UPDATES

വിദേശം

കുടിയേറ്റ പ്രശ്‌നത്തെ കൂടുതല്‍ കുഴപ്പിച്ച് പാരീസ് ആക്രമണം

Avatar

പീറ്റര്‍ ഹോളെയ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

പാരീസിലെ ഭീകരാക്രമണ സ്ഥലങ്ങള്‍ ഇപ്പോഴും പരിശോധനയിലാണ്. കൊല്ലപ്പെട്ടവരുടെ പേരുകള്‍ പുറത്തുവരുന്നതേയുള്ളൂ. പക്ഷേ പല യൂറോപ്യന്‍ നേതാക്കളും ഇപ്പോള്‍ തന്നെ യുദ്ധം കീറിമുറിച്ച പശ്ചിമേഷ്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നുമുള്ള അഭയാര്‍ത്ഥികളുടെ പ്രവാഹത്തെ തങ്ങളുടെ അതിര്‍ത്തികളില്‍ തടയാന്‍ തുടങ്ങുന്നു. 

പോളണ്ടിലെ നിയുക്ത യൂറോപ്യന്‍ കാര്യ മന്ത്രി കോണ്‍റാഡ് സ്യമാന്‍സ്‌കിയാണ് ഇതില്‍ മുന്നിലുള്ളത്. യൂറോപ്യന്‍ യൂണിയന്റെ 28 അംഗരാഷ്ട്രങ്ങളിലായി 1,60,000 കുടിയേറ്റക്കാരെ ഉള്‍ക്കൊള്ളിക്കാനുള്ള കരാറില്‍ നിന്നും പോളണ്ടിലെ പുതിയ സര്‍ക്കാര്‍ പിന്‍വാങ്ങുമെന്നാണ് സ്യമാന്‍സ്‌കി എഴുതിയത്. 

‘അഭയാര്‍ത്ഥികളെയും കുടിയേറ്റക്കാരെയും എല്ലാ യൂറോപ്യന്‍ രാജ്യങ്ങളിലുമായി പുനരധിവസിപ്പിക്കാനുള്ള, ഞങ്ങള്‍ വിമര്‍ശിച്ചിരുന്ന പദ്ധതി യൂറോപ്യന്‍ നിയമത്തിന്റെ ഭാഗമാണ്.’ പക്ഷേ,’പാരീസിലെ ദുരന്തത്തിന് ശേഷം അതിനെ മാനിക്കുന്നതിനുള്ള രാഷ്ട്രീയ സാധ്യത ഞങ്ങള്‍ കാണുന്നില്ല.’

പിന്നീട് മാധ്യമങ്ങളോട് സംസാരിച്ച സ്യമാന്‍സ്‌കി പറഞ്ഞത്,’സുരക്ഷയ്ക്കുള്ള ഉറപ്പ് കിട്ടിയാല്‍ മാത്രം’ പോളണ്ട് അഭയാര്‍ത്ഥികളെ സ്വീകരിക്കും എന്നാണ്. 

വെള്ളിയാഴ്ച്ച രാത്രി ചാവേര്‍ ബോംബുകളും യന്ത്രത്തോക്കുകളും ഉപയോഗിച്ച് 130ലേറെ പേരെ കൊന്ന 8 അക്രമികളുടെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ നാഷണല്‍ സ്‌റ്റേഡിയതിനടുത്ത് ആക്രമണം നടത്തിയവരില്‍ ഒരാളുടെ മൃതദേഹത്തിനരികില്‍ നിന്നും ഒരു സിറിയന്‍ പാസ്‌പോര്‍ട് ലഭിച്ചതായി അന്വേഷകര്‍ പറയുന്നു. 

‘യുക്തിസഹമായ നിഗമനം എന്നത് ഇയാളെ ഒരു ദൗത്യത്തിനായി യൂറോപ്പിലേക്ക് അയച്ചതാകാം എന്നതാണ്,’ പേര് വെളിപ്പെടുത്താത്ത ഒരു യൂറോപ്യന്‍ സുരക്ഷ വിദഗ്ധന്‍ പറഞ്ഞു. ‘അത് സ്ഥിരീകരിച്ചാല്‍ അത്തരത്തിലുള്ള ആദ്യസംഭവമായിരിക്കും അത്. തടസങ്ങളില്ലാത്ത ആളുകളുടെ ഒഴുക്ക് യൂറോപ്പിന്റെ സുരക്ഷക്ക് ഭീഷണിയാണെന്ന് ഇത് തെളിയിക്കുന്നു. ചുരുക്കത്തില്‍ പറഞ്ഞാല്‍ ആരെക്കൊയാണ് വരുന്നതെന്ന് നമുക്കറിയില്ല.’

ഉടനടി ഉറച്ച നിഗമനങ്ങളിലെത്തരുതെന്ന് വിദഗ്ധര്‍ പറയുന്നു. വ്യാജ സിറിയന്‍ പാസ്‌പോര്‍ട്ടുകള്‍ സംഘടിപ്പിക്കുക അത്ര വിഷമമുള്ള കാര്യമേയല്ല. 

യൂറോപ്യന്‍ യൂണിയന്റെ പുനരധിവാസ പദ്ധതിയില്‍ സിറിയയില്‍ നിന്നും എറിത്രിയയില്‍ നിന്നുമുള്ള 7000 അഭയാര്‍ത്ഥികളെയാണ് പോളണ്ട് ഏറ്റെടുക്കുക. ഒക്ടോബര്‍ മാസത്തില്‍ തൊഴിലില്ലായ്മ നിരക്ക് 10 ശതമാനത്തിന് തൊട്ടുതാഴെ മാത്രമായ ഈ റോമന്‍ കാത്തലിക് രാജ്യത്തില്‍ കരാര്‍ പലരെയും ഞെട്ടിച്ചു. 

മുസ്ലീം പള്ളികള്‍ അടച്ചുപൂട്ടണമെന്നും അതിര്‍ത്തി കാവല്‍ ശക്തമാക്കണമെന്നും ഫ്രാന്‍സിലെ വലതു തീവ്ര കക്ഷി നാഷണല്‍ ഫ്രണ്ട് പാര്‍ട്ടിയുടെ നേതാവ് മേരീ ലീ പെന്‍ ആവശ്യപ്പെട്ടിരിക്കുന്നു.

‘ഇസ്ലാമികതയുമായി ബന്ധം പുലര്‍ത്തുന്ന ആ സ്ഥലങ്ങളാണ് ഫ്രാന്‍സിന്റെ ശത്രുക്കള്‍,’ അവര്‍ ട്വീറ്റ് ചെയ്തു. 

അഭയാര്‍ത്ഥി പ്രതിസന്ധിയുടെ വിവാദ കേന്ദ്രം ജര്‍മ്മനിയാണ്. ഇപ്പോള്‍ത്തന്നെ 5 ലക്ഷത്തിലേറെ അഭയാര്‍ത്ഥികള്‍ അവിടെയുണ്ട്. യൂറോപ്പിലെ ഏറ്റവുമധികം അഭയാര്‍ത്ഥികള്‍. പാരീസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഈ തുറന്ന സമീപനം പുനരവലോകനം ചെയ്യാന്‍ രാജ്യത്തെ പല രാഷ്ട്രീയക്കാരും ആവശ്യപ്പെടുന്നു. 

‘നമ്മുടെ രാജ്യത്തിലൂടെ ആരാണ് സഞ്ചരിക്കുന്നതെന്ന് നമുക്കറിയണം,’ ബവേറിയന്‍ പ്രധാനമന്ത്രി ഹോഴ്സ്റ്റ് സിയോഫര്‍ പറഞ്ഞു. ‘കൂടുതല്‍ സുരക്ഷ ക്രമീകരണങ്ങള്‍ക്കൊപ്പം യൂറോപ്യന്‍ അതിര്‍ത്തികള്‍ മാത്രമല്ല, നമ്മുടെ രാജ്യാതിര്‍ത്തികളും നാം കൂടുതല്‍ കര്‍ശനമാക്കേണ്ടതുണ്ട്.’

എന്നിരുന്നാലും പാരീസ് ആക്രമണത്തിന്റെ പേരില്‍ കുടിയേറ്റക്കാര്‍ക്കെതിരെ തിരിയരുതെന്ന് ജര്‍മന്‍ വൈസ്ചാന്‍സിലര്‍ യൂറോപ്യന്‍ നേതാക്കളോട് ആവശ്യപ്പെട്ടു. 

ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ഭീകരവാദം കയറ്റിയയക്കുന്ന അതേ പ്രദേശത്തുനിന്നും വരുന്നു എന്നതുകൊണ്ടുമാത്രം കുടിയേറ്റക്കാരെ ശിക്ഷിക്കരുതെന്ന് ജര്‍മനിയിലെ മധ്യഇടതുപക്ഷ സോഷ്യല്‍ ഡെമോക്രാറ്റ് കക്ഷി നേതാവ് സിഗ്മര്‍ ഗബ്രിയല്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. 

‘അവരെക്കൂടി സംരക്ഷിക്കാനാണ് നമ്മള്‍ നിലകൊള്ളുന്നത്. മതത്തിന്റെ പേരില്‍ ഫ്രാന്‍സില്‍ കൊലപാതകികള്‍ ജനങ്ങളെയും യൂറോപ്പിനെയും ഭീതിയിലാഴ്ത്തുന്നതുമൂലം അവര്‍ ദുരിതമനുഭവിക്കേണ്ടിവരില്ലെന്ന് ഉറപ്പ് വരുത്താനും.’

ഈ വര്‍ഷം ഇതുവരെ കടല്‍ കടന്ന് ഏതാണ്ട് 8 ലക്ഷം അഭയാര്‍ത്ഥികളും കുടിയേറ്റക്കാരും യൂറോപ്പിലെത്തി. 2014ല്‍ മൊത്തം വന്നതിനേക്കാള്‍ നാലിരട്ടി.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍