UPDATES

വിദേശം

പാരിസില്‍ അവര്‍ ഒത്തുകൂടി; നിരോധനങ്ങളെയെല്ലാം അവഗണിച്ച്

Avatar

കാര്‍ല ആദം, എമിലി ബാഡ്ജര്‍, സ്റ്റീവ് മഫ്‌സന്‍
വാഷിംഗ്ടണ്‍ പോസ്റ്റ്

ഭീകരാക്രമണങ്ങളില്‍ മുറിവേറ്റ നഗരത്തിനുവേണ്ടി എന്തെങ്കിലും ചെയ്യേണ്ടതുണ്ടായിരുന്നു വില്യം ഹദാദിന്. ഇലകൊഴിയും കാലത്തിന്റെ തണുപ്പ് അവഗണിച്ച് ഹദാദ് ചെന്നെത്തിയത് ഒരു രക്തദാന ക്ലിനിക്കിലാണ്. സെ്ന്റ് ലൂയിസിലെ ആശുപത്രിക്കു മുന്നില്‍ രക്തദാനത്തിനു ക്യൂ നില്‍ക്കുന്ന നൂറിലധികം പേരില്‍ ഒരാളായി സോഷ്യല്‍ മീഡിയ മാനേജരായ ഹദാദ്.

‘ഇവിടെ നില്‍ക്കാന്‍ തുടങ്ങിയിട്ട് ഒരുമണിക്കൂറായി’, തണുപ്പില്‍ വിറച്ച് ഹദാദ് പറഞ്ഞു. ‘പക്ഷേ അതുസാരമില്ല. എനിക്ക് ഇവിടെ എത്രസമയം വേണമെങ്കിലും ചെലവഴിക്കാനാകും.’

വെള്ളിയാഴ്ചത്തെ ആക്രമണങ്ങളുടെ നടുക്കത്തില്‍നിന്ന് പതിയെ തിരിച്ചുവരാന്‍ ശ്രമിക്കുകയാണ് പാരിസ്. നഗരത്തിലെ ഏറ്റവും വൈവിധ്യമേറിയതും പുരോഗമനോന്മുഖവുമായ പ്രദേശത്തായിരുന്നു ആക്രമണം എന്നത് സമീപവാസികളെ അമ്പരപ്പിലാക്കുന്നു. ബാറ്റാക്ലാന്‍ ഹാളില്‍ സംഗീതനിശകളില്‍ പങ്കെടുക്കുന്ന ഇവിടത്തെ താമസക്കാര്‍ ചുറ്റുമുള്ള ബാറുകളിലും റസ്റ്റോറന്റുകളിലും പതിവുകാരാണ്.

പരസ്പരം അറിയുന്നവരാണ് തീരെച്ചെറിയ ചുറ്റളവില്‍, അടുത്തടുത്ത സ്ഥലങ്ങളില്‍ നടന്ന അക്രമത്തില്‍ മരിച്ചവരിലും പരുക്കേറ്റവരിലും ഏറെ. ‘നൂറിലധികം പേര്‍ മരിച്ചെന്നുകേട്ടാല്‍ ഉറപ്പിക്കാം, നിങ്ങള്‍ക്കു പരിചയമുള്ള ആരെങ്കിലുമൊക്കെ അവരില്‍ ഉണ്ടാകും. അതാണ് ഈ സംഭവത്തിന്റെ ഭയാനകതയും’, 18 വര്‍ഷമായി പാരിസില്‍ ജീവിക്കുന്ന ദിയാര്‍മിദ് ഹറെല്‍ എന്ന സ്‌കോട്‌ലന്‍ഡുകാരന്‍ ഐടി മാനേജര്‍ പറയുന്നു.

‘എന്റെ ജീവിതശൈലിക്കുമേലുള്ള ആക്രമണമാണിത്. സമാധാനപരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ജീവിതശൈലിയായിരുന്നു അത്’. ഭീകരാക്രമണത്തിനിരയായ ലെ കാരിലോ റസ്റ്ററന്റിലെ പതിവു സന്ദര്‍ശകനായിരുന്നു ഹറെല്‍.

റസ്റ്ററന്റിനു മുന്നില്‍ കൂട്ടമായെത്തിയ സമീപവാസികള്‍ മെഴുകുതിരികള്‍ കത്തിച്ചു, രക്തത്തില്‍കുതിര്‍ന്ന നടപ്പാതയുടെയും വെടിയുണ്ടകള്‍ തുളച്ചുകയറിയ ഭിത്തിയുടെയും ചിത്രങ്ങളെടുത്തു. ഓരോ റസ്റ്ററന്റിനും മുന്നില്‍ നൂറുകണക്കിനു വിളക്കുകള്‍, മരിച്ചവര്‍ക്കുവേണ്ടിയുള്ള കുറിപ്പുകളടങ്ങിയ പൂക്കള്‍ എന്നിവ നിരന്നു. ഏറ്റവും കൂടുതല്‍ പേര്‍ മരിച്ച ബാറ്റാക്ലാന്‍ കണ്‍സര്‍ട്ട് ഹാള്‍ കനത്ത പൊലീസ് കാവലിലായതിനാല്‍ അനുശോചകര്‍ക്ക് അവിടെ കടക്കാനായില്ല.

അന്നത്തെ രാത്രിയിലെപ്പോലെ എവിടെയും സൈറണുകള്‍ മുഴങ്ങിയില്ല. നിശബ്ദത എവിടെയും കനത്തുനിന്നു. ഗലെറിസ് ലാഫായെറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍ ഉള്‍പ്പെടെ എന്നും ജനത്തിരക്കേറിയ വ്യാപാരസ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു; പാരിസ് ഡിസ്‌നിലാന്‍ഡ് പ്രവര്‍ത്തിച്ചില്ല. ദിവസം ഇരുപതിനായിരത്തിലധികം സന്ദര്‍ശകരെത്തുന്ന ഈഫല്‍ ടവര്‍ ദുഃഖസൂചകമായി വിളക്കുകള്‍ അണച്ചു.

പലപ്പോഴായി പൊലീസ് പല ഭീകരാക്രമണശ്രമങ്ങളും വിഫലമാക്കിയ കഥകളറിയാവുന്ന പാരിസുകാര്‍ ഇത്തരമൊരു ആക്രമണം എപ്പോഴും ഭയന്നിരുന്നു. ‘നേരത്തെയും ഇതിന് സാധ്യയുണ്ടായിരുന്നു’, ഡാനിയേല്‍ പോസ്‌നാന്‍ എന്ന ഫിസിഷ്യന്‍ പറഞ്ഞു. പശ്ചിമേഷ്യയിലെ ഫ്രാന്‍സിന്റെ നയങ്ങളാണ് കുഴപ്പത്തിനു കാരണമെന്ന് പോസ്‌നാന്‍ വിശ്വസിക്കുന്നു. ഇനിയും ഇത്തരം ആക്രമണങ്ങള്‍ സംഭവിക്കാമെന്ന് ആശങ്കപ്പെടുമ്പോഴും പാരിസ് സ്വന്തം ജീവിതശൈലിയില്‍ തിരിച്ചെത്തുകതന്നെ ചെയ്യുമെന്ന് പോസ്‌നാന്‍ ഉറപ്പുപറയുന്നു. ‘ഒരാഴ്ചയ്ക്കുള്ളില്‍ എല്ലാം പഴയപടിയാകും’.

ഈഫല്‍ ടവറിനടുത്ത പ്രദേശത്തേക്ക് ശനിയാഴ്ച ഇരമ്പിയെത്തിയ പൊലീസ് സംഘം നിലനില്‍ക്കുന്ന ആശങ്കയുടെ പ്രതീകമാണ്. അതൊരു വ്യാജസന്ദേശമായിരുന്നുവെന്ന് ഫ്രഞ്ച് ആഭ്യന്തരമന്ത്രാലയം പിന്നീട് അറിയിച്ചു.

മൂന്നുദിവസത്തെ ദുഃഖാചരണം നിലവിലുള്ള പാരിസില്‍ ജനങ്ങളോട് വീടുകളില്‍ത്തന്നെ കഴിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ചവരെ എല്ലാ പൊതുപ്രകടനങ്ങളും നിരോധിച്ചതായി ആഭ്യന്തരമന്ത്രി ബര്‍നാര്‍ഡ് കസെനെവ് അറിയിച്ചു. അടിയന്തരാവസ്ഥ നിലവിലുള്ളതിനാലാണിത്.

മുന്നറിയിപ്പ് അവഗണിച്ച് പുറത്തിറങ്ങിയ പലരും മെഴുകുതിരിപ്രദക്ഷിണങ്ങള്‍ നടത്തി. ‘ഇവിടെ വരാന്‍ ഞങ്ങള്‍ക്ക് അനുവാദമില്ലെന്നതു വിശ്വസിക്കാനാകുന്നില്ല’, യെവ്‌സ് ലെഗോഫ് (69) എന്ന സംഗീതജ്ഞന്‍ പറഞ്ഞു. മെഗാഫോണുമായെത്തിയ പൊലീസ് ജനക്കൂട്ടത്തോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെടുന്നതിനിടെ ‘എനിക്ക് ഇവിടെ വരാതിരിക്കാനാവില്ലെന്ന് ‘അവിടെ തടിച്ചുകൂടിയ നൂറുകണക്കിന് ആളുകളെ പ്രതിനിധീകരിച്ച് യെവ്‌സ് ആവര്‍ത്തിച്ചു.

‘ഇതൊരു അടയാളമാണ്. ഇവിടെ എന്തെങ്കിലും നല്‍കാതെ പോകാനാവില്ല,’ ബാറ്റാക്ലാന്‍ ഹാളിനടുത്ത് ഒരു ചുവന്ന റോസാപുഷ്പം വച്ചു മടങ്ങുമ്പോള്‍ ഹദ്രിയെന്‍ ദാഗാനൗദ് എന്ന ബാങ്കര്‍ പറഞ്ഞു. എപ്പോഴും യുവത്വത്തിന്റെ പ്രസരിപ്പ് നിറഞ്ഞിരുന്ന ബാറ്റാക്ലാനിലെ ഇപ്പോഴത്തെ കനത്ത പൊലീസ് സന്നാഹം യുദ്ധപ്രതീതിയുണ്ടാക്കുന്നുവെന്ന് ഹദിയെന്‍ ആശങ്കപ്പെട്ടു.

അല്‍പം അകലെ 19 പേര്‍ കൊല്ലപ്പെട്ട ലാ ബെല്ലെ എക്വിപ് റസ്റ്ററന്റിനടുത്ത് ഐസ്‌ലന്‍ഡുകാരായ ഹല്ലി സിവ്‌ലെക്കും എദ്ദ സിവ്‌ലെക്കും അവരുടെ നാലുമാസം പ്രായമായ കുഞ്ഞിനൊപ്പം നിന്നു.

വെടിവയ്പ്പു നടക്കുമ്പോള്‍ തൊട്ടടുത്ത സ്വന്തം വീടിനകത്തായിരുന്നു അവര്‍. നടപ്പാതയിലെ കൈവരികളോടുചേര്‍ത്ത് പൂട്ടിയ നിലയിലുള്ള ബൈക്കുകള്‍ സംഭവത്തില്‍ മരിച്ചവരുടെതാകാമെന്ന് എദ്ദ ആശങ്കപ്പെടുമ്പോള്‍ എന്തുകൊണ്ട് ഈ പ്രദേശം ആക്രമിക്കപ്പെട്ടു എന്ന് അമ്പരക്കുകയാണ് ഹല്ലി.

‘യാതൊരു പ്രത്യേകതയുമില്ലാത്ത, സാധാരണ പാര്‍പ്പിടപ്രദേശമാണിത്. മറ്റൊരുപാട് പ്രദേശങ്ങള്‍ പോലെ വളരെ സാധാരണം.’ വെള്ളിയാഴ്ച രാത്രി വീടിനു പുറത്തുകേട്ട ശബ്ദങ്ങള്‍ എന്താണെന്ന് സുഹൃത്തുക്കളും ബന്ധുക്കളും വിവരം അന്വേഷിക്കുംവരെ ഇവര്‍ അറിഞ്ഞില്ല.

‘നാട്ടിലേക്കു തിരിച്ചുവരൂവെന്ന് ഐസ്‌ലന്‍ഡിലുള്ള നിരവധി ആളുകള്‍ ഞങ്ങളെ തിരിച്ചുവിളിക്കുന്നു’, എദ്ദ പറയുന്നു. ‘ഞാന്‍ അവരോടു പറഞ്ഞു, ഇതാണ് എന്റെ നാട്. എന്റെ നാട്ടിലാണ് ഇതു നടന്നത്.’

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍