UPDATES

സിനിമാ വാര്‍ത്തകള്‍

നുണച്ചിയെന്നു വിളിച്ചവരോട് പരിണീതിക്ക് പറയാനുള്ളത്

എനിക്ക് കാറുണ്ടായിരുന്നോ എന്നതായിരുന്നില്ല വിഷയം

ബോളിവുഡ് സുന്ദരി പരിണീതി ചോപ്ര കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തയായത് അത്ര നല്ല രീതിയില്‍ അല്ലായിരുന്നു. ഒരു നുണച്ചി ഇമേജ് ആയിരുന്നു പരിണീതിക്ക് സോഷ്യല്‍ മീഡിയയില്‍. അവരുടെ തന്നെ ഒരു പ്രസ്താവനയായിരുന്നു അതിനു കാരണം. ആയോധനകലയുമായി ബന്ധപ്പെട്ട ഒരു ചടങ്ങില്‍ അക്ഷയ് കുമാറിനൊപ്പം പങ്കെടുത്ത് സംസാരിക്കുന്നതിനിടയില്‍ തന്റെ കുട്ടിക്കാലത്തെ കുറിച്ച് താരം ചില കാര്യങ്ങള്‍ പങ്കുവച്ചിരുന്നു. അധികം പണമൊന്നുമില്ലാതിരുന്ന കുടുംബമായിരുന്നു തങ്ങളുടേതെന്നും താന്‍ സ്‌കൂളില്‍ പോയിരുന്നത് സൈക്കിളില്‍ ആയിരുന്നുവെന്നുമായിരുന്നു പരിണീതി പറഞ്ഞത്.

എന്നാല്‍ താരത്തിന്റെ ഒരു സഹപാഠി പരിണീതിയെ വിമര്‍ശിച്ചുകൊണ്ട് രംഗത്തുവന്നതോടെ വലിയ നാണക്കേടായി. പരിണീതി നുണപറയുകയാണെന്നും വലിയൊരു കുടുംബത്തിലെ അംഗമായിരുന്നു അവരെന്നും പരിണിതിയുടെ പിതാവിന് സ്വന്തമായി കാര്‍ ഉണ്ടായിരുന്നുവെന്നും സഹപാഠിയുടെ വിമര്‍ശനം വന്നതോടെ മാധ്യമങ്ങളടക്കം ഇത് ഏറ്റെടുക്കുകയും പരിണീതിയെ ഒരു നുണച്ചിയാക്കുകയും ചെയ്തു.


എന്നാല്‍ താന്‍ ഒരിക്കലും നുണ പറഞ്ഞിട്ടില്ലെന്നും തന്റെ വാക്കുകള്‍ തെറ്റായി വ്യാഖാനിക്കുകയാണ് ഉണ്ടായതെന്നും പരിണീതി പറയുന്നു. ട്വിറ്ററിലൂടെയാണ് ഈ വിഷയത്തില്‍ തന്റെ ഭാഗം താരം ന്യായീകരിക്കുന്നത്. പരിണീതി പറയുന്നു;

ആ ചടങ്ങില്‍വച്ച് ഞാന്‍ പറഞ്ഞ ചില കാര്യങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടിരിക്കുകയാണ്. എന്താണ് ഞാന്‍ യഥാര്‍ത്ഥത്തില്‍ ഉദ്ദേശിച്ചതെന്നു വ്യക്തമാക്കാന്‍ ആഗ്രഹിക്കുകയാണ്. അംബാല സ്‌കൂളിലാണ് ഞാനും സഹോദരന്മാരും പഠിച്ചത്. ഞങ്ങളെ സ്‌കൂളില്‍ കൊണ്ടുപോകാന്‍ കാറോ ഡ്രൈവറോ ഇല്ലായിരുന്നു. എന്റെ സഹോദരന്മാര്‍ ബസിലും ഞാന്‍ സൈക്കിളിലുമായിരുന്നു സ്‌കൂളില്‍ പോയിരുന്നത്. സൈക്കിളില്‍ ഞാന്‍ പോകുമ്പോള്‍ സ്‌കൂള്‍ വരെ അച്ഛന്‍ എന്നെ പിന്തുടരുമായിരുന്നു. ഞാന്‍ സുരക്ഷിതയായി അവിടെ എത്തിയെന്ന് അദ്ദേഹം ഉറപ്പു വരുത്തും. എന്റെ അച്ഛന് ഒരു കാര്‍ ഉണ്ടായിരുന്നു. പക്ഷേ അത് അദ്ദേഹം ഓഫിസ് കാര്യങ്ങള്‍ക്കു മാത്രമാണ് ഉപയോഗിച്ചിരുന്നത്. മക്കളായ ഞങ്ങളൊരിക്കലും ആ കാറില്‍ സ്‌കൂളില്‍ പോയിരുന്നില്ല. സൈക്കിളില്‍ സ്‌കൂളില്‍ പോകുന്നത് എനിക്കൊട്ടും ഇഷ്ടമുള്ള കാര്യമായിരുന്നില്ല. പക്ഷേ ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നൊരു കാര്യമുണ്ട്, എന്റെ അച്ഛന്‍ അന്നങ്ങനെ ചെയ്തത് എന്റെ സുരക്ഷയെ കരുതിയും ഒപ്പം ഒരു സ്വതന്ത്രവ്യക്തിയാക്കി എന്നെ മാറ്റാനുമായിരുന്നു.

ഈ കാര്യങ്ങളാണ് ഞാനന്ന് പറഞ്ഞത്. പക്ഷേ ചിലരത് ദുര്‍വ്യാഖ്യാനം ചെയ്തു. അപ്രസക്തമായ കാര്യങ്ങളാണ് അവര്‍ ചര്‍ച്ച ചെയ്തത്. എനിക്ക് കാര്‍ ഉണ്ടായിരുന്നോ ഇല്ലായിരുന്നോ എന്നതായിരുന്നില്ല വിഷയം. ഞാന്‍ എന്താണോ ഉദ്ദാഹരണമായി പറഞ്ഞത് അത് മൊത്തത്തില്‍ തെറ്റായി വ്യാഖ്യാനിച്ചു.

ഇക്കാലത്ത് പെണ്‍കുട്ടികള്‍ ആയോധനകലകള്‍ അഭ്യസിച്ച് കൂടുതല്‍ കരുത്തരാകുന്നു. ഞാനതില്‍ അഭിമാനം കൊള്ളുന്നു. കുട്ടിക്കാലത്ത് എനിക്കിങ്ങനെ ഒരവസരം കിട്ടിയിരുന്നെങ്കില്‍ ഞാന്‍ ഇപ്പോള്‍ കുറച്ചു കൂടി ആത്മവിശ്വാസം ഉള്ളവള്‍ ആകുമായിരുന്നു.
ഞാനിപ്പോള്‍ ഈ വിശദീകരണം നല്‍കുന്നത് ഇന്ത്യയ്ക്ക് പുറത്തിരുന്നാണ്. പെണ്‍കുട്ടികള്‍ അവരുടെ വളര്‍ച്ചയ്ക്കിടയില്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും അവരുടെ സുരക്ഷിതത്വത്തെ കുറിച്ചുമായിരുന്നു ഞാന്‍ പറഞ്ഞത്, പക്ഷേ അതിങ്ങനെ ഹീനമായ രീതിയില്‍ വ്യാഖ്യാനിക്കരുതെന്നാണ് എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍