UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പരീക്കറെ ആവേശം കൊള്ളിച്ച ആര്‍എസ്എസ് തന്ത്രം എന്തായിരുന്നു?

Avatar

സജി മാര്‍ക്കോസ്

 

65 ലക്ഷം മനുഷ്യരുടെ മരണത്തിന് നേരിട്ട് ഉത്തരവാദിയായ ഹിറ്റ്‌ലറിനെ ലോകം കണ്ട ഏറ്റവും ക്രൂരനായ ഭരണാധികാരികാരികളില്‍ ഒരാളായി ആധുനിക ലോകം കണക്കാക്കുന്നു. ആയിരം കൊല്ലം നിലനില്‍ക്കും എന്ന പ്രവചിച്ച റീയിഹ് ഭരണകൂടം പത്ത് വര്‍ഷം കൊണ്ട് നിലംപൊത്തി. അതേ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ക്രൂരനും വംശവെറിയനുമായ മറ്റൊരു ഭരണാധികാരി കൂടിയുണ്ടായിരുന്നു; വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍. കെനിയയില്‍ ബ്രിട്ടീഷ് കൊളോനിയല്‍ വാഴ്ചക്കെതിരെ 1952-ല്‍ നടന്ന മൗമൗ ലഹള ക്രൂരമായി നേരിട്ടതും കലാപം നടത്തിയ തദ്ദേശീയരെ കുപ്രസിദ്ധമായ ജയില്‍ പീഡനത്തിനു വിധേയരാക്കിയതും ചര്‍ച്ചിലിന്റെ നേരിട്ടുള്ള നിര്‍ദ്ദേശത്തിന്‍ പ്രകാരമായിരുന്നു. അന്ന് ബ്രിട്ടീഷ് പട്ടാളത്തിലെ പാചകക്കാരനായിരുന്ന ഇന്നത്തെ അമേരിക്കന്‍ പ്രസിഡന്റിന്റെ മുത്തച്ഛന്‍ ഹുസൈന്‍ ഒനിയാഗോ ഒബാമയെ ‘ചാരപ്രവര്‍ത്തി’ ആരോപിച്ച് ജയിലില്‍ പീഡിപ്പിച്ച കഥകള്‍ അടുത്തകാലത്ത് ബരാക് ഒബാമ തന്നെ പുറത്ത് പറയുകയുണ്ടായി.

 

കെനിയയില്‍ മാത്രമല്ല കോളനി ഭരണം നിലനിന്ന എല്ലാ പ്രദേശങ്ങളിലെ മനുഷ്യരോടുമുള്ള ചര്‍ച്ചിലിന്റെ നിലപാട് മറ്റൊന്നായിരുന്നില്ല. 1943-ല്‍ കല്‍ക്കട്ട പ്രവിശ്യയെ ഒരു കോണ്‍സെന്റ്രേഷന്‍ ക്യാമ്പാക്കി മാറ്റിയതിന്റെ പിന്നിലും ചര്‍ച്ചിലിന്റെ നേരിട്ടുള്ള ഇടപെടല്‍ ഉണ്ടായിരുന്നുവെന്ന് മധുശ്രീ മുഖര്‍ജിയുടെ പ്രശസ്തമായ Churchill’s Secret War എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. പക്ഷേ,ചര്‍ച്ചില്‍ ഭാഗ്യവാനായിരുന്നു. മുപ്പത് ലക്ഷം ഇന്ത്യക്കാരെ പട്ടിണിക്കിട്ട് മരണത്തിനു വിട്ടുകൊടുത്ത ചര്‍ച്ചിലിന്റെ ശവഘോഷയാത്ര അന്നുവരെ നടന്നതില്‍ വച്ച് ഏറ്റവും വലിയ വിലാപയാത്രയായിരുന്നു. നിരാശനും നിരാശ്രയനുമായി ഹിറ്റ്‌ലര്‍ ആത്മഹത്യ ചെയ്തപ്പോള്‍ എല്ലാ ബഹുമതികളും ഏറ്റുവാങ്ങി 1965-ല്‍ ചര്‍ച്ചില്‍ ഈ ലോകം വിട്ടു പോയി. ഒരേ കുറ്റം ചെയ്ത രണ്ടുപേരില്‍ ഒരാള്‍ ആദരിക്കപ്പെട്ടു, അപരന്‍ അര്‍ഹിക്കുന്ന അവഹേളനം ഏറ്റുവാങ്ങി.

 

 

1943-ലെ കുപ്രസിദ്ധമായ ബംഗാള്‍ ക്ഷാമത്തില്‍ ഏതാണ്ട് മുപ്പത് ലക്ഷം മനുഷ്യര്‍ പട്ടിണി മൂലം മരിച്ചു. ആ വര്‍ഷങ്ങളില്‍ ബംഗാളിലെ ഭക്ഷ്യ ഉല്പാദനത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായിരുന്നു. എങ്കിലും ഉത്പ്പാദനത്തിന്റെ 60 ശതമാനം ഭക്ഷ്യവസ്തുക്കളും രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്തിരുന്ന ബ്രിട്ടീഷ് പട്ടാളക്കാര്‍ക്ക് വേണ്ടി ചര്‍ച്ചിലിന്റെ ആജ്ഞാനുസരണം കയറ്റുമതി ചെയ്യുകയായിരുന്നു. ഓസ്ട്രേലിയയില്‍ നിന്നും ബംഗാളിലേയ്ക്ക് ഗോതമ്പും ഭക്ഷ്യ ധാന്യങ്ങളും കൊണ്ടുവന്ന കപ്പല്‍ കരുതല്‍ ധാന്യശേഖരം ഉണ്ടാക്കുന്നതിന് വേണ്ടി യൂറോപ്പിലേക്ക് വഴി തിരിച്ചു വിട്ടു. ബര്‍മ്മയില്‍ എത്തിയ ജപ്പാന്‍ സൈന്യത്തിന്റെ അടുത്ത ലക്ഷ്യം കല്‍ക്കട്ട ആയിരിക്കാം എന്ന ധാരണയില്‍ ബംഗാളില്‍ സ്‌കോര്‍ച്ച്ഡ് എര്‍ത്ത് പോളിസി നടപ്പിലാക്കാന്‍ ചര്‍ച്ചില്‍ ഉത്തരവിട്ടു. അതിന്‍പ്രകാരം ശേഷിച്ച കൃഷിയിടങ്ങള്‍ നശിപ്പിച്ചു, സൂക്ഷിച്ച് വച്ചിരുന്ന ധാന്യങ്ങള്‍ തീയിട്ടുകളഞ്ഞു, ജലസേചന സവിധാനങ്ങള്‍ തകര്‍ത്തു. യുദ്ധത്തില്‍ ജപ്പാന്‍ സൈന്യം ബംഗാള്‍ പിടിച്ചടക്കിയാല്‍ ഒന്നും ശേഷിക്കാതിരിക്കാനുള്ള ബ്രിട്ടീഷ് തീരുമാനമായിരുന്നു അത്. അതിനുവേണ്ടി കൊടിയ ദാരിദ്ര്യത്തില്‍ കഴിഞ്ഞ കല്‍ക്കട്ട നിവാസികളുടെ പട്ടിണി മരണം ചര്‍ച്ചില്‍ കണ്ടില്ലെന്ന് നടിച്ചു. മുയല്‍ പെറ്റുപെരുകുന്നതുപോലെ ഇന്ത്യാക്കാര്‍ പെറ്റുപെരുകുന്നു, ആയതിനാല്‍ കുറെയെണ്ണം ചത്തു തുലയട്ടെ എന്നതായിരുന്നു ഇന്ത്യാക്കാര്‍ക്ക് ഭക്ഷണം നിഷേധിക്കുവാന്‍ ചര്‍ച്ചില്‍ കണ്ടുപിടിച്ച ന്യായം . ഇത്രയും ഇന്ത്യാക്കാര്‍ പട്ടിണികിടന്നു മരിച്ചിട്ടും ഗാന്ധിജി വിശന്നു മരിക്കാത്തതിലെ അമര്‍ഷം തുറന്നു പറയാനും ചര്‍ച്ചില്‍ മടിച്ചില്ല.

 

ബംഗാള്‍ ഗ്രാമങ്ങളില്‍ നിന്നും തൊഴിലും ഭക്ഷണവും തേടി കല്‍ക്കട്ട പട്ടണത്തിലേക്ക് പലായനം ചെയ്തവര്‍ തെരുവില്‍ ചത്തു വീണു. ഉദരപൂരണത്തിനുവേണ്ടി സ്ത്രീകള്‍ വേശ്യാവൃത്തിലേക്ക് തിരിഞ്ഞു. രോഗികള്‍ മരുന്നില്ലാതെ വലഞ്ഞു. എങ്ങും പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിച്ചു. കുടിവെള്ളം പോലും കിട്ടാനില്ലാതെയായി. കുട്ടികളുടെ ജഡങ്ങള്‍ മറവു ചെയ്യുവാന്‍ ആളില്ലാതെയായി. കുന്നുകൂടി കിടന്ന ശവങ്ങള്‍ തിന്ന്‍ കുറുക്കന്മാര്‍ മദിച്ചു നടന്നു.

 

ചര്‍ച്ചിലിന്റെ ഇത്തരം ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത ക്രൂരനായ ഒരു പട്ടാളമേധാവി ഉണ്ടായിരുന്നു; സര്‍ ജോണ്‍ ഹെര്‍ബര്‍ട്ട്. ആ സമയത്തെ ബംഗാള്‍ ഗവര്‍ണരായിരുന്നു അദ്ദേഹം. കൊല്ലുന്ന രാജാവിന്റെ തിന്നുന്ന മന്ത്രിയായിരുന്നു ഉരുക്കുമുഷ്ടിക്കാരനായ ജോണ്‍ ഹെര്‍ബര്‍ട്ട്.

 

ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോവുക എന്ന മുദ്രാവാക്യവുമായി കോണ്‍ഗ്രസ് പ്രക്ഷോഭത്തിനൊരുങ്ങിയത് അതേ സമയത്തായിരുന്നു.

 

 

എന്നാല്‍ ഹെര്‍ബര്‍ട്ടിനു ഓശാനപാടി പഞ്ചപുച്ഛം അടക്കി സര്‍വ്വ പിന്തുണയും നല്‍കിയി ബംഗാളില്‍ ജീവിച്ചിരുന്ന ഒരു ‘ദേശസ്‌നേഹി’ ഉണ്ടായിരുന്നു ആ സമയത്ത്. ജനസംഘം സ്ഥാപകനായ ശ്യാമപ്രസാദ് മുഖര്‍ജി. ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം കോണ്‍ഗ്രസ് ആരംഭിച്ചപ്പോള്‍ തന്റെ യജമാനന്റെ കസേരക്ക് ഇളക്കം തട്ടുമെന്ന് മുഖര്‍ജി ഭയന്നു. 1942 ജൂലൈ 26ന് തന്റെ യജമാനനായ ജോണ്‍ ഹെര്‍ബര്‍ട്ടിനു കത്തെഴുതി, ‘യുദ്ധകാലത്ത് പ്രക്ഷോഭമുണ്ടാക്കുന്നവരെ (ക്വിറ്റ് ഇന്ത്യ സമരക്കാരെ) ശക്തമായി അമര്‍ച്ച ചെയ്യണം. ഈ സമയത്ത് ബ്രിട്ടീഷുകാരെ ഇന്ത്യ വിശ്വസിച്ചേ മതിയാകൂ. യുദ്ധകാലത്ത് അല്പം സ്വാതന്ത്ര്യം നിഷേധിക്കുന്നതില്‍ തെറ്റില്ല. ഒരു ഗവര്‍ണര്‍ എന്ന നിലയില്‍ താങ്കള്‍ ലഹളയെ അമര്‍ച്ച ചെയ്യുകയും ബംഗാളിലെ മന്ത്രിമാരെ നിയന്ത്രിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു‘ (The RSS and The BJP, A.G Noorani, Leftworld Books, New Delhi, P. 43).

 

ഹിന്ദുത്വ ചായ്വുണ്ടെന്ന് ആരോപിക്കപ്പെട്ട പ്രമുഖ ചരിത്രകാരന്‍ ആര്‍.സി മജുംദാര്‍ തന്റെ History of Modern Bengal പുസ്തകത്തിലും ഇതിനെക്കുറിച്ച് പറയുന്നുണ്ട്. “Shyam Prasad ended the letter with a discussion of the mass movement organised by the Congress. He expressed the apprehension that the movement would create internal disorder and will endanger internal security during the war by exciting popular feeling and he opined that any government in power has to suppress it, but that according to him could not be done only by persecution…. In that letter he mentioned item wise the steps to be taken for dealing with the situation…(RC Majumdar, History of Modern Bengal. vol. 2, G. Bharadwaj & Co, Calcutta,  p. 350.) ശ്യാമപ്രസാദ് മുഖര്‍ജിയുടെ ബ്രിട്ടീഷ് ഭരണത്തോടുള്ള കൂറു പരസ്യമായി വെളിപ്പെടുത്തിയ കുപ്രസിദ്ധമായ ആ കത്തിനെക്കുറിച്ചുള്ള വിവരങ്ങളാണ് ഇവ. ഈ ജനസംഘ് ആണ് പിന്നീട് ബിജെപിയായി മാറിയത്.

 

1929-ലും 37-ലും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി വിജയിച്ച ശ്യാമപ്രസാദ് മുഖര്‍ജിയില്‍ ബ്രിട്ടീഷ് ദാസ്യത്തിന്റേ ചിന്തകള്‍ ഉദിച്ചത് 1939-ല്‍ വിഡി സവര്‍ക്കറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ്. അതിനു ശേഷം മുഖര്‍ജി പുതിയ ഒരു മനുഷ്യനായി മാറി എന്ന് സവര്‍ക്കറുടെ ആത്മകഥാകാരന്‍ ധനഞ്ജയ് കീര്‍ അവകാശപ്പെടുന്നു.

 

ഒരു വശത്ത് ജനം പട്ടിണി കൊണ്ട് മരിക്കുന്നു, മറുവശത്ത് കൂലി കിട്ടാതെ കര്‍ഷകര്‍ ബ്രിട്ടീഷ് പട്ടാളക്കാര്‍ക്ക് വേണ്ടി ഭക്ഷ്യ സാധനങ്ങള്‍ ഉത്പ്പാദിപ്പിച്ച് കയറ്റി വിടുന്നു. അതേസമയം ക്വിറ്റ് ഇന്ത്യ സമരം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്നു. ബ്രിട്ടിഷ് ഭരണത്തിന്റെ ഏറ്റവും ക്രൂരമായ കാലഘട്ടമായിരുന്നു അത്. എങ്കിലും ശ്യാമപ്രസാദ് മുഖര്‍ജിക്ക് ഇതൊന്നും ബാധകമായിരുന്നില്ല. കൊളോണിയന്‍ ദാസ്യത്തിന്റെ മുഖമായി ശ്യാമപ്രസാദ് മുഖര്‍ജി വര്‍ത്തിച്ചു. ബ്രിട്ടീഷുകാര്‍ക്ക് മുന്നേ ഇന്ത്യ വിഭജനം സ്വപ്നം കണ്ട വ്യക്തിയായിരുന്നു മുഖര്‍ജി. ചുരുങ്ങിയത് ബംഗാള്‍ എങ്കിലും രണ്ടാക്കണം എന്ന് പരസ്യമായി പറയാന്‍ അദ്ദേഹം മടിച്ചിരുന്നില്ല. അവിഭക്ത ഇന്ത്യ അദ്ദേഹത്തിന്റെ സ്വപ്നങ്ങളില്‍പ്പോലും ഇല്ലായിരുന്നു. സ്വന്തം ജനതയ്‌ക്കെതിരെ വേര്‍തിരിവിന്റെ മതിലുകള്‍ അദ്ദേഹം കെട്ടിപ്പൊക്കി. മണ്ണില്‍ മുള്ളുവേലികള്‍ ഉയരുന്നതിനു മുന്‍പേ മനസില്‍ അതിരുകള്‍ വരയ്ക്കുകയും ശത്രുക്കളെ വരകള്‍ക്ക് അപ്പുറത്ത് നിര്‍ത്തുകയും ചെയ്തു. സ്വന്തം രാജ്യത്തെ പൗരന്മാര്‍ക്കെതിരെ സര്‍ജിക്കല്‍ ഓപ്പറേഷന്‍സ് പദ്ധതിയൊരുക്കുന്നതില്‍ ജനസംഘ് മോശമായിരുന്നില്ല.

 

 

അടുത്തകാലത്ത് പാക് അധീന കാശ്മീരില്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ ഓപ്പറേഷന്റെ തന്ത്രങ്ങള്‍ ആര്‍എസ്എസില്‍ നിന്നുമാണ് പഠിച്ചത് എന്ന കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കരുടെ വാക്കുകകള്‍ ഇത്തരം ചരിത്ര യാഥാര്‍ത്ഥ്യങ്ങളുടെ പശ്ചാത്തലത്തില്‍ വേണം പരിശോധിക്കുവാന്‍. നാലു പ്രാവശ്യം പരിശ്രമിച്ചിട്ട് അവസാനം വിജയിച്ച നാഥുറാം ഗോഡ്‌സേയുടെ തന്ത്രങ്ങള്‍ പരീക്കര്‍ക്ക് പ്രചോദനമേകിയെന്നാണോ? ആന്‍ഡമാന്‍ ജയിലില്‍ നിന്നും ബ്രിട്ടിഷുകാരെ പുകഴ്ത്തി, കരഞ്ഞ് കാലു പിടിച്ച സവര്‍ക്കറുടെ തന്ത്രങ്ങള്‍ ആവേശം കൊള്ളിച്ചുവെന്നാണോ? ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുവാന്‍ ജോണ്‍ ഹെര്‍ബര്‍ട്ടിനു തന്ത്രങ്ങള്‍ പറഞ്ഞുകൊടുത്ത ശ്യാമപ്രസാദ് മുഖര്‍ജിയുടെ കുശാഗ്ര ബുദ്ധി സഹായിച്ചിട്ടുണ്ട് എന്നാണോ? പരീക്കറെ ആവേശം കൊള്ളിച്ച ഹിന്ദുത്വ തന്ത്രം ഏതായിരുന്നു?

 

കാശ്മീര്‍ താഴ്വരയില്‍ സമാധാനം കൊണ്ടുവരുവാന്‍ ഇന്ത്യന്‍ ഭരണകൂടത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പൊറുതി മുട്ടിയപ്പോള്‍ അയല്‍ രാജ്യത്ത് അതിക്രമിച്ച് കയറുവാന്‍ നിര്‍ബന്ധിതരായ സൈന്യത്തിന്, ആവേശമായി മാറിയത് ഒരുകാലത്തെ ദേശദ്രോഹികളാണ് എന്ന പ്രസ്താവന അങ്ങേയറ്റം അപലപനിയമാണ്. കക്ഷിരാഷ്ട്രീയ ഭേദമന്യേ സൈന്യത്തെ അനുമോദിച്ചപ്പോള്‍ അതിന്റെ തന്ത്രങ്ങള്‍ ഒരുകാലത്തെ ദേശദ്രോഹികളില്‍ ചാര്‍ത്തുന്നത് സൈന്യത്തോടുള്ള അവഹേളനം കൂടിയാണ്.

 

സംഘി ഫാക്ടറികളില്‍ ഉത്പ്പാദിപ്പിക്കുന്ന ഫോട്ടോഷോപ്പ് പടപ്പുകളും അത് വിതരണം ചെയ്യുന്ന ഷെയര്‍ തൊഴിലാളികളും ചരിത്രം അറിഞ്ഞിരിന്നുവെങ്കില്‍ നന്നായിരുന്നു. ഇന്നു ദേശസ്‌നേഹത്തിന്റെ അപ്പോസ്‌തലന്മാരുടെ വന്ദ്യഗുരുക്കള്‍ പലരും അവസരവാദികളും ബ്രിട്ടീഷുകാരുടെ സഹായികളും ആയിരുന്നു. സൈന്യത്തിനു പോയിട്ട് ഒരു സാധാരണ പൗരനുപോലും മാതൃകയാക്കുവാന്‍ മനുവാദികളില്‍ എണ്ണപ്പെട്ട നേതാക്കളുണ്ടായിരുന്നില്ല. ഇപ്പോള്‍ പുതിയ ചരിത്രമെഴുതുന്ന തിരക്കിലാണെല്ലോ സംഘപരിവാര്‍. പക്ഷേ, ചരിത്രത്തില്‍ സംഭവിച്ചിട്ടുള്ളതൊക്കെ എത്ര മറച്ചു വച്ചാലും ഒരു സമയത്ത് ഉയര്‍ന്നു വരിക തന്നെ ചെയ്യും; അത് ചര്‍ച്ചിലിന്റെ കാര്യത്തിലായാലും മുഖര്‍ജിയുടെ കാര്യത്തിലായാലും.

 

(എഞ്ചിനീയറും യാത്രികനും എഴുത്തുകാരനുമായ സജി മാര്‍ക്കോസ് ബഹറിനില്‍ താമസിക്കുന്നു)

 

Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍