UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പരിയാരം നഴ്സിംഗ് കോളേജില്‍ റാഗിംഗ്; വിദ്യാര്‍ഥിയെ കെട്ടിയിട്ടു മാലിന്യം തേച്ചു

അഴിമുഖം പ്രതിനിധി

പരിയാരം നഴ്‌സിങ് കോളേജ് ഹോസ്റ്റലില്‍ പിറന്നാളാഘോഷത്തിന്റെ മറവില്‍ റാഗിംഗ് നടന്നുവെന്ന് ആരോപണം. അവസാനവര്‍ഷ വിദ്യാര്‍ഥിയെ മരത്തില്‍ കെട്ടിയിട്ട് മാലിന്യം തേച്ചു എന്നാണ് പരാതി നല്‍കിയിരിക്കുന്നത്. അവസാനവര്‍ഷ വിദ്യാര്‍ഥിയാണ് റാഗിങ്ങിന് ഇരയായത്. ഹോസ്റ്റല്‍ സ്ഥിതി ചെയ്യുന്ന കടന്നപ്പള്ളി പാണപ്പുഴയിലെ ഗ്രാമപഞ്ചായത്ത് അംഗമായ ടിവി സുധാകരനാണ് താന്‍ സംഭവത്തിനു ദൃക്സാക്ഷി ആയതായി പോലീസിനെ അറിയിച്ചത് . തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം നടന്നത്. ഓട്ടോ തൊഴിലാളി കൂടിയായ സുധാകരന്‍ ഹോസ്റ്റലില്‍ ആളെയിറക്കി തിരികെ വരുമ്പോഴാണ് സംഭവത്തിനു ദൃക്സാക്ഷിയായത്.

നാലു വിദ്യാര്‍ഥികള്‍ ഒരു വിദ്യാര്‍ഥിയെ കെട്ടിയിട്ട് ദേഹത്ത് മലിനജലവും ഭക്ഷണമാലിന്യങ്ങളും തേച്ചുകൊണ്ടിരിക്കുന്നതാണ് പഞ്ചായത്തംഗത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇതുകണ്ട് ഓട്ടോയില്‍നിന്നിറങ്ങിയ സുധാകരന്‍ വിദ്യാര്‍ഥിയുടെ കെട്ടഴിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് ഇയാളോട് കയര്‍ത്ത വിദ്യാര്‍ഥികള്‍ കെട്ടിയിടപ്പെട്ട വിദ്യാര്‍ഥിക്ക് പ്രശ്‌നമില്ലെങ്കില്‍ തനിക്കെന്താണ് കാര്യം എന്ന് തട്ടിക്കയറുകയായിരുന്നു. പഞ്ചായത്തംഗം ഓട്ടോ സ്റ്റാന്‍ഡില്‍ പോയി സുഹൃത്തിനെയും കൂട്ടി തിരിച്ചുവന്നപ്പോഴേക്കും വിദ്യാര്‍ഥികള്‍ ഓടി രക്ഷപ്പെട്ടു.

കോളേജ് ഹോസ്റ്റലിനരികിലുള്ള മാവില്‍ ചെറിയ തോര്‍ത്തു മാത്രം ധരിച്ച മെലിഞ്ഞ വിദ്യാര്‍ഥിയെ കാലിലും അരയ്ക്കും അതിനു മുകളിലും കെട്ടുകളോടെ കണ്ടെത്തിയത്, ഇയാളുടെ ദേഹമാസകലം ഭക്ഷണമാലിന്യവും മലിനജലവും തേച്ച നിലയിലായിരുന്നു, താന്‍ കണ്ടപ്പോള്‍ ഇയാള്‍ അവശനിലയില്‍ ആയിരുന്നു എന്നാണ് ടി വി സുധാകരന്‍ പോലീസിനു മൊഴി നല്‍കിയത്.

പരാതി ലഭിച്ചതിനെത്തുടര്‍ന്ന് പരിയാരം പോലീസ് റാഗിങ്ങിനിരയായ വിദ്യാര്‍ഥിയെയും നേതൃത്വം നല്കിയ നാലു വിദ്യാര്‍ഥികളെയും സ്റ്റേഷനില്‍ വിളിച്ചുവരുത്തി. ഇയാളുടെ പിറന്നാളിന്റെ ഭാഗമായി സമ്മതത്തോടെയാണ് ഇത് ചെയ്തതെന്ന് നാലു വിദ്യാര്‍ഥികളും പൊലീസിനെ അറിയിച്ചു. അതേസമയം റാഗിങ്ങിനിരയായ വിദ്യാര്‍ഥി പരാതി നല്‍കിയില്ലെങ്കില്‍ സ്വമേധയാ പോലീസില്‍ പരാതി നല്‍കുമെന്ന് ടി.വി.സുധാകരന്‍ വ്യക്തമാക്കി.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍