UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വഴിയറിയാതെ സര്‍ക്കാര്‍; മറ്റൊരു ലോക്‌സഭാ സമ്മേളനം കൂടി പാഴായേക്കും

Avatar

ടീം അഴിമുഖം

കനത്ത ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്ന സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ചുറ്റിലും ചുരുളഴിയുന്നത് നാണക്കേടുണ്ടാക്കുന്ന കാര്യങ്ങളാണ്; പ്രത്യേകിച്ച് സര്‍ക്കാര്‍ തലത്തില്‍. പ്രതിപക്ഷത്തിന്റെ സഹകരണം ഉറപ്പാക്കാന്‍ ഭരണകക്ഷിക്കാകാത്തതിനാല്‍ ഇന്നുതുടങ്ങിയ പാര്‍ലമെന്റ് സമ്മേളനവും പാഴായിപ്പോകുമെന്നാണ് സൂചനകള്‍.

‘ഭരണകൂടത്തിന് സന്തുലിതവും ആനുപാതികവുമായ എല്ലാ ബോധവും നഷ്ടമായിരിക്കുന്നു,’ എന്നാണ് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി തിങ്കളാഴ്ച പറഞ്ഞത്. ജെഎന്‍യു സംഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും ജാട്ട് പ്രക്ഷോഭത്തെ നേരിടുന്നതിലും സര്‍ക്കാരിന്റെ രീതി കണ്ട പല നിരീക്ഷകരും സോണിയ ഗാന്ധിയുടെ വീക്ഷണം ശരിയാണെന്നു സമ്മതിക്കുന്നു.

നടപ്പുസമ്മേളനത്തിലേക്ക് 32 വിഷയങ്ങള്‍ സര്‍ക്കാരിന്റെ മുന്‍ഗണനയിലുണ്ട്. ഇവയില്‍ രാജ്യസഭയില്‍ ബാക്കിയിരിക്കുന്ന 11 ബില്ലുകളും ലോക്‌സഭയിലെ ഒരു ബില്ലും ഉള്‍പ്പെടും. സമ്മേളനത്തിലെ കാര്യപരിപാടി തീരുമാനിക്കാന്‍ പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു തിങ്കളാഴ്ച രാവിലെ എല്ലാ പാര്‍ട്ടികളുടെയും യോഗം വിളിച്ചപ്പോള്‍ അന്നു വൈകിട്ട് ലോക് സഭാ സ്പീക്കര്‍ സുമിത്ര മഹാജനും ഇത്തരം മറ്റൊരു യോഗം വിളിച്ചുചേര്‍ത്തു.

പല സര്‍വകലാശാലകളിലും ഈയിടെയുണ്ടായ സംഭവവികാസങ്ങളില്‍ സര്‍ക്കാരിന് ആശങ്കയുണ്ടെന്നും ഇത്തരം എല്ലാ പ്രശ്‌നങ്ങളിലും ചര്‍ച്ച നടത്താന്‍ തയാറാണെന്നും നായിഡു പറയുന്നു. ‘പല കക്ഷികളും സംവരണം, ജെഎന്‍യു, ഹൈദരാബാദ് യൂണിവേഴ്‌സിറ്റി തുടങ്ങിയവയെപ്പറ്റി ചര്‍ച്ച വേണമെന്ന് ആഗ്രഹിക്കുന്നു. സര്‍ക്കാര്‍ അതിനു തയാറാണ്.’ പാര്‍ലമെന്റിന്റെ സുഗമമായ നടത്തിപ്പിന് പ്രതിപക്ഷസഹകരണം അഭ്യര്‍ത്ഥിച്ച നായിഡു എല്ലാവര്‍ക്കും പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ അവസരം ലഭിക്കുമെന്നും എന്നാല്‍ ചര്‍ച്ചകള്‍ ചട്ടപ്രകാരമായിരിക്കുമെന്നും പറഞ്ഞു. തടസങ്ങളില്ലാത്ത ചര്‍ച്ചകളാകണം നടക്കേണ്ടതെന്നും നായിഡു വ്യക്തമാക്കി. 

ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ടാക്‌സ് (ജിഎസ്ടി) ബില്ലും റിയല്‍ എസ്റ്റേറ്റ് ബില്ലും ബജറ്റ് സമ്മേളനത്തില്‍ പാസാക്കേണ്ട നിര്‍ണായക നിയമനിര്‍മാണങ്ങളാണെന്ന് നായിഡു പറഞ്ഞു. രാഷ്ട്രീയകക്ഷി നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞയാഴ്ച നടത്തിയ കൂടിക്കാഴ്ചയില്‍ ചൂണ്ടിക്കാണിക്കപ്പെട്ടതുപോലെ പാര്‍ലമെന്റ് നടപടികള്‍ സുഗമമായി നടത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചുവരികയാണെന്നു വെങ്കയ്യ പറഞ്ഞു.

ബില്ലുകള്‍ക്ക് അവയുടെ പ്രാധാന്യം അനുസരിച്ചുള്ള പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസ് തയാറാണെന്നാണ് രാജ്യസഭയിലെ പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദ് പറഞ്ഞത്. പത്താന്‍കോട്ട് ഭീകരാക്രമണം, ജെഎന്‍യു, ഹൈദരാബാദ് യൂണിവേഴ്‌സിറ്റി തുടങ്ങിയ വിഷയങ്ങള്‍ സഭയില്‍ ഉന്നയിക്കുമെന്നും ആസാദ് പറഞ്ഞു. തലമുറകളായി രാജ്യത്തിനായി ബലിദാനങ്ങള്‍ നടത്തിവരുന്ന കോണ്‍ഗ്രസുകാര്‍ക്ക് ഭാരതീയ ജനതാ പാര്‍ട്ടിയില്‍നിന്ന് ദേശഭക്തിയുടെ പാഠങ്ങള്‍ പഠിക്കേണ്ട ആവശ്യമില്ലെന്നും ആസാദ് കൂട്ടിച്ചേര്‍ത്തു.

ജിഎസ്ടി ബില്ലിന്റെ കാര്യത്തില്‍ പാര്‍ട്ടിയുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ലെന്ന് ലോക്‌സഭയിലെ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചൂണ്ടിക്കാട്ടി. സമ്മേളനത്തിന്റെ ആദ്യപകുതിയില്‍ – 23 മുതല്‍ മാര്‍ച്ച് 16 വരെ – വിശാല സമന്വയം നേടാന്‍ കഴിഞ്ഞ ബില്ലുകളും രണ്ടാംഘട്ടത്തില്‍ – ഏപ്രില്‍ 25 മുതല്‍ മേയ് 13 വരെ – മറ്റു ബില്ലുകളും ചര്‍ച്ചയ്‌ക്കെടുക്കണമെന്ന് ഖാര്‍ഗെ ആവശ്യപ്പെടുന്നു.

രാജ്യത്തെ അന്തരീക്ഷം തുടര്‍ച്ചയായി വഷളാക്കുകയാണ് സര്‍ക്കാര്‍ എന്ന് സിപിഎം നേതാവ് സീതാറാം യെച്ചൂരി ആരോപിക്കുന്നു. ജനുവരി 17ന് ഗവേഷകവിദ്യാര്‍ത്ഥിയായ രോഹിത് വെമുലയുടെ ആത്മഹത്യയെത്തുടര്‍ന്ന് ഹൈദരാബാദ് യൂണിവേഴ്‌സിറ്റി പ്രതിഷേധങ്ങളില്‍ മുങ്ങിയിരുന്നു.

തികച്ചും അനാവശ്യമായ ദേശഭക്തി, ദേശീയതാ വിവാദങ്ങള്‍ അഴിച്ചുവിട്ട് വിഭജനശക്തികളെ പ്രോത്സാഹിപ്പിക്കുന്ന ബിജെപി സര്‍ക്കാരിനെതിരെ ശക്തമായി നിലകൊള്ളുമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി ചൊവ്വാഴ്ച സൂചന നല്‍കിയിട്ടുണ്ട്. പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണെന്നും അവര്‍ പറഞ്ഞു. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയിലായിരുന്നു സോണിയയുടെ പരാമര്‍ശങ്ങള്‍.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അക്രമത്തിന് ഇരയാക്കുക മാത്രമല്ല യൂണിവേഴ്‌സിറ്റികളിലും കോളജുകളിലും ആര്‍എസ്എസ് അജന്‍ഡ നടപ്പാക്കാനും സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് പാര്‍ട്ടി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

അവതരിപ്പിക്കപ്പെടാനിരിക്കുന്ന ബില്ലുകളില്‍ പ്രധാനം ധനബില്ലാണ്. ലോക്‌സഭയില്‍ പെന്‍ഡിങ്ങിലുള്ള ലോക്പാല്‍ ബില്‍ പാസാക്കാനും സര്‍ക്കാര്‍ ശ്രമിച്ചേക്കും.

ചരിത്രവിജയം നേടിയെങ്കിലും പ്രധാനമന്ത്രിയുടെ റോളിനുവേണ്ട പക്വത നേടാന്‍ നരേന്ദ്രമോദിക്ക് ആയിട്ടില്ല എന്നത് വ്യക്തമാണ്. സര്‍ക്കാര്‍ നയപരിപാടികള്‍ നടപ്പാക്കാനാകുംവിധം പ്രതിപക്ഷത്തെ ഒപ്പം നിര്‍ത്താന്‍ മോദിക്കാകുന്നില്ല. തടസങ്ങള്‍ സൃഷ്ടിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുമ്പോഴും മോദി സ്വയം സര്‍ക്കാരിന്റെ ഏറ്റവും വലിയ ശത്രുവായി പെരുമാറുന്നതെന്ത് എന്നതാണ് ഉത്തരം കിട്ടാത്ത ചോദ്യം. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍