UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്ലസ് വണ്‍ പരീക്ഷകളില്‍ പരാജയപ്പെട്ടവര്‍ക്കു പ്ലസ് ടു പ്രവേശനം നല്‍കുന്നില്ല; കോട്ടയം ഗിരീദിപം സ്‌കൂളിനെതിരേ പരാതിയുമായി മാതാപിതാക്കള്‍

പരാജയപ്പെട്ട വിഷയങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം വരെ റീ ടെസ്റ്റ് നടത്തിയിരുന്നതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു

തങ്ങളുടെ കുട്ടികളെ പ്ലസ് വണ്‍ പഠനത്തിന് ശേഷം പ്ലസ്ടുവില്‍ പഠിക്കാന്‍ മാനേജ്‌മെന്റ് അനുവദിക്കുന്നില്ലെന്ന പരാതിയുമായി മാതാപിതാക്കള്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. കോട്ടയം കളത്തിപ്പടിയിലെ ഗിരിദീപം ബെഥനി സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെയാണ് മാതാപിതാക്കളുടെ പരാതി. സിബിഎസ്ഇ പാഠ്യപദ്ധതിയാണ് ഈ സ്‌കൂള്‍ പിന്തുടരുന്നത്. സിബിഎസ്ഇ സംവിധാനമനുസരിച്ച് പ്ലസ് വണ്ണില്‍ വാര്‍ഷിക പരീക്ഷ നടത്തുന്നത് സ്‌കൂള്‍ നേരിട്ടാണ്. ഈ പരീക്ഷയിലെ രണ്ട് വിഷയങ്ങളില്‍ പരാജയപ്പെട്ടതിനാലാണു കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികളായ റിച്ചു, കെവിന്‍, ആരോമല്‍ എന്നവര്‍ക്ക് പ്ലസ് ടൂവിലേക്ക് പ്രവേശനം നല്‍കാത്തതെന്നു മാതാപിതാക്കള്‍ പറയുന്നു.

‘ടി സി വാങ്ങി മറ്റേതെങ്കിലും സ്‌കൂളില്‍ പോയ്‌ക്കോളൂ എന്ന നിലപാടാണു സ്‌കൂള്‍ അധികൃതര്‍ക്ക്. മുന്‍ വര്‍ഷങ്ങളിലെപ്പോലെ പുനഃപരീക്ഷ നടത്തി വിദ്യാര്‍ത്ഥികളെ ഇവിടെ തന്നെ പഠനം തുടരാന്‍ അനുവദിക്കണമെന്നാണ് രക്ഷിതാക്കള്‍ എന്ന നിലയില്‍ ഞങ്ങളുടെ ആവശ്യം. എന്നാല്‍ ഈ കാര്യത്തില്‍ മാനേജ്‌മെന്റ് അവരുടെ തീരുമാനത്തില്‍ മാത്രം ഉറച്ചു നില്‍ക്കുകയാണ്. ഞങ്ങളുടെ ഭാഗം കേള്‍ക്കാന്‍ പോലും അവര്‍ തയാറാവുന്നില്ല.‘ റിച്ചുവിന്റ പിതാവ് എബ്രഹാം കെ ഈപ്പന്‍ പറയുന്നു.

എന്നാല്‍ ഈ വര്‍ഷം മുതല്‍ പുനഃപരീക്ഷ നടത്തേണ്ടെന്ന തീരുമാനം എടുത്തിട്ടുണ്ടെന്നും ഇപ്പോള്‍ എടുത്ത തീരുമാനത്തില്‍ മാറ്റം ഉണ്ടാകില്ലെന്നുമുള്ള നിലപാടാണു മാനേജ്‌മെന്റ് വ്യക്തമാക്കുന്നത്. എന്നാല്‍ പ്ലസ് വണ്‍ പരീക്ഷയില്‍ പരാജയപ്പെട്ടതായി രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റാണു മാനേജുമെന്റ് നല്‍കുന്നതെന്നും ഇതുമൂലം വിദ്യാര്‍ത്ഥികള്‍ക്ക് മറ്റേതെങ്കിലും സിബിഎസ്ഇ സ്‌കൂളില്‍ പഠനം തുടരുക സാധിക്കില്ലെന്നും മാതാപിതാക്കളും വിദ്യാര്‍ത്ഥികളും പറയുന്നു.

‘വല്ലാത്ത മാനസിക സംഘര്‍ഷത്തില്‍ കൂടിയാണ് കടന്ന് പോകുന്നത്. ഇത്തരമൊരു കാര്യം ഒരിക്കലും പ്രതീക്ഷിച്ചതല്ല. കഴിഞ്ഞ വര്‍ഷം വരെ റീടെസ്റ്റ് നടത്തിയതാണ്. ഈ വര്‍ഷം റീടെസ്റ്റ് ഉണ്ടായിരുന്നു എങ്കില്‍ ഞങ്ങള്‍ തോറ്റ വിഷയം എഴുതി എടുക്കുമായിരുന്നു. ഗിരീദീപം അഡ്മിഷന്‍ തന്നില്ലെങ്കില്‍ കേരള സിലബസ് ഉള്ള സ്‌കൂളില്‍ അഡ്മിഷന് ശ്രമിക്കുന്നുണ്ട്. അതും കിട്ടിയില്ലെങ്കില്‍ ഞങ്ങളുടെ ഒരു വര്‍ഷം നഷ്ടപ്പെടും.’ വിദ്യാര്‍ത്ഥിയായ ആരോമല്‍ വിനോദ് പറയുന്നു.

വിദ്യാഭ്യാസം നേടാന്‍ ഒരു പൗരന് ഇന്ത്യന്‍ ഭരണഘടന അനുവദിച്ചു നല്‍കിയിട്ടുള്ള മൗലികാവകാശത്തിന്റെ ലംഘനം കൂടിയാണ് സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്. കുട്ടികള്‍ മൂന്നു പേരും ഈ കാര്യത്തില്‍ കടുത്ത മാനസിക സംഘര്‍ഷവും അനുഭവിക്കുന്നുണ്ട്; മാതാപിതാക്കള്‍ പറയുന്നു.

‘ഇനി പ്രവേശനം ലഭിച്ചാലും പ്ലസ് വണ്‍ മുതല്‍ വീണ്ടും പഠിക്കേണ്ടി വരും. കുട്ടികളുടെ ഒരു വര്‍ഷം നഷ്ടപ്പെടും. ഞാന്‍ നിരവധി തവണ നേരിട്ടും ഫോണിലൂടെയും സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ ശ്രദ്ധയില്‍ ഈ കാര്യങ്ങള്‍ കൊണ്ടു വന്നിട്ടും അദ്ദേഹം വിട്ടു വീഴ്ചക്ക് തയാറായില്ല. കുട്ടികള്‍ വലിയ നിരാശയിലാണ്. മാതാപിതാക്കളായ ഞങ്ങളും’; റിച്ചുവിന്റെ പിതാവ് പറയുന്നു.

തങ്ങളുടെ മക്കള്‍ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ബാലവകാശ കമ്മീഷന് പരാതി നല്‍കിയതിനൊപ്പം വിദ്യാഭ്യാസ മന്ത്രിക്കും വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥി സംഘടനകളുടെ ശ്രദ്ധയിലും ഈ പ്രശ്‌നം ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്ന് രക്ഷിതാക്കള്‍ പറയുന്നു.

ജിബിന്‍ വര്‍ഗീസ് പുല്‍പ്പള്ളി

ജിബിന്‍ വര്‍ഗീസ് പുല്‍പ്പള്ളി

മാധ്യമ പ്രവര്‍ത്തകന്‍. വയനാട് സ്വദേശി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍