UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബ്രസ്സല്‍സ് ആക്രമണത്തെ കുറിച്ച് അബ്ദെസ്ലാമിന് അറിയില്ലെന്ന് അഭിഭാഷകന്‍

അഴിമുഖം പ്രതിനിധി

പാരീസ് ആക്രമണക്കേസില്‍ അറസ്റ്റിലായ അബ്ദെസ്ലാമിനെ ബെല്‍ജിയം ഫ്രാന്‍സിന് കൈമാറും. നാടുകടത്തലിനെ എതിര്‍ക്കേണ്ടതില്ലെന്ന് അബ്ദെസ്ലാം തീരുമാനിച്ചുവെന്ന് അഭിഭാഷകന്‍ വെന്‍ മേരി പറഞ്ഞു. നേരത്തെ ബല്‍ജിയത്തിന്റെ നീക്കത്തെ എതിര്‍ക്കാനായിരുന്നു അബ്ദെസ്ലാമിന്റെ തീരുമാനം. ഇപ്പോള്‍ എത്രയും വേഗം ഫ്രാന്‍സിലേക്ക് പോകാനാണ് അബ്ദെസ്ലാം ആഗ്രഹിക്കുന്നതെന്ന്‌ മേരി പറഞ്ഞു.

കഴിഞ്ഞ ദിവസം ബ്രസ്സല്‍സില്‍ നടന്ന സ്‌ഫോടനത്തെ കുറിച്ച് അബ്ദെസ്ലാമിന് അറിവില്ലായിരുന്നുവെന്നും ആക്രമണത്തിനുശേഷം പൊലീസുമായി സഹകരിക്കുന്നത് അബ്ദെസ്ലാം അവസാനിപ്പിച്ചുവെന്നും മേരി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ നവംബറില്‍ പാരീസില്‍ 130 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം നടത്തിയശേഷം ബല്‍ജിയത്തിലേക്ക് രക്ഷപ്പെട്ട അബ്ദെസ്ലാമിനെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബ്രസ്സല്‍സില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.

ബ്രസ്സല്‍സ് ചാവേറാക്രമണത്തില്‍ പരിക്കേറ്റവരില്‍ നിരവധിപേരുടെ നില ഗുരുതരമാണെന്ന് ബല്‍ജിയം ആരോഗ്യമന്ത്രി മാഗി ഡി ബ്ലോക്ക് അറിയിച്ചു. പരിക്കേറ്റ 300 ഓളം പേരില്‍ 61 പേരുടെ നില ഗുരുതരമായി തുടരുന്നു. അതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് മന്ത്രി പറഞ്ഞു.

ബ്രസ്സല്‍സില്‍ ആക്രമണം നടത്തിയവരില്‍ രക്ഷപ്പെട്ട മൂന്നാമനുവേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു. കഴിഞ്ഞ ദിവസം ഇയാളെ പിടികൂടിയെന്ന് വാര്‍ത്ത വന്നിരുന്നു. എന്നാലിത് പിന്നീട് പിന്‍വലിച്ചു.

രക്ഷപ്പെട്ട മൂന്നാമന്‍ വിമാനത്താവളത്തിലേക്ക് കൊണ്ടുവന്ന പെട്ടിയിലാണ് ഏറ്റവും വലിയ ബോംബുണ്ടായിരുന്നതെന്നും പൊലീസ് ടെര്‍മിനല്‍ ഒഴിപ്പിച്ചശേഷം അത് ഭാഗികമായി പൊട്ടിത്തെറിച്ചുവെന്നും അധികൃതര്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍