UPDATES

വിദേശം

ബെല്‍ജിയം യൂറോപ്യന്‍ ഭീകരതയുടെ കേന്ദ്രം

Avatar

ഇയാന്‍ വിഷര്‍ട്
(ബ്ലൂംബര്‍ഗ് ന്യൂസ്)

പാരീസില്‍ വെള്ളിയാഴ്ച ഉണ്ടായ കനത്ത ഭീകരാക്രമണത്തിന് ബെല്‍ജിയവുമായുള്ള ബന്ധം വെളിപ്പെട്ടതോടെ, യൂറോപ്പില്‍ ഭീകരത അഴിച്ചു വിടാനുള്ള നീക്കങ്ങളുമായി പ്രവര്‍ത്തിക്കുന്ന യുവ തീവ്രവാദികളുടെ പ്രധാന പ്രവര്‍ത്തന കേന്ദ്രമാണ് ബെല്‍ജിയം എന്നതിന് ശക്തമായ തെളിവായിരിക്കുന്നു. ബെല്‍ജിയവുമായി ബന്ധമുള്ള അക്രമണപരമ്പരയിലെ ഏറ്റവും പുതിയതാണ് പാരിസിലേത്.

കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ യൂറോപ്പില്‍ ഉണ്ടായ ഏറ്റവും ഭീകരമായ ആക്രമണത്തിന്റെ ഉത്തരവാദികളായ തീവ്രവാദ സംഘടകള്‍ക്കു വേണ്ടിയുള്ള അന്വേഷണത്തില്‍ ഫ്രഞ്ച് അന്വേഷകര്‍ കണ്ടെത്തിയിരിക്കുന്നത് ആക്രമണകാരികളില്‍ രണ്ടു പേര്‍ ബെല്‍ജിയത്തില്‍ താമസമാക്കിയ ഫ്രഞ്ച് പൗരന്‍മാര്‍ ആണെന്നാണ്. വെള്ളിയാഴ്ച രാത്രിയിലുണ്ടായ ആക്രമണത്തെ തുടര്‍ന്നു സംഭവമുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഏഴു പേരെ പോലീസ് ബ്രസ്സല്‍സില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.

‘പുതിയ അംഗങ്ങളെ ചേര്‍ക്കാനുള്ള സംഘങ്ങള്‍ ബെല്‍ജിയം കേന്ദ്രമാക്കിയുണ്ട്’ യുഎസ് ആസ്ഥാനമാക്കിയുള്ള ഫൗണ്ടെഷന്‍ ഫോര്‍ ഡിഫെന്‍സ് ഒഫ് ഡമോക്രസീസിലെ കൗണ്ടര്‍ ടെററിസ്റ്റ് സ്‌പെഷ്യലിസ്റ്റ് ആയ ഡേവിഡ് ഗര്‍ടന്‍സ്റ്റെയ്ന്റോസ്സ് ഞായറാഴ്ച ടെലിഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞു. ‘തീവ്രവാദികള്‍ ബെല്‍ജിയത്തെ കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യമുള്ള ഇടമായി കാണുന്നുണ്ടോ എന്ന് ചോദ്യം ചെയ്യലില്‍ പരിശോധിക്കുന്നുണ്ട്. അതുപോലെ തന്നെ തീവ്രവാദ ആശയങ്ങള്‍ ഉള്ള ചെറുസമൂഹങ്ങള്‍ക്ക് തിരിച്ചറിയപ്പെടാതെ സ്വതന്ത്രമായി ഇടപെടാനുള്ള സാഹചര്യങ്ങള്‍ അവിടെ ലഭിക്കുന്നുണ്ടോയെന്നും.’

ഫ്രാന്‍സ്, ജര്‍മനി എന്നീ രണ്ടു വന്‍ യൂറോ സമ്പദ്‌വ്യവസ്ഥകള്‍ക്കിടയില്‍ കിടക്കുന്ന ബെല്‍ജിയം ചോക്ലേറ്റുകള്‍ക്കും മദ്യവാറ്റു കേന്ദ്രങ്ങള്‍ക്കും ആയിരുന്നു പ്രസിദ്ധം. തങ്ങളുടെ കല്ലുപാകിയ തെരുവുകളിലേക്കും പാതയോര കഫേകളിലേക്കും പതിനായിരക്കണക്കിന് ടൂറിസ്റ്റുകളെ വര്‍ഷംതോറും ആകര്‍ഷിച്ചു കൊണ്ടിരുന്ന ബെല്‍ജിയം ഇന്ന് നേരിടുന്ന കടുത്ത യഥാര്‍ഥ്യം തീവ്രവാദികളുടെ തങ്ങളുടെ രാജ്യത്തെ സ്വൈര്യവിഹാരമാണ്.

‘വെള്ളിയാഴ്ച ഞങ്ങള്‍ക്കു നേരെയുണ്ടായ ഭീതിതമായ ആക്രമണം ബെല്‍ജിയം അടിസ്ഥാനമാക്കിയ ഒരു കൂട്ടം തീവ്രവാദികളുടെ പദ്ധതിയായിരുന്നു. ഇവര്‍ക്ക് ഫ്രാന്‍സില്‍ സഹായികള്‍ ഉണ്ടായിരുന്നോ എന്നുള്ളത് അന്വേഷണം തെളിയിക്കും.’ ഫ്രെഞ്ച് ആഭ്യന്തര മന്ത്രി (ഇന്റീരിയര്‍ മിനിസ്റ്റര്‍) ബര്‍ണാര്‍ഡ് കസെനോവോ ഞായറാഴ്ച പാരീസില്‍ പറഞ്ഞു.

129 പേര്‍ കൊല്ലപ്പെട്ട വെള്ളിയാഴ്ചയിലെ ദുരന്തത്തിന് മുന്‍പുതന്നെ ഗവണ്‍മെന്റും കൗണ്ടര്‍ ടെററിസം അതോറിറ്റികളും ബെല്‍ജിയത്തിനു നേരെ വിരല്‍ ചൂണ്ടിയിരുന്നു. ഈ വര്‍ഷം തുടക്കത്തില്‍, പാരീസിലെ ഷാര്‍ലി ഹെബ്ദോ എന്ന ഹാസ്യ മാസികയിലെ ഒമ്പതു ജേര്‍ണലിസ്റ്റുകള്‍ ഉള്‍പ്പടെ 17 പേരെ കൊലപ്പെടുത്തിയ മൂന്നു ദിവസത്തെ ആക്രമണത്തില്‍ ഉള്‍പ്പെട്ട തോക്കുധാരികളില്‍ ഒരാള്‍ക്കെങ്കിലും ബെല്‍ജിയത്തിലെ ഒരു ആയുധ വ്യാപാരിയുമായുള്ള ബന്ധത്തെപ്പറ്റി ബെല്‍ജിയന്‍ പ്രോസിക്യൂട്ടര്‍മാര്‍ സംശയിച്ചിരുന്നു. ആ മാസത്തില്‍ തന്നെ കിഴക്കന്‍ പട്ടണമായ വേര്‍വിയെര്‍സില്‍ നടന്ന ഒരു വെടിവയ്പ്പില്‍ തീവ്രവാദികളെന്ന് സംശയിക്കുന്ന രണ്ടു പേരെ ബെല്‍ജിയന്‍ പോലീസ് കൊലപ്പെടുത്തുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ലോ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍മാര്‍ക്ക് നേരെ ആസൂത്രണം ചെയ്തിരുന്ന വന്‍ ഭീകരാക്രമണമാണ് ഇതിലൂടെ തടഞ്ഞതെന്ന് അവര്‍ പറയുന്നു.

പിന്നീട് ഓഗസ്റ്റില്‍, പാരീസിലേക്കുള്ള ട്രെയിനില്‍ വച്ച് ഒരു മൊറോക്കന്‍ തോക്കുധാരിയെ യാത്രക്കാര്‍ കീഴ്‌പ്പെടുത്തുകയുണ്ടായി. ബ്രസ്സല്‍സില്‍ കുറച്ചു നാള്‍ ചെലവഴിച്ച ഇയാള്‍ ഒരു കലേഷ്‌നികോവ് റൈഫിള്‍, ഒരു ഓട്ടോമറ്റിക് പിസ്റ്റള്‍, വെടിക്കോപ്പ്, ഒരു കത്തി എന്നിവയടങ്ങിയ ബാഗുമായി ബെല്‍ജിയം തലസ്ഥാനത്തു നിന്നാണ് ട്രെയിനില്‍ കയറിയത്. ഇയാളെ കുറിച്ച് ബെല്‍ജിയന്‍ ഇന്റലിജന്റ് സര്‍വീസിന് അറിയാമായിരുന്നു എന്നു ഗവണ്‍മെന്റ് പറയുന്നു.

‘ഇക്കഴിഞ്ഞ വര്‍ഷത്തിലെ ഓരോ മാസവും ഫ്രാന്‍സിലോ ബെല്‍ജിയത്തിലോ ഒരു ആക്രമണമോ, പരാജയപ്പെടുത്തിയ ആക്രമണശ്രമമോ ഉണ്ടായിരുന്നു. പരസ്പര സഹകരണവും ഇന്റലിജന്‍സ് വിവരങ്ങളുടെ പങ്ക് വയ്ക്കലും അനിവാര്യമായ, യൂറോപ്യന്‍ ചരിത്രത്തിലെ ഒരു പുതിയ അദ്ധ്യായത്തിലേക്ക് നമ്മള്‍ കടന്നിരിക്കുന്നു എന്നാണിതു കാണിക്കുന്നത്’ ബെല്‍ജിയന്‍ പ്രധാനമന്ത്രി ചാള്‍സ് മൈക്കല്‍ പബ്ലിക് ബ്രോഡ്കാസ്റ്റര്‍ RTBFനോട് ശനിയാഴ്ച പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ബ്രസ്സല്‍സിലെ ജൂത മ്യൂസിയത്തില്‍ ഒരു ഫ്രഞ്ച് ആയുധധാരിയുടെ വെടിവയ്പ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടതോടെ ബെല്‍ജിയന്‍ അധികാരികള്‍ സുരക്ഷയും ഇന്റലിജന്‍സ് സര്‍വീസും വര്‍ധിപ്പിച്ചു. അക്രമി 2013 ന്റെ ഭൂരിഭാഗവും സിറിയയില്‍ കഴിഞ്ഞ ശേഷം ബ്രസ്സല്‍സിലെ മോളെന്‍ബീക് ജില്ലയിലെ ഒരു വാടക മുറിയില്‍ താമസിച്ചാണ് ആക്രമണം പ്ലാന്‍ ചെയ്തത് എന്നു അന്വേഷകര്‍ക്ക് കണ്ടെത്താനായി.

‘ഇത്തരം സംഘടനകളുടെ നെറ്റ്‌വര്‍ക്കിനെ പറ്റി കൃത്യമായ ധാരണ ഉണ്ടാക്കാനും അവയെ ഇല്ലായ്മ ചെയ്യാനുമാണ് ഞങ്ങള്‍ ശ്രമിക്കുന്നത്’ ബെല്‍ജിയന്‍ വിദേശ കാര്യ മന്ത്രി ദിദിയന്‍ റെയ്‌ണ്ടേര്‍സ് ബ്രസ്സല്‍സില്‍ പത്രലേഖകരോട് പറഞ്ഞു.

ഗവണ്‍മെന്റിന്റെ കണക്കുകള്‍ പ്രകാരം ബെല്‍ജിയത്തില്‍ നിന്നു 400 പേരാണ് സിറിയയിലെ യുദ്ധത്തില്‍ പങ്കെടുക്കാന്‍ പോയത്. ലണ്ടന്‍ ആസ്ഥാനമാക്കിയുള്ള ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് റാഡിക്കലൈസെഷന്‍ (International Center for Study of Radicalization) പറയുന്നതു പ്രതിശീര്‍ഷ അനുപാതം വച്ച് നോക്കുമ്പോള്‍ മറ്റേത് യൂറോപ്യന്‍ രാജ്യങ്ങളെക്കാളും ഉയര്‍ന്ന നിരക്കാണിത് എന്നാണ്. ‘തിരികെ വന്നവരില്‍ പലരും ‘വളരെ അപകടകാരികള്‍’ അല്ലെങ്കില്‍ ‘ദൗത്യത്തിലുള്ളവര്‍ (On a mission)’ ആണ്’ ബെല്‍ജിയന്‍ ആഭ്യന്തര മന്ത്രി ജാന്‍ ജംബോണ്‍ കഴിഞ്ഞ ആഴ്ച ബ്രസ്സല്‍സിലെ ഒരു വേദിയില്‍ പറഞ്ഞു.

ഐ എസില്‍ ചേര്‍ന്നു പൊരുതാന്‍ സിറിയയിലേക്ക് കടക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട പലരും ബെല്‍ജിയത്തില്‍ തന്നെ ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്താമെന്ന് കരുതുന്നതായി ജംബോണ്‍ പറഞ്ഞു.

വെള്ളിയാഴ്ച കൊല്ലപ്പെട്ട ആക്രമണകാരികളില്‍ രണ്ടു പേര്‍ ബ്രസ്സല്‍സില്‍ താമസിച്ചിരുന്ന ഫ്രഞ്ച് പൗരന്മാര്‍ ആണെന്ന് ഓഫീസ് ഓഫ് ബെല്‍ജിയന്‍ ഫെഡറല്‍ പ്രോസിക്യൂട്ടര്‍ അറിയിച്ചു. പാരീസ് ആക്രമണവുമായി ബന്ധപ്പെട്ടു ആകെ ഏഴു പേരെ പിടികൂടിയതായും ഫെഡറല്‍ പ്രോസിക്യൂട്ടെര്‍സ് ഓഫീസ് പറഞ്ഞു. കൂടാതെ ബെല്‍ജിയം സ്വദേശി 26കാരനായ അബ്ദ് സലാം സലാഹിനെ ഇതേ കാരണങ്ങളാല്‍ അന്വേഷിക്കുന്നതായി ഫ്രഞ്ച് പോലീസ് ഞായറാഴ്ച അറിയിച്ചു. റോഡ് പെട്രോളിങ്ങിനിടയില്‍ സലാഹ് ഉള്‍പ്പെട്ട കാര്‍ പരിശോധിച്ച ശേഷം വിട്ടയച്ചിരിക്കാം എന്നു പ്രോസിക്യൂട്ടേഴ്‌സ് ഓഫീസ് കരുതുന്നു.

ബെല്‍ജിയന്‍ രജിസ്‌ട്രേഷനുള്ള രണ്ടു കാറുകള്‍ പാരീസ് ആക്രമണ സ്ഥലങ്ങളുടെ പരിസരത്ത് നിന്നു കണ്ടെടുത്തതായി ബെല്‍ജിയന്‍ പ്രോസിക്യൂട്ടര്‍ പറഞ്ഞു. കഴിഞ്ഞയാഴ്ചയുടെ തുടക്കത്തില്‍ ബ്രസ്സല്‍സില്‍ നിന്നു വാടകയ്‌ക്കെടുത്തവയായിരുന്നു അവ. കാറുകളിലൊന്ന് വാടകയ്‌ക്കെടുത്ത ആളെ ഫ്രാന്‍സ് ബെല്‍ജിയം A2 ഫ്രീവേയില്‍ നിന്നു ശനിയാഴ്ച പോലീസ് പിടികൂടിയതായി പ്രോസിക്യൂട്ടേഴ്‌സ് ഓഫീസ് അറിയിച്ചു.

ബെല്‍ജിയന്‍ പോലീസ്, പോലീസ് സ്‌പെഷ്യല്‍ ഫോഴ്‌സിനൊപ്പം തിങ്കളാഴ്ച രാവിലെ മോളെന്‍ബീകില്‍ പുതിയ ഓപ്പറേഷന്‍ തുടങ്ങിയതായി ബെല്‍ഗ ന്യൂസ്‌വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭാഷകള്‍ അതിര്‍ത്തി നിശ്ചയിക്കുന്ന ബെല്‍ജിയത്തില്‍ തീവ്രവാദവും ആളുകളുടെ സിറിയയിലേക്കുള്ള യാത്രകളും തടയാന്‍ ഒരു പരിധി വരെ അധികാരികള്‍ക്കു സാധിച്ചിട്ടുണ്ടെങ്കിലും ബ്രസ്സല്‍സില്‍ തന്നെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു. പോലീസിംഗ് ഘടനയും ഇതിനൊരു കാരണമാണെന്നു ജംബോണ്‍ കഴിഞ്ഞ ആഴ്ച പറഞ്ഞു.

‘ബ്രസ്സല്‍സ് താരതമ്യേനെ ഒരു ചെറിയ നഗരമാണ്; 12 ലക്ഷം ആളുകള്‍ മാത്രം’ പൊളിറ്റികൊ സംഘടിപ്പിച്ച ഒരു ചടങ്ങില്‍ അദ്ദേഹം പറഞ്ഞു. ‘എന്നിട്ടും നമുക്ക് ആറു പോലീസ് ഡിപ്പാര്‍ട്‌മെന്റുകളും 19 മുന്‍സിപ്പാലിറ്റികളും ഉണ്ട്. 1.1 കോടി ജനങ്ങളുള്ള ന്യൂയോര്‍ക്കില്‍ എത്ര പോലീസ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ഉണ്ടെന്നറിയാമോ? ഒരേയൊരെണ്ണം!’

ഞായറാഴ്ച പാരീസില്‍ ഫ്രഞ്ച് ആഭ്യന്തര മന്ത്രി കസെനോവോയുമായി കൂടിക്കാഴ്ച നടത്തിയ ജംബോണ്‍ VRT ടെലിവിഷനോടു പറഞ്ഞത് തീവ്രവാദത്തെ നേരിടുന്നതില്‍ ബ്രസ്സല്‍സിലെ പ്രാദേശിക അധികാരികള്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വീഴ്ച വരുത്തിയെന്നാണ്.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍