UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാരി; ഇന്ത്യന്‍ ഗ്രാമീണര്‍ ഇവിടെയുണ്ട്

Avatar

ജിപ്‌സണ്‍ കൊടിയംകുന്നേല്‍

എണ്‍പത്തിമൂന്നുകോടി ജനങ്ങള്‍ അധിവസിക്കുന്ന 780 ഭാഷകള്‍ സംസാരിക്കുന്ന ആയിരക്കണക്കിന് വ്യത്യസ്ത തൊഴില്‍ സംസ്കാരമുള്ള ഒരു ഭൂമേഖലയാണ് ഗ്രാമീണ ഇന്ത്യ. അതിന്റെ വൈവിധ്യങ്ങളും സങ്കീര്‍ണതകളും പീപ്പിള്‍സ് ആര്‍ക്കൈവ് ഓഫ് റൂറല്‍ ഇന്ത്യ (PARI- PeoplesArchive of Rural India) യിലൂടെ ലോകത്തിനു മുമ്പില്‍ എത്തിക്കുകയാണ് മാഗ്‌സസെ അവാര്‍ഡ് ജേതാവ് പി. സായ്നാഥ്. 

ലോകത്തിലെ ഏറ്റവും വൈവിധ്യവും സങ്കീര്‍ണതയും നിറഞ്ഞ ഗ്രാമീണ ഇന്ത്യയില്‍ നിന്ന് അടുത്ത 15-25 വര്‍ഷത്തിനുള്ളില്‍ പല തൊഴിലുകളും ഭാഷകളും ഇല്ലാതാകുമെന്നത് യാഥാര്‍ത്ഥ്യമാണ്. തലമുറകളായി പാരമ്പര്യം കൈവിടാതെ നെയ്ത്ത് ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന തമിഴ്‌നാട്ടിലെ വാല്‍ജപെട്ടിയിലെ (Walahjapet) നെയ്ത്തുകാര്‍ അവരുടെ കുടുംബങ്ങളിലെ അവസാന കണ്ണികളാണ്. ത്രിപുരയിലെ ‘സയ്മര്‍’ നാലുപേരുടെ ഭാഷയായി ചുരുങ്ങിയിരിക്കുന്നു. ഗ്രാമീണ തൊഴിലുകളെക്കുറിച്ചോ ഭാഷകളെക്കുറിച്ചോ ഗ്രാമീണ വൈവിധ്യങ്ങളെക്കുറിച്ചോ വേണ്ട രീതിയിലുള്ള വിവരശേഖരണം നാം നടത്തിയിട്ടില്ലയെന്നതും യാഥാര്‍ത്ഥ്യമാണ്. ഇല്ലാതാകുന്നതും നിലവില്‍ ഉള്ളതുമായ ഇത്തരം വൈവിധ്യങ്ങളെ സൂക്ഷിക്കുകയും പുറംലോകത്തിന് പരിചയപ്പെടുത്തുകയുമാണ് പാരിയിലൂടെ ചെയ്യുന്നത് ഒരു മൗസ് ക്ലിക്കിന്റെ അകലത്തില്‍ www.ruralindia.org എന്ന വെബ്‌സൈറ്റിലൂടെ സാധാരണക്കാരുടെ സാധാരണ ജീവിതം പാരിയിലൂടെ ലോകത്തിനു മുമ്പില്‍ എത്തുന്നു.

പി. സായ്‌നാഥിന്റെ നേതൃത്വത്തില്‍ മാധ്യമ പ്രവര്‍ത്തകരും എഴുത്തുകാരും എഡിറ്റേഴ്സും മറ്റ് വിവിധ തൊഴില്‍ മേഖലകളിലുള്ളവരും ചേര്‍ന്നാണ് പാരി നെറ്റ്വര്‍ക്ക് ആരംഭിച്ചത്. തങ്ങളുടെ കഴിവും സമയവും പൂര്‍ണമായും സൗജന്യമായി ഇവര്‍ പാരിയ്ക്കായി മാറ്റിവയ്ക്കുന്നു. രാജ്യത്തിന്റെ പലഭാഗങ്ങളിലായി അവരുടെ സമയവും വോളന്റിയേഴ്‌സ് പാരിയ്ക്ക് അവരുടെ സമയവും കഴിവും നല്‍കുന്നു. സ്ഥിരമായി ജോലി ചെയ്യുന്ന ഒരാള്‍പോലും പാരിയില്‍ നിലവില്‍ ഇല്ല.

21 സംസ്ഥാനങ്ങളിലെ 60 ഓളം ജില്ലകളുടെ ഏതെങ്കിലും തരത്തിലുള്ള പ്രാതിനിധ്യം (ചിത്രങ്ങള്‍, വീഡിയോ, ഓഡിയോ) തുടക്കത്തില്‍ വെബ്‌സൈറ്റില്‍ ഉണ്ട്. കേരളത്തിലെ ഏക ആദിവാസി പഞ്ചായത്തായ  ഇടമലക്കുടിയിലെ വനത്തിനുള്ളില്‍ കുടിയിലെ പുതു തലമുറയ്ക്ക് അറിവിന്റെ ലോകം തുറന്നു കാണിക്കുന്ന അക്ഷര ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ലൈബ്രറി നടത്തുന്നത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പടി ചവിട്ടാത്ത മുളവാന്‍ ആദിവാസി സമൂഹാംഗം ചിന്നത്തമ്പിയാണ്. ചിന്നത്തമ്പിയെന്ന 73 കാരനെക്കുറിച്ചും അദ്ദേഹത്തിന്റെ ലൈബ്രറിയെക്കുറിച്ചുള്ള വിവരണങ്ങള്‍, വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്നത്തെ ജാര്‍ഖണ്ഡിലെ ഗോഡ (Godda) ജില്ലയിലുള്ളവര്‍ രാജ്മഹലില്‍ നിന്നും 250Kg കല്‍ക്കരി ഗോഡ യില്‍ എത്തിക്കുന്ന അപൂര്‍വ ദൃശ്യങ്ങള്‍ എന്നിങ്ങനെ ഗ്രാമീണ ഇന്ത്യയില്‍ സംഭവിക്കുന്ന വ്യത്യസ്തങ്ങളായ ഒട്ടനവധി കാര്യങ്ങള്‍ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

രാജ്യത്തെ ഓരോ ജില്ലയില്‍ നിന്നുമുള്ള ഒരു പുരുഷന്റെയും ഒരു സ്ത്രീയുടെയും ഒരു കുട്ടിയുടെയും മുഖത്തിന്റെ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ‘Faces വിഭാഗം പൂര്‍ത്തിയാകുമ്പോള്‍ പല സ്ഥലങ്ങളില്‍ നിന്നുള്ളവരും മുഖത്തിന്റെ വ്യത്യാസങ്ങള്‍ അറിയാന്‍ സാധിക്കും. ഇതിനോടകം തന്നെ ഒട്ടനവധി ചിത്രങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടാമതായി വീഡിയോകളുടെ ശേഖരമാണ്. ഇടുക്കി ഇടമലക്കുടിയില്‍ കുടി ഭാഷ സംസാരിക്കുന്നവരുടെ പത്തു വയസ് മാത്രം പ്രായമുള്ള കുട്ടികള്‍ ഇംഗ്ലീഷ് പാട്ട് പാടുന്നതിന്റെ മനോഹരമായ വീഡിയോ സൈറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. വെബ്‌സൈറ്റിന്റെ ടെക്‌നിക്കല്‍ എഡിറ്ററായ മുംബൈ സ്വദേശി സിദ്ധാര്‍ത്ഥ് അഡേല്‍ക്കര്‍ തന്റെ മൊബൈല്‍ ക്യാമറയില്‍ ചിത്രീകരിച്ചതാണ് ഈ വീഡിയോ.

കോവളത്തെ തമിഴ് ദളിത് ഭാരതനാട്യം നര്‍ത്തകനെക്കുറിച്ച് പാരിയ്ക്കുവേണ്ടി ആദ്യ ഡോക്യുമെന്ററി തയ്യാറാക്കിയത് ഇതിനുമുമ്പ് ക്യാമറ ഉപയോഗിച്ച് ശീലമില്ലാത്ത ചെന്നൈക്കാരി അപര്‍ണ കാര്‍ത്തികേയനാണ്. തൃശൂര്‍ വടക്കാഞ്ചേരിയിലെ കുടുംബശ്രീയുടെ ഗ്രീന്‍ ആര്‍മിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയത് 19 വയസുകാരിയായ പഞ്ചാബുകാരി അസബരി സോദിയാണ്. ഈ ചിത്രങ്ങള്‍ക്കൊപ്പം തന്നെ ഫോട്ടോഗ്രാഫറുടെ ശബ്ദത്തോടുകൂടിയുള്ള വിവരണവും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇത്തരത്തില്‍ ഫോട്ടോഗ്രാഫറുടെ ശബ്ദത്തോടുകൂടിയുള്ള വിവരണം അടങ്ങിയ ധാരാളം ‘Talking Album’ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിന്റെ പല ഭാഗത്തുനിന്നുമുള്ള വോളന്റിയേഴ്‌സിന്റെ ശ്രമഫലമായി പല ഭാഷയിലുള്ള സബ്ടൈറ്റില്‍ വീഡിയോയ്ക്ക് ലഭ്യമാണ്. ഇന്ത്യയിലെ എല്ലാ ഭാഷയിലുള്ള ഒരു പഴഞ്ചൊല്ലെങ്കിലും ‘Audio Zone’ ല്‍ ഉള്‍പ്പെടുത്താനുള്ള ശ്രമവും നടന്നുവരുന്നു. സംഗീത ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് നാം എല്ലാം കണ്ടിട്ടുണ്ട്. എന്നാല്‍ അവ നിര്‍മ്മിക്കുന്നതോ? അതുപോലെ വസ്ത്രങ്ങള്‍, കളിമണ്‍ പാത്രങ്ങള്‍ എന്നിവ ഉണ്ടാക്കുന്നതോ? ഇത്തരത്തിലുള്ള വിവിധ നിര്‍മ്മാണങ്ങളുടെ വീഡിയോയും പാരിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഗ്രാമീണ ഇന്ത്യയിലെ ഇത്തരം തനിമ കണ്ടെടുക്കുമ്പോള്‍ അതിന്റെ മോശമായ വശങ്ങളും പാരി ചൂണ്ടികാണിക്കുന്നുണ്ട്. 

ഒരര്‍ത്ഥത്തില്‍ കഴിഞ്ഞ 34 വര്‍ഷമായി ഞാന്‍ ചെയ്യുന്നത് തന്നെയാണ് പാരി ഇപ്പോള്‍ ചെയ്യുന്നതെന്ന് പി. സായ്‌നാഥ് പറയുന്നു. 2001 ല്‍ രജിസ്റ്റര്‍ ചെയ്ത കൗണ്ടര്‍ ട്രസ്റ്റ് മീഡിയയ്ക്കാണ് പാരിയുടെ ഉടമസ്ഥാവകാശം. ലാഭപരമായ യാതൊരു ഉദ്ദേശ്യവും ഇത് മുമ്പോട്ട് വയ്ക്കുന്നില്ല. മാത്രവുമല്ല വ്യക്തമായ പരാമര്‍ശത്തോടുകൂടി ഇതിലെ വിവരങ്ങള്‍ ആര്‍ക്കും സൗജന്യമായി ഉപയോഗിക്കാമെന്നും പി സായ്‌നാഥ് പറയുന്നു. വെബ്‌സൈറ്റ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ക്രിയേറ്റീവ് കോമണ്‍ ലൈസന്‍സ് 4.0 ന്റെ കീഴിലാണ്.

പാരിയ്ക്ക് വേണ്ടി ആര്‍ക്കും ജോലി ചെയ്യാം. നിങ്ങള്‍ ഇതിനോടകം ചെയ്ത കാര്യങ്ങള്‍ അയയ്ക്കാം. നിങ്ങള്‍ എടുത്ത ഫോട്ടോ, വീഡിയോകള്‍ അങ്ങനെയെന്തും. സാധാരണക്കാരുടെ സാധാരണ ജീവിതവുമായി ഇതിന് ബന്ധമുണ്ടെങ്കില്‍ അത് വെബ്‌സൈറ്റില്‍ എത്തും. പൊതുവെ ഉള്ളടക്കത്തെ തൊഴില്‍, കൃഷി, ഗ്രാമീണ കായികം, ഗ്രാമീണ ഗതാഗതം, ദളിത്, ആദിവാസികള്‍, കുട്ടികള്‍ എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. ലാപ്‌ടോപ് മുതല്‍ സാധാരണ ഫോണില്‍ വരെ ഉപയോഗിക്കാവുന്ന രീതിയിലാണ് വെബ്‌സൈറ്റ് രൂപകല്‍പന ചെയ്തിരിക്കുന്നത്.

ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കും കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും വിവിധ പഠന-ഗവേഷണ വേദിയും കൂടിയാണ് പാരി. ഗ്രാമീണ മേഖലയുമായുള്ള ഒട്ടനവധി റിപ്പോര്‍ട്ടുകളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഉദാഹരണത്തിന് 2011 ലെ സെന്‍സെക്‌സ് വിവരങ്ങള്‍, അസംഘടിത മേഖലയിലെ വ്യവസായങ്ങളെക്കുറിച്ചുള്ള നാഷണല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തുടങ്ങിയ ഒട്ടേറെ ഗവേഷണ സംബന്ധിയായ റിപ്പോര്‍ട്ടുകളും അറിവുകളും വെബ്‌സൈറ്റ് പങ്കുവയ്ക്കുന്നുണ്ട്.

ഗവണ്‍മെന്റിന്റെയോ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെയോ സാമ്പത്തിക സഹായമില്ലാതെ പൊതുജനത്തില്‍ നിന്നുമുള്ള ധനശേഖരണത്തിലൂടെ വെബ്‌സൈറ്റ് മുമ്പോട്ടു കൊണ്ടുപോകാനാണ് പി. സായ്‌നാഥും കൂട്ടരും ശ്രമിക്കുന്നത്. ”എത്ര ശ്രമിച്ചാലും ഒരിക്കലും അവസാനിക്കാത്ത ജോലിയാണ് പാരി. കാരണം ഗ്രാമീണ ഇന്ത്യ വൈവിധ്യങ്ങളുടെ കലവറയാണ്. മാത്രമല്ല ഓരോ നിമിഷവും അവിടെ ഒരുപാട് മാറ്റങ്ങളും വളര്‍ച്ചയും ഉണ്ടാകുന്നു”. പറയുന്നത് ഇന്ത്യന്‍ ഗ്രാമങ്ങളുടെ ഹൃദയത്തുടിപ്പ് തൊട്ടറിഞ്ഞ പാരിയുടെ സ്ഥാപക എഡിറ്റര്‍ പി. സായ്‌നാഥ്.

(പാരി വളണ്ടിയറാണ് ലേഖകന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍