UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: സ്വതന്ത്ര അമേരിക്കയുടെ രൂപീകരണം, ബേസ്‌ലാന്‍ സ്‌കൂള്‍ ദുരന്തം

Avatar

1783 സെപ്തംബര്‍ 3
അമേരിക്കന്‍ ഐക്യനാടുകള്‍ സ്വതന്ത്രമാകുന്നു

ബ്രിട്ടന്‍ , ഫ്രാന്‍സ്, സ്‌പെയിന്‍, അമേരിക്കന്‍ ഐക്യനാടുകള്‍ എന്നിവ ചേര്‍ന്ന് 1783 സെപ്തംബര്‍ 3 ന് ഉണ്ടാക്കിയ പാരീസ് ഉടമ്പടി പ്രകാരം അമേരിക്ക ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കപ്പെട്ടു. ഈ ഉടമ്പടിയിലൂടെ തങ്ങളുടെ അധീനതിയിലുണ്ടായിരുന്ന 13 അമേരിക്കന്‍ കോളനികളും ബ്രിട്ടന്‍ സ്വതന്ത്രമാക്കി. വടക്ക് മഹാതടാകങ്ങളോട് ചേര്‍ന്ന ഫ്‌ളോറിഡ മുതല്‍ പടിഞ്ഞാറ് അറ്റ്‌ലാന്റിക് തീരത്തുള്ള മിസിസിപ്പി നദിവരെയുള്ള പ്രദേശത്തോളം സ്വതന്ത്ര അമേരിക്ക വ്യാപിച്ചു കിടന്നു.

ഈ സ്വാതന്ത്ര ഉടമ്പടിയിലേക്ക് നയിച്ചത് മഹത്തായൊരു പോരാട്ടമായിരുന്നു. യുദ്ധം ആരംഭിച്ച് ഒരുവര്‍ഷം കഴിഞ്ഞ് 1776 ജൂലായ് 4 ന് പതിമൂന്ന് കോളനികളിലെയും പ്രതിനിധികള്‍ കൂടിച്ചേര്‍ന്ന് രണ്ടാം കോണ്ടിനെന്റല്‍ കോണ്‍ഗ്രസില്‍ ഔദ്യോഗികമായി അമേരിക്കന്‍ ഐക്യനാടുകളുടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചിരുന്നു. യുദ്ധം തുടങ്ങി അഞ്ച് വര്‍ഷം കഴിഞ്ഞാണ് ബ്രിട്ടീഷ് ജനറല്‍ ചാള്‍സ് ലോര്‍ഡ് ക്രോണ്‍വാലീസ് അമരിക്കയുടെയും ഫ്രാന്‍സിന്റെയും സംയുക്ത സൈന്യത്തിനു മുന്നില്‍ വിര്‍ജീനയയിലെ യോര്‍ക്ടൗണില്‍ വച്ച് കീഴടങ്ങുന്നത്. അതോടെ അമേരിക്കന്‍ വിപ്ലവം അവസാനിക്കുകയും ചെയ്തു.

ബെഞ്ചമിന്‍ ഫ്രാങ്ഗ്ലിന്‍ 1782 സെപ്തംബറില്‍ ജോണ്‍ ആഡംസ്, ജോണ്‍ ഹെയ് എന്നിവരുമായി ചേര്‍ന്ന് സമാധാന ചര്‍ച്ചകള്‍ ഔദ്യോഗികകമായി ആരംഭിച്ചു. ഈ ചര്‍ച്ചയില്‍ ഫ്രാങ്ഗ്ലിന്‍ കാനഡ കൂടി അമേരിക്കയ്ക്ക് വിട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

1884 ജനുവരി 14 ന് പാരീസ് ഉടമ്പടിക്ക് കോണ്ടിനെന്റല്‍ കോണ്‍ഗ്രസ് ഔപചാരികമായി അംഗീകാരം നല്‍കി.

2004 സെപ്തംബര്‍ 3
ബേസ്‌ലാന്‍ സ്‌കൂള്‍ ദുരന്തം

മൂന്ന് ദിവസമായി ബേസ്‌ലാന്‍ സ്‌കൂളില്‍ അരങ്ങേറിയ ബന്ദി നാടകത്തിന് 2004 സെപ്തംബര്‍ 3 ന് ദുരന്തപൂര്‍ണമായ അന്ത്യം. മൂന്നുറിലേറെ പേര്‍ക്കാണ് അന്ന് ജീവന്‍ നഷ്ടപ്പെട്ടത്. അതിലേറെയും കുട്ടികള്‍.

സെപ്തംബര്‍ 1 ന് ബേസ്‌ലാന്‍ സ്‌കൂള്‍ മൈതാനത്ത് ഒരു പരിപാടി നടന്നുകൊണ്ടിരിക്കുകയായിരുന്നു. അദ്ധ്യാപകരും കുട്ടികളും അവരുടെ മാതാപിതാക്കളും അടക്കം ആ പരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന സമയത്താണ് ഒരു സംഘം ചെച്ന്‍ തീവ്രവാദികള്‍ അങ്ങോട്ടേക്ക് എത്തുന്നത്. അവര്‍ അവിടെയുണ്ടായിരുന്നവരെ തങ്ങളുടെ ബന്ദികളാക്കി. മുതിര്‍ന്നവരും കുട്ടികളുമടക്കം എതാണ്ട് 1200 പേരാണ് അന്ന് ആ പരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരുന്നത്. തീവ്രവാദികള്‍ ഇവരെയെല്ലാം സ്‌കൂളിലെ ജിംനേഷ്യത്തിനുള്ളിലേക്ക് മാറ്റി.

ഈ ദിവസത്തിന്റെ മൂന്നാംനാള്‍ ബന്ദികളെ പാര്‍പ്പിച്ചിരിക്കുന്ന ജിനേഷ്യം വളഞ്ഞിരുന്ന റഷ്യന്‍ സൈനികര്‍ ഒരു സ്‌ഫോടനം നടത്തി. തുടര്‍ന്ന് അവര്‍ തീവ്രവാദികള്‍ക്കു നേരെ വെടിയുതിര്‍ക്കാന്‍ ആരംഭിച്ചു. തീവ്രവാദികള്‍ ബന്ദികളെ കവചങ്ങളാക്കിയാണ് പ്രത്യാക്രമണം നടത്തിയത്. പോരാട്ടം അവസാനിച്ചപ്പോള്‍ 32 അംഗ തീവ്രവാദികളില്‍ 31 പേരേയും റഷ്യന്‍ സൈന്യം വകവരുത്തിയിരുന്നു.

എന്നാല്‍ ബന്ദികളാക്കപ്പെട്ടവരില്‍ 331 പേരുടെ ജീവനാണ് അന്ന് നഷ്ടപ്പെട്ടത്. അവരില്‍ 186 പേര്‍ കുട്ടികളുമായിരുന്നു. ബന്ദികളുടെ മോചനം അനുചിതമായി കൈകാര്യം ചെയ്തതിന്റെ പേരില്‍ റഷ്യന്‍ ഗവണ്‍മെന്റിന് ഏറെ വിമര്‍ശനങ്ങളും നേരിടേണ്ടി വന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍