UPDATES

വിദേശം

യൂറോപ്പിനായ് ഇസ്ലാമിക് സ്റ്റേറ്റിന്റെ കെണി

Avatar

ഹര്‍ലീന്‍ ഗംഭീര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഇസ്ലാമിക് സ്റ്റേറ്റ് ഇറാഖിലും സിറിയയിലും ഒടുങ്ങിയിരിക്കുന്നു എന്നു അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമ പറഞ്ഞു ഒരാഴ്ച്ചക്കുള്ളിലാണ് അവര്‍ പാരീസില്‍ ആക്രമണം നടത്തിയത്. പടിഞ്ഞാറന്‍ നാടുകള്‍ക്ക് എക്കാലത്തെയും വലിയ ഭീഷണിയാണ് തങ്ങളെന്ന് അതിലൂടെ ഐ എസ് തെളിയിക്കുകയും ചെയ്തിരിക്കുന്നു. ഇറാഖിലും സിറിയയിലുമുള്ള തങ്ങളുടെ നിയന്ത്രണപ്രദേശങ്ങള്‍ നിലനിര്‍ത്താനും, മറ്റ് മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ശാഖകളുണ്ടാക്കാനും, ലോകമാകെ നേരിട്ടും പിന്തുണയോടെയും ഭീകരാക്രമങ്ങള്‍ നടത്താനുമുള്ള ആഗോളതന്ത്രം നടപ്പാക്കുകയാണ് ഇസ്ലാമിക് സ്റ്റേറ്റ്. ലിബിയ, ഈജിപ്ത്, അഫ്ഗാനിസ്ഥാന്‍ തുടങ്ങി പല രാജ്യങ്ങളിലേക്കും അവര്‍ തങ്ങളുടെ ക്രൂരതയും സൈനിക തന്ത്രങ്ങളും കയറ്റുമതി ചെയ്തിരിക്കുന്നു. ഇപ്പോള്‍ പശ്ചിമേഷ്യയിലെ യുദ്ധക്കളത്തില്‍ നിന്നും ആര്‍ജിച്ച വിദ്യകള്‍  പ്രകോപനമുണ്ടാക്കാനും അതുവഴി പടിഞ്ഞാറന്‍ സമൂഹത്തില്‍ ഉണ്ടാകുന്ന മുസ്ലീം വിരുദ്ധ വികാരം മുതലെടുത്ത് കൂടുതലാളുകളെ തങ്ങളുടെ കൂട്ടത്തിലേക്ക് ആകര്‍ഷിക്കാനുമുള്ള തന്ത്രമാണ് അവര്‍ പ്രയോഗിക്കുന്നത്. യു എസും സഖ്യകക്ഷികളും ഈ ഭീഷണിയോട് ഉടനെ പ്രതികരിക്കേണ്ടതുണ്ട്.

പടിഞ്ഞാറന്‍ സമൂഹത്തെ ധ്രുവീകരിക്കുക എന്നതാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ തന്ത്രം.  തങ്ങളുടെ പേരില്‍ നടക്കുന്ന വിനാശകാരിയായ ആക്രമങ്ങള്‍ നിരപരാധികളായ മുസ്ലീങ്ങള്‍ക്കെതിരെ കടുത്ത രീതിയില്‍ പ്രതികരിക്കാന്‍ യൂറോപ്യന്‍ സര്‍ക്കാരുകളെ പ്രേരിപ്പിക്കുമെന്നും അതുവഴി യൂറോപ്പിലാകേ മുസ്ലീം സമൂഹം ഒറ്റപ്പെടുകയും തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കപ്പെടുകയും ചെയ്യുമെന്നു അവര്‍ കണക്കുകൂട്ടുന്നുണ്ട്. ഈ പ്രചാരണത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പാരീസില്‍ കണ്ടത്. ജനുവരി മുതല്‍ക്കേ, ഇറാഖിലും സിറിയയിലും ഇസ്ലാമിക് സ്റ്റേറ്റിനൊപ്പമുള്ള യൂറോപ്യന്‍ പൌരന്‍മാര്‍ പാരീസ്, കോപ്പന്‍ഹേഗന്‍, ലിയോണ്‍ എന്നിവടങ്ങളിലെ ആക്രമണങ്ങള്‍ക്കും, ലണ്ടനിലും ബാഴ്സലോണയിലും, ബ്രസല്‍സിനടുത്തും നടത്തിയ ആക്രമണ ശ്രമങ്ങള്‍ക്കും ഓണ്‍ലൈനിലൂടെയും മറ്റ് വഴികളിലൂടെയും പിന്തുണ നല്കുന്നുണ്ട്. സിനായിയില്‍ റഷ്യന്‍ വിമാനം തകര്‍ത്തതിന് പിന്നിലും ഇസ്ലാമിക് സ്റ്റേറ്റ് പോരാളികളാണെന്ന് കരുതുന്നു. ഇതൊന്നും ഒറ്റപ്പെട്ട ആക്രമണങ്ങളല്ല. പശ്ചിമേഷ്യയോടുള്ള പടിഞ്ഞാറന്‍  രാഷ്ട്രങ്ങളുടെ നയത്തെ സ്വാധീനിക്കാനുമല്ല. നിലവില്‍ യൂറോപ്പില്‍ ഉള്ളവരെ ഏകോപിപ്പിക്കാനും പുതിയ ആളുകളെ കണ്ടെത്താനുമായി സൈനിക ശേഷികളുള്ള ഒരു സംഘടന നടത്തുന്ന പ്രചാരണങ്ങളാണ്.

തന്ത്രം വളരെ പ്രകടമാണ്. ജനുവരിയില്‍ നടന്ന ചാര്‍ലീ ഹെബ്ദോ ആക്രമണത്തിന് ശേഷം ഇസ്ലാമിക് സ്റ്റേറ്റ് തന്നെ വിശദീകരിച്ചപ്പോലെ,“ഈ greyzone (യൂറോപ്പിനെ അവര്‍ വിശേഷിപ്പിക്കുന്നത്) സ്വയം നശിപ്പിക്കാന്‍ അത് കുരിശുയുദ്ധക്കാരെ നിര്‍ബന്ധിതരാക്കും… പാശ്ചാത്യ മുസ്ലീങ്ങള്‍ വളരെ വേഗത്തില്‍ തങ്ങള്‍ക്ക് മുന്നില്‍ രണ്ടു വഴികളാണുള്ളതെന്ന് തിരിച്ചറിയും, ഒന്നുകില്‍ മതത്തെ ത്യജിക്കുക്ക, അല്ലെങ്കില്‍ കുരിശുയുദ്ധ സര്‍ക്കാരുകളില്‍ നിന്നും അവരുടെ പൌരന്മാരില്‍ നിന്നുമുള്ള പീഡനങ്ങളില്‍ നിന്നു രക്ഷപ്പെട്ടു ഇസ്ലാമിക് സ്റ്റേറ്റിലേക്ക് കുടിയേറുക.”

ഏതാനും അക്രമികള്‍ക്ക് 44 ദശലക്ഷം വരുന്ന മുസ്ലീങ്ങളെ യൂറോപ്യന്‍ സമൂഹം കാണുന്ന രീതിയില്‍ മാറ്റം വരുതിക്കാക്കാനാകുമെന്നും അതുവഴി യൂറോപ്യന്‍ മുസ്ലീംങ്ങള്‍ സ്വയം കാണുന്ന രീതിയെ മാറ്റാമെന്നും അവര്‍ കരുതുന്നുണ്ട്. ഈ പ്രകോപനത്തിലൂടെ പടിഞ്ഞാറുമായുള്ള പ്രചണ്ഡമായൊരു യുദ്ധത്തിന് കളമൊരുക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്.

നിര്‍ഭാഗ്യവശാല്‍ യൂറോപ്പിലെ ചില വിഭാഗങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റ് ആഗ്രഹിക്കുന്ന പോലെയാണ് പ്രതികരിക്കുന്നത്. പല യൂറോപ്യന്‍ രാജ്യങ്ങളിലും തീവ്ര-വലതുപക്ഷ കക്ഷികള്‍ ശക്തി പ്രാപിച്ചിരിക്കുന്നു. ഈ ശൈത്യത്തില്‍ നടക്കുന്ന പ്രാദേശിക തെരഞ്ഞെടുപ്പില്‍ വടക്കന്‍ ഫ്രാന്‍സില്‍ നാഷണല്‍ ഫ്രണ്ട് മുന്നിലെത്തും എന്നാണ് സൂചന. “ഇസ്ലാമികതയുമായി ബന്ധം സൂക്ഷിക്കുന്നവര്‍ ഫ്രാന്‍സിന്റെ ശത്രുക്കളാണ്,” എന്നാണ് അതിന്റെ നേതാവ് മേരീ ലീ പെന്‍ പറഞ്ഞത്. ജൂണില്‍ നടന്ന ദേശീയ തെരഞ്ഞെടുപ്പില്‍ ദേശീയത, ഇസ്ളാമിക വിരുദ്ധ മുദ്രാവാക്യങ്ങളുമായി ഡാനിഷ് പീപ്പിള്‍സ് പാര്‍ടി 21% വോട്ട് നേടി. വിദേശീയ വിരുദ്ധ സ്വീഡന്‍ ഡെമോക്രാറ്റുകള്‍ ജനപ്രിയത സാവധാനത്തില്‍ കൂട്ടുന്നുണ്ട്.

പാരീസ് ആക്രമം മുസ്ലീം വിരുദ്ധതയ്ക്ക് ആക്കം കൂട്ടുമെന്ന കാര്യത്തില്‍ സംശയമില്ല. ഫ്രാന്‍സിലെ ലില്ലെയില്‍ ‘ഇസ്ലാമികവാദികളെ പുറത്താക്കുക’ എന്ന ബാനറുയര്‍ത്തി നടന്ന പ്രകടനം ഇത് കാണിക്കുന്നു. പടിഞ്ഞാറന്‍ വിദ്വേഷത്തിന്റെ കഥകള്‍ ഇസ്ലാമിക് സ്റ്റേറ്റിന് മെനയേണ്ടി വരുന്നില്ല;‘കുറച്ചു ഇസ്ലാം, അത്രയും നല്ലത്’ എന്ന്‍ പ്രഖ്യാപിക്കുന്ന ഡച്ച് രാഷ്ട്രീയക്കാരന്‍ ഗീര്‍ട് വൈല്‍ദേഴ്സിന്‍റെ ചിത്രം വെറുതെ പ്രസിദ്ധീകരിച്ചാല്‍ മതി. ജര്‍മ്മനിയില്‍ അഭയാര്‍ത്ഥികള്‍ക്കെതിരെയും ഫ്രാന്‍സില്‍ മുസ്ലീം പൌരന്‍മാര്‍ക്കെതിരെയും ഈ വര്‍ഷം ആക്രമണങ്ങള്‍ നടന്നു. പശ്ചിമേഷ്യയിലും ആഫ്രിക്കയിലും നിന്നൊഴുകുന്ന പതിനായിരക്കണക്കിന് അഭയാര്‍ത്ഥികളും കുടിയേറ്റക്കാരും ഇസ്ലാമിക് സ്റ്റേറ്റ് പ്രചാരണത്തിന് പറ്റിയ അന്തരീക്ഷം സൃഷ്ടിക്കുന്നു.

ഈ ഇസ്ലാം വിരുദ്ധ പ്രവര്‍ത്തികളൊന്നും ഇസ്ലാമിക് സ്റ്റേറ്റിന്റെ കുടിലതകളെ ന്യായീകരിക്കുന്നില്ല, അവയൊന്നുമല്ല ഐ എസിന്റെ ചെയ്തികള്‍ക്ക് കാരണവും. യൂറോപ്പ് ഇതിലും മെച്ചമായി അഭയാര്‍ത്ഥികളെ സ്വീകരിച്ചാലും ഇസ്ലാമിക് സ്റ്റേറ്റ് പോരാളികളെ അയയ്ക്കുകയും അന്നാട്ടിലെ ചില പൌരന്മാരെ തങ്ങളുടെ കൂട്ടത്തില്‍ ചേര്‍ക്കുകയും ചെയ്യും. പക്ഷേ ഇസ്ലാമിക് സ്റ്റേറ്റിന്റെ ആശയവുമായോ പ്രവര്‍ത്തനങ്ങളുമായോ യാതൊരു ബന്ധവുമില്ലാത്ത മുസ്ലീങ്ങള്‍ക്കെതിരായ തിരിച്ചടികള്‍ സാഹചര്യം കൂടുതല്‍ വഷളാക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ഒരുക്കുന്ന ഈ കെണിയില്‍ വീഴാതിരിക്കാനാണ് യൂറോപ്പ് ശ്രമിക്കേണ്ടത്.

ഏറ്റവും അടിയന്തരമായി യൂറോപ്പും യു എസും അംഗീകരിക്കേണ്ട വസ്തുത പശ്ചിമേഷ്യയിലെ ഈ നീളുന്ന യുദ്ധം വളരെ വ്യക്തമായി സ്വന്തം നാട്ടില്‍ തങ്ങളുടെ സുരക്ഷക്ക് ഭീഷണിയാണെന്നാണ്. സിറിയയിലും ഇറാഖിലുമുള്ള യുദ്ധം ആഗോളമായി തീവ്രവാദികളെ ആകര്‍ഷിക്കുകയാണ്. പടിഞ്ഞാറിനുമേല്‍ വീഴ്ത്താനുള്ള യുദ്ധതന്ത്രങ്ങള്‍ ഭീകരവാദികള്‍ ആര്‍ജിച്ചെടുക്കുന്നത് ഈ യുദ്ധക്കളത്തില്‍ നിന്നുമാണ്. ആ സംഘര്‍ഷങ്ങളെക്കുറിച്ചുള്ള നമ്മുടെ നിഗമനങ്ങള്‍ മാറണം. അവര്‍ തന്നെ സൃഷ്ടിച്ചു വളര്‍ത്തിയ ഒരു ശത്രുവിനെ അവര്‍ തന്നെ തോല്‍പ്പിക്കും എന്ന പ്രതീക്ഷയില്‍ സിറിയന്‍ പ്രസിഡണ്ട് ബഷര്‍ അല്‍-അസദിനെ പോലുള്ള ഏകാധിപതികളെ പിന്തുണക്കാനുള്ള പ്രലോഭനങ്ങളും നാം ഒഴിവാക്കണം.

ലോകം മുഴുവന്‍ അഭയാര്‍ത്ഥികളെ നിറയ്ക്കുന്ന പശ്ചിമേഷ്യയെ കീറിമുറിക്കുന്ന യുദ്ധങ്ങള്‍ നിര്‍ത്താനുള്ള സമയമായെന്ന സൂചനയാണ് പാരീസ് ആക്രമണം തരുന്നത്. ദശലക്ഷക്കണക്കിന് ജനങ്ങള്‍ യുദ്ധക്കെടുതിയില്‍ വലയുമ്പോള്‍ നമുക്ക് മാത്രമായി സമാധാനം ലഭിക്കില്ല എന്നതിന്റെയും തെളിവാണത്.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍