UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജീവിക്കാന്‍ മറ്റൊരു ഭൂമിയില്ല; കാലാവസ്ഥ ഉച്ചകോടിയെപ്പറ്റി അറിയേണ്ട 7 കാര്യങ്ങള്‍

Avatar

ടീം അഴിമുഖം

ഇന്നലെപാരിസില്‍ ആരംഭിച്ച രണ്ടാഴ്ചത്തെ കാലാവസ്ഥാ ഉച്ചകോടിയില്‍ നൂറിലധികം രാഷ്ട്രത്തലവന്മാരും 40,000 മറ്റു പ്രതിനിധികളും പങ്കെടുക്കുന്നു. ഹരിതഗൃഹവാതകങ്ങളും അതുവഴി കാലാവസ്ഥാ വ്യതിയാനവും കുറയ്ക്കാന്‍ സഹായിക്കുന്ന രാജ്യാന്തര കരാര്‍ സമ്മേളനത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ആഗോളതാപനത്തിന്റെ ഉത്തരവാദിത്തത്തെ സംബന്ധിച്ച് വികസിതരാജ്യങ്ങളും വികസ്വര രാജ്യങ്ങളും തര്‍ക്കം തുടരുന്നതിനാല്‍ കൂടിയാലോചനകള്‍ സുഗമമാകാനിടയില്ല.

ഔദ്യോഗികമായി 21-ാം കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസ് (COP21) ടു ദി യുണൈറ്റഡ് നേഷന്‍സ് ഫ്രേംവര്‍ക്ക് കണ്‍വന്‍ഷന്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (യുഎന്‍എഫ്‌സിസിസി) എന്ന് അറിയപ്പെടുന്ന ഉച്ചകോടിയെപ്പറ്റി അറിയേണ്ട കാര്യങ്ങള്‍:

1. രാജ്യാന്തര കാലാവസ്ഥാ ഉച്ചകോടികളെപ്പറ്റി എക്കാലത്തും പ്രതികൂല പ്രചാരണങ്ങളുണ്ടാകാറുണ്ട്. ഇത്തവണ ആളുകള്‍ ശുഭപ്രതീക്ഷയിലാണ്. എന്താണു കാരണം?

മുന്‍പുനടന്ന കാലാവസ്ഥാ ഉച്ചകോടികളെല്ലാം ഹരിതഗൃഹ വാതകങ്ങള്‍ കുറയ്ക്കുന്നതിന് എല്ലാ രാജ്യങ്ങള്‍ക്കും ഒരുപോലെ ബാധകമായ ചില വിശാല മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനാണു ശ്രമിച്ചത്. ഉദാഹരണത്തിന് 1997ലെ ക്യോട്ടോ ഉടമ്പടി വികസിതരാജ്യങ്ങള്‍ക്ക് ഹരിതവാതകങ്ങള്‍ കുറയ്ക്കുന്നതിനുള്ള ടാര്‍ജറ്റുകള്‍ നല്‍കി. കാലാവസ്ഥാവ്യതിയാനത്തെ നേരിടാന്‍ സ്വയം നടപടികളെടുക്കാനുള്ള സ്വാതന്ത്ര്യം ഈ കരാറുകള്‍ രാജ്യങ്ങള്‍ക്ക് നല്‍കിയില്ല. കര്‍ശനവ്യവസ്ഥകള്‍ കണ്ടതോടെ യുഎസ് തുടങ്ങിയ രാജ്യങ്ങള്‍ കരാറില്‍നിന്നു വിട്ടുനിന്നു. കാനഡ തുടങ്ങിയ രാജ്യങ്ങള്‍ കരാര്‍ അംഗീകരിച്ചെങ്കിലും പിന്നീട് വ്യവസ്ഥകള്‍ അവഗണിച്ചു.

2009ലെ ഡെന്‍മാര്‍ക്ക് കോണ്‍ഫറന്‍സ് ഹരിതവാതകങ്ങള്‍ കുറയ്ക്കുന്നതിന് സഹായകമായേക്കുമെന്നു കരുതപ്പെട്ടിരുന്നുവെങ്കിലും സംഘടനാതലത്തിലെ പാളിച്ചകള്‍ മൂലം ചൈനയും മറ്റുരാജ്യങ്ങളും സഹകരിക്കാന്‍ വിസമ്മതിച്ചു. ഒടുവില്‍ കൂടിയാലോചനകളും ഫലമായുണ്ടായ കോപ്പന്‍ഹേഗന്‍ ഉടമ്പടിയും പരാജയമാകുകയും ചെയ്തു.

പാരിസ് സമ്മേളനത്തിന്റേത് വ്യത്യസ്തസമീപനമാണ്. ലോകരാജ്യങ്ങളെല്ലാം തന്നെ കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ അവരുടേതായ പദ്ധതികള്‍ തയാറാക്കിക്കഴിഞ്ഞു. ഓരോ രാജ്യത്തിന്റെയും സാമ്പത്തിക, രാഷ്ട്രീയ പരിസ്ഥിതിക്കനുസൃതമായി തയാറാക്കിയിട്ടുള്ള ഈ പദ്ധതികള്‍ – ഇന്റന്‍ഡഡ് നാഷനലി ഡിറ്റര്‍മൈന്‍ഡ് കോണ്‍ട്രിബ്യൂഷന്‍സ് (ഐഎന്‍ഡിസി)- പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള ചട്ടക്കൂടുകള്‍ സൃഷ്ടിക്കുകയാണ് പാരിസ് ഉച്ചകോടി ചെയ്യുക. ഹരിതവാതകങ്ങള്‍ കുറയ്ക്കുന്നതും ദരിദ്ര രാജ്യങ്ങള്‍ക്ക് കാലാവസ്ഥ പ്രശ്‌നങ്ങള്‍ നിയന്ത്രിക്കാനുള്ള ധനസഹായം നല്‍കുന്നതുമൊക്കെ ഇതില്‍പ്പെടും.

എല്ലാ രാജ്യങ്ങളെയും ഒരേ തരം നിയന്ത്രണങ്ങള്‍ക്കു കീഴില്‍ കൊണ്ടുവരിക എന്ന മുന്‍ സമ്മേളനങ്ങളുടെ നിലപാടുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇപ്പോഴത്തെ പദ്ധതി അല്‍പം അയഞ്ഞതാണെന്നു തോന്നാം. പക്ഷേ സ്വയം നിര്‍മിക്കുന്ന ചട്ടക്കൂടുകള്‍ പാലിക്കാന്‍ രാജ്യങ്ങള്‍ സന്നദ്ധരാകുമെന്നാണ് നിരീക്ഷകരുടെ പ്രതീക്ഷ. ക്യോട്ടോ ഉടമ്പടിയില്‍ സംഭവിച്ചതുപോലെ വ്യവസ്ഥകള്‍ അസാധ്യമെന്നു കണ്ട് കരാര്‍ അപ്പടി അവഗണിക്കാന്‍ ഇത്തവണ രാജ്യങ്ങള്‍ക്കാകില്ല.

പ്രതികൂലകാലാവസ്ഥാ വ്യതിയാനത്തിന്റെ തെളിവുകള്‍ എക്കാലത്തെയുംകാള്‍ വ്യക്തമാണെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പുതരുന്ന സമയത്താണ് പാരിസ് ഉച്ചകോടി നടക്കുന്നത്. 2014ല്‍ ശരാശരി ചൂട് റെക്കോഡിലെത്തി. 2015 ഏറ്റവും ചൂടേറിയ വര്‍ഷമായിരിക്കുമെന്ന് യുഎന്‍ പറയുന്നു.  ഇത്തരം മുന്നറിയിപ്പുകളുടെ വെളിച്ചത്തില്‍ അമേരിക്ക, ചൈന, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതില്‍ മുന്‍പെങ്ങുമില്ലാത്ത താല്‍പര്യം കാണിക്കുന്നുണ്ട്. സൗദി അറേബ്യ തുടങ്ങിയ എണ്ണ ഉത്പാദന രാജ്യങ്ങള്‍പോലും കാലാവസ്ഥ മാറ്റത്തെ നേരിടാനുള്ള പദ്ധതികള്‍ സമര്‍പ്പിച്ചുകഴിഞ്ഞു. ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍ അടുത്ത നൂറ്റാണ്ടില്‍ ഇവിടെ മനുഷ്യജീവിതം സാധ്യമാകാത്തത്ര ചൂടായിരിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്.

2. ചര്‍ച്ചയാകുന്ന മുഖ്യവിഷയങ്ങള്‍ എന്തൊക്കെ?

ശക്തമായ ഒരു കരാറിനു വിഘാതമായേക്കാവുന്ന പ്രധാനകാരണങ്ങളില്‍ ഒന്ന് പണമാണ്. കാലാവസ്ഥ വ്യതിയാനം നേരിടാന്‍ വികസ്വര രാജ്യങ്ങള്‍ക്ക് സാമ്പത്തികസഹായം നല്‍കാമെന്ന് വികസിതരാജ്യങ്ങള്‍ 2009ല്‍ സമ്മതിച്ചിരുന്നു. 2020 മുതല്‍ പ്രതിവര്‍ഷം 100 ബില്യണ്‍ ഡോളര്‍ സഹായം നല്‍കാനായിരുന്നു പദ്ധതി. ഇതിനായി രൂപീകരിച്ച ഗ്രീന്‍ ക്ലൈമറ്റ് ഫണ്ടിലേക്ക് പണമെത്തുന്നുണ്ടെങ്കിലും അത് ലക്ഷ്യത്തിലും വളരെ കുറവാണ്. സമ്പന്ന രാഷ്ട്രങ്ങള്‍ ഒരിക്കലും ഇത്രയധികം പണം നല്‍കാനിടയില്ലെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. അതേസമയം സാമ്പത്തികസഹായമില്ലാതെ പദ്ധതികളുടെ പ്രധാനനിര്‍ദേശങ്ങള്‍  നടപ്പാക്കാനാകില്ലെന്ന് വികസ്വര രാജ്യങ്ങള്‍ വ്യക്തമാക്കിക്കഴിഞ്ഞു.

കാലാവസ്ഥ വ്യതിയാനത്തെ എങ്ങനെ നേരിടണം എന്നതും പ്രധാന തര്‍ക്കവിഷയമാണ്. സമുദ്രനിരപ്പ് ഉയരുമ്പോള്‍ മുങ്ങിപ്പോകല്‍ ഭീഷണി നേരിടുന്ന ദ്വീപ് രാഷ്ട്രങ്ങള്‍ അവരുടെ രാജ്യത്തെ രക്ഷിക്കാന്‍ രാജ്യാന്തര സഹായം ലഭിക്കുമെന്ന ഉറപ്പ് ആഗ്രഹിക്കുന്നു. ആഗോളതാപനത്തിന്റെ ഗതി നിയന്ത്രിക്കാനായാല്‍പ്പോലും കടല്‍നിരപ്പ് ഉയരുമെന്നു വ്യക്തമായതിനാല്‍ ഇത് പ്രധാനവുമാണ്.

3. ഈ ഉച്ചകോടി വിജയകരമാകാന്‍ എന്തൊക്കെ വേണം? 

2010 വരെ ആഗോളതാപനില രണ്ടുഡിഗ്രിയിലധികം വര്‍ധിക്കാതിരിക്കുക എന്ന ലക്ഷ്യവുമായി 2010ല്‍ ഒരു രാജ്യാന്തര കരാറിനു രൂപം നല്‍കിയിരുന്നു. ഈ ലക്ഷ്യം നേടാനായാല്‍ ആഗോളതാപനത്തിന്റെ തീവ്രദോഷങ്ങളില്‍നിന്നു രക്ഷനേടാനാകുമെന്നാണ് ഭൂരിപക്ഷം ശാസ്ത്രജ്ഞരും കരുതുന്നത്. ബ്രിട്ടീഷ് കാലാവസ്ഥാ കേന്ദ്രത്തിന്റെ നിരീക്ഷണം അനുസരിച്ച് ഇപ്പോള്‍ത്തന്നെ താപനില ഒരു ഡിഗ്രി ഉയര്‍ന്നുകഴിഞ്ഞു. ഹരിതഗൃഹ വാതകങ്ങള്‍ നിയന്ത്രിക്കാന്‍ നടപടിയുണ്ടാകുന്നില്ലെങ്കില്‍ താപനില അഞ്ചു ഡിഗ്രിയെങ്കിലും വര്‍ധിക്കുമെന്നാണ് കരുതുന്നത്.

അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നല്‍കിയിട്ടുള്ള നിയന്ത്രണ നിര്‍ദേശങ്ങള്‍ രണ്ടുഡിഗ്രിയെന്ന ലക്ഷ്യം നേടാന്‍ പര്യാപ്തമല്ല. ഓരോ അഞ്ചുവര്‍ഷത്തിലും രാജ്യങ്ങള്‍ അവരുടെ നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും പുനരവലോകനം ചെയ്യുകയും ശക്തിപ്പെടുത്തുകയും ചെയ്യണമെന്ന് വിദഗ്ധര്‍ ആവശ്യപ്പെടുന്നു. രണ്ടു ഡിഗ്രി എന്ന ലക്ഷ്യം മതിയാകില്ലെന്നും കുറച്ചുകൂടി കര്‍ശനമായ നിര്‍ദേശം വേണ്ടിയിരുന്നുവെന്നുമാണ് കാലാവസ്ഥമാറ്റത്തിന്റെ ഭീഷണി കൂടുതല്‍ നേരിടുന്ന രാജ്യങ്ങളുടെ വാദം.

പാരിസില്‍ ശക്തമായ ഒരു കാലാവസ്ഥാ കരാര്‍ ഉണ്ടായാല്‍ ഫോസില്‍ ഇന്ധനങ്ങള്‍ ഉപേക്ഷിക്കേണ്ട കാലമായി എന്ന സന്ദേശം ലോകത്തിനു ലഭിക്കുമെന്നാണ് പല നയവിദഗ്ധരും കരുതുന്നത്.

4. പാരിസില്‍ അമേരിക്കയുടെ പങ്ക് എന്ത്?

വര്‍ഷങ്ങളോളം യുഎന്‍ കാലാവസ്ഥാ ഉച്ചകോടികളെ എതിര്‍ക്കുകയും നടപടികളില്‍ സഹകരിക്കാതിരിക്കുകയും ചെയ്ത യുഎസിനെ ഇത്തവണ നേതൃസ്ഥാനത്തെത്തിക്കാനാണ് പ്രസിഡന്റ് ബറാക് ഒബാമയുടെ ശ്രമം. യുഎസില്‍ ഹരിതഗൃഹവാതകങ്ങള്‍ കുറയ്ക്കാന്‍ പല പരിപാടികളും ഒബാമ നടപ്പാക്കിക്കഴിഞ്ഞു. വൈദ്യുതി നിലയങ്ങളില്‍നിന്നുള്ള കാര്‍ബണ്‍ ബഹിഷ്‌കരണം കുറയ്ക്കുന്നതാണ് ഇതില്‍ പ്രധാനം. 2005ലെ കാര്‍ബണ്‍ ബഹിഷ്‌കരണനിരക്കില്‍ 2030 ആകുമ്പോഴേക്ക് 32ശതമാനം കുറവുവരുത്തുകയാണ് ലക്ഷ്യം. രാജ്യാന്തരതലത്തില്‍ ചൈന ഉള്‍പ്പെടെ പലരുമായും യുഎസ് ഉഭയകക്ഷി കാലാവസ്ഥാ ഉടമ്പടികള്‍ ഒപ്പിട്ടുകഴിഞ്ഞു.

ബുഷ് ഭരണകൂടത്തിന്റേതില്‍നിന്നു തികച്ചും വിഭിന്നമായ ഈ നടപടികള്‍ കാലാവസ്ഥാ വ്യതിയാനത്തെ യുഎസ് ഗൗരവമായെടുക്കുന്നു എന്ന പ്രതീതിയുണ്ടാക്കുമെന്ന് ഒബാമ കരുതുന്നു. ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ അന്തരീക്ഷമലിനീകരണമുണ്ടാക്കുന്ന രാജ്യങ്ങളില്‍ രണ്ടാംസ്ഥാനമാണ് യുഎസിന്. അതുകൊണ്ടുതന്നെ യുഎസ് സഹകരിക്കുന്നില്ലെങ്കില്‍ കാര്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ചൈന തുടങ്ങിയ വികസ്വര രാജ്യങ്ങള്‍ തയാറാകില്ല. യുഎസ് ഇപ്പോള്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ക്കു രാജ്യാന്തരതലത്തില്‍ വിശ്വാസ്യതയുണ്ടെന്ന് വേള്‍ഡ് റിസോഴ്‌സസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ കാലാവസ്ഥാ പ്രോഗ്രാം ആഗോള ഡയറക്ടര്‍ ജെന്നിഫര്‍ മോര്‍ഗന്‍ ചൂണ്ടിക്കാട്ടുന്നു.

5. ചൈനയുടെ നിലപാട് എന്തായിരിക്കും?

അന്തരീക്ഷമലിനീകരണത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്താണ് ചൈന. മുന്‍ ഉച്ചകോടികളിലെല്ലാം പ്രശ്‌നത്തെ ലഘൂകരിച്ചു കാണാനായിരുന്നു ചൈനയുടെ ശ്രമം. എന്നാല്‍ പ്രസിഡന്റ് സീ ജിന്‍പിങ്ങിന്റെ നേതൃത്വത്തില്‍ രാജ്യം പുതിയ അധ്യായം തുറക്കുകയാണ്.

മലിനീകരണം നിയന്ത്രിക്കുന്ന കമ്പനികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്ന ക്യാപ് ആന്‍ഡ് ട്രേഡ് പരിപാടി ചൈന നടപ്പാക്കിയിരുന്നു. കാര്‍ബണ്‍ ബഹിഷ്‌കരണം കണ്ടെത്തുന്നത് ഗൗരവമായെടുത്തും 2030 ആകുമ്പോഴേക്ക് മലിനീകരണം നിയന്ത്രണത്തിലാക്കാന്‍ ലക്ഷ്യമിട്ടും ചൈന കാലാവസ്ഥ പ്രശ്‌നത്തില്‍ സജീവമാണ്. ഈ ചുമതലാബോധം പാരിസ് ഉച്ചകോടിക്ക് നല്ല വാര്‍ത്തയാണ്. കാരണം ചൈനയുടെ സജീവപങ്കാളിത്തമില്ലാതെ ഒരു കാലാവസ്ഥാ പരിപാടിയും അര്‍ത്ഥവത്താകില്ല. ആഗോളതലത്തില്‍ പുറന്തള്ളപ്പെടുന്ന കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ  നാലിലൊന്നിലധികം ചൈനയില്‍നിന്നാണ്. അതുകൊണ്ടുതന്നെ ചൈന സഹകരിക്കുന്നില്ലെങ്കില്‍ മറ്റു രാജ്യങ്ങളും അതേ പാത പിന്തുടരും.

6. കരാര്‍ മാനിക്കപ്പെടേണ്ടതോ?

കര്‍ശനമായി പാലിക്കപ്പെടേണ്ടതാണ് കരാര്‍ എന്ന സ്ഥിതി വരുമ്പോള്‍ മാത്രമേ വ്യവസ്ഥകള്‍ നടപ്പാകൂ. സ്വയം സമ്മതിക്കുന്ന നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും രാജ്യങ്ങള്‍ നടപ്പാക്കണമെങ്കില്‍ കരാര്‍ നിയമപരമാകണം. കരാറിന് രാജ്യാന്തര ഉടമ്പടിയുടെ രൂപം നല്‍കുന്നതിനെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി എതിര്‍ത്തപ്പോഴാണ് ഈ വിഷയം ഉയര്‍ന്നുവന്നത്. ഉടമ്പടിസ്വഭാവമുള്ള കരാര്‍ റിപ്പബ്ലിക്കന്‍ ഭൂരിപക്ഷമുള്ള സെനറ്റിന്റെ അനുമതി നേടാനിടയില്ല. യുഎസ് കരാറില്‍നിന്നു പുറത്താകുകയും ചെയ്യും. അതിനാല്‍ ഉടമ്പടി എന്നു തെളിച്ചുപറയാതെ തന്നെ അനുസരിക്കാന്‍ ബാധ്യസ്ഥമായ തരം കരാര്‍ ഒപ്പിടുന്നതിനെയാണ് യുഎസ് അനുകൂലിക്കുന്നത്. എന്നാല്‍ ഈ നിലപാട് യൂറോപ്യന്‍ യൂണിയനെയും മറ്റുള്ളവരെയും തൃപ്തിപ്പെടുത്തുമെന്ന് ഉറപ്പില്ല. ‘ നിയമപരമായി ബന്ധിതമല്ലാത്ത കരാര്‍ പാലിക്കപ്പെടുന്നു എന്ന് ഉറപ്പാക്കാനാവില്ല. സ്വയം ഏറ്റെടുക്കുന്ന നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും നടപ്പാക്കുന്നുണ്ടോ എന്നു പരിശോധിക്കാനും പറ്റില്ല,’ എന്നാണ് ഫ്രാന്‍സ് പ്രസിഡന്റ് ഫ്രാന്‍സ്വെ ഒലാന്‍ദെ അഭിപ്രായപ്പെട്ടത്.

7. കാലാവസ്ഥാ കരാര്‍ കൊണ്ടുവരുമെന്ന് ഉറപ്പുള്ള മാറ്റങ്ങള്‍ എന്തെല്ലാം?

അവ്യക്തമായ അക്കങ്ങള്‍ പോലെയാണ് കാലാവസ്ഥയെപ്പറ്റിയുള്ള കൂടിയാലോചനകള്‍. അവയ്ക്കു പിന്നില്‍ വളരെക്കുറച്ചു യാഥാര്‍ത്ഥ്യമേയുള്ളൂവെന്നു തോന്നും. പക്ഷേ കരാര്‍ ശക്തമാണെങ്കില്‍ കൂടിയാലോചനക്കാര്‍ സ്വന്തം രാജ്യങ്ങളില്‍ തിരിച്ചെത്തുന്നതോടെ വളരെയധികം നല്ല മാറ്റങ്ങളുണ്ടാകും. ക്യാപ് ആന്‍ഡ് ട്രേഡ് പ്രോഗ്രാം നടപ്പാക്കുമെന്ന് ചൈന സമ്മതിക്കുമ്പോള്‍ വനവിസ്തൃതി വര്‍ധിപ്പിക്കുമെന്നാണ് ഇന്ത്യയുടെ വാഗ്ദാനം. കല്‍ക്കരി ഉപയോഗിക്കുന്ന വൈദ്യുതി നിലയങ്ങള്‍ ഉപേക്ഷിക്കുമെന്നാണ് യുഎസിന്റെ സമ്മതപത്രം. ഇത്തരം വാഗ്ദാനങ്ങള്‍ മറക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ശക്തമായ ഒരു കാലാവസ്ഥാ കരാറിനാകും.

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍