UPDATES

വിദേശം

പാരീസ് ആക്രമണം ഇസ്ലാംവിരുദ്ധ തീവ്രവാദത്തിന് ഊര്‍ജം നല്‍കുമ്പോള്‍

Avatar

പാട്രിക് ഡോണാഹ്യു
(ബ്ലൂംബെര്‍ഗ്)

ഇസ്ലാം മതത്തെ വികൃതമായി ചിത്രീകരിച്ചു എന്നാരോപിച്ച് ഫ്രഞ്ച് മാസികയുടെ സ്ഥാപനത്തിലുണ്ടായ ആക്രമണം യൂറോപ്പില്‍ നിലനില്‍ക്കുന്ന മുസ്ലീം വിരുദ്ധ വികാരത്തെ വര്‍ദ്ധിപ്പിക്കാന്‍ ഇടയുണ്ടെന്ന് പല രാഷ്ട്രീയ നിരീക്ഷകരും സൂചിപ്പിക്കുന്നു.

കിഴക്കന്‍ പാരീസില്‍ ഷാര്‍ളി ഹെബ്ദോ എന്ന ആഴ്ച്ചപ്പതിപ്പിന്റെ കാര്‍ട്ടൂണുകള്‍ക്കെതിരെ ബുധനാഴ്ച നടന്ന കലാപം 12 പേരുടെ മരണത്തിനിടയാക്കിയിരുന്നു. സ്വീഡനില്‍ നടന്ന മുസ്ലീം പള്ളികളള്‍ക്ക് നേരെയുള്ള വെടിവെപ്പും പാശ്ചാത്യ ലോകത്തെ ഇസ്ലാംവത്കരിക്കലിനെതിരെ ജര്‍മനിയിലുണ്ടായ പ്രതിഷേധവും ഫ്രാന്‍സില്‍ കുടിയേറ്റവിരുദ്ധ രാഷ്ട്രീയം സ്വാധീനം ചെലുത്തികൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഈ കലാപത്തോടു കൂടി ശക്തമായ ഇസ്ലാം വിരുദ്ധതയെ മുന്നോട്ട് കൊണ്ടുവരാനുള്ള അവസരം ഉണ്ടായിരിക്കുകയാണ്.

‘പാരീസില്‍ നടന്നതുപോലെയുള്ള സംഭവങ്ങള്‍ എരിതീയില്‍ എണ്ണ ഒഴിക്കുകമാത്രമാണു ചെയ്യുക’ അമേരിക്കയുടെ ജര്‍മന്‍ മാര്‍ഷല്‍ ഫണ്ടിന്റെ മുതിര്‍ന്ന പ്രോഗ്രാം ഡയറക്ടര്‍ ജോര്‍ജ് ഫോര്‍ബ്രിങ് ബെര്‍ലിനില്‍ നിന്നും ഫോണില്‍ പ്രതികരിച്ചു. ഇസ്ലാം മതം രാജ്യത്തിനു ഭീഷണിയാണെന്ന് താക്കീത് നല്‍കുന്ന പല മൗലിക പ്രസ്ഥാനങ്ങള്‍ക്കും ഇത് അവസരമൊരുക്കുകയാകും ചെയ്യുകയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രവാചകന്‍ മുഹമദിനെ ‘അതിഥിയായ എഡിറ്റര്‍’ ആയി ചിത്രീകരിച്ചതിന്റെ പേരില്‍ 2011 ല്‍ ഷാര്‍ളി ഹെബ്ദോയുടെ ഓഫീസിനു നേരെ ബോംബാക്രമണം ഉണ്ടായിരുന്നു. 2013 ല്‍ പ്രവാചകനെ പരിഹസിക്കുന്ന കാര്‍ട്ടൂണിനെതിരെ ലോകമെമ്പാടുമുള്ള മുസ്ലീങ്ങള്‍ ഈ മാസികയ്‌ക്കെതിരെ ശക്തമായി പ്രതിഷേധം നടത്തിയിരുന്നു. ‘അല്ലാഹു അക്ബര്‍’, ‘ദൈവത്തിനു സ്തുതി’ എന്നാക്രോശിച്ചു കൊണ്ട് മുന്നോട്ട് വന്ന ആക്രമകാരികള്‍ ഇതുവരെ അതിനു പിന്നിലെ ഉദ്ദേശം വ്യക്തമാക്കിയിട്ടില്ല.

യൂറോപ്പിലെ രാഷ്ട്രീയ വ്യവസ്ഥകളെയും ഡച്ച് പ്രധാനമന്ത്രി മാര്‍ക്ക് റൂട്ടിനെയും വിമര്‍ശിച്ചു കൊണ്ട് നെതര്‍ലാന്‍ഡിലെ ആന്റി-ഇസ്ലാം ഫ്രീഡം പാര്‍ട്ടിയുടെ നേതാവായ ഗീര്‍ട്ട് വില്‍ഡേഴ്‌സ് മുന്നോട്ട് വന്നിരിക്കുകയാണ്. ഇതു യുദ്ധം മാത്രമാണെന്ന് എപ്പോഴാണ് റൂട്ടും യൂറോപ്പിലെ മറ്റു രാഷ്ട്രീയ നേതാക്കളും തിരിച്ചറിയുക എന്നു വില്‍ഡേഴ്‌സ് ചോദിച്ചു.

 

 

യൂറോപ്പിലെ പല പ്രദേശങ്ങളിലെ സാമ്പത്തിക മേഖല നേരിടുന്ന പ്രശ്‌നങ്ങളെയും തൊഴിലില്ലായ്മയെയും മുതലെടുത്തുകൊണ്ട് ചില സായുധ പക്ഷക്കാരായ വിമതവിഭാഗം വിദേശികള്‍ക്കെതിരെയും മുസ്ലീങ്ങള്‍ക്കെതിരെയുമുള്ള വികാരം അഴിച്ചുവിടുകയാണ്.
‘യൂറോപ്പില്‍ ഇപ്പോള്‍ ഇസ്ലാമിനെയും കുടിയേറ്റത്തെപ്പറ്റിയും ഒരുപാട് സംഘര്‍ഷങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഈ ഒരു സാഹചര്യത്തില്‍ കുടിയേറ്റ വിരുദ്ധ പ്രചാരണങ്ങള്‍ അപകടകരമായ നിലയിലേക്ക് എത്തിച്ചേരാന്‍ സാധ്യതയുണ്ട്. ഇപ്പോഴുള്ള വൈകാരിക പ്രക്ഷോപങ്ങള്‍ അടങ്ങിയാലുടനെ ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള നയരൂപീകരണം നടത്തേണ്ടതുണ്ട്’ ബ്രസല്‍സ്സിലുള്ള ഫ്രണ്ടസ് ഓഫ് യൂറോപ്പ് അഡൈ്വസറി ഗ്രൂപ്പിലെ പോളിസി തല ഡയറക്ടര്‍ ഷാദ ഇസ്ലാം പറഞ്ഞു.

ഈ അരും കൊലയ്‌ക്കെതിരെ ലോകത്തുള്ള വിവിധ മുസ്ലീം നേതാക്കള്‍ അപലപിച്ചിട്ടുണ്ട്. ‘കിരാതമായ’ ആക്രമണമാണ് നടന്നതെന്ന് ഫ്രഞ്ച് കൗണ്‍സില്‍ ഓഫ് റിലീജിയന്‍ പ്രതികരിച്ചു. ജനാധിപത്യ മൂല്യങ്ങളില്‍ വിശ്വസിക്കുന്ന എല്ലാവരും ഏതുതരത്തിലുള്ള പ്രകോപനവും സംയമനത്തോടെ നേരിടണമെന്നും തീവ്രവാദികളുടെ വളച്ചൊടിക്കലുകളെക്കുറിച്ച് മുസ്ലീങ്ങള്‍ പ്രത്യേകിച്ചും ജാഗ്രതരായിരിക്കണമെന്നും ഈ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നിലവിലുള്ള പാര്‍ട്ടികള്‍ക്കെതിരെ ആദ്യ റൗണ്ട് വോട്ടെണ്ണലില്‍ തന്നെ നാഷനല്‍ ഫ്രണ്ട് പാര്‍ട്ടിക്ക് മുന്‍തൂക്കമുണ്ട്. കുടിയേറ്റ വിരുദ്ധത രാഷ്ട്രീയ മുദ്രാവാക്യമാക്കിയ ഈ പാര്‍ട്ടി മുസ്ലീം വിരുദ്ധ പ്രചരണങ്ങളും നടത്തുന്നുണ്ട്. 1300 ലക്ഷം ജനസംഖ്യയുള്ള ഫ്രാന്‍സില്‍ 100 ലക്ഷം മുസ്ലീങ്ങള്‍ താമസിക്കുന്നുണ്ട്. യൂറോപ്പിലെ ഏറ്റവുമധികം മുസ്ലീങ്ങളുള്ള രാജ്യമാണ് ഫ്രാന്‍സ്. മൈക്കല്‍ ഹവല്ലെബെഗ്‌സ് എന്ന ഫ്രഞ്ച് നോവലിസ്റ്റിന്റെ ‘സമര്‍പ്പണം’ (സബ്മിഷന്‍) എന്ന ഏറ്റവും പുതിയ നോവലിനെ ആസ്പദമാക്കിയായിരുന്നു മാസികയുടെ പുതിയ കവര്‍ പേജ്. 2022ല്‍ നാഷണല്‍ ഫ്രണ്ടിനെ പരാജയപ്പെടുത്തി ഫ്രാന്‍സില്‍ ഇസ്ലാം ഭരണം വരുമെന്നും പ്രധാനമന്ത്രി സ്ത്രീകളെ ജോലിയിടങ്ങളില്‍ നിന്നും വിലക്കും എന്നുമൊക്കെയാണ് നോവലിന്റെ ഉള്ളടക്കം. ബുധനാഴ്ച പുറത്തിറങ്ങിയ ഈ നോവലിനെ കുറിച്ച് വിവാദങ്ങളും ഉണ്ടായിരുന്നു.

‘നിഷേധത്തിന്റെയും കാപാട്യത്തിന്റെയും സമയമാവസാനിച്ചു’ നാഷനല്‍ ഫ്രണ്ട് നേതാവ് മറൈന്‍ ലെ പെന്‍ ആക്രമണത്തെ കുറിച്ച് പാര്‍ട്ടി വെബ്‌സൈറ്റില്‍ പ്രതികരിച്ചു. ഇവരെക്കുറിച്ച് സമര്‍പ്പണം നോവലില്‍ പരാമര്‍ശിച്ചിട്ടുണ്ടായിരുന്നു.

ജര്‍മനിയുടെ കിഴക്കന്‍ പട്ടണമായ ഡ്രെസ്ഡനില്‍ ഒക്‌ടോബറില്‍ പെഗിട എന്ന സംഘടന നടത്തിയ ഇസ്ലാം വിരുദ്ധ റാലിയില്‍ ആയിരങ്ങള്‍ പങ്കെടുത്തിരുന്നു. പാശ്ചാത്യ ലോകത്തെ ഇസ്ലാംവത്കരിക്കുന്നതിനെതിരെ യൂറോപ്പിലെ ദേശസ്‌നേഹികള്‍ നടത്തുന്ന സംഘടനയാണ് പെഗിട. പതിനാറായിരത്തിലധികം ആളുകള്‍ പങ്കെടുത്ത മൂന്നു ദിവസം മുമ്പ് നടന്ന റാലിയ്ക്ക് കൂടുതല്‍ ജനശ്രദ്ധ കിട്ടിയിരുന്നു.

‘ഇന്ന് ഫ്രാന്‍സില്‍ നടന്ന സംഭവത്തോടുകൂടി ഇസ്ലാമിസ്റ്റുകള്‍ ജനാധിപത്യ വിശ്വാസികളല്ല എന്നും ആക്രമണമാണ് അവരുടെ വഴിയെന്നും തെളിയിച്ചിരിക്കുകയാണ്’ ഫേസ്ബുക്ക് പേജില്‍ ഈ സംഘടന പ്രതികരിച്ചു. പന്ത്രണ്ട് ആഴ്ചകളായി നമ്മള്‍ താക്കീത് നല്‍കി കൊണ്ടിടുന്ന ഈ വസ്തുത മറ്റു രാഷ്ട്രീയ നേതാക്കള്‍ മനസ്സിലാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഇത്തരത്തിലുള്ള ഏതൊരു ആക്രമണവും പെഗിട പോലുള്ള സംഘടനകളെ സഹായിക്കുമെന്ന് ഈ സംഭവത്തിന് മുമ്പ് തന്നെ ജര്‍മന്‍ സര്‍ക്കാരിന്റെ സുരക്ഷാ പോളിസി അക്കാദമി തലവന്‍ കാറല്‍ ഹെന്‍സ്ര കാമ്പ് പറഞ്ഞിരുന്നു. ‘ബെര്‍ലിനിലോ കൊളോഗാനിലോ ഒരു കലാപം നടന്നാല്‍ ജര്‍മനിയില്‍ വലിയ ഇസ്ലാമിസ്റ്റ് ആക്രമണങ്ങള്‍ നടക്കാനുള്ള സാധ്യത കൂടുതലാണ്’ കഴിഞ്ഞ ആഴ്ച ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

 

 

സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം അമേരിക്കയേക്കാളും ജര്‍മനിയിലാണ് ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികള്‍ എത്തിച്ചേരുന്നത്. കഴിഞ്ഞ വര്‍ഷം ജര്‍മനിയില്‍ രണ്ടു ലക്ഷം അഭയാര്‍ത്ഥികളാണുള്ളത്. ഇത് 2013ലെ കണക്കുകളെക്കാളും 60 ശതമാനം കൂടുതലാണ്. ജര്‍മനിയുടെ മൊത്തം 182 ലക്ഷം ജനസംഖ്യയുടെ 80 ലക്ഷം വരും മുസ്ലിംകള്‍. കഴിഞ്ഞ ഡിസംബറില്‍ ഭവാരിയയില്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി നിര്‍മിച്ച മൂന്നു കെട്ടിടങ്ങള്‍ കത്തിച്ച് നശിച്ചിരുന്നു.

സ്വീഡനില്‍ സെപ്റ്റംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 13 ശതമാനം വോട്ടുകള്‍ നേടി കുടിയേറ്റ വിരുദ്ധ സ്വീഡന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി കുതിച്ചുയര്‍ന്നിരുന്നു. പുതിയ സര്‍ക്കാരിന്റെ ബജറ്റ് സ്തംഭിപ്പിച്ചു കൊണ്ട് രാഷ്ട്രീയ അനിശ്ചിതത്വം ഉണ്ടാക്കുകയും ചെയ്തു. കഴിഞ്ഞ രണ്ടാഴ്ചയായി പല മുസ്ലീം പള്ളികള്‍ക്ക് നേരെയുള്ള വെടിവയ്പ്പിനെ കുറിച്ച് പോലീസ് അന്വേഷിച്ചു വരികയാണ്.
‘ഈ സംഭവം ആരെയും മാറ്റാന്‍ പോകുന്നൊന്നുമില്ല. നിലവിലുള്ള വിശ്വാസത്തെ ദൃഢപ്പെടുത്തുക മാത്രമാണു ചെയ്യുക’ തെക്കന്‍ സ്വീഡനിലെ ലൂന്ത് യൂണിവേഴ്‌സിറ്റിയുടെ പൊളിറ്റിക്കല്‍ സയന്‍സ് അദ്ധ്യാപകന്‍ സന്നര്‍സ്റ്റെഡിറ്റ് പറഞ്ഞു.

തീവ്രവാദികള്‍ ഈ സംഭവത്തെ മുതലെടുക്കാന്‍ സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സ്ഥാപകന്‍ സയ്യിദ് റാദ് അല്‍ ഹുസ്സൈന്‍ മുന്നറിയിപ്പ് നല്‍കി. ‘ഈ ആക്രമണം വിവേചനത്തിന്നും മുന്‍വിധികള്‍ക്കും വഴി ഒരുക്കുകയാണെങ്കില്‍ മതങ്ങളെയും സമൂഹത്തെയും ഭിന്നിപ്പിക്കാനുള്ള തീവ്രവാദികളുടെ ആയുധമായിമാറും ഈ സംഭവം’- അല്‍ ഹുസ്സൈന്‍ പറഞ്ഞു. വിദേശീയ വിദ്വേഷവും കുടിയേറ്റ വിരുദ്ധ വികാരവും യൂറോപ്പില്‍ നില നില്‍ക്കുന്ന ഈ സാഹചര്യത്തില്‍ ഇത്തരത്തിലുള്ള ആസൂത്രിത അക്രമണങ്ങള്‍ വലിയൊരു അപകടത്തിലേക്ക് എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്നും അതിനെക്കുറിച്ച് താന്‍ വ്യാകുലനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍