UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാര്‍ലെ ബിസ്കറ്റിന് വിട; ഒരു കാലത്തിനും

അഴിമുഖം പ്രതിനിധി

കുറച്ചുകാലമായി പ്രവര്‍ത്തനമില്ലാതിരുന്ന പാര്‍ലെ ബിസ്കറ്റ് ഫാക്ടറി അടച്ചുപൂട്ടുകയാണെന്ന് പാര്‍ലെ പ്രഖ്യാപിച്ചതോടെ ബിസ്കറ്റ് ഫാക്ടറിയിലെ അടുപ്പുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ പരക്കുന്ന ആ മധുരഗന്ധം ഇനിയുണ്ടാകില്ലെന്ന വിഷമത്തിലാണ് പരിസരവാസികള്‍.

ഫാക്ടറി പൂട്ടാനുള്ള തീരുമാനം വന്നതോടെ ഇനി എന്തഭിപ്രായം പറയാനെന്നാണ് മുംബയിലെ വിലെ പാര്‍ലെ നിവാസികള്‍ ചോദിക്കുന്നത്. “ഞങ്ങളുടെ അഭിപ്രായം ചോദിച്ചാല്‍, ഈ ഫാക്ടറി ഞങ്ങളുടെ അയല്‍ക്കാരായിരുന്നു. അതിനെ ഒരു പൈതൃക സ്ഥാപനമായാണ് ഞങ്ങള്‍ കണ്ടത്,” സീമ ബജാജ് പറഞ്ഞു. “ഈ സുഗന്ധം ഞങ്ങളെ ബിസ്കറ്റിനെ ഓര്‍മ്മിപ്പിക്കുന്നു. വാനില സുഗന്ധം എവിടെ കിട്ടിയാലും ഞങ്ങളതിനെ ഈ ഫാക്ടറിയുമായി ബന്ധപ്പെടുത്തും.”

87 വര്‍ഷം പഴക്കമുള്ള ഈ ഫാക്ടറി ബിസ്കറ്റുകള്‍, കേയ്ക്, കാന്‍ഡി ബാര്‍ എന്നിവയാണ് ഉണ്ടാക്കിയിരുന്നത്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും നിര്‍മ്മാണം വ്യാപിച്ചതോടെ വിലെ പാര്‍ലെയിലെ നിര്‍മ്മാണത്തില്‍ കഴിഞ്ഞ കുറച്ചുകൊല്ലമായി കുറവ് വരുത്തിയിരുന്നു. വിലെ പാര്‍ലെയേ കിഴക്കും പടിഞ്ഞാറുമായി തിരിക്കുന്ന വി എസ് ഖണ്ഡേക്കര്‍ മാര്‍ഗിലെ ഒരു പാലത്തിനടിയില്‍ 1929-ല്‍ തുടങ്ങിയ  ഫാക്ടറി  10 വര്‍ഷത്തിന് ശേഷം ബിസ്കറ്റ് നിര്‍മാണം തുടങ്ങി.

ഫാക്ടറി ഇനി പ്രവര്‍ത്തിക്കില്ലെന്ന് വിശ്വസിക്കാനാവുന്നില്ല എന്നാണ് ചില പ്രദേശവാസികള്‍ പറയുന്നത്. “ഇതിനടുത്ത് ജനിച്ചുവളര്‍ന്നതിനാല്‍ ഈ സുഗന്ധം ഒരു ഗൃഹാതുരതയാണ്. അതെന്നെ തീവണ്ടികള്‍ പോകുന്നത് കാണാനും ഈ സുഗന്ധം ആസ്വദിക്കാനുമായി കൂട്ടുകാര്‍ക്കൊപ്പം ഈ പാലത്തിന് മുകളില്‍ പോകുന്നത് ഞാന്‍ ഓര്‍ക്കുന്നു,” വിലെ പാര്‍ലെയില്‍ താമസിക്കുന്ന കവിത താക്കര്‍ പറഞ്ഞു. “ഈ സുഗന്ധത്തിലേക്ക് ഉണര്‍ന്നെണീക്കുന്നതാണ് ഞങ്ങള്‍ക്ക് ഇനി നഷ്ടപ്പെടുന്നത്.”

പതിറ്റാണ്ടുകളോളം രാജ്യത്തിന്റെ ഏത് കോണിലും കിട്ടിയിരുന്ന ഏറ്റവും ജനപ്രിയമായ ഈ ബിസ്കറ്റിനെ ദശലക്ഷക്കണക്കിനാളുകള്‍ ഓര്‍ക്കുന്നുണ്ട്, അയവിറക്കുകയും. 1939-ല്‍ പാര്‍ലെ ഗ്ലൂക്കോ എന്ന പേരില്‍ തുടങ്ങിയ പാര്‍ലെ ജി ഇപ്പോഴത്തെ പേര് സ്വീകരിച്ചത് 1980-ലാന്. ഒരു ദിവസം 400 ദശലക്ഷം ബിസ്കറ്റുകള്‍ ഉണ്ടാക്കുന്ന ഏറ്റവും പ്രചാരമുള്ള ബ്രാണ്ടാണിത്.

മുംബൈയിലെ വിലെ പാര്‍ലെയിലെ ഒരു ബിസ്കറ്റ് ഫാക്ടറിയില്‍ നിന്നാണ് തുടക്കം. അതിന്റെ പേരും അങ്ങനെ കിട്ടിയതാണ്. മിഠായികള്‍ ഉണ്ടാക്കി 1929-ല്‍ തുടങ്ങിയ ഫാക്ടറിയുടെ കാര്യത്തില്‍ അതിന്റെ പേര് സ്ഥലത്തിന്റെ പേരാണോ, അതോ ബിസ്കറ്റിന്റെ പേര് സ്ഥലത്തിന് കിട്ടിയതാണോ എന്ന കാര്യത്തില്‍ നാട്ടുകാര്‍ക്കുവരെ സംശയമുണ്ടാകുന്ന തരത്തില്‍ ഒന്നായിരുന്നു ഈ ഫാക്ടറിയും ആ പ്രദേശവും.

എന്തായാലും ബ്രാന്‍ഡ് ഉടമകളായ ചൌഹാന്‍ കുടുംബം ഫാക്ടറി പൂട്ടാന്‍ തീരുമാനിച്ചതോടെ 87 വര്‍ഷത്തെ യാത്രക്ക് അവസാനമാകുന്നു. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി കുറഞ്ഞുവരുന്ന ഉത്പാദനമാണ് ഇതിലേക്ക് നയിച്ചതെന്നാണ് സൂചനകള്‍. ഉടമകള്‍ ഏതാനും ആഴ്ച്ചകള്‍ക്ക് മുമ്പ് ഉത്പാദനം നിര്‍ത്തുകയും 300 ജീവനക്കാരും സ്വയം വിരമിക്കല്‍ തെരഞ്ഞെടുക്കുകയും ചെയ്തു.

ഒരയല്‍ക്കാരനെപ്പോലെ തങ്ങളുടെ ജീവിതത്തിന്റെ ഭാഗമായ ഫാക്ടറി ഇനിയില്ലാ എന്നതില്‍ അവിടുത്തുകാര്‍ക്ക് ദുഖമുണ്ട്. വിലെ പാര്‍ലെ സ്റ്റേഷനില്‍ നിറയുന്ന പുത്തന്‍ ബിസ്കറ്റുകളുടെ സുഗന്ധം ഇനി ഓര്‍മ്മയാണ്. പാര്‍ലെ ഉത്പന്നങ്ങളുടെ കേന്ദ്ര ആസ്ഥാനം സ്ഥിതിചെയ്യുന്ന ഈ കണ്ണായ സ്ഥലം തത്ക്കാലം വില്‍ക്കുന്നില്ല എന്നാണ് ചൌഹാന്‍ കുടുംബം അറിയിച്ചിരിക്കുന്നത്. ഭാവിപരിപാടികള്‍ വ്യക്തമല്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍