌തൂക്കം നല്‍കുക.

2. മറ്റുള്ളവരോട് പരിഗണനയും നന്ദിയും കാണിക്കുവാന്‍ കുട്ടികള്‍ക്ക് അവസരം നല്‍കുക.
മറ്റുള്ളവരോട് പരിഗണനയും നന്ദിയും കാണിക്കുവാന്‍ കുട്ടികള്‍ പരിശീലിക്കുക തന്നെ വേണം. പഠനങ്ങള്‍ പറയുന്നത് മറ്റുള്ളവരോട് നന്ദി പ്രകടിപ്പിക്കുന്നവര്‍ സഹായമനസ്കരും, ഉദാരമനസ്കരും കരുണയുള്ളവരും ക്ഷമിക്കുന്നവരുമാകാനാണ് കൂടുതല്‍ സാധ്യത എന്നാണ്.

ഒരു കായിക വിനോദമോ വാദ്യോപകരണമോ പഠിക്കുന്നത്‌ പോലെയാണ് സഹാനുഭൂതിയും പഠിക്കുന്നത്‌. എത്രത്തോളം പരിശീലിക്കുന്നോ അത്രത്തോളം മെച്ചമാവും. നന്ദി പ്രകടിപ്പിക്കുന്നതും അങ്ങനെ തന്നെ.

എല്ലാ സഹായങ്ങള്‍ക്കും കുട്ടികള്‍ക്ക് സമ്മാനം നല്‍കരുത്. ചില കാര്യങ്ങള്‍ അവരുടെ ഉത്തരവാദിത്തം തന്നെയാണെന്ന് അവര്‍ തിരിച്ചറിയണം. അത്യന്തം നന്മ നിറഞ്ഞ പ്രവര്‍ത്തികള്‍ക്ക് മാത്രം അവരെ അനുമോദിക്കുക. കാണുകയും കേള്‍ക്കുകയും ചെയ്യുന്ന ദിനം ദിന കാര്യങ്ങളിലെയൊക്കെ നന്മ നിറഞ്ഞ പ്രവര്‍ത്തിയും അല്ലാത്തതും, ന്യായവും അന്യായവുമൊക്കെ കുട്ടികള്‍ക്ക് വേര്‍തിരിച്ച് പറഞ്ഞു കൊടുക്കുക. ഭക്ഷണ സമയത്തോ ഉറങ്ങുന്നതിനു മുന്‍പോ പുറത്തോ ആവട്ടെ, കൃഥാര്‍ഥത ജീവിതചര്യയാക്കുക. ചെറുതും വലുതുമായ സഹായങ്ങള്‍ക്ക് എപ്പോഴും മറ്റുള്ളവരോട് നന്ദി പറയുക.

3. കുട്ടികളുടെ ‘പരിഗണനാലോകം’ വിശാലമാക്കുക.
ഒരുവിധം എല്ലാ കുട്ടികളും തങ്ങളുടെ കുടുംബ-ബന്ധുവൃത്തങ്ങളിലുള്ള അംഗങ്ങളോട് പരിഗണനയുള്ളവരാണ്. എന്നാല്‍ അതിനു ചുറ്റുമുള്ള (പരിചിതരും അപരിചിതരുമടങ്ങുന്ന) ലോകത്തേക്കു കൂടി ഇത് വ്യാപിപ്പിക്കേണ്ടതുണ്ട്.

അവരുടെ അടുത്ത വ്യക്തികളടങ്ങിയ ഇടങ്ങളിലെ പെരുമാറ്റ രീതികള്‍ കൂടുതല്‍ ശ്രദ്ധയോടുകൂടി വീക്ഷിക്കുവാനും അതിനു പുറത്തുള്ള ലോകത്തെ വിശാലവും വ്യത്യസ്തവുമായി തന്നെ ഉള്‍ക്കൊള്ളുവാനും ദൈനംദിന ഇടപെടലുകളില്‍ കൂടി (ചഞ്ചലസ്വഭാവമുള്ള വ്യക്തികള്‍ ഉള്‍പ്പെടെയുള്ളവരെ) കഴിയണം. ഇന്നത്തെ ആഗോള രംഗത്ത്, (തന്നെക്കാള്‍) വ്യത്യസ്ത ചുറ്റുപാടും സംസ്കാരവുമുള്ളവരോടും കൂടി പരിഗണന കാണിക്കുവാന്‍ അവര്‍ പഠിക്കേണ്ടതുണ്ട്.

കുട്ടികള്‍ അവരുടെ ജീവിതത്തിലെ ഏതൊരു വ്യക്തിയോടും– ഒരു ബസ് ഡ്രൈവറോ വെയ്റ്ററോ ആവട്ടെ– നന്ദിയും സൌഹൃദഭാവവും പ്രകടിപ്പിക്കുന്നുവെന്ന് ഉറപ്പുവരുത്തുക, മോശം അവസ്ഥയിലുള്ള ഒരാളോട് അനുഭാവപൂര്‍വം പെരുമാറാന്‍ പ്രോത്സാഹിപ്പിക്കുക, ബുദ്ധിമുട്ടനുഭവിക്കുന്ന മറ്റു കുട്ടികളുടെ കഥകള്‍ പ്രചോദനകരമായി പറഞ്ഞു കൊടുക്കുക.

4. മാതാപിതാക്കള്‍ ധാര്‍മികതയുടെ ശക്തമായ ഒരു വ്യക്തിമാതൃകയും വഴികാട്ടിയുമാവുക.
കുട്ടികള്‍ തങ്ങള്‍ ബഹുമാനിക്കുന്ന മുതിര്‍ന്നവരുടെ (അച്ചനമ്മമാരുടെ) പ്രവര്‍ത്തികള്‍ കണ്ടാണ്‌ പഠിക്കുന്നത്‌. അവരുടെ മനസ്സിലെ കുഞ്ഞു കുഞ്ഞു ആശങ്കകള്‍ അവര്‍ അച്ചനമ്മമാരേ മാതൃകയാക്കിയാണ് പരിഹരിക്കുന്നത്.

കുട്ടികളെ പഠിപ്പിക്കും മുന്പ് സത്യസന്ധതയും കരുതലും നീതിബോധവുമെല്ലാം മുതിര്‍ന്നവര്‍ സ്വയം പരിശീലിക്കണം. എന്ന് കരുതി നമുക്ക് എപ്പോഴും പെര്‍ഫക്റ്റ് ആവാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ സ്വന്തം തെറ്റുകുറ്റങ്ങള്‍ സ്വയം അംഗീകരിക്കണം. കുട്ടികളുടെ ചിന്താഗതിയും കാഴ്ചപ്പാടുകളും നമ്മള്‍ ബഹുമാനത്തോടെ തന്നെ കാണേണ്ടതുണ്ട്.

കുട്ടികള്‍ക്കൊപ്പം സാമൂഹിക സേവന/ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാം. ചിലപ്പോഴൊക്കെ കുട്ടിക്ക് ഒരു ചെറിയ ‘നീതിപരമായ ധർമ്മസങ്കടം’ നല്‍കി അവര്‍ അതിനെ എങ്ങനെ പരിഹരിക്കുന്നുവെന്നു അറിയാം.

5. അശുഭ വികാരങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നു പഠിപ്പിക്കാം
കോപം, ലജ്ജ, അസൂയ തുടങ്ങിയ ആശുഭമായ വികാരങ്ങള്‍ക്കടിപ്പെട്ട് കരുതലുള്ള നല്ല സ്വഭാവം പലപ്പോഴും നഷ്ടമാകാറുണ്ട്.

എല്ലാ വികാരങ്ങളും സ്വാഭാവികമാണെന്നും, എന്നാല്‍ ചില രീതിയിലുള്ള പ്രതികരണങ്ങള്‍ അതിനെ അതിജീവിക്കാന്‍ സഹായിക്കില്ല എന്നും പറഞ്ഞു കൊടുക്കുക. പ്രത്യുല്‍പ്പന്നമതിത്വത്തോടെ തന്നെ മോശം വികാരങ്ങളെ നേരിടാന്‍ കുട്ടികള്‍ പഠിക്കേണ്ടതുണ്ട്.

കുട്ടികളെ ശാന്തരാക്കുവാന്‍ ഇത് പരീക്ഷിക്കുക. അവരോട് എല്ലാം നിര്‍ത്തി ദീര്‍ഘ ശ്വാസം മൂക്കിലൂടെ വലിച്ചെടുത്ത് വായിലൂടെ പുറത്ത് വിട്ട് അഞ്ചു തവണ അത് തുടരാന്‍ പറയുക. കുട്ടികള്‍ ശാന്തരായിരിക്കുമ്പോള്‍ ഇത് പരിശീലിപ്പിക്കാം. പിന്നീട് അവര്‍ അസ്വസ്ഥരാകുമ്പോള്‍ ഇത് ചെയ്തു നോക്കാന്‍ ആവശ്യപ്പെടാം. ഇത് കുട്ടികള്‍ ശീലമാക്കി കഴിഞ്ഞാല്‍ പ്രശ്നങ്ങളെ സ്വയം മനസ്സിലാക്കാനും സഹായകരമാം വിധം അതിനെ സമീപിക്കാനും അവര്‍ പ്രാപ്തരാവും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍