UPDATES

വിദേശം

പാരീസ് ആക്രമണം; 20-ലേറെ സൂത്രധാരന്‍മാര്‍

Avatar

ആന്റണി ഫെയോല, സൌദ് മെഖന്നെറ്റ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

യൂറോപ്യന്‍ അധികൃതര്‍, ഞായറാഴ്ച്ച മുഴുവന്‍ 26 വയസുള്ള ‘അപകടകാരിയായ ഒരു വ്യക്തി’ക്കു വേണ്ടി അന്താരാഷ്ട്രതലത്തില്‍ തെരച്ചില്‍ നടത്തുകയായിരുന്നു. പാരീസിലെ ഭീകരാക്രമന്തില്‍ പങ്കുള്ള മൂന്നു സഹോദരങ്ങളില്‍ ഒരാള്‍. ചിത്രം കൂടുതല്‍ തെളിയുന്തോറും 20 പേരെങ്കിലും ഈ ഭീകരവാദ ശൃംഖലയില്‍ ഉണ്ടാകും എന്നാണ് സൂചന.

ഫ്രാന്‍സിന്റെ 9/11 എന്നു വിളിക്കാന്‍ തുടങ്ങിയ വെള്ളിയാഴ്ച്ച നടന്ന ആക്രമണത്തില്‍ മൂന്നു ചാവേര്‍ സംഘങ്ങളിലായി 8 അക്രമികള്‍ നേരിട്ടു പങ്കെടുത്തു എന്നാണ് കരുതുന്നത്. 6 പേര്‍ ചാവേറുകളായി പൊട്ടിത്തെറിച്ചു.  ഒരാളെ പൊലീസ് വെടിവെച്ചുകൊന്നു. എട്ടാമത്തെ ആക്രമിയെന്ന് കരുതുന്നയാളുടെ ചിത്രം അടിയന്തര ജാഗ്രത നിര്‍ദേശത്തോടെ ഫ്രഞ്ച് പൊലീസ് പുറത്തുവിട്ടു: 5 അടി 7 ഇഞ്ച് ഉയരമുള്ള ബല്‍ജിയത്തില്‍ ജനിച്ച ഫ്രഞ്ച് പൌരന്‍ സലാ അബ്ദെസ്ലാം.

കുറഞ്ഞത് 132 പേര്‍ കൊല്ലപ്പെട്ട ആക്രമണവുമായി ബന്ധമുണ്ടെന്ന് കരുതുന്ന 7 പേരെ ഫ്രാന്‍സില്‍ പിടികൂടുകയും ബല്‍ജിയത്തില്‍ 7 പേരെ പൊലീസ് പിടിക്കുകയും ചെയ്തതിന് പിറകെയാണ് ഇയാള്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചത്. ഈജിയന്‍ കടല്‍തീരം മുതല്‍ പാരീസിലെ തിരക്കുപിടിച്ച പട്ടണപുറമ്പോക്കുകളില്‍ വരെ അന്താരാഷ്ട്ര അന്വേഷണവല വിരിച്ച് കഴിഞ്ഞു. അതേ സമയം തന്നെ ഇസ്ലാമിക് സ്റ്റേറ്റ് ചെയ്തതെന്ന് ഫ്രാന്‍സ് കുറ്റപ്പെടുത്തിയ ഈ ഭീകരാക്രമണത്തിന് മറുപടിയായി അവരുടെ സിറിയയിലെ ശക്തികേന്ദ്രമായ റക്ക നഗരത്തില്‍ ഫ്രാന്‍സ് വ്യോമാക്രമണം നടത്തി.

യൂറോപ്പിലെ ജനങ്ങളും സര്‍ക്കാരുകളും മരവിപ്പിക്കുന്ന ഒരു ആഭ്യന്തര യാഥാര്‍ത്ഥ്യത്തെയാണ് നേരിടുന്നത്. ഇസ്ളാമിക സംഘങ്ങളുമായി ബന്ധമുള്ള തദ്ദേശീയരായ ഒരു വലിയ സംഘം ഭീകരവാദികള്‍ കടുത്ത ആക്രമണങ്ങള്‍ക്ക് ശേഷിയുള്ളവരായി രൂപപ്പെട്ടിരിക്കുന്നു. മേഖലയിലെ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ഇവരെ കണ്ടെത്തുക എന്നത് ഒട്ടും എളുപ്പവുമല്ല.

പാരീസ് ആക്രമണം ആസൂത്രണം ചെയ്യാനും അതിനെ പിന്തുണക്കാനും നടപ്പാക്കാനുമായി  യൂറോപ്പില്‍ നിന്നുള്ള ഏതാണ്ട് 20 പേരെങ്കിലും പങ്കാളികളായിട്ടുണ്ട്  എന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. സഹോദരങ്ങളായ സയിദ്, ഷെരീഫ് കൌവാഷി എന്നിവര്‍ പാരീസില്‍ ജനുവരിയില്‍ നടത്തിയ ആക്രമണത്തിലും ഇവരില്‍ ചിലര്‍ക്ക് പങ്കുണ്ടായിരുന്നു. ബ്രാഹീം അബ്ദ്സലേം,31, വെള്ളിയാഴ്ച്ച തിരക്കേറിയ ഒരു ഒരു ഭക്ഷണശാലയില്‍ ചാവേറായി പൊട്ടിത്തെറിച്ചു. ആക്രമണത്തിന് വാടകയ്ക്ക് കാര്‍ എടുത്തുകൊടുത്ത അയാളുടെ സഹോദരന്‍ സലാഹ്,26, ഒളിവിലാണ്. മൂന്നാമതൊരു സഹോദരനെ ബല്‍ജിയത്തില്‍ പിടികൂടി എന്നാണ് കരുതുന്നത്.

പാരീസ് ആക്രമണത്തിനുള്ള ഒരുക്കങ്ങള്‍ നടന്ന പ്രധാന കേന്ദ്രം ബ്രസല്‍സായിരുന്നു എന്നു വെളിവാകുന്നുണ്ട്. ബല്‍ജിയത്തില്‍ നിന്നും വാടകയ്ക്കെടുത്ത ഒരു കാര്‍ ഫ്രഞ്ച് പൊലീസ് പിടിച്ചെടുത്തു. ആകസ്മികമായി അതില്‍നിന്നും മറ്റൊരു സൂചനകൂടി ലഭിച്ചു: ബ്രസല്‍സിലെ പ്രാന്തപ്രദേശമായ, ജിഹാദികളുടെ താവളമെന്ന് കരുതുന്ന മോളെന്‍ബീക്കില്‍ നിന്നുള്ള ഒരു കാര്‍ പാര്‍കിംഗ് ടിക്കറ്റ്.

യൂറോപ്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളിലെ ഉദ്യോഗസ്ഥര്‍ പറയുന്നത് ഈ 8 പേരില്‍ കുറഞ്ഞത് 2 പേരെങ്കിലും സിറിയയില്‍ പോയിട്ടുണ്ട് എന്നാണ്. ഇക്കൂട്ടത്തില്‍ 20-കാരനായ ഫ്രഞ്ച് പൌരന്‍ ബിലാല്‍ ഹാദിഫ് പശ്ചിമേഷ്യയില്‍ നിന്നും ബല്‍ജിയത്തിലേക്ക് മടങ്ങിയെത്തിയതാണ്. തുടര്‍ന്നയാള്‍ ബല്‍ജിയത്തിലെ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തില്‍ നിന്നും അപ്രത്യക്ഷനായി.

ഈ പിഴവ് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഏറ്റുപറഞ്ഞു,“ഇത്രയേറെ ആളുകള്‍, പലരും പൊലീസിന് അറിവുള്ളവര്‍, ഇത്രയും വലിയൊരു ആക്രമണം, ചാവേര്‍ സ്ഫോടന അരപ്പട്ടകള്‍, ആയുധങ്ങള്‍ എന്നിവ ഉപയോഗിച്ച്, രഹസ്യാന്വേഷണ ഏജന്‍സികളുടെ അറിവുകൂടാതെ ആസൂത്രണം ചെയ്തു നടത്തി എന്നത് , രഹസ്യാന്വേഷണ ഏജന്‍സികളുടെ വലിയ പിഴവാണ്.”

വ്യക്തി സ്വാതന്ത്ര്യത്തെ വിശുദ്ധവത്കരിച്ച് കൊണ്ടുനടക്കുന്ന ഈ മതേതര നഗരം പുതിയൊരു സംഘര്‍ഷാത്മകമായ അന്തരീക്ഷത്തിലേക്ക് പതിച്ചിരിക്കുന്നു. മോണ്ട്റെയിലെ കിഴക്കന്‍ ഭാഗത്തായി കലഷ്നിക്കോവുകള്‍ സൂക്ഷിച്ച ഒരു കാര്‍ കണ്ടെത്തി. ബുധനാഴ്ച്ച, പ്രസിഡണ്ട് ഫ്രാന്‍സ്വ ഒലാന്ദ് മൂന്നു മാസത്തെ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള ബില്‍ ദേശീയ നിയമനിര്‍മാണസഭയില്‍ അംഗീകാരത്തിനായി അവതരിപ്പിക്കും-പൊതുസ്ഥലങ്ങളിലെ കൂട്ടം കൂടാനും സഞ്ചാരത്തിനുമുള്ള സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാനുള്ള അസാധാരണമായ അധികാരം പൊലീസിന് ഇത് നല്കും.  

ഞായറാഴ്ച്ച രാത്രി ഒരു പടക്കത്തിന്റെയോ വൈദ്യുതബന്ധത്തിലേ തകരാറോ ഉണ്ടാക്കിയ ശബ്ദം പോലും പാരീസില്‍ അനുസ്മരണത്തിന് കൂടിയ ആളുകള്‍ക്കിടയില്‍ പരിഭ്രാന്തി പടര്‍ത്തി. ട്വിറ്ററില്‍ വെടിവെപ്പിന്റെ വ്യാജ മുന്നറിയിപ്പുകള്‍ വന്നതോടെ ആളുകള്‍ ഭക്ഷണശാലകള്‍ക്കും കടകള്‍ക്കും പുറത്തേക്ക് തിക്കിത്തിരക്കിയിറങ്ങി. ഹോട്ടലുകള്‍ വിളക്കുകളണച്ചു, ജീവനക്കാര്‍ കസേരകള്‍ക്ക് പിറകില്‍ ചുരുണ്ടുകൂടി. ഒരു സ്ത്രീ കനാലിലേക്ക് എടുത്തുചാടുക വരെ ചെയ്തു.

“പൊടുന്നനെ ആളുകള്‍ എവിടേയും എല്ലാ ദിശകളിലേക്കും അലറിക്കരഞ്ഞുകൊണ്ട് ഓടാന്‍ തുടങ്ങി,” അനുസ്മരണത്തിനെത്തിയ അഭിഭാഷകന്‍ ഒമര്‍ സാഹിരി പറഞ്ഞു. “കിറുക്കന്മാരെപ്പോലെ ഓടാതിരിക്കൂ, ശാന്തരാകൂ എന്നു ഞാന്‍ പറഞ്ഞു. പക്ഷേ ആരും കേട്ടില്ല.  അവര്‍ ഓടിക്കൊണ്ടേയിരുന്നു.”

ആക്രമണത്തിന്റെ സൂത്രധാരന്‍മാരുടെ ഒരു അപൂര്‍ണമായ ചിത്രം പതുക്കെ തെളിഞ്ഞുവരുന്നുണ്ട്. മൂന്നു ചാവേറുകള്‍ പൊട്ടിത്തെറിച്ച മൈതാനത്തിനടുത്തുനിന്നും ഒരു സിറിയന്‍ പാസ്പോര്‍ട് കണ്ടുകിട്ടി. അത് ചാവേറുകളില്‍ ഒരാളുടേതാകാം. പാസ്പോര്‍ടിലെ പേര് അഹമദ് അല്‍മൊഹമദ് എന്നാണ്. പാസ്പോര്‍ടിലെ വിവരമനുസരിച്ച് 25 വയസുള്ള അയാളുടെ ജന്‍മനാട്  സിറിയയിലെ ഇദ്ലിബ് ആണ്.

ഇതിനെ ചാവേറുകളുമായി സംശയരഹിതമായി ബന്ധിപ്പിച്ചിട്ടില്ല ഇതുവരെ. പക്ഷേ ഫ്രാന്‍സിന്റെ ആവശ്യത്തെ തുടര്‍ന്ന് നടത്തിയ ഒരു പരിശോധനയില്‍ 198 പേരുമായി ഒക്ടോബര്‍ 3-നു ഈജിയന്‍ ദ്വീപ്, ലെറോസില്‍ എത്തിയ ഒരു കുടിയേറ്റ ബോട്ടിലെ അഭയാര്‍ത്ഥിയുടേതാണ് ഈ പാസ്പോര്‍ട് എന്നു കണ്ടെത്തിയിട്ടുണ്ട്. യൂറോപ്പിലേക്കുള്ള അഭയാര്‍ത്ഥികളുടെ പ്രവാഹത്തെ തടയണമെന്ന ആവശ്യത്തിന് ജീവന്‍ വെക്കാന്‍ ഈയൊരു ബന്ധത്തിന്റെ സാധ്യത മതിയാകും.

പാരീസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അഭയാര്‍ത്ഥികളെ ഭീകരവാദികളായി കാണരുതെന്ന് തുര്‍ക്കിയില്‍ നടക്കുന്ന ജി-20 ഉച്ചകോടിയില്‍ യൂറോപ്യന്‍ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ഝാന്‍-ക്ലോദ് ജന്‍കര്‍ ലോകനേതാക്കളോട് ആവശ്യപ്പെട്ടു. അഭയാര്‍ത്ഥികള്‍ ആരില്‍നിന്നാണോ രക്ഷപ്പെടാനായി പലായനം ചെയ്യുന്നത് അതേ ആളുകളാണ് ഈ ആക്രമണം ആസൂത്രണം ചെയ്തവരും നടപ്പാക്കിയവരും എന്നു അദ്ദേഹം പറഞ്ഞു. “യൂറോപ്യന്‍ യൂണിയന്റെ അഭയാര്‍ത്ഥി നയം പുനപരിശോധിക്കേണ്ട ഒരു കാര്യവുമില്ല.”

മറ്റ് അക്രമികള്‍ യൂറോപ്പിലെ പുതിയ ആഭ്യന്തര തീവ്രവാദികളുടെ വളര്‍ന്നുവരുന്ന നിരയില്‍ പെടുത്താവുന്നവരാണ്. തീവ്രവാദ ആശയങ്ങളില്‍ എത്തിയ ചെറിയ കുറ്റവാളികള്‍, തങ്ങളുടെ മാതാപിതാക്കളെക്കാളും മതഭക്തര്‍.

പാരീസിലെ സംഗീത ശാലയില്‍ ആളുകളെ വെടിവെച്ചുകൊന്നതിന് ശേഷം മറ്റ് രണ്ടുപേര്‍ക്കൊപ്പം പൊട്ടിത്തെറിച്ച 29-കാരനായ ഫ്രഞ്ച് പൌരന്‍ ഒമര്‍ മൊസ്തേഫായി ഇതിന് ഉദാഹരണമാണ്. അയാളുടെ പേരില്‍ ചെറിയ കുറ്റകൃത്യങ്ങളുടെ ചരിത്രമുണ്ട്. 2004-നും 2010-നും ഇടക്ക് ലൈസന്‍സില്ലാതെ വണ്ടിയോടിച്ചതടക്കം 8 ചെറിയ കുറ്റകൃത്യങ്ങള്‍.

എന്നാല്‍ 2010-ല്‍ പാരീസിന് തെക്കുപടിഞ്ഞാറുള്ള ലൂസിലെ ഒരു പള്ളിയില്‍ തീവ്രവാദി ഇസ്ലാമികവാദികളുമായുള്ള ബന്ധത്തിന്റെ പേരില്‍ ഇയാള്‍ ഫ്രഞ്ച് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണക്കണ്ണില്‍ പെട്ടു. ഞായറാഴ്ച്ച പെട്ടെന്ന് മാധ്യമ ശ്രദ്ധയില്‍ വന്നപ്പോള്‍ പള്ളിയിലെ നേതാക്കള്‍ അമ്പരന്നു. തീവ്രവാദവുമായി ഒരു ബന്ധവുമില്ലെന്ന് വ്യക്തമാക്കാന്‍ അവര്‍ ഒരു വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തു. മൊസ്തേഫായ് ഇവിടം വിട്ട 2013-നു ശേഷമാണ് ഇപ്പോഴത്തെ ഭരണസമിതി അധികാരമേറ്റെടുത്തത് എന്നും അയാളെ അവിടെ കണ്ടതായിപ്പോലും ഓര്‍ക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.

മൊസ്തേഫായ് 2013-ല്‍ സിറിയയിലേക്ക് പോയിരിക്കാനാണ് സാധ്യതയെന്ന് ആ കേസുമായി ബന്ധപ്പെട്ട ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. “അപ്പോഴാണ് ഞങ്ങള്‍ക്ക് അയാളെക്കുറിച്ചുള്ള വിവരങ്ങള്‍ നിലച്ചത്.”

ചെറുപ്പകാലത്ത് മൊസ്തേഫായ് പാരീസിലെ കൌര്‍കുറോണെ എന്ന പ്രാന്തപ്രദേശത്തെ ഒരു മധ്യവര്‍ഗ കുടുംബത്തിലാണ് ജീവിച്ചിരുന്നത്. മൂന്നു സഹോദരന്മാരും രണ്ടു സഹോദരിമാരും. അച്ഛന്‍ അള്‍ജീരിയന്‍ വംശജന്‍, അമ്മ ഇസ്ലാമിലേക്ക് മതം മാറിയ പോര്‍ച്ചുഗീസുകാരി.

മൊസ്തേഫായിക്ക് 13 വയസുള്ളപ്പോള്‍ അയാളുടെ കുറ്റകൃത്യ വാസന കാരണം കുടുംബത്തിന് വീടൊഴിയാന്‍ നോട്ടീസ് കിട്ടി. “ഇസ്മായീല്‍ ഒരു കുഴപ്പക്കാരനായിരുന്നു. മൊബൈല്‍ ഫോണ്‍ പോലുള്ള സാധനങ്ങളൊക്കെ അയാള്‍ മോഷ്ടിച്ചിരുന്നു,” ഒരു അയല്‍ക്കാരന്‍, ഔസ്റ്റി, പറഞ്ഞു.

ആ കുടുംബം പിന്നീട് ചാര്‍ട്ടേഴ്സിലേക്ക് മാറി. അവര്‍ മതരീതികള്‍ പുലര്‍ത്തിയിരുന്നെങ്കിലും അമിതപ്രകടനങ്ങള്‍ ഇല്ലായിരുന്നു എന്ന് അവിടുത്തുകാര്‍ ഓര്‍മ്മിക്കുന്നു. മൊസ്തേഫായിയുടെ അമ്മ തലയില്‍ തട്ടമിട്ടിരുന്നു. പക്ഷേ പെങ്ങന്‍മാര്‍ അതുപയോഗിച്ചിരുന്നില്ല.

ഔസ്റ്റി മൊസ്തേഫായിയെ അവസാനമായി കണ്ടത് 4 വര്‍ഷം മുമ്പാണ്. “അധികം സംസാരിക്കാത്ത പ്രകൃതമായിരുന്നു അവന്റേത്. ഞാന്‍ പറയുകയാണെങ്കില്‍ ഒരു കുഞ്ഞാട് ഒരു രാക്ഷസനായി മാറി.”

പാരീസില്‍ ചോദ്യം ചെയ്യലിനായി കീഴടങ്ങിയ മൊസ്തേഫായിയുടെ സഹോദരന്‍ പറഞ്ഞത് വര്‍ഷങ്ങളായി താന്‍ സഹോദരനുമായി എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചിരിക്കുന്നു എന്നാണ്. ഇളയ പെണ്‍കുട്ടിയുമായി മൊസ്തേഫായ് അള്‍ജീരിയയിലേക്ക് മാറിയിരുന്നു എന്നാണ് 34-കാരനായ ഇയാള്‍ പറയുന്നത്. ആക്രമണത്തില്‍ തന്റെ സഹോദരന്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നത് തന്നെ ഞെട്ടിച്ചെന്നും അയാള്‍ പറയുന്നു.

മൊസ്തേഫായിയുടെ സഹോദരന്റെയും അച്ഛന്റെയും വീടുകള്‍ അന്വേഷണ സംഘം ശനിയാഴ്ച്ച രാത്രി മൂന്നുമണിക്കൂറോളം അരിച്ചുപെറുക്കി.

“ഞങ്ങള്‍ക്ക് ഇതുമായി എന്തു ബന്ധമാണുള്ളത്?” അയാളുടെ സഹോദരന്റെ ഭാര്യ നിറകണ്ണുകളോടെ ചോദിച്ചു. “വര്‍ഷങ്ങളായി ഞങ്ങള്‍ അയാളോട് സംസാരിച്ചിട്ടില്ല. ഞങ്ങളെ ഞങ്ങളുടെ പാട്ടിനുവിടുമെന്നാണ് പ്രതീക്ഷ. ഞങ്ങള്‍ക്ക് ശാന്തമായ ഒരു ചെറിയ ജീവിതമാണുള്ളത്. ഇപ്പോള്‍ ഇതെന്നെ ഭയപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു.”

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍