UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോണ്‍ഗ്രസ്സ് പ്രതിസന്ധിയിലാക്കുന്നത് രാജ്യത്തിന്റെ വികസനം

Avatar

വെങ്കയ്യ നായിഡു

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ചരക്ക് സേവന നികുതി, ഭൂ നിയമം, റിയല്‍ എസ്റ്റേറ്റ് നിയന്ത്രണ ബില്‍, അഴിമതി നിരോധന (ഭേദഗതി) ബില്‍, വിസില്‍ ബ്ലോവേഴ്സ് സംരക്ഷണ(ഭേദഗതി) ബില്‍, ബാല വേല (നിരോധന നിയന്ത്രണ) ഭേദഗതി ബില്‍, ബാല നീതി (കുട്ടികളുടെ സംരക്ഷണവും ശ്രദ്ധയും) ഭേദഗതി നിയമം, നെഗോഷ്യബില്‍ ഇന്‍സ്ട്രുമെന്റ്സ് (ഭേദഗതി) ബില്‍ തുടങ്ങി സുപ്രധാനമായ നിയമ നിര്‍മാണ അജണ്ടകളാണ് ഉള്ളത്.

ലോകസഭ അംഗീകാരം നല്കിയ നാലു ബില്ലുകള്‍ ഈ സമ്മേളനക്കാലത്ത് രാജ്യസഭയുടെ അംഗീകാരത്തിന് കാക്കുകയാണ്. ചരക്ക് സേവന നികുതി (ജി എസ് ടി), വിസില്‍ ബ്ലോവേഴ്സ് സംരക്ഷണം, ബാല നീതി, വിവിധ ധന വിനിയോഗ നിയമങ്ങള്‍ നീക്കം ചെയ്യാനുള്ള ബില്‍ എന്നിവയുമായി ബന്ധപ്പെട്ടാണിത്.

വിവിധ സെലക്ട് കമ്മറ്റികളുടെ പരിഗണനയ്ക്ക് വിട്ട റിയല്‍ എസ്റ്റേറ്റ് നിയന്ത്രണ ബില്‍, ഇരുസഭകളുടെയും സംയുക്തസമിതിക്ക് വിട്ട ഭൂമി ഏറ്റെടുക്കല്‍ ഭേദഗതി ബില്‍ എന്നിവയും രാജ്യസഭ പരിഗണിക്കേണ്ടതുണ്ട്. ജി എസ് ടി, ഭൂമി ഏറ്റെടുക്കല്‍ ഭേദഗതി ബില്‍ എന്നിവ രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിന് വളരെ നിര്‍ണായകമാണ്.

നിര്‍ണായകമായ സാമ്പത്തിക പരിഷ്കരണ നടപടികള്‍ വൈകിച്ചാല്‍ അത് ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുമെന്ന് അന്താരാഷ്ട്ര വായ്പാ റേറ്റിംഗ് ഏജന്‍സി Moody മുന്നറിയിപ്പ് നല്‍കിയതായി നിങ്ങള്‍ വായിച്ചുകാണും.

ഈ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ടാഴ്ച്ചയായി പാര്‍ലമെന്റില്‍ എന്താണ് നടക്കുന്നതെന്നും അതിനു ആരാണ് ഉത്തരവാദിയെന്നും നിങ്ങള്‍ കണ്ടുകാണും.

പാര്‍ലമെന്റിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന തങ്ങളുടെ ഭീഷണി നടപ്പാക്കിയെന്ന് കോണ്‍ഗ്രസ് പാര്‍ടിക്ക് അവകാശപ്പെടാം. എന്നാല്‍ രാജ്യത്തിന്റെ നഷ്ടം ഏറെ വലുതാണ്.വികസനത്തില്‍   പങ്കാളികളാകണോ, അതോ തടസപ്പെടുത്തല്‍ തുടരണോ എന്ന് കോണ്‍ഗ്രസിന് ആത്മപരിശോധന നടത്താവുന്നതാണ്.

പാര്‍ലമെന്റിനെ ബഹുകക്ഷി രീതിയില്‍ നടത്താനുതകും വിധം പ്രതിപക്ഷത്തിന്റെ ആവശ്യങ്ങളെ അംഗീകരിക്കാന്‍ ഞങ്ങള്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ തന്നെ ഞങ്ങള്‍ വ്യക്തമാക്കിയിരുന്നു.  ആ വാക്ക് ഞങ്ങള്‍ പാലിച്ചു.

മൂന്നു പതിറ്റാണ്ടിന് ശേഷം ലോകസഭയില്‍ കേവല ഭൂരിപക്ഷത്തോടെ ഒരു സര്‍ക്കാര്‍ അധികാരത്തിലെത്തി. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പ്രകടിപ്പിച്ച വികാരത്തെ പാര്‍ലമെന്‍റ് നടപടികളില്‍ പ്രതിഫലിപ്പിക്കേണ്ടതുണ്ട്.

ജി എസ് ടി ബില്‍ നേരത്തെ ലോകസഭ എതിര്‍പ്പില്ലാതെ അംഗീകരിച്ചതും ആദ്യം കോണ്‍ഗ്രസ് പാര്‍ടി തന്നെ നിര്‍ദേശിച്ചതുമാണ്. എന്നിട്ടും അവരത് രാജ്യസഭയില്‍ സെലക്ട് കമ്മറ്റിയുടെ പരിഗണനയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ടു. ആദ്യ അവസരത്തില്‍ തന്നെ ബില്‍ സുഗമമായി അംഗീകരിക്കാമെന്ന് അവര്‍ ഉറപ്പും നല്കി. ഞങ്ങള്‍ അവരുടെ ആവശ്യം അംഗീകരിച്ചു. പക്ഷേ ഇപ്പോഴവര്‍ പുതിയ തടസവാദങ്ങള്‍ക്കായി തലപുകയ്ക്കുകയാണ്. ഒരു വിയോജനക്കുറിപ്പും നല്കിയിരിക്കുന്നു. എന്താണ് ഇതിന്റെ അര്‍ത്ഥം?

റിയല്‍ എസ്റ്റേറ്റ് നിയന്ത്രണ ബില്‍ കോണ്‍ഗ്രസിന്റെയാണ്. സ്റ്റാന്റിംഗ് കമ്മറ്റി ശുപാര്‍ശകള്‍ എല്ലാവരും ഏതാണ്ട് മുഴുവനായും അംഗീകരിച്ചതുമാണ്. ഉപഭോക്താക്കളുടെയും കച്ചവടക്കാരുടെയും താത്പര്യങ്ങള്‍ പരിഗണിച്ച്  ചില ചെറിയ മാറ്റങ്ങള്‍ മാത്രമാണ്  ഞങ്ങള്‍ വരുത്തിയത്.  ഈ മാറ്റങ്ങള്‍ രാജ്യസഭയില്‍ ചര്‍ച്ച ചെയ്യാവുന്നതുമായിരുന്നു. പക്ഷേ കോണ്‍ഗ്രസിന്റെ ഉദ്ദേശം വേറെയായിരുന്നു. അവരത് സെലക്ട് കമ്മറ്റിക്ക് വിടണമെന്ന് പറഞ്ഞു. ഞങ്ങളതിനും തയ്യാറായി. അതിന്റെ ആവശ്യമില്ലായിരുന്നെങ്കിലും. എന്നാല്‍ ആദ്യ ബില്ലില്‍ ഇല്ലാതിരുന്ന കുറെ ആവശ്യങ്ങളുമായി വന്ന കോണ്‍ഗ്രസ് പാര്‍ടി വിയോജനക്കുറിപ്പും നല്കി. എന്താണ് മനസിലാക്കേണ്ടത്?

ലോകസഭയില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെയാണ് ഭൂമി ബില്‍ അംഗീകരിച്ചത്. സര്‍ക്കാര്‍ നിരവധി മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറായി. എന്നിട്ടും ബില്‍ കമ്മറ്റിക്ക് വിടണമെന്ന് കോണ്‍ഗ്രസ് ശാഠ്യം പിടിച്ചു. ഞങ്ങള്‍ അതിനും തയ്യാറായി. മുഖ്യ പ്രതിപക്ഷ കക്ഷിയെ പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നാണോ ഇത് നല്‍കുന്ന സൂചന?

വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി പങ്കെടുത്ത ഒരു സര്‍വകക്ഷി സമ്മേളനം വിളിച്ചുചേര്‍ത്തു. ഏതാണ്ട് 29 കക്ഷി നേതാക്കന്മാര്‍ പങ്കെടുത്തു. പാര്‍ലമെന്റിന്റെ ഇരുസഭകളും സുഗമമായി പ്രവര്‍ത്തിക്കണം എന്നായിരുന്നു ധാരണ.

നിയമനിര്‍മ്മാണ ചുമതലകളിലും കാര്യക്ഷമമായ സമയവിനിയോഗത്തിലും പാര്‍ലമെന്റിന്റെ കഴിഞ്ഞ കുറച്ചു സമ്മേളനങ്ങള്‍ മികച്ചതായിരുന്നു. പ്രധാനമന്ത്രി തന്നെ ഇത് സമ്മതിക്കുകയും ഈ നേട്ടത്തിന്റെ പങ്ക് പ്രതിപക്ഷ കക്ഷികള്‍ക്കടക്കം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്ന് സൂചിപ്പിക്കുകയും ചെയ്തു. പിന്നെന്തുകൊണ്ടാണ് കോണ്‍ഗ്രസ് ഇപ്പോള്‍ മലക്കം മറിയുന്നത്?

വികസനവും മികച്ച  ഭരണനിര്‍വ്വഹണവുമാണ് ഞങ്ങളുടെ അജണ്ട. വിവാദങ്ങളും അഴിമതികളുമില്ലാത്ത 14 മാസമാണ് കഴിഞ്ഞതെന്നും ഞങ്ങള്‍ അഭിമാനിക്കുന്നു. എന്തു സംഭവിച്ചാലും സര്‍ക്കാര്‍ വിജയിക്കാനോ, രാജ്യം പുരോഗമിക്കാനോ പാടില്ലെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്.

ജനാധിപത്യത്തിന്റെ ഏറ്റവും ഉയര്‍ന്ന തലമായ പാര്‍ലമെന്റില്‍ ഏത് വിഷയവും ഉന്നയിക്കാനുള്ള സ്വാതന്ത്ര്യം കോണ്‍ഗ്രസിനുണ്ട്. എന്നാല്‍  അതിനു യുക്തമായ ചില മാര്‍ഗങ്ങളുണ്ട്. 

അത്തരം എല്ലാ വിഷയങ്ങളും സഭയില്‍ചര്‍ച്ച ചെയ്യുകയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ച്ചകളുണ്ടെങ്കില്‍ നടപടിക്കായി ആവശ്യപ്പെടുകയും വേണം. ഇതിന് ഇരുസഭകള്‍ക്കും ചട്ടങ്ങളുണ്ട്.

ഇതിന് പകരം പാലമെന്‍റ് സ്തംഭിപ്പിക്കാന്‍ നേരത്തെ തന്നെ പ്രഖ്യാപനം നടത്തുകയും ഇപ്പോള്‍ അത് നടപ്പാക്കുകയുമാണ്.

കഴിഞ്ഞ ഒരു വര്‍ഷമായി സര്‍ക്കാരിന് കിട്ടിയ വലിയ ജനപിന്തുണയില്‍ ആകെ അസ്വസ്ഥരാണ് അവര്‍. ഇന്ത്യയുടെ അന്താരാഷ്ട്ര പ്രതിച്ഛായ ഉയര്‍ന്നു. നിക്ഷേപങ്ങള്‍ വരുന്നു. സമ്പദ് രംഗം വീണ്ടും വളര്‍ച്ചയുടെ വഴിയിലായി. ജി ഡിപി ഉയര്‍ന്ന വളര്‍ച്ച നിരക്ക് കാണിക്കുന്നു. ഇങ്ങനെ പോയാല്‍ നാം ചൈനയെ കവച്ചുവെക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.

നരേന്ദ്ര മോദി സര്‍ക്കാരിന് നല്ല പേരുണ്ടാകാന്‍ അവരാഗ്രഹിക്കുന്നു എന്ന് എനിക്കു തോന്നുന്നില്ല. സ്വന്തം അടുക്കളപ്പുറത്തെ അഴിമതിക്കഥകള്‍ മറന്നാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ഈ അധിക്ഷേപരാഷ്ട്രീയം കളിക്കുന്നത്.

ഈ സര്‍ക്കാര്‍ ഏത് വിഷയവും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണ്. ഏത് ചോദ്യത്തിനും മറുപടി പറയാന്‍ തയ്യാറാണെന്ന് വിദേശകാര്യ മന്ത്രി പറയുകയും ചെയ്തു. സംസ്ഥാനങ്ങള്‍ സംബന്ധിച്ച വിഷയം അവിടെയാണ് ചര്‍ച്ച ചെയ്യേണ്ടത്. നമ്മുടേത് ഒരു ഫെഡറല്‍ സംവിധാനമാണ്.

രാഷ്ട്രീയമായി സ്വയം മുറിവേല്‍പ്പിക്കുക മാത്രമല്ല രാജ്യത്തിന്റെയും ജനങ്ങളുടെയും സ്വപ്നങ്ങളെയും പരിക്കേല്‍പ്പിക്കുകകൂടിയാണ് ചെയ്യുന്നത്. ഇത്ര നീണ്ട ചരിത്രം ഉള്ള കോണ്‍ഗ്രസ് വികസനത്തെ തടയാന്‍ പാര്‍ലമെന്റിനെ ഉപയോഗിക്കുന്നത് ശരിയല്ലെന്ന് തിരിച്ചറിയണം.

കോണ്‍ഗ്രസ് ഈ ചെയ്യുന്നതില്‍ തികഞ്ഞ വിരോധാഭാസമുണ്ട്. ഈ സമ്മേളനം നടത്തിക്കില്ലെന്ന് അവര്‍ പരസ്യമായി പ്രഖ്യാപിച്ചു. എന്നിട്ടും രാജ്യസഭയില്‍ ചര്‍ച്ചക്കായി ഓരോ ദിവസവും ഓരോ തരം നോട്ടീസ് നല്‍കുന്നത് എന്തിനാണ്?

പിഴച്ചുപോയി എന്ന് മനസിലാക്കുന്ന കോണ്‍ഗ്രസ് ഞങ്ങള്‍ ഏതാനും വര്‍ഷം മുമ്പ് ചെയ്തതാണ് അവര്‍ ചെയ്യുന്നതെന്ന് പറയുന്നു.

ശരിയാണ്. 2 ജി സ്പെക്ട്രം, കല്‍ക്കരിപ്പാട അനുമതി പോലുള്ള വിഷയങ്ങള്‍ ഞങ്ങള്‍ ശക്തമായി ഉയര്‍ത്തിയിട്ടുണ്ട്. സി ഏ ജി റിപ്പോര്‍ട്ടിലൂടെ എല്ലാ തെളിവുകളും പൊതുമണ്ഡലത്തില്‍ വന്നതിനു ശേഷമായിരുന്നു അത്. കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനവുമായി നേരിട്ടു ബന്ധപ്പെട്ട ഒന്ന്. അധികാര ദുര്‍വിനിയോഗവും ക്രമക്കേടുകളുടെ വൈപുല്യവും നോക്കിയാല്‍ രാജ്യത്തെ ജനങ്ങളില്‍ വലിയ ചലനങ്ങളുണ്ടാക്കിയ ഒന്ന്. പക്ഷേ അതല്ല ഇപ്പോഴത്തെ അവസ്ഥ.

പണ്ട് പാര്‍ലമെന്‍റ് സ്തംഭിപ്പിച്ചതിന് ഞങ്ങളെ കുറ്റപ്പെടുത്താന്‍ കോണ്‍ഗ്രസിന് അവകാശമുണ്ടെന്ന് സമ്മതിച്ചുകൊടുത്താല്‍ തന്നെ വേണ്ടത്ര തെളിവുകള്‍ പോലുമില്ലാതെ പാര്‍ലമെന്റ് സ്തംഭിപ്പിക്കാന്‍ അവര്‍ക്ക് എന്ത് അവകാശമാണുള്ളത്.

സഭാ സ്തംഭനം ഒഴിവാക്കാന്‍ സര്‍ക്കാരിന് താത്പര്യമില്ലെന്നും അതുകൊണ്ട് പ്രതിപക്ഷ കക്ഷികളുമായി ചര്‍ച്ച നടത്തിയില്ലെന്നും ചില കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞത് ഞാന്‍ വായിച്ചു. ഞാന്‍ ഞെട്ടിപ്പോയി. അവരുടെ ഗതികേടെന്നേ ഇത്തരം അടിസ്ഥാനരഹിതമായ പ്രസ്താവനയെക്കുറിച്ച് പറയാനാകൂ.

ഇനിയും കുറച്ചു ദിവസങ്ങള്‍ കൂടിയുണ്ട്. മുന്‍കാലത്തെ പോലെ കൂടുതല്‍ മണിക്കൂറുകള്‍ ഇരുന്നു ദേശീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും പ്രധാനപ്പെട്ട നിയമനിര്‍മ്മാണങ്ങള്‍ നടത്താനും നമുക്കാകും.

ഈ പ്രതിസന്ധിക്ക് യുക്തമായ എന്ത് പരിഹാരത്തിനും സര്‍ക്കാര്‍ ഒരുക്കമാണ്. ഒരു സര്‍വകക്ഷിയോഗവും നടത്താം.

രാജ്യതാത്പര്യത്തെ മുന്‍നിര്‍ത്തി പാര്‍ലമെന്റ് സുഗമമായി നടത്താന്‍ കോണ്‍ഗ്രസ് സഹകരിക്കണം. രാജ്യത്തിന്റെ വികസനമാണ് പ്രതിസന്ധിയിലാകുന്നത്.

(പാര്‍ലമെന്‍റ് സ്തംഭനവുമായി ബന്ധപ്പെട്ട് കേന്ദ്ര പാര്‍ലമെന്‍ററി കാര്യമന്ത്രി വെങ്കയ്യ നായിഡുവിന്റെ പ്രസ്ഥാവന)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍