UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചെന്നിത്തലയുടെ കുബേരപ്പോലീസിനെന്ത് പാരീസ് മോഹന്‍കുമാര്‍?

Avatar

കെ പി എസ് കല്ലേരി

പാരീസ് മോഹന്‍ കുമാര്‍ എന്ന ചിത്രകാരനെ ലോകത്തിന് പേരെടുത്ത് പരിചയപ്പെടുത്തിക്കൊടുക്കേണ്ട ആവശ്യമില്ല. യുനസ്‌കോ ആദരിച്ച ലോകത്തെ നാല്‍പത് ചിത്രകാരന്‍മാരില്‍ ഏഷ്യയില്‍ നിന്നുള്ള ഏക ചിത്രകാരന്‍. നാഷണന്‍ അവാര്‍ഡടക്കം നേടിയ ചിത്രകാലപ്രതിഭ. ചിത്രകലയ്ക്കപ്പുറത്ത് പരിസ്ഥിതിക്കും സമൂഹത്തിനും ആദിവാസികള്‍ക്കും വേണ്ടി ഉഴിഞ്ഞുവെച്ച ജീവിതം. എന്നാല്‍ പറഞ്ഞുവരുന്നത് ആ പാരീസ് മോഹന്‍കുമാറിനെക്കുറിച്ചല്ല. മറിച്ച്  ബ്ലേഡ് മാഫിയയുടെ വലയില്‍ കുടുങ്ങി ജപ്തി ഭീഷണിയിലായ ചിത്രകാരന്‍ പാരീസ് മോഹന്‍ കുമാറിനെക്കുറിച്ച്. 

വര്‍ഷങ്ങളായിള്ള സൗഹൃദമുണ്ട് മോഹനേട്ടനുമായി. ആ പ്രതിഭയുടെ ചിത്രകലയ്ക്കപ്പുറത്തുള്ള ജീവിതത്തിന്റെ ആഴം തിരിച്ചറിഞ്ഞതുകൊണ്ടുതന്നെ ഇത്രയും ബഹുമാനത്തോടെ മറ്റൊരു ചിത്രകാരനെ നോക്കിക്കണ്ടിട്ടില്ല. കഴിഞ്ഞാഴ്ച, കൃത്യമായി പറഞ്ഞാല്‍ നവംബര്‍ 12ന് മോഹനേട്ടന്‍ ഓഫീസിലേക്ക് കയറിവരുമ്പോള്‍ ആകെ ക്ഷീണിതനായിരുന്നു. തൂവെള്ള ഖദര്‍മുണ്ടും ജുബ്ബയും അതുപോലെതന്നെ നീണ്ട് വെളുത്ത താടി, താടിയോളം നീണ്ട് കിടക്കുന്ന മുടി, എപ്പോഴും പുഞ്ചിരിക്കുന്ന മുഖം, നല്ല പേശിവലിവുള്ള ആരോഗ്യ ദൃഢഗാത്രനായ മോഹനേട്ടന്‍… പക്ഷെ അന്ന് എന്നെ തേടിവന്ന മോഹനേട്ടന്‍ അതിന്റെ നിഴല്‍ രൂപം മാത്രമായിരുന്നു.

കയറി വന്ന ഉടനെ പറഞ്ഞു ‘എടാ ആകെ പ്രശ്‌നമാണ്. നവംബര്‍ 19-ന് 10 ലക്ഷം രൂപ വേണം. അല്ലെങ്കില്‍ എന്റെ മാഹിയിലെ വീട് കോടതി കൊണ്ടുപോവും…’  തുടക്കത്തില്‍ ഒന്നും മനസിലായില്ല.  മോഹനേട്ടന് എന്തുപറ്റി. കൂടുതല്‍ ചോദിച്ചപ്പോഴാണ് കാസര്‍ഗോട്ടെ ഒരു ബ്ലേഡ് മാഫിയാ തലവന്‍ മോഹനേട്ടനെ കുരുക്കിലാക്കിയ കഥ അദ്ദേഹം പറയുന്നത്. നാട്ടിലെ ബ്ലേഡുകാരെ കുരുക്കാന്‍ രമേശ് ചെന്നിത്തലയുടെ പോലീസ് കുബേരയുമായി നടക്കുമ്പോള്‍ ലോക പ്രശസ്ത ചിത്രകാരനായ പാരിസ് മോഹന്‍കുമാറിന് ഇങ്ങനെ ഒരു അനുഭവമോ…?വിശ്വാസിക്കാനായില്ല’; പക്ഷെ പിന്നീട് മോഹനേട്ടന്‍ നിരത്തിയ കഥകളിലൂടെ സഞ്ചരിച്ചപ്പോള്‍ അത് വിശ്വസിക്കേണ്ടി വന്നു.

2009ല്‍ ഡല്‍ഹിയില്‍ ചിത്രകലയുമായി ബന്ധപ്പെട്ട് മുന്‍ ആഭ്യന്തരമന്ത്രി ശിവാരാജ് പാട്ടീലിന്റെ വീട്ടില്‍ താമസിച്ചുവരുമ്പോഴാണ് സംഭവങ്ങള്‍ക്ക് തുടക്കം.

ഡല്‍ഹിയിലുള്ള രണ്ട് മാധ്യമപ്രവര്‍ത്തകരായ സുഹൃത്തുക്കള്‍ ഒരു കടക്കെണിയില്‍പ്പെട്ടപ്പോള്‍ അവര്‍ ആവശ്യപെട്ടതുപ്രകാരം തത്കാലത്തേക്ക്  രണ്ട് ചെക്കുകള്‍ ഒപ്പിട്ട് നല്‍കിയതാണ് കുരുക്കുകള്‍ക്ക് തുടക്കം. ഒരാഴ്ചകൊണ്ട് അവര്‍ നല്‍കാനുള്ള പണം കൊടുത്ത ശേഷം ചെക്ക് തിരികെ തരാമെന്നായിരുന്ന വാഗ്ദാനം. പക്ഷേ സമയത്തിന് അവര്‍ ചെക്ക് മടക്കി നല്‍കാതിരിക്കുകയും ചിത്രകലയും പ്രകൃതി പഠനവുമായൊക്കെ ബന്ധപ്പെട്ട് ഞാന്‍ ഹിമാലയ യാത്രയിലേക്ക് പോവുകയും ചെയ്തു. പിന്നീട് മാസങ്ങള്‍ക്ക് ശേഷം കാസര്‍ഗോഡ് സ്വദേശിയുടെ വഞ്ചനക്കേസില്‍ ഉള്‍പ്പെട്ട കാര്യം ഞെട്ടലോടെയാണ് പുറത്തുവരുന്നത്. പിന്നീടങ്ങോട്ട് കേസും കോടതികളുമായി തന്റെ ചിത്രകലയെതന്നെ പ്രതികൂലമായി ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ കൈവിട്ട് പോകുകയായിരുന്നു.

പ്രശ്‌നം ഒഴിവാകട്ടെ എന്ന് കരുതി പലതവണയായി അഞ്ചുലക്ഷത്തിലേറെ തുക നല്‍കിയിട്ടും ഇപ്പോഴും വേട്ടയാടല്‍ തുടരുകയാണ്. മാഹിക്കു സമീപമുള്ള അഴിയൂര്‍ പഞ്ചായത്തിലെ തന്റെ ഒരു കോടിയിലേറെ വിലമതിക്കുന്ന വീടും സ്വത്തുവകളും ജപ്തിചെയ്യാനുള്ള കോടതി നടപടികളിലേക്ക് വരെ കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്. താത്കാലികമായി കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങിയിട്ടുണ്ടെങ്കിലും പത്തുലക്ഷംരൂപ 19ന് കോടതിയില്‍ കെട്ടണം. അതിനുശേഷം കേസ് തുടരാം. കേസ് എനിക്ക് അനുകൂലമായി വരുമെന്ന് ഉറപ്പുണ്ട്. പക്ഷെ അതുവരെ പിടിച്ചു നില്‍ക്കാന്‍ 10 ലക്ഷം രൂപ എവിടുന്ന് കിട്ടും!

മോഹനേട്ടന്‍ നിരത്തിയ കഥകള്‍ കേട്ട് അന്ധാളിച്ചുപോയി. വര്‍ഷങ്ങളോളം കേരളം വിട്ട് പാരീസില്‍ കുടിയേറുകയും അവിടെ പാരീസുകാരിയായ ഭാര്യയും കുടുംബവുമൊത്ത് സമാധാനത്തോടെ കഴിയുകയും ചെയ്യുമ്പോഴാണ് പിറന്ന നാടിനോട് ചില ഉത്തരവാദിത്വങ്ങളൊക്കെ ഇല്ലേ എന്ന ചില സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി പത്തു വര്‍ഷം മുന്‍പ് അദ്ദേഹം കേരളത്തിലേക്ക് മടങ്ങിയെത്തിയത്. കേരളത്തിലേക്കെന്നുപറഞ്ഞാല്‍ ഇന്ത്യയിലെന്നു പറയുന്നതാവും ശരി. ഒരു ചിത്രത്തിന് ഏറ്റവും ചുരുങ്ങിയത് അരലക്ഷത്തിനുമേല്‍ വിലയുള്ള ചിത്രകാരന്‍. അതെല്ലാംവിട്ട് വര്‍ഷങ്ങളോളം കര്‍ണാടകയിലും തമിഴ്‌നാട്ടിലും വയനാട്ടിലുമുള്ള ആദിവാസികളെ പഠിപ്പിക്കാനും അവരെ കൃഷിപ്പണിയിലിറക്കാനും വിഷമില്ലാത്ത പച്ചക്കറികള്‍ കേരളത്തിലേക്ക് കൊണ്ടുവരാനുമൊക്കെയാണ് ഇത്രയും കാലം നീക്കിവെച്ചത്. പണത്തിന് തീരെ ബുദ്ധിമുട്ട് വരുമ്പോള്‍ ഒരു ചിത്രം വരക്കും. അത് വിറ്റ് ആദിവാസികളുടേയും ജീവിതം വഴിമുട്ടിയവരുടേയും പ്രശ്‌നങ്ങള്‍ തീര്‍ക്കും. അങ്ങനയുള്ള മോഹനേട്ടനാണ് ഒരു ബ്ലേഡുകാരന്റെ വലയില്‍ കുരുങ്ങി പാരീസിലുള്ള കുടുംബത്തിന്റെ അടുത്തുപോലും പോവാന്‍ കഴിയാത്ത അവസ്ഥയില്‍ കെണിയില്‍ പെട്ടിരിക്കുന്നത്.

മോഹനേട്ടനെപ്പോലൊരു ചിത്രകാരന്‍ ഇത്രയും വലിയൊരു കെണിയില്‍ പെട്ടിട്ടുണ്ടെങ്കില്‍ അതില്‍ നിന്നും അദ്ദേഹത്തെ രക്ഷിക്കാനുള്ള ബാധ്യത കേരളത്തിലെ മുഴുന്‍ ചിത്രകലാ സ്‌നേഹികള്‍ക്കും കലാ-സാംസ്‌കാരിക ലോകത്തിനുമുണ്ട് എന്ന തിരച്ചറിവില്‍ അങ്ങനെ ഞങ്ങള്‍ പിറ്റേദിവസം തന്നെ കോഴിക്കോട് പ്രസ്‌ക്ലബില്‍ ഒരു വാര്‍ത്താ സമ്മേളനം നടത്തി. പത്രങ്ങളും ചാനലുകളുമെല്ലാം അത് വലിയ വാര്‍ത്തയാക്കി. മോഹനേട്ടനെ സഹായിക്കാനും പ്രശ്‌നങ്ങള്‍ മനസിലാക്കാനുമായി പലരുമെത്തി. അതിന്റെ ഭാഗമായി ഇപ്പോള്‍ കോഴിക്കോട് ലളിതകലാ അക്കദമി ആര്‍ട്ട് ഗ്യാലറില്‍ അദ്ദേഹത്തിന്റെ ഒരു ചിത്രപ്രദര്‍ശനം ഒരുക്കിയിട്ടുണ്ട്. വര്‍ഷങ്ങളുടെ ഇടവേളക്കുശേഷമാണ് പാരിസ് മോഹന്‍കുമാറിന്റെ ഒരു ചിത്ര പ്രദര്‍ശനം കോഴിക്കോട്ട് നടക്കുന്നത്. നിരവധി പേര്‍ ചിത്രങ്ങള്‍ വാങ്ങാനായി രംഗത്തെത്തിയിട്ടുണ്ട്. പക്ഷെ മോഹനേട്ടന്റെ ഇപ്പോഴത്തെ പ്രശ്‌നം 19ന് മുമ്പ് എങ്ങിനെ 10 ലക്ഷം ഉണ്ടാക്കുമെന്നാണ്. കേരളത്തിനകത്തും പുറത്തും പാരീസിന്റെ പ്രശ്‌നം വാര്‍ത്തയായിട്ടും കേരളത്തിലെ സാംസ്‌കാരിക നായകന്‍മാരോ സാംസ്‌കാരിക മന്ത്രിയോ സര്‍ക്കാരോ ഇങ്ങനെയൊരു പ്രശ്നം അറിഞ്ഞതായിപ്പോലും ഇതുവരെ നടിച്ചിട്ടില്ല. ഇനി പാരിസ് മോഹന്‍കുമാര്‍ നേരിട്ട് ചെന്ന് കാല്‍ക്കല്‍വീണാലേ കുബേരയെപ്പിടിക്കുന്ന അധികാരികളെല്ലാം ഉണരുകയുള്ളൂ എന്നാണെങ്കില്‍ അതിനും ഇപ്പോള്‍ അദ്ദേഹം തയ്യാറാണ്. പക്ഷെ അത് സാക്ഷര കേരളത്തിന്റെ സാംസ്‌കാരിക നീതിക്ക് ഒട്ടും നിരക്കുന്നതല്ല. പാരീസ് മോഹന്‍കുമാറിനെപ്പോലൊരു ചിത്രകാരനെ രാജ്യം ബഹുമാനിച്ചിട്ടും ഇക്കാലമത്രയും ഒരു ഫലകം പോലും നല്‍കാത്ത നാടാണ് നമ്മുടേത്. ഇങ്ങനെ ഒരവസരത്തിലെങ്കിലും പിറന്ന നാട് സഹായ ഹസ്തവുമായി ചെന്നില്ലെങ്കില്‍ അത് പൊറുക്കാനാവാത്ത അപരാധമാവും.

 

*Views are personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍