UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോലാഹലങ്ങളല്ല, പാര്‍ലമെന്‍റില്‍ നടക്കേണ്ടത് ഗുണപരമായ സംവാദം

Avatar

ടീം അഴിമുഖം

ഗുണപരമായ സംവാദങ്ങളേക്കാള്‍ കോലാഹങ്ങളുടെ പേരിലാണ് ഇന്ത്യന്‍ പാര്‍ലമെന്‍റ് വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെ അദ്ദേഹത്തിന്റെ മുന്‍ഗാമികളും പാര്‍ലമെന്റിലെ തടസപ്പെടുത്തല്‍ അടവുകളെ വിമര്‍ശിച്ചിട്ടുണ്ട്. അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലേക്കിറങ്ങുന്നതിനെ അടല്‍ ബിഹാരി വാജ്പേയി എതിര്‍ത്തിരുന്നു. പാര്‍ലമെന്‍റ് സ്തംഭിപ്പിക്കുന്നതിനെ ജനാധിപത്യത്തിന്റെ നിഷേധം എന്നാണ് കോണ്‍ഗ്രസിന്റെ മന്‍മോഹന്‍ സിങ് വിശേഷിപ്പിച്ചത്.

രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ ജവഹര്‍ലാല്‍ നെഹ്രു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെയൊക്കെ വാക്കുകള്‍ ഉദ്ധരിച്ചാണ് മോദി ലോക്സഭയില്‍ കോണ്‍ഗ്രസിനെ നേരിട്ടത്.

2014 മെയില്‍ അധികാരത്തില്‍ വന്ന മോദി സര്‍ക്കാരിന് സഭാസമ്മേളനങ്ങളിലെ പ്രവര്‍ത്തനക്ഷമതയുടെ ശരാശരി കണക്കാക്കിയാല്‍,കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ടായിരുന്ന രണ്ടാം യു പി എ സര്‍ക്കാരിന്റെ  കാലത്തെ അപേക്ഷിച്ച് ലോക്സഭയില്‍ കുറച്ചു സമയമേ നഷ്ടപ്പെട്ടിട്ടുള്ളൂ.

ബി ജെ പി നേതൃത്വത്തിലുള്ള എന്‍ ഡി എ സര്‍ക്കാരിന്റെ ആദ്യത്തെ 5 പാര്‍ലമെന്‍റ് സമ്മേളനങ്ങളില്‍ ലോക്സഭാ 711 മണിക്കൂറുകള്‍ ലഭ്യമായതില്‍ 704 മണിക്കൂര്‍ പ്രവര്‍ത്തിച്ചു. യു പി എ സര്‍ക്കാരിന്റെ ഇത്രയും കാലത്ത് 768 മണിക്കൂറില്‍ 549 മണിക്കൂറാണ് പ്രവര്‍ത്തിച്ചത്. ഭരണകക്ഷിയെക്കാള്‍ പ്രതിപക്ഷത്തിന് മുന്‍തൂക്കമുള്ള രാജ്യസഭയില്‍ മുന്‍ഭരണകാലത്തായിരുന്നു കൂടുതല്‍ സമയം നടപടികളിലേക്ക് കടന്നത്.

പാര്‍ലമെന്റിന്റെ കഴിഞ്ഞ 20 സമ്മേളനങ്ങളില്‍ 2015-ലെ ബജറ്റ് സമ്മേളനമായിരുന്നു ഏറ്റവും കൂടുതല്‍ പ്രവൃത്തി സമയം രേഖപ്പെടുത്തിയത്. ലോക്സഭാ 112%, രാജ്യസഭ 101%. 2ജി സ്പെക്ട്രം അഴിമതി വിവാദത്തില്‍ സംയുക്ത പാര്‍ലമെന്‍ററി സമിതിയുടെ അന്വേഷണം ആവശ്യപ്പെട്ടു പ്രതിപക്ഷം സഭ സ്തംഭിപ്പിച്ച യു പി എ ഭരണകാലത്തെ 2010-ലെ ശീതകാല സമ്മേളനത്തിലായിരുന്നു മേല്‍പ്പറഞ്ഞ കാലയളവില്‍ ഏറ്റവും കൂടുതല്‍ സമയം നഷ്ടപ്പെട്ടത്. ലോക്സഭയുടെ 94% സമയവും, രാജ്യസഭയുടെ 98% സമയവും. ലളിത് മോഡി വിവാദത്തില്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെയും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജേ സിന്ധ്യയുടെയും വ്യാപം തട്ടിപ്പ് കേസില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൌഹാന്റെയും രാജി ആവശ്യപ്പെട്ടു പ്രതിപക്ഷം ബഹളംകൂട്ടിയ കഴിഞ്ഞ വര്‍ഷകാല സമ്മേളനത്തില്‍ ലോക്സഭയ്ക്ക് 55% സമയവും രാജ്യസഭയ്ക്ക് 91% സമയവുമാണ് നഷ്ടപ്പെട്ടത്. ഇതാവനത്തെ ബജറ്റ് സമ്മേളനത്തില്‍, മാര്‍ച്ച് 3 വരെയുള്ള കണക്കനുസരിച്ച്, 108% മാണ് കാര്യക്ഷമമായി വിനിയോഗിച്ച സമയം. 

അന്നും ഇന്നും തടസങ്ങള്‍ക്കുള്ള കാരണങ്ങള്‍ വ്യത്യസ്തമാണ് എന്നാണ് സര്‍ക്കാര്‍ വാദം. “അന്നും ഇന്നും ഒരു വ്യത്യാസമുണ്ട്: 2ജി സ്പെക്ട്രം, കല്‍ക്കരിപ്പാട അനുമതി അഴിമതി, സി ഡബ്ല്യു ജി തുടങ്ങിയ വിഷയങ്ങളാണ് അന്ന് ഞങ്ങള്‍ ഉന്നയിച്ചത്. പക്ഷേ ഞങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ കടുപിടിത്തമാണ് കാണിച്ചത്. ഇവിടെ ഞങ്ങള്‍ അവരുടെ ആവശ്യങ്ങളോട് അനുകൂലമായ നിലപാടാണെടുക്കുന്നത്. അതുകൊണ്ടുതന്നെ തടസപ്പെടുത്തല്‍ അന്യായമാണ്,” പാര്‍ലമെന്‍ററികാര്യ സഹ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു.

2ജി അഴിമതി, കല്‍ക്കരിപ്പാട അനുമതി അഴിമതി, ചില്ലറവില്‍പ്പന മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം, കേന്ദ്ര വിജിലന്‍സ് കമ്മീഷണറുടെ നിയമനം തുടങ്ങിയ വിഷയങ്ങളില്‍ പ്രതിപക്ഷം കാര്യപരിപാടികള്‍ തടസപ്പെടുത്തിയ രണ്ടാം യു പി എ സര്‍ക്കാരിന്റെ കാലത്തെ ലോക്സഭയുടെ പ്രവര്‍ത്തനസമയ ഉപയോഗം കഴിഞ്ഞ 5 ദശാബ്ദക്കാലത്തിനിടയിലെ ഏറ്റവും മോശമായ ഒന്നായിരുന്നു. ലോക്സഭാ 61% സമയവും രാജ്യസഭ 66% സമയവുമാണ്  ഉപയോഗിച്ചത്. ഇപ്പോഴത്തെ സര്‍ക്കാരിന്റെ കാലത്ത് ഇതുവരെയായി ലോക്സഭ ലഭ്യമായ സമയത്തിന്റെ 99% സമയവും രാജ്യസഭ 72% സമയവും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഏറ്റുമുട്ടലിന്റെ പാതയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. “ബി ജെ പി നേതാക്കള്‍ ജനാധിപത്യ രീതികള്‍ ശീലിച്ചിട്ടില്ല എന്നതാണു വസ്തുത. അതുകൊണ്ടുതന്നെ പ്രതിപക്ഷവുമായും ജനാധിപത്യവുമായും എങ്ങനെ ഇടപെടണമെന്ന് അവര്‍ക്കറിയില്ല. അഭിപ്രായ സമന്വയത്തിലോ ഒത്തുപോകുന്നതിലോ, കൊടുക്കല്‍ വാങ്ങലിലോ അവര്‍ക്ക് വിശ്വാസമില്ല,” രാജ്യസഭയിലെ പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദ് പറഞ്ഞു.

“തെരഞ്ഞെടുപ്പില്‍ ലഭിച്ച ഭൂരിപക്ഷം പ്രതിപക്ഷത്തെ അവഗണിക്കാനും പാര്‍ലമെന്‍ററി ജനാധിപത്യത്തിന്റെ മര്യാദകളെയും രീതികളെയും അവഗണിക്കാനും തങ്ങള്‍ക്ക് സ്വാഭാവികമായ അധികാരം നല്‍കുന്നുവെന്ന് ബി ജെ പി സര്‍ക്കാര്‍ ഒരുപക്ഷേ കരുതുന്നുണ്ടാകാം. അതുകൊണ്ടാണ് അവര്‍ പാര്‍ലമെന്റിനെ ചവിട്ടിയരച്ച് രാജ്യത്ത് നിലനില്‍ക്കുന്ന പ്രതിഷേധത്തെയും അസ്വസ്ഥതയെയും ഔദ്ധത്യപൂര്‍വം അവഗണിച്ചു നീങ്ങുന്നത്,” ആസാദ് പറയുന്നു.

കോണ്‍ഗ്രസിന്റെ കണക്കുകള്‍ അനുസരിച്ചു യു പി എ സര്‍ക്കാരിന്റെ ആദ്യത്തെ എട്ട് സമ്മേളനങ്ങളില്‍ തടസപ്പെടുത്തലുകള്‍ മൂലം നഷ്ടപ്പെട്ട യോഗസമയം 38% ആണ്. 13-ആം ലോക്സഭയിലെ 297 ബില്ലുകളെ അപേക്ഷിച്ച് രണ്ടാം യു പി എക്ക് 328 ബില്ലുകള്‍ ലക്ഷ്യമിട്ടതില്‍ 179 എണ്ണം മാത്രമേ അംഗീകരിപ്പിക്കാന്‍ ആയുള്ളൂ.

പ്രതിപക്ഷനേതാക്കളായിരുന്ന ബി ജെ പിയുടെ അരുണ്‍ ജെയ്റ്റ്ലിയും സുഷമ സ്വരാജും തടസപ്പെടുത്തലും ജനാധിപത്യത്തിന്റെ ഭാഗമാണ് എന്നു വാദിച്ചത് ആസാദ് ഓര്‍ക്കുന്നു. “അവരിപ്പോള്‍ പറയുന്നതു സംവാദം ജനാധിപത്യത്തിന്റെ ഭാഗമാണ് എന്നാണ്. എന്നാല്‍ തങ്ങളുടെ അന്നത്തെ പെരുമാറ്റം തെറ്റായിരുന്നു എന്നു സമ്മതിച്ച് മാപ്പ് ചോദിക്കുകയാണ് ബി ജെ പി ചെയ്യേണ്ടത്.”

ആദ്യതവണ എം പിയായ മോദി അക്കാലത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ മുതിര്‍ന്ന മന്ത്രിമാര്‍-ജെയ്റ്റ്ലിയും സുഷമ സ്വരാജും- യു പി എ സര്‍ക്കാരിന്റെ അഴിമതികളെച്ചൊല്ലി സഭ സ്തംഭിപ്പിച്ച പ്രതിപക്ഷ പ്രതിഷേധത്തിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്നു. വാജ്പേയി ഭരണകാലത്ത് ശവപ്പെട്ടി കുംഭകോണത്തിന്റെ പേരില്‍ കോണ്‍ഗ്രസ് സഭ സ്തംഭിപ്പിച്ചതായിരുന്നു അവര്‍ അന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നത്.

ഇരുകൂട്ടരും പരസ്പരം പഴിചാരുകയാണ്. സഭ നടത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് പ്രതിപക്ഷം പറയുന്നു.

“ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള” ആഹ്വാനത്തോടെയാണ് പാര്‍ലമെന്റിലെ തന്റെ ആക്രമണോത്സുകമായ പ്രസംഗം മോദി അവസാനിപ്പിച്ചത്. ഏത് സന്ദേശമാണ് മറുഭാഗത്ത് കൂടുതല്‍ സ്വാധീനമുണ്ടാക്കുക എന്നത് കണ്ടറിയണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍